Photo: twitter.com/IPL
ലഖ്നൗവുമായുളള എലിമിനേറ്ററിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്ത്. ബാംഗ്ലൂരിന്റെ നായകന് ഡു പ്ലെസിസ് റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് തിരിഞ്ഞുനടക്കുന്ന ചിത്രം. ഗാലറിയില്‍ ചുവന്ന കൊടിതോരണങ്ങള്‍ ഉയര്ന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുളളൂ. അതിന് മുന്നേ പടനായകനെ നഷ്ടപ്പെട്ട ദൈന്യതയില്‍ ആരാധകര്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. അതിനിടയിലൂടെ രജത് മനോഹര്‍ പാട്ടിദാര്‍ എന്ന 28-കാരന് മൈതാനത്തേക്ക് നടന്നടുത്തു. ആവേശം ചോര്‍ന്നൊലിച്ച ഗാലറികളെ പതിയെ പതിയെ അയാള്‍ ആരവങ്ങളിലേക്ക് തിരികെ കൊണ്ടുവന്നു. ജീവന് കൊടുത്തും പോരാടുന്ന യോദ്ധാവിനെ പോലെ അയാള്‍ ഈഡന് ഗാര്‍ഡന്‍സ് മൈതാനത്ത് നിറഞ്ഞാടി. ഇരുന്നൂറും കടന്ന് ആദ്യ ഇന്നിംഗ്സിന് നാന്ദികുറിക്കപ്പെടുമ്പോള് ടൂര്‍ണമെന്റിലെ ബാംഗ്ലൂരിന്റെ ആദ്യ സെഞ്ചുറി അയാള്‍ തന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ചിരുന്നു.
25 റണ്‍സെടുത്ത് വിരാട് കോലി പുറത്താവുമ്പോള്‍ ടീം 70 റണ്‍സില്‍ എത്തിനില്ക്കുന്നതേ ഉണ്ടായിരുന്നുളളൂ. പിന്നീടിറങ്ങിയ ഗ്ലെന്‍ മാക്സ്വെല്ലും മഹിപാലും വേഗത്തില്‍ തന്നെ മടങ്ങി. മാക്സ്വെല് ഒമ്പത് റണ്‍സും മഹിപാല്‍ 14 റണ്‍സും മാത്രമാണ് നേടിയിരുന്നത്. പക്ഷേ ഒരു വശത്ത് പാട്ടിദാര്‍ നിലയുറപ്പിച്ചു. ക്ലാസും എലഗന്‍സും നിറഞ്ഞ സ്ട്രോക്ക് പ്ലേകളുമായി പാട്ടിദാര്‍ സ്കോര്‍ ഉയര്‍ത്തികൊണ്ടേയിരുന്നു. ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്ക് ആയാള്‍ ജീവന്‍വെപ്പിച്ചു. അവസാന ഓവറുകളില്‍ ഇരുവരും തകര്‍ത്തടിച്ചു. 207 റണ്‍സിന് ബാംഗ്ലൂരിന്റെ മത്സരം അവസാനിക്കുമ്പോള്‍ 54 പന്തുകള്‍ നേരിട്ട് 112 റണ്‍സോടെ പാട്ടിദാര്‍ പുറത്താവാതെ നിന്നു. ഏഴ് സിക്സറുകളും 12 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ അണ്‍ക്യാപ്പ്ഡ് താരമെന്ന നേട്ടവും രജത് സ്വന്തമാക്കി. മനീഷ് പാണ്ഡെ (2009), പോള്‍ വാല്‍ത്താട്ടി (2011), ദേവ്ദത്ത് പടിക്കല്‍ (2021) എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഐപിഎല്‍ നോക്കൗട്ടിലെ ഒരു അണ്‍ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും രജത്തിന്റെ പേരിലായി. 2022-ലെ ഐപിഎല്‍ ലേലത്തില്‍ പാട്ടിദാറിനെ ആരും വാങ്ങിയിരുന്നില്ല. പരിക്കേറ്റ ലുവ്നിത് സിസോദിയക്ക് പകരക്കാരനായാണ് പാട്ടിദാര്‍ ഇത്തവണ ബാംഗ്ലൂര്‍ നിരയിലേക്ക് കടന്നു വരുന്നത്. രാജസ്ഥാനെതിരേയായിരുന്നു ഈ സീസണിലെ പാട്ടിദാറിന്റെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെതിരേ അര്‍ധസെഞ്ചുറി നേടിയാണ് ബാംഗ്ലൂര്‍ നിരയിലെ ശ്രദ്ധേയസാന്നിധ്യമാകുന്നത്. പിന്നീടുളള മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. എലിമിനേറ്ററിലെ ഗംഭീര പ്രകടനത്തിലൂടെ ബാംഗ്ലൂരിന്റെ കിരീടസ്വപ്നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുകയാണ് ഈ മധ്യപ്രദേശുകാരന്.
മധ്യപ്രദേശ് ക്രിക്കറ്റ് ടീമിനായി അണ്ടര്‍-19, അണ്ടര്‍-22 മത്സരങ്ങള്‍ കളിച്ചാണ് രജിത് പാട്ടിദാര്‍ കരിയര്‍ തുടങ്ങുന്നത്. ഫസ്റ്റ് ക്ലാസ് മാച്ചില്‍ അരങ്ങേറുന്നത് 2015-രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കെതിരേയാണ്. ആദ്യ രണ്ട് ഇന്നിംഗ്സുകളില്‍ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. വൈകാതെ മധ്യപ്രദേശ് ലിസ്റ്റ്-എ സ്ക്വാഡില്‍ ഇടം നേടി. അവിടേയും അരങ്ങേറ്റത്തില്‍ തന്നെ തിളങ്ങി.
രണ്ട് വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശ് ട്വന്റി-20 ടീമില്‍ അവസരം ലഭിക്കുന്നത്. അവിടെ നിന്നാണ് രജിത് പാട്ടിദാര്‍ എന്ന ബാറ്ററുടെ കരിയര്‍ ഉയരുന്നത്. 2017-18 സോണല്‍ ട്വന്റി-20 ലീഗുകളിലായിരുന്നു തുടക്കം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിന്റെ ടോപ്പ്സ്കോററും പാട്ടിദാറായിരുന്നു. 2018-19 രഞ്ജി ട്രോഫി സീസണില്‍ മധ്യപ്രദേശിനായി 713 റണ്‍സാണ് താരം അടിച്ചെടുത്തത്. 2019-ല്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിലും ഇടംനേടി. വിജയ് ഹസാരേ ടൂര്‍ണമെന്റിലും ശ്രദ്ധയാര്‍ന്ന പ്രകടനമായിരുന്നു. 2021- ലെ ഐപിഎല്‍ ലേലത്തിലാണ് പാട്ടിദാറിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്. ആ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്നായി 71 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പക്ഷേ പകരക്കാരനായി വന്നതിന് ശേഷം ഇത്തവണ ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ നിന്നായി 275 റണ്‍സാണ് പാട്ടിദാര്‍ നേടിയത്.
പരിമിത ഓവര്‍ മത്സരങ്ങളിലാണ് എന്നും രജത് പാട്ടിദാര്‍ വേറിട്ട് നില്‍ക്കുന്നത്. നേര്‍ക്ക് വരുന്ന പന്തുകളെ മനോഹരമായി അതിര്‍ത്തികടത്തുക തന്നെയാണ് അയാളുടെ രീതി. അത് ഭംഗിയായി നിറവേറ്റുന്ന കാഴ്ചയാണ് ഈഡന് ഗാര്‍ഡന്‍സില്‍ കാണാനായത്. ഇനിയുളള രണ്ടാം ക്വാളിഫയറിലും ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആദ്യ ഐപിഎല്‍ കീരീടമെന്ന ബാംഗ്ലൂരിന്റെ സ്വപ്നങ്ങള്‍ക്ക് ഈ മധ്യപ്രദേശുകാരന് നിറം പകരുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..