Photo: iplt20.com
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ കൈവിട്ടുപോയ മത്സരം തിരികെ പിടിച്ച ഡേവിഡ് മില്ലറുടെയും റാഷിദ് ഖാന്റെയും മികവില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം.
ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ടൈറ്റന്‍സ് മറികടന്നു. ഈ സീസണില്‍ ടൈറ്റന്‍സിന്റെ അഞ്ചാം ജയമാണിത്. സൂപ്പര്‍ കിങ്സിന്റെ അഞ്ചാം തോല്‍വിയും.
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ടൈറ്റന്‍സ് വൃദ്ധിമാന്‍ സാഹ (11), ശുഭ്മാന്‍ ഗില്‍ (0), വിജയ് ശങ്കര്‍ (0), അഭിനവ് മനോഹര്‍ (12), രാഹുല്‍ തെവാട്ടിയ (6) എന്നിവരെ നഷ്ടമായി ഒരു ഘട്ടത്തില്‍ അഞ്ചിന് 87 എന്ന നിലയിലായിരുന്നു. അവിടെ നിന്നും ആറാം വിക്കറ്റില്‍ ഒന്നിച്ച മില്ലര്‍ - റാഷിദ് സഖ്യമാണ് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
51 പന്തില്‍ നിന്ന് ആറു സിക്സും എട്ട് ഫോറുമടക്കം 94 റണ്‍സോടെ പുറത്താകാതെ നിന്ന മില്ലറാണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. പരിക്കേറ്റ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ടീമിനെ നയിച്ച റാഷിദ് ഖാന് 21 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 40 റണ്‍സെടുത്തു. ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ 18-ാം ഓവറില്‍ 25 റണ്‍സടിച്ച റാഷിദാണ് മത്സരം ടൈറ്റന്‍സിന് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്നും മഹീഷ് തീക്ഷണ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഈ സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഋതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 48 പന്തുകള്‍ നേരിട്ട ഋതുരാജ് അഞ്ച് വീതം സിക്സും ഫോറുമടക്കം 73 റണ്‍സ് നേടി സൂപ്പര്‍ കിങ്സിന്റെ ടോപ് സ്കോററായി.
മോശം തുടക്കത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഋതുരാജ് - അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റോബിന് ഉത്തപ്പ (3), മോയിന്‍ അലി (1) എന്നിവരെ പെട്ടെന്ന് നഷ്ടമായ ചെന്നൈ ഒരു തകര്‍ച്ച മുന്നില്‍ കണ്ട ഘട്ടത്തിലാണ് ഋതുരാജ് - റായുഡു സഖ്യം ക്രീസില്‍ ഒന്നിക്കുന്നത്. 92 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഈ സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്.
31 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 46 റണ്‍സെടുത്ത റായുഡുവിനെ മടക്കി അല്‍സാരി ജോസഫാണ് 15-ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. വൈകാതെ ഋതുരാജ് യാഷ് ദയാലിന്റെ പന്തില്‍ മടങ്ങി.
തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശിവം ദുബെ - ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ സഖ്യം സൂപ്പര്‍ കിങ്സിനെ 150 കടത്തി. ദുബെ 17 പന്തില്‍ നിന്ന് 19 റണ്‍സെടുത്തപ്പോള്‍ ജഡേജ 12 പന്തില്‍ നിന്ന് 22 റണ്‍സ് നേടി.
Updating ...
Content Highlights: ipl 2022 Gujarat Titans vs Chennai Super Kings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..