Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് തങ്ങളുടെ 10-ാം ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഏഴു വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ചെന്നൈ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കേ ഗുജറാത്ത് മറികടക്കുകയായിരുന്നു.
അര്‍ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. 57 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും എട്ട് ഫോറുമടക്കം 67 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ (18), മാത്യു വെയ്ഡ് (20), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവരാണ് ഗുജറാത്ത് നിരയില്‍ പുറത്തായവര്‍. ഡേവിഡ് മില്ലര്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ജയത്തോടെ 13 കളികളില്‍ നിന്ന് അവര്‍ക്ക് 20 പോയന്റായി. 13 കളികളില്‍ ഒമ്പതും തോറ്റ ചെന്നൈ നേരത്തെ തന്നെ പുറത്തായിരുന്നു. എട്ടു പോയന്റുമായി ചെന്നൈ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിരുന്നു. 49 പന്തുകള്‍ നേരിട്ട ഋതുരാജ് ഒരു സിക്സും നാല് ഫോറുമടക്കം 53 റണ്‍സെടുത്തു.
ഋതുരാജിനെ കൂടാതെ 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത മോയിന്‍ അലി, 33 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത നാരായണ്‍ ജഗദീശന് എന്നിവര്‍ മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കണ്ടത്. ഡെവോണ്‍ കോണ്‍വെ (5), ശിവം ദുബെ (0), എം.എസ് ധോനി (7) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല.
ഗുജറാത്തിനായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാന്, അല്‍സാരി ജോസഫ്, ആര്. സായ്കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..