Photo: iplt20.com
മുംബൈ: ഐപിഎല്ലിലെ തങ്ങളുടെ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും അവര്‍ക്കായി. 14 കളികളില്‍ നിന്ന് 16 പോയന്റുമായി ആര്‍സിബി നാലാം സ്ഥാനത്തെത്തി. ആര്‍സിബിയുടെ ജയത്തോടെ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.
നിര്‍ണായക മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. 54 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 73 റണ്‍സെടുത്തു.
169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ആര്‍സിബിക്കായി കോലി - ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 14.3 ഓവറില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. 38 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 44 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ 18 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 40 റണ്‍സെടുത്ത് ആര്‍സിബിയുടെ വിജയം വേഗത്തിലാക്കി. ദിനേഷ് കാര്‍ത്തിക്ക് രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. ആര്‍സിബി നിരയില്‍ വീണ രണ്ടു വിക്കറ്റുകളും നേടിയത് റാഷിദ് ഖാനാണ്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട ഹാര്‍ദിക് മൂന്ന് സിക്സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു.
പാണ്ഡ്യയെ കൂടാതെ 22 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, 25 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരും ഗുജറാത്തിനായി മികവ് കാട്ടി.
ഒരു ഓവര്‍ എറിഞ്ഞ ശേഷം ഫീല്‍ഡിങ്ങിനിടെ കൈക്ക് പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിന് ബാക്കി ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി.
ശുഭ്മാന്‍ ഗില്‍ (1), രാഹുല്‍ തെവാട്ടിയ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത മാത്യു വെയ്ഡിന്റെ പുറത്താകല്‍ വിവാദമാകുകയും ചെയ്തു. മാക്സ്വെല്ലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വെയ്ഡ് പുറത്തായത്. വെയ്ഡ് റിവ്യു നല്‍കിയെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ പന്ത് വെയ്ഡിന്റെ ബാറ്റില്‍ തട്ടിയതായി സംശയമുയര്‍ന്നു.
അവസാനം തകര്‍ത്തടിച്ച റാഷിദ് ഖാന്‍ വെറും ആറ് പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 19 റണ്‍സോടെ പുറത്താകാതെ നിന്നു.
Content Highlights: ipl 2022 Gujarat Titans against Royal Challengers Bangalore


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..