Photo: ANI
വെല്ലിങ്ടണ്‍: ഇക്കഴിഞ്ഞ ഐപിഎല്‍ മെഗാതാരലേലം ലോരകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കുത്തിയിരുന്ന് കണ്ട ലേലമായിരുന്നു. ലേലത്തിന് രജിസ്റ്റര്‍ ചെയ്ത താരങ്ങളും ആരാധകരുമെല്ലാം ഇതില്‍ ഉള്‍പ്പെടും.
ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാരില്‍ മിച്ചല്‍ തന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു ടിവിയില്‍ ലേലം കണ്ടത്. എന്നാല്‍ ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്നതോടെ ഇനി തന്നെ ആരും വാങ്ങിക്കില്ലെന്ന് കരുതി ടിവിയും ഓഫ് ചെയ്ത് ഉറങ്ങാന്‍ പോയി. ഉണര്‍ന്നെണീറ്റപ്പോള്‍ അറിഞ്ഞത് തന്നെ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്ത കാര്യമാണ്.
''അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞാനും ഭാര്യയും ഒന്നിച്ചാണ് ലേലം കണ്ടത്. ആദ്യം എന്ന ആരും എടുത്തില്ല. അതോടെ ഇനി ആരും ടീമിലെടുക്കില്ലെന്നും ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കില്ലെന്നും കരുതി ഉറങ്ങാന്‍ പോയി. എന്നാല്‍ ഉണര്‍ന്നെണീറ്റപ്പോള്‍ കാണുന്നത് എന്നെ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്തു എന്ന വാര്‍ത്തയാണ്.'' - ന്യൂസീലന്‍ഡ് ക്രിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ മിച്ചല്‍ പറയുന്നു.
ലേലത്തില്‍ കൃത്യമായ പദ്ധതികളോടെ ഇടപെട്ട രാജസ്ഥാന് റോയല്‍സ് അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ വാങ്ങലുകളാണ് നടത്തിയത്. അതിലൊന്ന് 75 ലക്ഷം രൂപയ്ക്ക് മിച്ചലിനെ ടീമിലെത്തിച്ചതായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വന്റി 20 ലീഗായ ഐപിഎല്ലിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണെന്നും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നും മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: ipl 2022 Mega Auction Daryl Mitchell slept thinking he remained unsold
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..