.jpg?$p=8312ca4&f=16x10&w=856&q=0.8)
Photo: twitter.com
മുംബൈ: കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത് ടൈറ്റന്‍സ് - പഞ്ചാബ് കിങ്സ് മത്സര ശേഷം ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ഒരു സിക്സിനെ കുറിച്ചാണ്.
ഗുജറാത്ത് ബൗളര്‍ മുഹമ്മദ് ഷമിയെറിഞ്ഞ പന്ത് 117 മീറ്റര്‍ ദൂരത്തേക്ക് പറത്തിയ പഞ്ചാബ് താരം ലിയാം ലിവിങ്സ്റ്റണായിരുന്നു ആ സിക്സിന്റെ ഉടമ. ഷമി എറിഞ്ഞ 16-ാം ഓവറിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള ലിവിങ്സ്റ്റന്റെ സിക്സ്. വമ്പനടികളോടെ ആ ഓവറില്‍ തന്നെ താരം മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. ഐപിഎല്ലില്‍ ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും വലിയ സിക്സെന്ന റെക്കോഡും ലിവിങ്സ്റ്റണിന്റെ പേരിലായി.
ഈ സിക്സിനു പിന്നാലെയുള്ള ഇരു ടീമിലെയും താരങ്ങളുടെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിക്സ് വിട്ടു നല്കിയ ഷമി പന്തിന്റെ പോക്ക് കണ്ട് പുഞ്ചിരിച്ചപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അടക്കമുള്ളവര്‍ ഡഗ്ഔട്ടില്‍ നിന്ന് ഞെട്ടി ചാടിയെഴുന്നേറ്റ് തലയില്‍ കൈവെച്ചുപോയി. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സിക്സെന്നാണ് കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സന് പ്രതികരിച്ചത്.
ഡീപ് സ്ക്വയറിനു മുകളിലൂടെ ലിവിങ്സ്റ്റന് അടിച്ച സിക്സ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ പതിക്കുമെന്നു പോലും തോന്നിച്ചു. സിക്സിനു പിന്നാലെ രസകരമായ കാര്യം ചെയ്തത് ഗുജറാത്ത് താരം റാഷിദ് ഖാനായിരുന്നു. ലിവിങ്സ്റ്റന്റെ അടുത്തെത്തി ബാറ്റ് പരിശോധിക്കുകയായിരുന്നു റാഷിദ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..