Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നാലു വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ 13 കളികളില്‍ നിന്ന് 14 പോയന്റുമായി ഡല്‍ഹി, ബാംഗ്ലൂരിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ഒരു മത്സരം ശേഷിക്കേ 12 പോയന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
മധ്യനിരയുടെ മോശം പ്രകടനമാണ് പഞ്ചാബിന് തിരിച്ചടിയായത്. 15 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ, 16 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ശിഖര്‍ ധവാന് എന്നിവര്‍ പുറത്തായതോടെ ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. ഭാനുക രജപക്സ (4), അപകടകാരിയായ ലിയാം ലിവിങ്സ്റ്റണ് (3), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ പഞ്ചാബ് അഞ്ചിന് 61 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ ക്രീസില്‍ തുടര്‍ന്ന ജിതേഷ് ശര്‍മ 18-ാം ഓവറില്‍ പുറത്താകുന്നതു വരെ പഞ്ചാബിന് പ്രതീക്ഷയുണ്ടായിരുന്നു. 34 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 44 റണ്‍സെടുത്ത ജിതേഷിനെ പുറത്താക്കി ശാര്‍ദുല്‍ താക്കൂറാണ് ഡല്‍ഹിക്ക് ആശ്വാസമേകിയത്. 24 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന രാഹുല്‍ ചാഹര്‍ ശ്രമിച്ചുനോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി മിച്ചല്‍ മാര്‍ഷിന്റെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തിരുന്നു. 48 പന്തുകള്‍ നേരിട്ട മാര്‍ഷ് മൂന്ന് സിക്സും നാല് ഫോറുമടക്കം 63 റണ്‍സെടുത്ത് 19-ാം ഓവറിലാണ് പുറത്തായത്.
16 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സര്‍ഫറാസ് ഖാനും 21 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ലളിത് യാദവും 20 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും മാത്രമാണ് മാര്‍ഷിനെ കൂടാതെ ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.
ഡേവിഡ് വാര്‍ണര്‍ (0), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും ലിയാം ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..