Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. 16 റണ്‍സിനാണ് ബാംഗ്ലൂര്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
38 പന്തില്‍ നിന്ന് അഞ്ചു സിക്‌സും നാല് ഫോറുമടക്കം 66 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഡല്‍ഹി കളി കൈവിട്ടത്. പൃഥ്വി ഷായും വാര്‍ണറും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 28 പന്തില്‍ നിന്ന് 50 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പിരിഞ്ഞത്. തുടര്‍ന്നെത്തിയ മിച്ചല്‍ മാര്‍ഷ് നിലയുറപ്പിക്കാന്‍ പാടുപെട്ടതോടെ ഡല്‍ഹിയുടെ സ്‌കോറിങ് റേറ്റ് താഴ്ന്നു. 12-ാം ഓവറില്‍ വാര്‍ണറെ മടക്കി വാനിന്ദു ഹസരംഗ ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ 24 പന്തില്‍ നിന്ന് 14 റണ്‍സുമായി മാര്‍ഷ് മടങ്ങി. തുടര്‍ന്നെത്തിയ റോവ്മാന്‍ പവലിനെ (0) ആദ്യ പന്തില്‍ തന്നെ ഹെയ്‌സല്‍വുഡ് മടക്കി.
ക്യാപ്റ്റന്‍ ഋഷഭ് പന്ത് 17 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 34 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും 17-ാം ഓവറില്‍ സിറാജിന്റെ പന്തില്‍ പുറത്തായി. ശാര്‍ദുല്‍ താക്കൂര്‍ (17), ലളിത് യാദവ് (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അക്ഷര്‍ പട്ടേല്‍ (10*), കുല്‍ദീപ് യാദവ് (10*) എന്നിവര്‍ പുറത്താകാതെ നിന്നു.
ആര്‍സിബിക്കായി ഹെയ്‌സല്‍വുഡ് മൂന്നും സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ബാംഗ്ലൂരിനെ 189 റണ്‍സിലെത്തിച്ചത്. 34 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് അഞ്ച് വീതം സിക്സും ഫോറുമടക്കം 66 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച് കാര്‍ത്തിക്ക് 97 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട ഷഹബാസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു.
അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലും ബാംഗ്ലൂരിനായി തിളങ്ങി. 34 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 55 റണ്‍സെടുത്തു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റേത് മോശം തുടക്കമായിരുന്നു. 2.3 ഓവറില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അനുജ് റാവത്ത് (0) ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (8) എന്നിവരെ അവര്‍ക്ക് നഷ്ടമായി. വീണ്ടം നിരാശപ്പെടുത്തിയ വിരാട് കോലി 14 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമെടുത്ത് ഏഴാം ഓവറില്‍ റണ്ണൗട്ടായി. വൈകാതെ സുയാഷ് പ്രഭുദേശായ് (6), മാക്സ്വെല്‍ എന്നിവരും മടങ്ങിയതോടെ ബാംഗ്ലൂര്‍ അഞ്ചിന് 92 റണ്‍സെന്ന നിലയിലായി. എന്നാല്‍ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്സിനാണ്. മുസ്തഫിസുര്‍ എറിഞ്ഞ 18-ാം ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 28 റണ്‍സാണ് കാര്‍ത്തിക്ക് അടിച്ചുകൂട്ടിയത്. മുസ്തഫിസുര്‍ നാല് ഓവറില്‍ 48 റണ്‍സും കുല്‍ദീപ് യാദവ് 46 റണ്‍സും വഴങ്ങി.
Updating ...
Content Highlights: ipl 2022 Royal Challengers Bangalore vs Delhi Capitals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..