റിങ്കു സിങ്ങിനെ എവിൻ ലൂയിസ് ക്യാച്ചെടുത്ത് പുറത്താക്കുന്നു | Photo: www.iplt20.com
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിനാണ് ഇന്നലെ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷിയായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മത്സരം കാണികളെ ആകാംക്ഷയുടെ മുള്‍മുനയിലെത്തിച്ചു. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ വെറും രണ്ട് റണ്‍സിനാണ് ലഖ്നൗ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്.
ഈ വിജയത്തിന്റെ കരുത്തില്‍ ലഖ്നൗ പ്ലേ ഓഫിലേക്ക് ടിക്കറ്റെടുത്തു. കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ കണ്ണീരോടെ മടങ്ങുകയും ചെയ്തു. ലഖ്നൗവിന്റെ എവിന്‍ ലൂയിസെടുത്ത നിര്‍ണായക ക്യാച്ചാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അവസാന ഓവറില്‍ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്ത അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
മാര്‍ക്കസ് സ്റ്റോയിനിസ് ചെയ്ത അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 21 റണ്‍സായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍പ്പന്‍ ഫോമില്‍ നില്ക്കുന്ന റിങ്കു സിങ്ങായിരുന്നു ക്രീസില്‍. സ്റ്റോയിനിസിന്റെ ആദ്യ പന്തില്‍ ഫോറടിച്ച റിങ്കു അടുത്ത രണ്ട് പന്തുകളിലും സിക്സടിച്ച് കളിയുടെ ഗതിമാറ്റി. ഇതോടെ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി ചുരുങ്ങി. നാലാം പന്തില്‍ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി കൊല്‍ക്കത്തയുടെ വിജയലക്ഷ്യം.
Also Read
കൊല്‍ക്കത്ത അനായാസ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ച സമയത്താണ് ലഖ്നൗവിന്റെ രക്ഷനായി എവിന്‍ ലൂയിസ് അവതരിച്ചത്. അഞ്ചാം പന്തില്‍ സിക്സ് അടിക്കാനുള്ള റിങ്കുവിന്റെ ശ്രമം തകര്‍പ്പന്‍ ക്യാച്ചിലൂടെ ലൂയിസ് വിഫലമാക്കി. ഉയര്‍ന്നുവന്ന ക്യാച്ചിലേക്ക് ഓടിവന്ന ലൂയിസ് ഒറ്റക്കൈ കൊണ്ട് ക്യാച്ചെടുത്ത് ഏവരെയും അത്ഭുതപ്പെടുത്തി. ഈ ക്യാച്ച് മത്സരത്തില്‍ നിര്‍ണായകമായി. റിങ്കു കണ്ണീരോടെ ക്രീസ് വിട്ടു.
പിന്നാലെ വന്ന ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് ലഖ്നൗവിന് വിജയം സമ്മാനിച്ചു. കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..