.jpg?$p=31e08d7&f=16x10&w=856&q=0.8)
Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ആറു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന് റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന് മറികടന്നു.
ടീമിലേക്കുള്ള തിരിച്ചുവരവില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ യശസ്വി ജെയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജോസ് ബട്ട്ലര്‍ (16 പന്തില്‍ 30), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (12 പന്തില്‍ 23), ജേവ്ദത്ത് പടിക്കല്‍ (32 പന്തില്‍ 31) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
വിക്കറ്റുകള്‍ നഷ്ടമായി ഇടയ്ക്ക് പ്രതിരോധത്തിലായ രാജസ്ഥാനെ വെറും 16 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്ത ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. ജയത്തോടെ 14 പോയിന്റുമായി രാജസ്ഥാനം മൂന്നാം സ്ഥാനം നിലനിര്‍ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ (40 പന്തില്‍ 56 റണ്‍സ്), ജിതേഷ് ശര്‍മ (18 പന്തില്‍ 38*), ഭാനുക രജപക്സ (18 പന്തില്‍ 27), ലിയാം ലിവിങ്സ്റ്റണ് (14 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിരുന്നു.
സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ബെര്സ്റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. 31 പന്തില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിച്ചത് ആര്. അശ്വിനായിരുന്നു. 16 പന്തില്‍ 12 റണ്‍സുമായി പതറിയ ധവാനെ ആറാം ഓവറില്‍ അശ്വിന് മടക്കി.
പിന്നാലെ ഭാനുക രജപക്സയെ കൂട്ടുപിടിച്ച് ബെയര്‍സ്റ്റോ സ്കോര്‍ 89 വരെയെത്തിച്ചു. 11-ാം ഓവറില്‍ ലങ്കന്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ച് യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെയും (15) പുറത്താക്കിയത് ചാഹലായിരുന്നു. 15-ാം ഓവറില്‍ ബെയര്‍സ്റ്റോയേയും മടക്കി ചാഹല്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നീട് അഞ്ചാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജിതേഷ് ശര്‍മ - ലിയാം ലിവിങ്സ്റ്റണ് സഖ്യമാണ് പഞ്ചാബിനെ 150 കടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..