
Photo: PTI
ധോനിയില്ലാതെ ചെന്നൈയില്ല, ചെന്നൈയില്ലാതെ ധോനിയും.. 2022 ഐ.പി.എല്ലിന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമകളിലൊരാളായ എന്‍.ശ്രീനിവാസന് പറഞ്ഞ വാക്കുകളാണിത്. 2022 ഐ.പി.എല്‍ താരലേലത്തിന് മുന്‍പ് ധോനിയെ എന്തുകൊണ്ട് ടീമില്‍ നിലനിര്‍ത്തി എന്നതിനുള്ള ഉത്തരം കൂടിയാണീ വാക്കുകള്‍. എം.എസ്.ധോനി എന്ന കപ്പിത്താന് ഈ മഞ്ഞക്കടലിന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് ഈ വാക്കുകളില്‍ നിന്ന് വ്യക്തം. ഐ.പി.എല്‍ തുടങ്ങിയ കാലം തൊട്ട് ചെന്നൈ സൂപ്പര്‍ കിങ്സിന് ഒരേയൊരു മുഖം മാത്രമേയുള്ളൂ. അത് മഹേന്ദ്ര സിങ് ധോനിയുടെതാണ്. ധോനിയുടെ കീഴില്‍ ചെന്നൈ നേടിയ വിജയങ്ങള്‍ മറ്റൊരു ടീമിനും അവകാശപ്പെടാവുന്നതിനേക്കാള് എത്രയോ മുകളിലാണ്.
ഐ.പി.എല്ലില്‍ ഒരു ടീമിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച നായകനായ ധോനി ഇന്ന് ഹൃദയഭേദകമായ ഒരു വാര്‍ത്ത പുറത്തുവിട്ടു. ചെന്നൈ ആരാധകര്‍ സ്നേഹപൂര്‍വം വിളിക്കുന്ന അവരുടെ 'തല' ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുന്നു. പകരം രവീന്ദ്ര ജഡേജ ടീമിന്റെ നായകനാകും. ഏതൊരു ആരാധകന്റെയും ഹൃദയം നുറുങ്ങുന്ന വാര്‍ത്തയാണ് ധോനി പുറത്തുവിട്ടത്. ധോനി എന്ന താരത്തെ മുന്നില്‍ കണ്ട് മാത്രം ചെന്നൈ സൂപ്പര്‍ കിങ്സിനെ ആരാധിച്ചവരാണ് കൂടുതല്‍ പേരും. അവരുടെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടാണ് ധോനി നായകസ്ഥാനം ഉപേക്ഷിക്കുകയാണെന്ന വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചത്. ധോനിയ്ക്ക് വേണ്ടി 'വിസില്‍ പോഡിയ' ആരാധകര്‍ ഇന്ന് ഈറനണിഞ്ഞ കണ്ണുകളുമായി നില്‍ക്കുകയാണ്. ഒരുപക്ഷേ ധോനി എന്ന പ്രതിഭാശാലിയായ ക്രിക്കറ്റ് താരത്തിന്റെ വിരമിക്കലിന് മുന്നോടിയായുള്ള പടിയിറക്കമാകാം ഈ തീരുമാനം.
വിരാട് കോലിയ്ക്ക് പിന്നാലെ ധോനിയും ഐ.പി.എല്ലിലെ നായകസ്ഥാനം ഉപേക്ഷിക്കുമ്പോള്‍ വിങ്ങുന്നത് ക്രിക്കറ്റ് ലോകമാണ്. എ.ബി.ഡിവില്ലിയേഴ്സ് ഇല്ലാത്ത ഐ.പി.എല്ലിനെ വരവേല്‍ക്കുന്ന ആരാധകര്‍ക്ക് ധോനി നല്കിയ ഇരട്ട പ്രഹരമാണിത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കം ഇന്ത്യയിലാദ്യമായി ഉടലെടുത്ത കാലം തൊട്ട് ധോനി ചെന്നൈയുടെ ഭാഗമാണ്. 2007-ല്‍ ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് വിജയിയാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ച ധോനിയെ ചെന്നൈ വിശ്വസിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനും ധോനിയ്ക്ക് സാധിച്ചു. 2008-ലെ ആദ്യ സീസണില്‍ തന്നെ ഫൈനലില്‍ ഇടം നേടി ചരിത്രം സൃഷ്ടിക്കാന്‍ ധോനിയുടെ മഞ്ഞപ്പടയ്ക്ക് സാധിച്ചു. ഫൈനല്‍ രാജസ്ഥാനോട് അടിയറവ് പറഞ്ഞെങ്കിലും ധോനിയെന്ന യോദ്ധാവ് തളരാന്‍ തയ്യാറല്ലായിരുന്നു.
രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2010-ല്‍ ചെന്നൈയ്ക്ക് കിരീടം നോടിക്കൊടുത്ത് ധോനി ആരാധകര്‍ക്ക് തന്നോടുള്ള വിശ്വാസം കാത്തു. 2011-ലും ചാമ്പ്യന്മാരായി ധോനി തുടര്‍ച്ചയായി രണ്ടാം തവണ കിരീടം ചെന്നൈയിലേക്ക് തന്നെ കൊണ്ടുവന്നു. 2011-ല്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ ധോനി ഐ.പി.എല്‍ കിരീടത്തിലും മുത്തമിട്ട് ചരിത്രം സൃഷ്ടിച്ചു. 2010-ലും 2014-ലും ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടം ചെന്നൈയ്ക്ക് നേടിക്കൊടുക്കാനും ധോനിയ്ക്ക് കഴിഞ്ഞു.
എന്നാല്‍ 2013-ല്‍ നടന്ന കോഴ വിവാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ടീം ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. ധോനി റൈസിങ് പുണെ ജയന്റ്സിലേക്ക് ചേക്കേറി. പിന്നീട് 2018-ലാണ് ചെന്നൈ തിരിച്ച് ഐ.പി.എല്ലിലേക്ക് രംഗപ്രവേശനം നടത്തിയത്. ആ വരവ് രാജകീയമായിത്തന്നെയായിരുന്നു. 2018-ല്‍ രണ്ടാം വരവില്‍ കിരിടം നേടിക്കൊണ്ട് ധോനി ചെന്നൈ ആരാധകരുടെ നെഞ്ചില്‍ ആവേശക്കോടി നാട്ടി. ഇതോടെ നഷ്ടപ്പെട്ട ആരാധകരുടെ വീര്യം പതിന്മടങ്ങോടെ ഉയര്‍ന്നു. ചെന്നൈയുടെ മഞ്ഞ ജഴ്സിയും മഞ്ഞക്കൊടിയും ഐ.പി.എല്‍ സ്റ്റേഡിയങ്ങളെ പുളകം കൊള്ളിച്ചു. പിന്നീട് 2021-ലും കിരീടം നേടി ധോനി ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ പരാജയപ്പെടുത്തുമ്പോള്‍ വിക്കറ്റിന് പിറകില്‍ ചെറിയൊരു ചിരിയുമായി ധോനിയുണ്ടായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇതുവരെ ഐ.പി.എല്ലില്‍ 11 തവണ പ്ലേ ഓഫിലും ഒന്‍പത് തവണ ഫൈനലിലുമെത്തിക്കാന്‍ ധോനിയ്ക്ക് സാധിച്ചു. ഐ.പി.എല്ലില്‍ മറ്റൊരു നായകനും അവകാശപ്പെടാനാവാത്ത അസൂയാവഹമായ നേട്ടം. രാജകീയമായി തന്നെയാണ് ധോനി ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. 2020-ല്‍ തകര്‍ന്ന് തരിപ്പണമായ ടീമിലെ മിക്ക താരങ്ങളെയും നിലനിര്‍ത്തി 2021-ല്‍ കിരീടം നേടാന്‍ ധോനിയ്ക്ക് സാധിച്ചു. അതുതന്നെയാണ് ധോനിയിലെ നായകന്റെ വിജയം.
ധോനിയുടെ കീഴില്‍ ചെന്നൈ 204 മത്സരങ്ങളിലാണ് കളിച്ചത്. അതില്‍ 121 മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ധോനിയ്ക്ക് സാധിച്ചു. 59.60 ആണ് ധോനിയുടെ ഐ.പി.എല്ലിലെ വിജയശരാശരി.
ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പാടുപെടുന്നുണ്ടെങ്കിലും ധോനിയുടെ ക്യാപ്റ്റന്‍സി വീഞ്ഞുപോലെ പഴകുംതോറും വീര്യം കൂടുന്ന ഒന്നാണ്. ഓരോ വര്‍ഷം കഴിയുന്തോറും ധോനിയിലെ നായകന് കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണാണ് 2021-ലെ കിരീടം. ടീമിന് കിരീടം സമ്മാനിച്ച് ധോനി മടങ്ങുമ്പോള്‍ വലിയൊരു ശൂന്യതയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. ആര്‍ക്കും അത്രപെട്ടെന്ന് നികത്താനാവാത്ത വലിയൊരു ശൂന്യത.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..