Photo: twitter.com/IPL
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ഹൈദരാബാദ് ജയിച്ചുകയറിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ 13 കളികളില്‍ നിന്ന് 12 പോയന്റുള്ള ഹൈദരാബാദ് പ്ലേ ഓഫിനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. 13-ല്‍ പത്തും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.
194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈക്ക് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 95 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 36 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 48 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 12-ാം ഓവറില്‍ ഇഷാന്‍ കിഷനെ മടക്കി ഉമ്രാന്‍ മാലിക്ക് മുംബൈയെ ഞെട്ടിച്ചു. 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്താണ് കിഷന്‍ മടങ്ങിയത്. തുടര്‍ന്ന് തിലക് വര്‍മയേയും (8), ഡാനിയല്‍ സാംസിനെയും (15) മടക്കി മാലിക്ക് മുംബൈയെ പ്രതിരോധത്തിലാക്കി.
എന്നാല്‍ ടിം ഡേവിഡിന്റെ വെടിക്കെട്ട് ബാറ്റിങ് മുംബൈക്ക് പ്രതീക്ഷ നല്‍കിയതാണ്. 18 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 46 റണ്‍സടിച്ച ഡേവിഡിനെ 18-ാം ഓവറില്‍ ടി. നടരാജന്‍ റണ്ണൗട്ടാക്കിയതോടെ മുംബൈ മത്സരം കൈവിടുകയായിരുന്നു. ആറു പന്തില്‍ നിന്ന് 14 റണ്‍സടിച്ച രമണ്‍ദീപ് ശ്രമിച്ചുനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍ മാലിക്ക് ബൗളിങ്ങില്‍ തിളങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ്, നിക്കോളാസ് പുരന്‍ എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തിരുന്നു.
ഓപ്പണര്‍ അഭിഷേക് ശര്‍മയെ (9) മൂന്നാം ഓവറില്‍ നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച പ്രിയം ഗാര്‍ഗ് - രാഹുല്‍ ത്രിപാഠി സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. രണ്ടാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം 10-ാം ഓവറിലാണ് പിരിഞ്ഞത്. 26 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 42 റണ്‍സെടുത്ത ഗാര്‍ഗിനെ മടക്കി രമണ്‍ദീപ് സിങ്ങാണ് മുംബൈക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നാലെ നിക്കോളാസ് പുരനെ കൂട്ടുപിടിച്ച് ത്രിപാഠി സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17-ാം ഓവറില്‍ പുരനെ മടക്കി റിലെ മെറെഡിത്ത് ഹൈദരാബാദ് സ്‌കോറിങ് റേറ്റ് പിടിച്ചുനിര്‍ത്തി. 22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 38 റണ്‍സായിരുന്നു പുരന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാഠിയും മടങ്ങിയതോടെയാണ് ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച ഹൈദരാബാദ് സ്‌കോര്‍ 193-ല്‍ പിടിച്ചുനിര്‍ത്താന്‍ മുംബൈക്കായത്. 44 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
തുടര്‍ന്നെത്തിയ ഏയ്ഡന്‍ മാര്‍ക്രത്തിനും (2), വാഷിങ്ടണ്‍ സുന്ദറിനും (9) ഹൈദരാബാദ് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഒമ്പത് റണ്‍സോടെ പുറത്താകാതെ നിന്നു. മുംബൈക്കായി രമണ്‍ദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Content Highlights: ipl 2022 Sunrisers Hyderabad beat Mumbai Indians


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..