Photo: iplt20.com
കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. രാജസ്ഥാന് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തകര്‍ത്തടിച്ച ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി.
മില്ലര്‍ 68 റണ്‍സെടുത്ത് പുറത്താവാതെ ടീമിന് വിജയം സമ്മാനിച്ചപ്പോള്‍ 40 റണ്‍സെടുത്ത് നായകന് ഹാര്‍ദിക് പാണ്ഡ്യയും അപരാജിതനായി നിന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനെ ഫൈനലിലെത്തിക്കാന്‍ നായകന് ഹാര്‍ദിക്കിന് സാധിച്ചു. ഒരു സമയത്ത് കളി കൈവിട്ട് പോകുകയാണെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ മില്ലര്‍ ആളിക്കത്തി. അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. പ്രസിദ്ധ് കൃഷ്ണ ചെയ്ത ആദ്യ മൂന്ന് പന്തും സിക്സിന് പായിച്ച് മില്ലര്‍ രാജസ്ഥാന്റെ കില്ലറായി മാറി. തോറ്റെങ്കിലും രാജസ്ഥാന്റെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററില്‍ നിന്ന് വിജയിച്ചുവരുന്ന ടീമിനെ കീഴടക്കിയാല്‍ രാജസ്ഥാന് ഫൈനലില്‍ ഇടം നേടാം.
189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ പുറത്തായി. റണ്‍സെടുക്കാത്ത സാഹയെ ട്രെന്റ് ബോള്‍ട്ട് സഞ്ജു സാംസണിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലൊന്നിച്ച മാത്യു വെയ്ഡ്-ശുഭ്മാന്‍ ഗില്‍ സഖ്യം ഗുജറാത്തിന്റെ രക്ഷിച്ചു. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വെറും 5.1 ഓവറില്‍ ടീം സ്കോര്‍ 50 കടന്നു.
ഗില്ലും വെയ്ഡും മികച്ച രീതിയില്‍ ബാറ്റുചെയ്യുന്നതിനിടെ രാജസ്ഥാന് ഗുജറാത്തിന് തിരിച്ചടി സമ്മാനിച്ചു. അനാവശ്യറണ്ണിന് ശ്രമിച്ച ഗില്ലിനെ റണ്‍ഔട്ടാക്കി ദേവ്ദത്ത് ഗുജറാത്തിന് തിരിച്ചടി സമ്മാനിച്ചു. 21 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 35 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. വെയ്ഡിനൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.
ഗില്ലിന് പിന്നാലെ വെയ്ഡും പുറത്തായി. ഒബെഡ് മക്കോയുടെ പന്തില്‍ സിക്സ് നേടാനുള്ള വെയ്ഡിന്റെ ശ്രമം ജോസ് ബട്ലറുടെ കൈയ്യിലൊതുങ്ങി. മികച്ച ക്യാച്ചിലൂടെയാണ് ബട്ലര് വെയ്ഡിനെ പുറത്താക്കിയത്. 30 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 35 റണ്‍സെടുത്ത് വെയ്ഡ് കളം വിട്ടു.
പിന്നാലെ വന്ന ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് നായകന് ഹാര്‍ദിക് പാണ്ഡ്യ 10.4 ഓവറില്‍ ടീം സ്കോര്‍ 100 കടത്തി. രാജസ്ഥാന് ബൗളര്‍മാരെ അനായാസം നേരിട്ട ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ രാജസ്ഥാന് നായകന് സഞ്ജു സാംസണ് സാധിച്ചില്ല. ഹാര്‍ദിക്കും മില്ലറും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. രാജസ്ഥാന് ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈയ്യും ഗുജറാത്തിന് തുണയായി.
അവസാന ഓവറുകളില്‍ രാജസ്ഥാന് ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ മത്സരം എവിടേക്കും തിരിയാമെന്ന അവസ്ഥയിലെത്തി. 19-ാം ഓവറില്‍ മില്ലര്‍ അര്‍ധസെഞ്ചുറി നേടി. 35 ന്തുകളില്‍ നിന്നാണ് താരം 50 റണ്‍സെടുത്തത്. 19-ാം ഓവര്‍ ചെയ്ത മക്കോയിയുടെ ബൗളിങ് രാജസ്ഥാന വിജയപ്രതീക്ഷ സമ്മാനിച്ചു. ഇതോടെ അവസാന ഓവറില്‍ ഗുജറാത്തിന്റെ വിജയലക്ഷ്യം 16 റണ്‍സായി മാറി.
പ്രസിദ്ധ് കൃഷ്ണ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മില്ലര്‍ സിക്സടിച്ചു. ഇതോടെ അഞ്ചുപന്തില്‍ 10 റണ്‍സായി വിജയലക്ഷ്യം. രണ്ടാം പന്തിലും സിക്സടിച്ചുകൊണ്ട് മില്ലര്‍ ശരിക്കും കില്ലര്‍ മില്ലറായി. മൂന്നാം പന്തും ബൗണ്ടറിയ്ക്ക് മുകളിലൂടെ പായിച്ച് മില്ലര്‍ അവിശ്വസനീയ വിജയം ഗുജറാത്തിന് സമ്മാനിച്ചു. മില്ലര്‍ 38 പന്തുകളില്‍ നിന്ന് അഞ്ച് സിക്സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെ 68 റണ്‍സെടുത്തും ഹാര്‍ദിക് 27 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 40 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ടും മക്കോയിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ആറുവിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.89 റണ്‍സെടുത്ത ജോസ് ബട്ലറാണ് രാജസ്ഥാന്റെ ഇന്നിങ്സിന് നെടുംതൂണായത്. 47 റണ്‍സെടുത്ത നായകന് സഞ്ജു സാംസണും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി പതിവുപോലെ ജോസ് ബട്ലറും യശസ്വി ജയ്സ്വാളുമാണ് ഓപ്പണ്‍ ചെയ്തത്. ബട്ലര് അനായാസം ബൗണ്ടറികള്‍ നേടിയപ്പോള്‍ ജയ്സ്വാള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. എട്ട് പന്തുകളില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത ജയ്സ്വാള്‍ യാഷ് ദയാലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ജയ്സ്വാളിന് പകരം നായകന് സഞ്ജു സാംസണ് ക്രീസിലെത്തി.
സഞ്ജു വന്നതോടെ കളിയുടെ ഗതിമാറി. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സഞ്ജുവിന്റെ കരുത്തില്‍ രാജസ്ഥാന് കുതിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ രാജസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തു.ബട്ലറും സഞ്ജുവും 32 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പക്ഷേ അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സഞ്ജുവിന് അടിതെറ്റി. സായ് കിഷോറിന്റെ പന്തില്‍ സിക്സ് നേടാനുള്ള സഞ്ജുവിന്റെ ശ്രമം അല്‍സാരി ജോസഫിന്റെ കൈയ്യിലൊതുങ്ങി. 26 പന്തുകളില്‍ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 47 റണ്‍സെടുത്ത ശേഷമാണ് സഞ്ജു ക്രീസ് വിട്ടത്. സഞ്ജുവിന് പകരം ദേവ്ദത്ത് പടിക്കല്‍ ക്രീസിലെത്തി.
സഞ്ജു പുറത്തായതോടെ രാജസ്ഥാന് സ്കോറിങ്ങിന്റെ വേഗം കുറഞ്ഞു. പക്ഷേ ദേവ്ദത്ത് അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ടീം സ്കോറിന് വീണ്ടും ജീവന് വെച്ചു. പക്ഷേ ദേവ്ദത്തിനെ മടക്കി ഹാര്‍ദിക് പാണ്ഡ്യ വീണ്ടും രാജസ്ഥാനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 20 പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 28 റണ്‍സെടുത്ത ദേവ്ദത്തിന്റെ ബാറ്റില്‍കൊണ്ട പന്ത് ദിശമാറി വിക്കറ്റിലിടിച്ചു. ഇതോടെ രാജസ്ഥാന് 116 ന് മൂന്ന് എന്ന സ്കോറിലേക്ക് വീണു.
ദേവ്ദത്തിന് പകരം ഷിംറോണ്‍ ഹെറ്റ്മെയര്‍ ക്രീസിലെത്തി. ഹെറ്റ്മെയറിനെ കൂട്ടുപിടിച്ച് ജോസ് ബട്ലര് ടീമിനെ മുന്നോട്ടുനയിച്ചു. ഒപ്പം 42 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടി. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിക്കൊണ്ട് ബട്ലര് അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 17.3 ഓവറില്‍ ടീം സ്കോര്‍ 150 കടന്നു. പക്ഷേ ഹെറ്റ്മെയറിന് താളം കണ്ടെത്താനായില്ല. ഏഴുപന്തില്‍ നിന്ന് നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി രാഹുല്‍ തെവാട്ടിയയുടെ കൈയ്യിലെത്തിച്ചു. പക്ഷേ മറുവശത്ത് ബട്ലര് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ബട്ലറെ പുറത്താക്കാനുള്ള നാലോളം അവസരങ്ങളാണ് ഗുജറാത്ത് പാഴാക്കിയത്. അതിന് വലിയ വില തന്നെ കൊടുക്കേണ്ടിവന്നു. 56 പന്തുകളില്‍ നിന്ന് 12 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 89 റണ്‍സെടുത്ത ബട്ലര് ഇന്നിങ്സിലെ അവസാന പന്തില്‍ റണ്‍ഔട്ടായി. ഈ പന്ത് നോബോള്‍ ആയതോടെ ഒരു പന്ത് കൂടി രാജസ്ഥാന് ലഭിച്ചു. അടുത്ത പന്ത് വൈഡായി. ഈ പന്തില്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച നാലുറണ്‍സെടുത്ത റിയാന്‍ പരാഗ് റണ്‍ ഔട്ടായി. അവസാന പന്തില്‍ അശ്വിന് ഡബിളെടുത്തു. ഇതോടെ രാജസ്ഥാന് ആറുവിക്കറ്റിന് 188 റണ്‍സ് എന്ന സ്കോറില്‍ ഇന്നിങ്സ് അവസാനിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..