Photo: iplt20.com
ആരാണ്, എപ്പോഴാണ് ഉപകാരപ്പെടുകയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ട്വന്റി-20 ക്രിക്കറ്റിന്റെ സൗന്ദര്യമതാണ്. ബാറ്റര്‍ ബൗളറായും ബൗളര്‍ ബാറ്ററായുമൊക്കെ അവതരിക്കാം. ഒരൊറ്റ ഓവര്‍കൊണ്ടുതന്നെ കാര്യങ്ങള്‍ മാറിമറിയാം. ബുധനാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കയ്യാലപ്പുറത്തുകിടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റുപൊക്കി ഉയര്‍ത്തിയത് പാറ്റ് കമ്മിന്‍സ് എന്ന ബൗളറാണ്.
വെറും 15 പന്തില്‍നിന്ന് 56 റണ്‍സ്. ഇതിനിടെ, 14 പന്തില്‍ 50 എന്ന ഐ.പി.എല്‍. റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ഐ.പി.എലിലെ ഈ സീസണിലെ തന്റെ ആദ്യ മത്സരത്തില്‍ത്തന്നെ അവിസ്മരണീയമായ വരവറിയിക്കല്‍. ഇത്തവണ ലേലത്തില്‍ തനിക്കായി മുടക്കിയ ഏഴേകാല്‍കോടി ഒരൊറ്റമത്സരത്തില്ത്തന്നെ ടീമിന് തിരിച്ചുകൊടുത്ത പ്രതീതി. വെങ്കിടേഷ് അയ്യര്‍ ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം കൂടാരംകയറിയ സമയത്ത് ബൗളര്‍മാരുടെ പ്രതിനിധിയായി ക്രീസിലെത്തിയതാണ് കമ്മിന്‍സ്. അപ്പോള്‍ സ്കോര്‍ 13.1 ഓവറില്‍ അഞ്ചുവിക്കറ്റിന് 101. ജയിക്കാന്‍ വേണ്ടത് 41 പന്തില്‍ 61. ഓപ്പണിങ് ബാറ്ററായ അയ്യരെ കാഴ്ചക്കാരനാക്കി കമിന്‍സ് ബാറ്റുവീശിയപ്പോള്‍ 24 പന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത വിജയംകൊയ്തു.
വെറും ഊക്കനടികള് മാത്രമായിരുന്നില്ല കമ്മിന്‍സിന്റെ ബാറ്റിങ്. മുന്‍നിര ബാറ്റര്‍ കണക്കുകൂട്ടി തൊടുക്കുന്ന ക്ലീന്ഹിറ്റുകള് പോലെയുള്ളവയായിരുന്നു മിക്കതും. 19 മിനിറ്റ് മാത്രം ക്രീസില്‍നിന്ന കമ്മിന്‍സ് നാലു ഫോറും ആറു സിക്സറുകളും പറത്തി. സ്ട്രൈക്ക് റേറ്റ് 373.33. ഐ.പി.എല്‍. ചരിത്രത്തില്‍ നാല്‍പ്പതിലേറെ റണ്‍സ് നേടി ഇത്രയും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് കുറിച്ച ആദ്യ ഇന്നിങ്സാണിത്. എതിരാളികളുടെ രണ്ടുവിക്കറ്റ് വീഴ്ത്തുകയും ചെയ്ത കമ്മിന്‍സ് കളിയിലെ താരമായി.
വിജയക്യാപ്റ്റന്
ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ അവസാന ആറുപതിറ്റാണ്ടിനിടയില്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന ബൗളര്‍ എന്ന ഖ്യാതിയില്‍ നില്‍ക്കവെയാണ് ഇത്തവണ കമ്മിന്‍സ് ഐ.പി.എലിനെത്തിയത്. പാകിസ്താനില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാനുണ്ടായിരുന്നതിനാല്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി ആദ്യ മൂന്നുകളികളില് കമ്മിന്‍സ് കളത്തിലുണ്ടായിരുന്നില്ല. ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തശേഷമുള്ള രണ്ടു പരമ്പരകളും ജയിച്ചാണ് കമ്മിന്‍സിന്റെ വരവ്. രണ്ടു പരമ്പരയിലുമായി ഏഴുമത്സരങ്ങളില്‍ നാലെണ്ണം വിജയിച്ചപ്പോള്‍ ഒരു തോല്‍വിപോലും വഴങ്ങിയില്ല. ഏഴു മത്സരങ്ങളില്‍ ടീമിനെ സ്വന്തം പ്രകടനംകൊണ്ടും മുന്നോട്ടുനയിക്കാന്‍ കമ്മിന്‍സിനായി. ആകെ 33 വിക്കറ്റുകളാണ് ഇത്രയും മത്സരങ്ങളില്‍ എറിഞ്ഞിട്ടത്.
Content Highlights: ipl 2022 Pat Cummins freaky innings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..