Photo: twitter.com/IPL
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കരുത്താരായ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
സെഞ്ചുറി നേടിയ ജോസ് ബട്‌ലറും മികച്ച ബൗളിങ് കാഴ്ചവെച്ച യൂസ്‌വേന്ദ്ര ചാഹലുമാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു.
രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കേ വെറും 10 റണ്‍സ് മാത്രമെടുത്ത നായകന്‍ രോഹിത് ശര്‍മ പുറത്തായി. അനാവശ്യ ഷോട്ട് കളിച്ച രോഹിത് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.
പിന്നാലെ വന്ന അന്‍മോല്‍പ്രീത് സിങ്ങും നിരാശപ്പെടുത്തി. വെറും അഞ്ച് റണ്‍സെടുത്ത താരത്തെ നവ്ദീപ് സൈനി ദേവ്ദത്തിന്റെ കൈയ്യിലെത്തിച്ചു. എന്നാല്‍ അവിടുന്നങ്ങോട്ട് മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മയുടെയും കരുത്തില്‍ മുംബൈ 100 കടന്നു. ഒപ്പം കിഷന്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.
43 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ഇഷാന്‍ പക്ഷേ ടീം സ്‌കോര്‍ 121-ല്‍ നില്‍ക്കേ പുറത്തായി. ട്രെന്റ് ബോള്‍ട്ടാണ് താരത്തെ പുറത്താക്കിയത്. പക്ഷേ മറുവശത്ത് തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. താരത്തിന്റെ കന്നി ഐ.പി.എല്‍ അര്‍ധസെഞ്ചുറി കൂടിയാണിത്. കിഷന് പകരം പൊള്ളാര്‍ഡാണ് ക്രീസിലെത്തിയത്.
നന്നായി കളിച്ചുകൊണ്ടിരുന്ന തിലകിനെ മടക്കി അശ്വിന്‍ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 33 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും കരുത്തില്‍ 61 റണ്‍സെടുത്ത തിലകിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ശേഷമാണ് തിലക് ക്രീസ് വിട്ടത്. തിലകിന് പകരം ടിം ഡേവിഡ് ക്രീസിലെത്തി. എന്നാല്‍ ഡേവിഡിനെ വെറും ഒരു റണ്ണിന് വിക്കറ്റിന് മുന്നില്‍ കുടുക്കി ചാഹല്‍ മത്സരം രാജസ്ഥാന് അനുകൂലമാക്കി. പിന്നാലെ വന്ന ഡാനിയല്‍ സാംസിനെ ആദ്യ പന്തില്‍ തന്നെ ചാഹല്‍ മടക്കി. തകര്‍പ്പന്‍ ക്യാച്ചിലൂടെ ബട്‌ലര്‍ സാസംസിനെ പറഞ്ഞയച്ചു.
തൊട്ടടുത്ത പന്തില്‍ മുരുകന്‍ അശ്വിനെ പുറത്താക്കി ഹാട്രിക്ക് നേടാനുള്ള അവസരം ചാഹലിന് ലഭിച്ചെങ്കിലും അത് നടന്നില്ല. അശ്വിന്റെ ക്യാച്ച് സബ്ബായി വന്ന കരുണ്‍ നായര്‍ നിലത്തിട്ടു. പിന്നാലെ പൊള്ളാര്‍ഡ് ഫോമിലേക്കുയര്‍ന്നു. 17.3 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. അവസാന രണ്ടോവറില്‍ മുംബൈയുടെ വിജയലക്ഷ്യം 39 റണ്‍സായി മാറി.
പ്രസിദ്ധ് ചെയ്ത 19-ാം ഓവറില്‍ പൊള്ളാര്‍ഡിനെ പുറത്താക്കാനുള്ള അനായാസ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ പാഴാക്കി. പിന്നാലെ അശ്വിനെ സഞ്ജു റണ്‍ ഔട്ടാക്കി. ഓവറില്‍ വെറും 10 റണ്‍സ് മാത്രമാണ് പ്രസിദ്ധ് വഴങ്ങിയത്. ഇതോടെ മുംബൈയുടെ വിജയലക്ഷ്യം അവസാന ഓവറില്‍ 29 റണ്‍സായി മാറി.
നവ്ദീപ് സൈനി ചെയ്ത അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് പിറന്നത്. പൊള്ളാര്‍ഡിന്റെ വിക്കറ്റും താരം സ്വന്തമാക്കി. 24 പന്തുകളില്‍ നിന്ന് 22 റണ്‍സെടുത്ത് പൊള്ളാര്‍ഡ് മടങ്ങി. ബുംറ പുറത്താവാതെ നിന്നു. ഇതോടെ രാജസ്ഥാന്‍ 23 റണ്‍സിന്റെ വിജയം നേടി.
രാജസ്ഥാന്‍ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ് ബ്ടലറുടെ മികവിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി ഓപ്പണര്‍ ജോസ് ബട്‌ലര്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ആദ്യ പന്തുമുതല്‍ ആക്രമിച്ച് കളിച്ച ബട്‌ലര്‍ മുംബൈ ബൗളര്‍മാരെ അനായാസം നേരിട്ടു. പക്ഷേ മറ്റൊരു ഓപ്പണറായ യശസ്വി ജയ്‌സ്വാളിന് മികവ് പുലര്‍ത്താനായില്ല. വെറും ഒരു റണ്‍ മാത്രമെടുത്ത താരത്തെ ജസ്പ്രീത് ബുംറ ടിം ഡേവിഡിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കലും നിരാശപ്പെടുത്തി. വെറും ഏഴ് റണ്‍സ് മാത്രമെടുത്ത താരത്തെ ടൈമല്‍ മില്‍സ് രോഹിത് ശര്‍മയുടെ കൈയ്യിലെത്തിച്ചു.
ദേവ്ദത്തിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ തകര്‍ത്തടിച്ചു. ബേസില്‍ തമ്പിയുടെ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമുള്‍പ്പെടെ 26 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. മറുവശത്ത് സഞ്ജുവും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ മുംബൈ പതറി. 14 ഓവറില്‍ ടീം സ്‌കോര്‍ 130-ല്‍ എത്തി.
എന്നാല്‍ 15-ാം ഓവറിലെ രണ്ടാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത സഞ്ജുവിനെ പൊള്ളാര്‍ഡ് തിലക് വര്‍മയുടെ കൈയ്യിലെത്തിച്ചു. ബട്‌ലര്‍ക്കൊപ്പം 82 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന് പകരമെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. 16.1 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. പൊള്ളാര്‍ഡ് ചെയ്ത 17-ാം ഓവറില്‍ ഹെറ്റ്‌മെയര്‍ 26 റണ്‍സാണ് അടിച്ചെടുത്തത്.
പിന്നാലെ ബട്‌ലര്‍ സെഞ്ചുറി നേടി. സെഞ്ചുറിയിലെത്താന്‍ ബട്‌ലറിന് വെറും 66 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. താരത്തിന്റെ രണ്ടാം ഐ.പി.എല്‍ സെഞ്ചുറിയാണിത്. ബട്‌ലറിന്റെ ആഘോഷം തീരുന്നതിനുമുന്‍പ് ഹെറ്റ്‌മെയര്‍ പുറത്തായി. വെറും 14 പന്തുകളില്‍ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്ത ശേഷമാണ് ഹെറ്റ്‌മെയര്‍ ക്രീസ് വിട്ടത്.
പിന്നാലെ ബട്‌ലറും പുറത്തായി. ബുംറയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ ബട്‌ലറുടെ കുറ്റി തെറുപ്പിച്ചു. 68 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 100 റണ്‍സെടുത്ത് ബട്‌ലര്‍ ക്രീസില്‍ നിന്ന് മടങ്ങി. അവസാന ഓവറുകളില്‍ രാജസ്ഥാന് വേണ്ട വിധത്തില്‍ സ്‌കോര്‍ ചെയ്യാനായില്ല. അശ്വിനും സെയ്‌നിയുമെല്ലാം വന്നതിനേക്കാള്‍ വേഗത്തില്‍ ക്രീസ് വിട്ടു. അവസാന പന്തില്‍ റിയാന്‍ പരാഗും പുറത്തായി. ഇതോടെ രാജസ്ഥാന്‍ 193 റണ്‍സിന് ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പൊള്ളാര്‍ഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.
Updating ...
Content Highlights: rajasthan royals vs mumbai indians 2022 ipl live updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..