കീറോൺ പൊള്ളാർഡിന്റെ വിക്കറ്റ് ആഘോഷിക്കുന്ന ഡൽഹി താരങ്ങൾ | Photo: PTI
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയത്തുടക്കം. മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി. 178 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 10 പന്ത് ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ലളിത് യാദവും അക്ഷര്‍ പട്ടേലുമാണ് ഡല്‍ഹിക്ക് വിജയമൊരുക്കിയത്.
ഓപ്പണര്‍ ടിം സെയ്‌ഫേര്‍ട്ടിന്റെ മികച്ച സ്‌ട്രൈക്കുകളുടെ ബലത്തില്‍ ഡല്‍ഹിയുടെ തുടക്കം ഗംഭീരമായിരുന്നു. എന്നാല്‍ 14 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 21 റണ്‍സെടുത്ത സെയ്‌ഫേര്‍ട്ടിനെ മുരുഗന്‍്അശ്വിന്‍ പുറത്താക്കിയതോടെ ഡല്‍ഹിയുടെ താളംതെറ്റി.
പിന്നീട് അവര്‍ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ഒരു വിക്കറ്റിന് 30 റണ്‍സ് എന്ന നിലയില്‍ നിന്ന് മൂന്നു വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മന്‍ദീപ് സിങ്ങ് അക്കൗണ്ട് തുറക്കു മുമ്പും ഋഷഭ് പന്ത് ഒരു റണ്ണിനും പുറത്തായി. പിന്നീട് പൃഥ്വി ഷായും ലളിത് യാദവും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. എന്നാല്‍ 24 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സുമടക്കം 38 റണ്‍ലെടുത്ത പൃഥ്വി ഷായെ പുറത്താക്കി ബേസില്‍ തമ്പി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ റോവ്മാന്‍ പവല്‍ നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. ബേസില്‍ തമ്പിക്ക് വിക്കറ്റ്. ഇതോടെ അഞ്ചു വിക്കറ്റിന് 72 റണ്‍സ് എന്ന നിലയിലായി ഡല്‍ഹി.
പിന്നീട് ആറാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറും ലളിതും ഒത്തുചേര്‍ന്നു. ഇരുവരും 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 11 പന്തില്‍ നാല് ഫോര്‍ സഹിതം 22 റണ്‍സെടുത്ത ശര്‍ദുലിനെ പുറത്താക്കി ബേസില്‍ തമ്പി വീണ്ടും ഡല്‍ഹിക്ക് പ്രഹരമേല്‍പ്പിച്ചു.
പക്ഷേ ഒരറ്റത്ത് പിടിച്ചുനിന്ന ലളിത് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അക്‌സര്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 17 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടി. 38 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 48 റണ്‍സാണ് ലളിത് കണ്ടെത്തിയത്. മുംബൈയ്ക്കായി മലയാളി താരം ബേസില്‍ തമ്പി നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇഷാന്‍ കിഷന്റെ വെടിക്കെട്ടില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുത്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 പന്തില്‍ 41 റണ്‍സെടുത്ത് ഇഷാന് പിന്തുണ നല്‍കി. രണ്ടു സിക്‌സും നാലു ഫോറും രോഹിത് കണ്ടെത്തി. അന്‍മോല്‍പ്രീത് സിങ്ങ് എട്ടു റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മയുടെ സമ്പാദ്യം 22 റണ്‍സായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡ് മൂന്നു റണ്‍സിന് പുറത്തായി. ടിം ഡേവിഡ് 12 റണ്‍സെടുത്തു.
എന്നാല്‍ ഒരു വശത്ത് വിക്കറ്റ് വീണപ്പോഴും മറുവശത്ത് ഇഷാന്‍ കിഷന്‍ ഉറച്ചുനിന്നു. 48 പന്തില്‍ രണ്ടു സിക്‌സും 11 ഫോറും സഹിതം 81 റണ്‍സ് അടിച്ചുകൂട്ടി. ഏഴു റണ്‍സോടെ ഡാനിയല്‍ സാംസ് ഇഷാനൊപ്പം പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റെടുത്തു.
Content Highlights: IPL 2022 Mumbai Indians vs Delhi Capitals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..