ഗോള്‍ഡന്‍ ഡക്കായത് കോലി; പഴി അനുഷ്‌കയ്ക്കും


2 min read
Read later
Print
Share

Photo: PTI

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ത്യയുടെ വിരാട് കോലിയുടെ സ്ഥാനം. അണ്ടര്‍-19 ലോകകപ്പ് ജയത്തിനു ശേഷം 2008-ല്‍ ഇന്ത്യയ്ക്കായി കളിക്കാനാരംഭിച്ച താരം 2010-ന് ശേഷം ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തം പേരിലാക്കാന്‍ തുടങ്ങിയിരുന്നു. പക്ഷേ ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി വാശിയോടെ വെട്ടിപ്പിടിച്ചിരുന്ന കോലിയുടെ ഇപ്പോഴത്തെ അവസ്ഥ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍ക്ക് പോലും വിഷമമുണ്ടാക്കുന്ന തരത്തിലാണ്. കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറി പിറന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റണ്‍സ്, സെഞ്ചുറി റെക്കോഡുകള്‍ സ്വന്തമാക്കുമെന്ന് കരുതിയിരുന്ന താരം റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നത് അത്ര സുന്ദരമല്ലാത്ത കാഴ്ചകളിലൊന്നായി മാറുകയാണ്.

ഇപ്പോഴിതാ ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലാണ് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും ലണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമെതിരായ മത്സരങ്ങളിലാണ് കോലി ഗോള്‍ഡന്‍ ഡക്കായത്. ഇതോടെ കോലിയെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നുണ്ടെങ്കിലും അതിപ്പോള്‍ ഒരുപടി കൂടി കടന്ന് ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മയെക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ജീവിതത്തിലെ ഒരു തെറ്റായ തീരുമാനം മതി നിങ്ങളെ മോശം നിലയിലാക്കാന്‍ എന്ന തരത്തിലാണ് അനുഷ്‌ക ട്രോളുകള്‍ക്കിരയാകുന്നത്.

കോലിയുടെ മോശം ഫോമിന് കാരണമെന്തെന്ന ഒരു മീഡിയ ഗ്രൂപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ചോദ്യത്തിന് അനുഷ്‌ക ശര്‍മ എന്ന് ഉത്തരമായി ട്വീറ്റ് ചെയ്തവര്‍ നിരവധിയാണ്.

ഇതിനു മുമ്പും ഇത്തരത്തില്‍ കോലിയുടെ മോശം ഫോമിന്റെ പേരില്‍ അനുഷ്‌ക പഴി കേട്ടിട്ടുണ്ട്. 2014-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അന്ന് ഇംഗ്ലണ്ടില്‍ കളിച്ച 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായിരുന്നത്. അന്നത്തെ കോലിയുടെ മോശം ഫോമിനും പഴി കേട്ടത് കാമുകിയായിരുന്ന അനുഷ്‌കയായിരുന്നു.

അനുഷ്‌കയ്‌ക്കെതിരേ നടക്കുന്ന ഇത്തരത്തിലുള്ള ട്രോള്‍ ആക്രമണം ഒരിക്കലും നീതീകരിക്കാനാകാത്തതാണ്. മുമ്പ് ഇത്തരത്തില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെതിരേ കോലി തന്നെ രംഗത്തെത്തിയിരുന്നു.

Content Highlights: ipl 2022 Virat Kohlis poor form Trolls targets Anushka Sharma

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented