'സ്വന്തമെന്നു പറയാന്‍ ഒരു വീടില്ല, മുംബൈ ഇന്ത്യന്‍സിലെത്തി എന്നു പറഞ്ഞപ്പോള്‍ അമ്മ കരഞ്ഞു'


1 min read
Read later
Print
Share

ഐപിഎല്ലിന്റെ പകിട്ടിലെത്തുംമുമ്പ് തിലകിന്റെ ജീവിതം നിറം മങ്ങിയ ചിത്രം പോലെയായിരുന്നു

തിലക് വർമ | Photo: twitter/ Mumbai Indians

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മയിലായിരുന്നു ആരാധകരുടെ കണ്ണുകള്‍. 33 പന്തില്‍ മൂന്നു ഫോറും അഞ്ചു സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് 19-കാരന്‍ അടിച്ചെടുത്തത്. ഈ ഇന്നിങ്‌സിനു പിന്നാലെ ഇടംകയ്യന്‍ ബാറ്ററെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി ഹൈദരാബാദിനായി ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങുന്ന തിലക് 2020 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇത്തവണ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും അദ്ദേഹത്തിനായി രംഗത്തെത്തി. എന്നാല്‍ പോരാട്ടത്തിനൊടുവില്‍ 1.7 കോടി രൂപയ്ക്ക് മുംബൈ തിലകിനെ സ്വന്തമാക്കി.

ഐപിഎല്ലിന്റെ പകിട്ടിലെത്തുംമുമ്പ് തിലകിന്റെ ജീവിതം നിറംമങ്ങിയ ചിത്രം പോലെയായിരുന്നു. ഇലക്ട്രീഷനായ നമ്പൂരി നാഗരാജുവിന് മകന്റെ ക്രിക്കറ്റ് കിറ്റിനുവേണ്ട പണം കണ്ടെത്താന്‍ വഴികളുണ്ടായിരുന്നില്ല. എന്നാല്‍ പരിശീലകന്‍ സലാം ബയാഷ് സഹായവുമായെത്തി. ക്രിക്കറ്റുമായി ബന്ധപ്പെട്ട തിലകിന്റെ എല്ലാ ചെലവുകളും വഹിച്ചു. തന്റെ ഈ ദുരിതകാലത്തെ കുറിച്ച് സ്‌പോര്‍ട്‌സ് പോര്‍ട്ടലായ ക്രിക്ക്ബസിന് അനുവദിച്ച അഭിമുഖത്തില്‍ തിലക് മനസ്സുതുറന്നു.

മുംബൈ ഇന്ത്യന്‍സുമായി കരാറിലെത്തിയപ്പോള്‍ കുടംബത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും തിലക് അഭിമുഖത്തില്‍ പറയുന്നു. 'ഐപിഎല്‍ താരലേലം പുരോഗമിക്കുമ്പോള്‍ പരിശീലകനുമായി വീഡിയോ കോളിലായിരുന്നു ഞാന്‍. തുക കൂടിക്കൂടി വന്നതോടെ അദ്ദേഹത്തിന് ഒരുപാട് സന്തോഷമായി. മുംബൈ എന്ന ടീമിലെടുത്ത ശേഷമാണ് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞത്. സന്തോഷ വാര്‍ത്ത അറിഞ്ഞതോടെ അവര്‍ കരയാന്‍ തുടങ്ങി. അമ്മയുടെ വാക്കുകള്‍ ഇടറി.

ഏറെ കഷ്ടപ്പാട് സഹിച്ചാണ് വളര്‍ന്നത്. അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ആദ്യകാലങ്ങളില്‍ പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ പിന്നീട് പരിശീലകന്‍ സഹായവുമായെത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്‌പോണ്‍സര്‍മാരാണ് ക്രിക്കറ്റ് ചെലവുകള്‍ വഹിക്കുന്നത്. പക്ഷേ സ്വന്തമെന്നു പറയാന്‍ ഇപ്പോഴും ഞങ്ങള്‍ക്കൊരു വീടില്ല. അതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീടുവച്ചു നല്‍കണം', തിലക് പറയുന്നു.

Content Highlights: IPL 2022 Mumbai Indians Tilak Varma Life Story

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented