ഉമേഷ് യാദവ് | Photo: PTI
മുംബൈ: ഐപിഎല്‍ പുതിയ സീസണില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഉമേഷ് യാദവിന്റെ തിരിച്ചുവരവ്. കഴിഞ്ഞ രണ്ടു സീസണില്‍ ഉമേഷ് കളിച്ചത് രണ്ടു മത്സരങ്ങള്‍ മാത്രമാണ്. പരിക്കും ഫിറ്റ്നെസ് പ്രശ്നങ്ങളും അലട്ടിയതോടെ ഇന്ത്യന്‍ ടീമിലെ സ്ഥാനവും നഷ്്ടമായി. ഇത്തവണ താരലേലത്തിലും സൂപ്പര്‍ ടീമുകള്‍ മുഖംതിരിച്ചു. ഒടുവില്‍ ലേലം അവസാനിക്കുന്നതിന് തൊട്ടുമുമ്പു മാത്രം കൊല്‍ക്കത്ത ടീമിലെത്തി. പിന്നീട് ആരാധകര്‍ കണ്ടത് ഉമേഷിന്റെ ഉജ്വലമായ ബൗളിങ്ങാണ്.
ഈ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിച്ച ഉമേഷ് രണ്ടെണ്ണത്തിലും കളിയിലെ താരമായി. വീഴ്ത്തിയത് എട്ടു വിക്കറ്റുകള്‍. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി താരം വീഴ്ത്തിയത് നാലു വിക്കറ്റുകളാണ്. കരിയറിലെ ഈ മികച്ച പ്രകടനത്തിനൊപ്പം ഐപിഎല്ലില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോഡും ഉമേഷ് സ്വന്തമാക്കി.
ഇതിന് പിന്നാലെ ഉമേഷിനെ അഭിനന്ദിച്ച് മുന്‍താരങ്ങളായ മുഹമ്മദ് കൈഫ്, വസീം ജാഫര്‍ എന്നിവര്‍ രംഗത്തെത്തി. 'ഉമേഷിന് ഇത്തവണ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കാം. കാരണം ഉമേഷിന്റെ ബൗളിങ് ശൈലിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇന്ത്യക്കുവേണ്ടി സ്ഥിരമായി കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഉമേഷ് സീസണിലെ മുന്നൊരുക്കം ഗംഭീരമാക്കി. താരലേലത്തില്‍ ഏറ്റവും ഒടുവിലാണ് തനിക്കു ടീമില്‍ സ്ഥാനം കണ്ടെത്താനായത് എന്നത് ഉമേഷിനെ വേദനിപ്പിച്ചിരിക്കും. ഭാവിയില്‍ മറ്റൊരു ഐപിഎല്‍ ടീമും തന്നില്‍ താത്പര്യം കാണിക്കില്ലെന്നും തോന്നിയിരിക്കാം. ഇതാകും ഉമേഷിനെ ഉത്തേജിപ്പിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനാകുന്നതാണ് ഉമേഷിന്റെ പ്രത്യേകത. ഇപ്പോള്‍ ചെയ്യുന്നതും അതു തന്നെയാണ്'. സ്പോര്‍ട്സ് കീഡയ്ക്ക് നല്കിയ അഭിമുഖത്തില്‍ കൈഫ് വ്യക്തമാക്കി.
ഉമേഷിന്റെ കഠിനധ്വാനത്തെ അഭിനന്ദിച്ചാണ് വസീം ജാഫറിന്റെ ട്വീറ്റ്. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ രണ്ടു മത്സരങ്ങള്‍ മാത്രമാണ് ഉമേഷ് കളിച്ചത്. ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്താല്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി എത്തുന്നത്. പക്ഷേ ഒരിക്കല്‍പ്പോലും പരാതി പറയാത്ത, കഠിനധ്വാനിയായ താരമാണ് ഉമേഷ്. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്'. വസീം ജാഫര്‍ ട്വീറ്റില്‍ പറയുന്നു.
Content Highlights: IPL 2022 KKR pacer Umesh Yadav Splendid Bowling Performance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..