Photo: ANI
മുംബൈ: കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ 2022 സീസണിന് മാര്‍ച്ച് 26-ന് തുടക്കമാകുമെന്ന് ബിസിസിഐ അറിയിച്ചത്. പുതിയ രണ്ട് ടീമുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ അടിമുടി മാറ്റത്തിനാണ് ഐ.പി.എല്‍ 15-ാം സീസണ് ഒരുങ്ങുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ടീമുകളുടെ യാത്രകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയിലും പുണെയിലുമായാണ് ഗ്രൂപ്പ് മത്സരങ്ങള്‍. 10 ടീമുകള്‍ ഉള്‍പ്പെടുന്ന ഇത്തവണത്തെ സീസണില്‍ 70 ലീഗ് മത്സരങ്ങളടക്കം 74 മത്സരങ്ങളാണ് ഉണ്ടാകുക ഇതില്‍ 70 ലീഗ് മത്സരങ്ങള്‍ മുംബൈയിലും പുണെയിലുമായി നടക്കും.
മുംബൈയിലെ വാങ്കഡെ (20 മത്സരങ്ങള്‍), ബ്രാബോണ്‍ (15), ഡി.വൈ പാട്ടീല്‍ (20) സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പുണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും.
10 ടീമുകള്‍ മാറ്റുരയ്ക്കുന്നതോടെ മത്സരക്രമത്തിലും മാറ്റങ്ങളുണ്ട്. 2011-ല്‍ കൊച്ചി ടസ്കേഴ്സ് കേരളയും പുണെ വാരിയേഴ്സ് ഇന്ത്യയും ഉള്‍പ്പെടെ 10 ടീമുകളായപ്പോഴുള്ള ഫോര്‍മാറ്റിലേക്ക് ടൂര്‍ണമെന്റ് മാറും. 10 ടീമുകളെ അഞ്ചു വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകളാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും. ഓരോ ടീമും കിരീടം നേടിയതിന്റെയും ഫൈനല്‍ കളിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകളിലായി തിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ അതത് ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഹോം, എവേ മത്സരങ്ങള്‍ കളിക്കും. എന്നാല്‍ ഇതിനായി ഗ്രൂപ്പുകള്‍ തിരിച്ചുള്ള പോയന്റ് ടേബിള്‍ ആയിരിക്കില്ല ഉണ്ടാകുക, മറിച്ച് ഏകീകരിച്ചു ഒരൊറ്റ പോയന്റ് ടേബിള്‍ ആയിരിക്കും.
ഇതിനൊപ്പം ഓരോ ടീമും സീഡിങ് പ്രകാരം അടുത്ത ഗ്രൂപ്പിലെ അതേ സ്ഥാനത്തുള്ള ടീമുമായും രണ്ടു മത്സരങ്ങള്‍ വീതം കളിക്കണം. ശേഷിച്ച ടീമുകളുമായി ഓരോ മത്സരം വീതവും. ഇത്തരത്തില്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതമാകും ഉണ്ടാകുക. ഓരോ ടീമിനും ഏഴു വീതം ഹോം - എവേ മത്സരങ്ങളുണ്ടാകും.
ഉദാഹരണത്തിന് മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത, രാജസ്ഥാന്, ഡല്‍ഹി, ലഖ്നൗ ടീമുകളുമായി രണ്ടു മത്സരങ്ങള്‍ വീതം (ഹോം, എവേ) കളിക്കും. സീഡിങ് പ്രകാരം എ ഗ്രൂപ്പില്‍ ഒന്നാമതുള്ള മുംബൈ ബി ഗ്രൂപ്പില്‍ ഒന്നാമതുള്ള ചെന്നൈയുമായും രണ്ടു മത്സരം വീതം കളിക്കണം. തുടര്‍ന്ന് ഗുജറാത്ത്, പഞ്ചാബ്, ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമുകളുമായി ഓരോ മത്സരം വീതവും മുംബൈ കളിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..