Photo: twitter.com/IPL
മുംബൈ: ഒരൊറ്റ മത്സരം കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് റിങ്കു സിങ് എന്ന ഇടംകൈയന്‍ ബാറ്റ്സ്മാന് ഇടിച്ചുകയറിച്ചെന്നത്. കൈവിട്ടെന്ന് കരുതിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി ഒറ്റയ്ക്ക് പൊരുതിയ റിങ്കുവിന് പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇതാദ്യമായല്ല ഇത്തരം പ്രതിസന്ധിയിലൂടെയും വിഷമഘട്ടത്തിലൂടെയും റിങ്കു കടന്നു പോകുന്നത്. കഴിഞ്ഞുപോയ അഞ്ചു വര്‍ഷങ്ങള്‍ ഈ താരത്തെ സംബന്ധിച്ച് തിരിച്ചടികളുടേതായിരുന്നു. പരിക്കുകള്‍ കാരണം പലപ്പോഴും ടീമിന് പുറത്തായിരുന്നു ഈ ഉത്തര്‍പ്രദേശുകാരന്റെ സ്ഥാനം. ഒരിക്കല്‍ പരിക്കേറ്റപ്പോള്‍ തന്റെ ക്രിക്കറ്റ് ഭാവിയെ കുറിച്ച് ഭയന്ന പിതാവ് രണ്ട് - മൂന്ന് ദിവസത്തോളം ആഹാരം പോലും കഴിച്ചിരുന്നില്ലെന്ന് റിങ്കു പറയുന്നു. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് റിങ്കു തന്റെ മോശം സമയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്.
''കഴിഞ്ഞ അഞ്ചു വര്‍ഷം എന്നെ സംബന്ധിച്ച് തീര്‍ത്തും കഠിനമായിരുന്നു. കെകെആര്‍ എന്നെ ടീമിലെടുത്ത് അടുത്ത വര്‍ഷം തന്നെ എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ എനിക്ക് നന്നായി കളിക്കാനായില്ല. എന്നാല്‍ എന്നില്‍ വിശ്വസിച്ച കൊല്‍ക്കത്ത ടീം അടുത്ത രണ്ട് വര്‍ഷവും എന്നെ ടീമില്‍ നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരിച്ചടികളുടേതായിരുന്നു. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ എന്റെ കാല്‍മുട്ടിന് പരിക്കേറ്റു. എനിക്ക് ഒരു ഓപ്പറേഷന് ആവശ്യമായി വന്നു. തിരിച്ചുവരാന്‍ ആറോ ഏഴോ മാസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഇത്രകാലം വിട്ടുനില്‍ക്കുന്നത് എനിക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. ആ സമയം എന്റെ അച്ഛന് രണ്ട് മൂന്ന് ദിവസത്തോളം ഒന്നും കഴിച്ചില്ല. ഇത് വെറുമൊരു പരിക്ക് മാത്രമാണെന്നും ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. വീട്ടിലെ ഏക വരുമാന മാര്‍ഗം ഞാനായിരുന്നു. അതിനാല്‍ തന്നെ ഇത്തരം ഒരു സംഭവമുണ്ടായത് എല്ലാവരേയും ആകുലതയിലാക്കി.'' - റിങ്കു പറഞ്ഞു.
എന്നാല്‍ പരിക്ക് മാറി അധികം വൈകാതെ ടീമിലേക്ക് തിരിച്ചെത്താനും താരത്തിനായി. ഇത്തവണയും താരത്തെ ടീമിലെടുത്ത കൊല്‍ക്കത്ത ടീമിനായി നിര്‍ണായക മത്സരത്തില്‍ മികവ് കാണിക്കാനും റിങ്കുവിനായി. കൊല്‍ക്കത്ത മത്സരം തോറ്റെങ്കിലും റിങ്കു ആരാകര്ക്കിടയില് ഇപ്പോള്‍ താരമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..