Photo: twitter.com/IPL
പുണെ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. രാജസ്ഥാന് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അര്‍ധസെഞ്ചുറി നേടിയ നായകന് സഞ്ജു സാംസണും മൂന്ന് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലും രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. സണ്‍റൈസേഴ്സിനുവേണ്ടി എയ്ഡന്‍ മാര്‍ക്രവും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് പിടിച്ചുനിന്നത്.
211 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍റൈസേഴ്സിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണറായി ഇറങ്ങിയ നായകന് കെയ്ന്‍ വില്യംസണെ സണ്‍റൈസേഴ്സിന് നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്താണ് വില്യംസണ് പുറത്തായത്. വെറും രണ്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
വില്യംസണിന്റെ പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ബാറ്റിലുരസിയ പന്ത് സ്വന്തമാക്കാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു ശ്രമിച്ചെങ്കിലും താരത്തിന്റെ ഗ്ലൗസില്‍ തട്ടി പന്ത് തെറിച്ചു. ഇത് ദേവ്ദത്ത് പിടിച്ചു. പക്ഷേ പന്ത് ഗ്രൗണ്ടില്‍ തട്ടിയതായി റീപ്ലേയില്‍ വ്യക്തമായിരുന്നു. എന്നിട്ടും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു.
വില്യംസണ് പിന്നാലെ വന്ന രാഹുല്‍ ത്രിപാഠിയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. റണ്‍സെടുക്കും മുന്‍പ് രാഹുലിനെ സഞ്ജുവിന്റെ കൈയ്യിലെത്തിച്ച് പ്രസിദ്ധ് രണ്ടാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. രാഹുലിന് പകരം വന്ന അപകടകാരിയായ നിക്കോളാസ് പൂരാനും പിടിച്ചുനില്‍ക്കാനായില്ല. ഒന്‍പത് പന്തുകള്‍ നേരിട്ട് റണ്‍സെടുക്കാതെ പൂരാന് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പൂരാനെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ സണ്‍റൈസേഴ്സ് ഒന്‍പത് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു.
പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ശര്‍മയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ ടീം സ്കോര്‍ 29-ല്‍ നില്‍ക്കേ അഭിഷേകിനെ മടക്കി ചാഹല്‍ സണ്‍റൈസേഴ്സിന്റെ നാലാം വിക്കറ്റെടുത്തു. 19 പന്തുകളില്‍ നിന്ന് 9 റണ്‍സ് മാത്രമെടുത്ത അഭിഷേകിനെ ചാഹല്‍ ഹെറ്റ്മെയറുടെ കൈയ്യിലെത്തിച്ചു.
അഭിഷേകിന് പകരം വന്ന വെടിക്കെട്ട് താരം അബ്ദുള്‍ സമദിനും പിടിച്ചുനില്‍ക്കാനായില്ല. ചാഹലിന്റെ പന്തില്‍ സിക്സ് നേടാനുള്ള താരത്തിന്റെ ശ്രമം റിയാന്‍ പരാഗിന്റെ കൈയ്യില്‍ അവസാനിച്ചു. വെറും നാല് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ സണ്‍റൈസ്ഴ്സ് 37 റണ്‍സിന് അഞ്ച് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
അഭിഷേകിന് പകരം വന്ന ഓള് റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ് ക്രീസിലെത്തിയതോടെ സണ്‍റൈസേഴ്സ് സ്കോറിന് ജീവന് വെച്ചു. മാര്‍ക്രവും ഷെപ്പേര്‍ഡും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. പക്ഷേ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. സ്കോര്‍ 78-ല്‍ നില്‍ക്കേ 18 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത ഷെപ്പേര്‍ഡിനെ ക്ലീന്‍ ബൗള്‍ഡാക്കി ചാഹല്‍ സണ്‍റൈസേഴ്സിന്റെ ആറാം വിക്കറ്റെടുത്തു. ട്വന്റി 20യില്‍ ചാഹലിന്റെ 250-ാം വിക്കറ്റാണിത്.
ഷെപ്പേര്‍ഡിന് പകരമെത്തിയ വാഷിങ്ടണ്‍ സുന്ദര്‍ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ചെയ്ത 17-ാം ഓവറില്‍ 24 റണ്‍സ് അടിച്ചെടുത്ത് പരാജയഭാരം കുറച്ചു. സുന്ദറും മാര്‍ക്രവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സുന്ദറായിരുന്നു കൂടുതല്‍ അപകടകാരി. വെറും 14 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സുന്ദര്‍ ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറില്‍ ബൗണ്ടറി നേടിക്കൊണ്ട് മാര്‍ക്രം അര്‍ധസെഞ്ചുറി നേടി. 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. മാര്‍ക്രം 41 പന്തുകളില്‍ നിന്ന് 56 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. അഞ്ച് ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
രാജസ്ഥാന് വേണ്ടി ചാഹല്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. തകര്‍ത്തടിച്ച സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറിയാണ് രാജസ്ഥാന് തുണയായത്. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോസ് ബട്ലര്, ദേവ്ദത്ത് പടിക്കല്‍ എന്നിവരും മികച്ചുനിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ലറും യശസ്വി ജയ്സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാനെ സണ്‍റൈസേഴ്സ് വിറപ്പിച്ചു. ഭുവനേശ്വര്‍ കുമാര്‍ ചെയ്ത ആദ്യ ഓവറിലെ നാലാം പന്തില്‍ രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്ലര് പുറത്തായെങ്കിലും അമ്പയര്‍ പിന്നീട് നോബോള്‍ വിളിച്ചു. ഫ്രീ ഹിറ്റ് വഴങ്ങിയിട്ടും ആദ്യ ഓവറില്‍ ഭുവനേശ്വര്‍ വഴങ്ങിയത് വെറും ഒരു റണ്‍ മാത്രമാണ്.
ഉമ്രാന് മാലിക് ചെയ്ത നാലാം ഓവറില്‍ ബട്ലര് 21 റണ്‍സാണ് അടിച്ചെടുത്തത്. തുടക്കം തൊട്ട് ആക്രമിച്ച് കളിക്കാനാണ് രാജസ്ഥാന് ശ്രമിച്ചത്. വെറും 4.4 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു.
എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാളിനെ പുറത്താക്കി റൊമാരിയോ ഷെപ്പേര്‍ഡ് ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 16 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത ജയ്സ്വാളിനെ ഷെപ്പേര്‍ഡ് എയ്ഡന്‍ മാര്‍ക്രത്തിന്റെ കൈയ്യിലെത്തിച്ചു. ജയ്സ്വാളിന് പകരം നായകന് സഞ്ജു സാംസണ് ക്രീസിലെത്തി.
ജയ്സ്വാളിന് പിന്നാലെ അപകടകാരിയായ ജോസ് ബട്ലറെയും മടക്കി സണ്‍റൈസേഴ്സ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 29 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത ബട്ലറെ ഉമ്രാന് മാലിക്ക് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈയ്യിലെത്തിച്ചു. ബട്ലര്ക്ക് പകരം ദേവദത്ത് പടിക്കല്‍ ക്രീസിലെത്തി.
ആദ്യ പത്തോവറില്‍ രാജസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. സഞ്ജു അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ രാജസ്ഥാന് സ്കോര്‍ വീണ്ടും കുതിച്ചു. വെറും 10.5 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. സഞ്ജുവിനൊപ്പം ദേവ്ദത്തും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങി. ഇതോടെ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ വിറച്ചു. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എന്നാല്‍ 15-ാം ഓവറിലെ അവസാന പന്തില്‍ ദേവ്ദത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമ്രാന് മാലിക്ക് ഈ കൂട്ടുകെട്ട് തകര്‍ത്തു. വെറും 29 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 41 റണ്‍സെടുത്ത ശേഷമാണ് ദേവ്ദത്ത് ക്രീസ് വിട്ടത്. സഞ്ജുവിനൊപ്പം 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ദേവ്ദത്തിന് സാധിച്ചു.
ദേവ്ദത്തിന് പകരം ഷിംറോണ്‍ ഹെറ്റ്മെയര്‍ ക്രീസിലെത്തി. ഹെറ്റ്മെയറെ സാക്ഷിയാക്കി സഞ്ജു അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. വെറും 25 പന്തുകളില്‍ നിന്നാണ് സഞ്ജു അര്‍ധസെഞ്ചുറി നേടിയത്.
എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ സഞ്ജു പുറത്തായി. 27 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെ 55 റണ്‍സെടുത്ത സഞ്ജുവിനെ ഭുവനേശ്വര്‍ കുമാര്‍ അബ്ദുള്‍ സമദിന്റെ കൈയ്യിലെത്തിച്ചു. ടീം സ്കോര്‍ 163 റണ്‍സിലെത്തിച്ചാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമായി റിയാന്‍ പരാഗ് ക്രീസിലെത്തി.
പരാഗും ഹെറ്റ്മെയറും ചേര്‍ന്ന് അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്തി. ഹെറ്റ്മെയറായിരുന്നു കൂടുതല്‍ അപകടകാരി. 18.4 ഓവറില്‍ ടീം സ്കോര്‍ 200 കടന്നു. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹെറ്റ്മെയറെ നടരാജന് മികച്ച യോര്‍ക്കറിലൂടെ ബൗള്‍ഡാക്കി. വെറും 13 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 32 റണ്‍സെടുത്ത ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസ് വിട്ടത്. ഓവറിലെ അവസാന പന്തില്‍ റിയാന്‍ പരാഗിനെ (12) പുറത്താക്കി നടരാജന് രാജസ്ഥാന് ഇന്നിങ്സ് അവസാനിപ്പിച്ചു.
സണ്‍റൈസേഴ്സിനുവേണ്ടി ഉമ്രാന് മാലിക്കും നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വറും റൊമാരിയോ ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് സ്വന്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..