.jpg?$p=fc20cf2&f=16x10&w=856&q=0.8)
Photo: iplt20.com
പുണെ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പന്‍ തോല്‍വി. 75 റണ്‍സിനായിരുന്നു ലഖ്നൗവിന്റെ ജയം. ലഖ്നൗ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.
19 പന്തില്‍ നിന്ന് അഞ്ച് സിക്സും മൂന്ന് ഫോറുമടക്കം 45 റണ്‍സെടുത്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. റസ്സിലനെ കൂടാതെ 12 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത സുനില്‍ നരെയ്നും 14 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍.
മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് ലഖ്നൗ ബൗളര്‍മാരില്‍ തിളങ്ങിയത്. ജേസണ്‍ ഹോള്‍ഡര്‍ 2.3 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ബാബ ഇന്ദ്രജിത്ത് (0), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6), നിതീഷ് റാണ (2), റിങ്കു സിങ് (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. അനുകുല്‍ റോയ് (0), ശിവം മാവി (1), ടിം സൗത്തി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ദീപക് ഹൂഡ എന്നിവരാണ് ലഖ്നൗവിനായി മികച്ച പ്രകടനം പുറത്തെടുത്തത്.
ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ (0) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡിക്കോക്ക് - ഹൂഡ സഖ്യം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 50 റണ്‍സെടുത്ത ഡിക്കോക്കിനെ മടക്കി സുനില്‍ നരെയ്നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 41 റണ്‍സുമായി ഹൂഡയും മടങ്ങി. ഇതോടെ ലഖ്നൗവിന്റെ സ്കോറിങ് റേറ്റ് താഴ്ന്നു. ക്രുനാല്‍ പാണ്ഡ്യയ്ക്ക് 27 പന്തില്‍ നിന്ന് 25 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മാര്‍ക്കസ് സ്റ്റോയ്നിസും ജേസണ്‍ ഹോള്‍ഡറുമാണ് ലഖ്നൗ സ്കോര്‍ 176-ല്‍ എത്തിച്ചത്. സ്റ്റോയ്നിസ് 14 പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 28 റണ്‍സെടുത്തപ്പോള്‍ ഹോള്‍ഡര്‍ നാലു പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 13 റണ്‍സ് നേടി. ശിവം മാവിയെറിഞ്ഞ 19-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് അഞ്ച് സിക്സറുകളാണ് പറത്തിയത്. ആയുഷ് ബദോനി 18 പന്തില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..