Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ഇത്തവണത്തെ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ ആറാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 18 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.
ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 27 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ 16-നില്‍ക്കേ ആറു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തകര്‍പ്പനടികളിലൂടെ റണ്‍റേറ്റ് ഉയര്‍ത്തി. 13 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 31 റണ്‍സെടുത്ത ബ്രെവിസ് ആറാം ഓവറില്‍ ആവേശ് ഖാനെതിരേ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഇഷാന്‍ കിഷനെയും മുംബൈക്ക് നഷ്ടമായി. നിലയുറപ്പിക്കാന്‍ പാടുപെട്ട കിഷന് 17 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് നേടാനായത്.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ - തിലക് വര്‍മ സഖ്യം 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 15-ാം ഓവറില്‍ തിലകിനെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ മുംബൈയെ ഞെട്ടിച്ചു. 26 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ രവി ബിഷ്‌ണോയിയുടെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സൂര്യകുമാര്‍ പുറത്തായതോടെ മുംബൈ പ്രതീക്ഷ കൈവിട്ടു. 14 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത പൊള്ളാര്‍ഡും ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ജയദേവ് ഉനദ്കട്ടും ശ്രമിച്ചു നോക്കിയെങ്കിലും വിജയം അകലെയായിരുന്നു. ഫാബിയാന്‍ അലന്‍ (8), മുരുകന്‍ അശ്വിന്‍ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. സൂപ്പര്‍ ജയന്റ്‌സിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു.
56 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍, ഇന്നിങ്‌സില്‍ 60 പന്തുകള്‍ നേരിട്ട് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഇത്തവണത്തെ സീസണില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് രാഹുല്‍.
ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് രാഹുലും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 33 പന്തില്‍ നിന്ന് 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 24 റണ്‍സെടുത്ത ഡിക്കോക്കിനെ മടക്കി ഫാബിയന്‍ അലനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
പിന്നീടെത്തിയ മനീഷ് പാണ്ഡെ രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ലഖ്‌നൗ സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം 14-ാം ഓവറില്‍ മുരുകന്‍ അശ്വിന്‍ പൊളിച്ചു. 29 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു.
മാര്‍ക്കസ് സ്റ്റോയ്‌നിസ് (10) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ദീപക് ഹൂഡ എട്ട് പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
Updating ...
Content Highlights: ipl 2022 Mumbai Indians against Lucknow Super Giants


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..