രാജകീയം രാജസ്ഥാന്‍; ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സഞ്ജുവും സംഘവും ഫൈനലില്‍


സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റിലുടനീളം മാരക ഫോമില്‍ കളിക്കുന്ന ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് അപരാജിതനായി നിന്നു.

Photo: iplt20.com

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി സഞ്ജുവും സംഘവും. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ പ്രവേശിച്ചു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂര്‍ണമെന്റിലുടനീളം മാരക ഫോമില്‍ കളിക്കുന്ന ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് 106 റണ്‍സെടുത്ത് അപരാജിതനായി നിന്നു. മേയ് 29 ന് നടക്കുന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

2008 ന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ഇതാദ്യമായാണ് ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. 2008-ലെ പ്രഥമ ഐ.പി.എല്‍ കിരീടം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനല്‍ കാണാതെ പുറത്തായി. ഇതിഹാസ താരം ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകന്‍ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്. രാജസ്ഥാന് വേണ്ടി ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.

158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്‌വാളും ചേര്‍ന്ന് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

പക്ഷേ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ജയ്‌സ്വാളിനെ മടക്കി ജോഷ് ഹെയ്‌സല്‍വുഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ജയ്‌സ്വാള്‍ വിരാട് കോലിയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പക്ഷേ ബട്‌ലര്‍ മറുവശത്ത് അനായാസം ബാറ്റുവീശി. 23 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി കുറിച്ചു. ജയ്‌സ്വാളിന് പകരം നായകന്‍ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവും നന്നായി ബാറ്റ് വീശാനാരംഭിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ കുതിച്ചു. വെറും 9.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു.

പക്ഷേ 12-ാം ഓവറില്‍ സഞ്ജുവിന് കാലിടറി. ഹസരംഗയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ ദിനേശ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. 21 പന്തില്‍ ഒരു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 23 റണ്‍സെടുത്താണ് നായകന്‍ ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവദത്ത് പടിക്കല്‍ ക്രീസിലെത്തി. പിന്നാലെ ബട്‌ലര്‍ ഈ സീസണില്‍ 800 റണ്‍സ് മറികടന്നു. സഞ്ജുവിന് പകരമെത്തിയ ദേവ്ദത്തിന് ഫോം കണ്ടെത്താനായില്ല. വെറും ഒന്‍പത് റണ്‍സെടുത്ത താരത്തെ ഹെയ്‌സല്‍വുഡ് കാര്‍ത്തിക്കിന്റെ കൈയ്യിലെത്തിച്ചു. ദേവ്ദത്തിന് പകരം ഹെറ്റ്‌മെയര്‍ ക്രീസിലെത്തി.

18-ാം ഓവറില്‍ ജോസ് ബട്‌ലര്‍ സെഞ്ചുറി നേടി. വെറും 59 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ ഈ സീസണിലെ നാലാം സെഞ്ചുറിയാണിത്. നാല് അര്‍ധശതകവും ബട്‌ലറുടെ പേരിലുണ്ട്. പിന്നാലെ 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സ് നേടിക്കൊണ്ട് ബട്‌ലര്‍ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. ബട്‌ലര്‍ 60 പന്തുകളില്‍ നിന്ന് ആറ് സിക്‌സിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 106 റണ്‍സെടുത്തും ഹെറ്റ്‌മെയര്‍ രണ്ട് റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഹസരംഗ ഒരു വിക്കറ്റ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവന്നു. ടീം സ്‌കോര്‍ ഒന്‍പതില്‍ നില്‍ക്കേ എട്ട് പന്തില്‍ നിന്ന് ഏഴുറണ്‍സെടുത്ത വിരാട് കോലിയെ ബാംഗ്ലൂരിന് നഷ്ടമായി. കോലിയെ പ്രസിദ്ധ് കൃഷ്ണ സഞ്ജു സാംസണിന്റെ കൈയ്യിലെത്തിച്ചു. കോലിയ്ക്ക് പകരം കഴിഞ്ഞ മത്സരത്തിലെ ഹീറോ രജത് പടിദാര്‍ ക്രീസിലെത്തി. ഫാഫ് ഡുപ്ലെസ്സിയും പടിദാറും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

ഇതിനിടയില്‍ പടിദാറിന്റെ അനായാസ ക്യാച്ച് റിയാന്‍ പരാഗ് പാഴാക്കി. പ്രസിദ്ധ് കൃഷ്ണ ചെയ്ത അഞ്ചാം ഓവറിലെ അഞ്ചാം പന്തിലാണ് പരാഗ് ക്യാച്ച് കൈവിട്ടത്. ഇത് മത്സരത്തില്‍ നിര്‍ണായകമായി. പിന്നാലെ അടിച്ചുതകര്‍ത്ത പടിദാര്‍ ഡുപ്ലെസിയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഒബെഡ് മക്കോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തുകളില്‍ നിന്ന് 25 റണ്‍സെടുത്ത ഡുപ്ലെസ്സിയെ മക്കോയ് അശ്വിന്റെ കൈയ്യിലെത്തിച്ചു.

ഡുപ്ലെസ്സിയ്ക്ക് പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലെത്തി. 12.3 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. വെടിക്കെട്ട് പ്രകടനവുമായി മാക്‌സ്‌വെല്‍ കളം നിറഞ്ഞെങ്കിലും താരത്തിന്റെ ഇന്നിങ്‌സിന് അധികം ആയുസ്സുണ്ടായില്ല. 13 പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്ത മാക്‌സ്‌വെല്ലിനെ ട്രെന്റ് ബോള്‍ട്ട് മക്കോയിയുടെ കൈയ്യിലെത്തിച്ചു. മികച്ച ക്യാച്ചാണ് മക്കോയ് നേടിയത്. മാക്‌സ്‌വെല്ലിന് പകരം മഹിപാല്‍ ലോംറോര്‍ ക്രീസിലെത്തി. ലോംറോറിനെ സാക്ഷിയാക്കി തകര്‍പ്പന്‍ സിക്‌സിലൂടെ പടിദാര്‍ അര്‍ധസെഞ്ചുറി നേടി. 40 പന്തുകളില്‍ നിന്നാണ് താരം 50 റണ്‍സിലെത്തിയത്.

പക്ഷേ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ പടിദാര്‍ പുറത്തായി. 42 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 58 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. പടിദാറിന് പകരം ദിനേശ് കാര്‍ത്തിക് ക്രീസിലെത്തി. റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ ലോംറോറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും എട്ട് റണ്‍സെടുത്ത താരത്തെ മക്കോയ് അശ്വിന്റെ കൈയ്യിലെത്തിച്ചു. ലോംറോറിന് പുറകേ ടീമിന്റെ വിശ്വസ്തനായ ദിനേഷ് കാര്‍ത്തിക്കും കൂടാരം കയറി. വെറും ആറ് റണ്‍സ് മാത്രമെടുത്ത കാര്‍ത്തിക്കിനെ പ്രസിദ്ധ് പരാഗിന്റെ കൈയ്യിലെത്തിച്ചു.

തൊട്ടടുത്ത പന്തില്‍ ഹസരംഗയെ ക്ലീന്‍ബൗള്‍ഡാക്കി പ്രസിദ്ധ് ബാംഗ്ലൂരിനെ തകര്‍ത്തു. പിന്നാലെ വന്ന ഹര്‍ഷല്‍ പട്ടേല്‍ വെറും ഒരു റണ്ണെടുത്ത് മടങ്ങി. മറുവശത്ത് ഷഹബാസ് അഹമ്മദ് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ രാജസ്ഥാന്‍ മത്സരത്തില്‍ പിടിമുറുക്കി. ഷഹബാസ് 12 റണ്‍സെടുത്തും ഹെയ്‌സല്‍വുഡ് ഒരു റണ്‍ നേടിയും പുറത്താവാതെ നിന്നു.

രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണയും മക്കോയിയും മൂന്ന് വിക്കറ്റ് വീതം നേടി. അശ്വിനും ബോള്‍ട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Watch Video

Content Highlights: IPL 2022 Qualifier 2 Rajasthan Royals to face Royal Challengers Bangalore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented