Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. 24 റണ്‍സിന്റെ ജയം സ്വന്തമാക്കിയ രാജസ്ഥാന് ഒരു മത്സരം ശേഷിക്കേ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. നിലവില്‍ 16 പോയന്റുമായി രാജസ്ഥാന് രണ്ടാം സ്ഥാനത്തെത്തി.
രാജസ്ഥാന് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
179 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗവിന് 29 റണ്‍സിനിടെ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക് (7), ആയുഷ് ബദോനി (0), ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ (10) എന്നിവരെ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ദീപക് ഹൂഡ - ക്രുണാല്‍ പാണ്ഡ്യ സഖ്യം മാത്രമാണ് ലഖ്നൗവിന് മത്സരത്തില്‍ അല്പമെങ്കിലും പ്രതീക്ഷ നല്‍കിയത്. 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം രാജസ്ഥാന് പിരിക്കാനായത് 14-ാം ഓവറിലാണ്. 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്രുണാലിനെ മടക്കി ആശ്വിനാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
അവസാന പ്രതീക്ഷയായിരുന്ന ദീപക് ഹൂഡയെ ചാഹലിന്റെ പന്തില്‍ സഞ്ജു സ്റ്റമ്പ് ചെയ്തതോടെ ലഖ്നൗ പ്രതീക്ഷ കൈവിട്ടു. 39 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 59 റണ്‍സെടുത്താണ് ഹൂഡ മടങ്ങിയത്. 17 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്നിസിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
രാജസ്ഥാനു വേണ്ടി ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് യശസ്വി ജയ്സ്വാള്‍ (29 പന്തില്‍ 41), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (24 പന്തില്‍ 32), ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്സി മികവിലാണ് മികച്ച സ്കോറിലെത്തിയത്. ജോസ് ബട്ട്ലര്‍ (2) ഇത്തവണയും നിരാശപ്പെടുത്തി.
റായാന്‍ പരാഗ് (19), ജിമ്മി നീഷാം (14), ട്രെന്റ് ബോള്‍ട്ട് (17) എന്നിവരും രാജസ്ഥാന് സ്കോറിലേക്ക് സംഭാവന ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..