Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനം തുടരുന്നു. ഞായറാഴ്ച നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും മുന്‍ ചാമ്പ്യന്‍മാര്‍ തോറ്റു. ഈ സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. ഈ സീസണില്‍ ഇതുവരെ മുംബൈ ജയമറിഞ്ഞിട്ടില്ല.
ലഖ്‌നൗ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 132 റണ്‍സ് മാത്രം. തോല്‍വി 36 റണ്‍സിന്. ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി.
തരക്കേടില്ലാത്ത തുടക്കമായിരുന്നു മുംബൈയുടേത്. ഇഷാന്‍ കിഷന്‍ ഇത്തവണയും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍ത്തടിച്ച് തുടങ്ങി. ടീം സ്‌കോര്‍ 49-ല്‍ നില്‍ക്കേ കിഷന്‍ മടങ്ങി. 20 പന്തില്‍ നിന്ന് വെറും എട്ടു റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്.
തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസിനും തിളങ്ങാനായില്ല. മൂന്ന് റണ്‍സ് മാത്രമെടുത്ത് താരം മടങ്ങി. മികച്ച രീതിയില്‍ കളിക്കുകയായിരുന്ന രോഹിത്തിനെ പത്താം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലായി. 31 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് രോഹിത്ത് മടങ്ങിയത്. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റാറുള്ള സൂര്യകുമാര്‍ യാദവിനെ (7) ആയുഷ് ബദോനിയും പുറത്താക്കിയതോടെ 11.2 ഓവറില്‍ മുംബൈ നാലിന് 67 റണ്‍സെന്ന നിലയിലേക്ക് വീണു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച തിലക് വര്‍മ - കിറോണ്‍ പൊള്ളാര്‍ഡ് സഖ്യം 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മുംബൈക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പക്ഷേ 27 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 38 റണ്‍സെടുത്ത തിലകിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ലഖ്‌നൗവിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 20 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറിലും വീണതോടെ മുംബൈയുടെ പോരാട്ടം അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു.
62 പന്തുകള്‍ നേരിട്ട രാഹുല്‍ നാലു സിക്‌സും 12 ഫോറുമടക്കം 103 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ സീസണില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. രണ്ടും മുംബൈക്കെതിരേ തന്നെ.
എന്നാല്‍ രാഹുലൊഴികെ ലഖ്‌നൗ ടീമിലെ മറ്റാര്‍ക്കും ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. 22 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത മനീഷ് പാണ്ഡെ മാത്രമാണ് രാഹുലിന് അല്‍പമെങ്കിലും പിന്തുണ നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ക്വിന്റണ്‍ ഡിക്കോക്ക് (10), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (0), ക്രുണാല്‍ പാണ്ഡ്യ (1), ദീപക് ഹൂഡ (10) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആയുഷ് ബദോനി 11 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.
Content Highlights: ipl 2022 Lucknow Super Giants beat Mumbai Indians


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..