.jpg?$p=aa62323&f=16x10&w=856&q=0.8)
Photo: iplt20.com
മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 91 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. സീസണില്‍ ചെന്നൈയുടെ നാലാം ജയമാണിത്. ജയത്തോടെ 11 കളികളില്‍ നിന്ന് എട്ട് പോയന്റുമായി ചെന്നൈ, കൊല്‍ക്കത്തയെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്ന് 10 പോയന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹി താരങ്ങള്‍ക്കാര്‍ക്കും തന്നെ ഉത്തരവാദിത്തത്തോടെയുള്ള ഒരു ഇന്നിങ്സ് കളിക്കാനായില്ല. 20 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 25 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
മാര്‍ഷിനെ കൂടാതെ 12 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്തും 19 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ശാര്‍ദുല്‍ താക്കൂറും മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.
ശ്രീകര്‍ ഭരത് (8), റോവ്മാന്‍ പവല്‍ (3), റിപാല്‍ പട്ടേല്‍ (6), അക്ഷര്‍ പട്ടേല്‍ (1) എന്നിവരെല്ലാം പരാജയമായി. കുല്‍ദീപ് യാദവ് (5), ഖലീല്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ചെന്നൈക്കായി മോയിന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുകേഷ് ചൗധരി, സിമര്‍ജീത് സിങ്, ബ്രാവോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് അടിച്ചെടുത്തിരുന്നു.
49 പന്തില്‍ നിന്ന് അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 87 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ഋതുരാജ് ഗെയ്ക്വാദ് - കോണ്‍വെ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 66 പന്തില്‍ നിന്നും ഇരുവരും 110 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് പിരിഞ്ഞത്. 33 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഗെയ്ക്വാദിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഇതിനിടെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോണ്‍വെയെ 17-ാം ഓവറില്‍ ഖലീല്‍ അഹമ്മദ് മടക്കി. 19 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 32 റണ്‍സെടുത്ത ദുബെയെക്കൊപ്പം രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് കോണ്‍വെ മടങ്ങിയത്.
18-ാം ഓവറില്‍ ദുബെയും 19-ാം ഓവറില്‍ അമ്പാട്ടി റായുഡുവും (5) മടങ്ങി. തുടര്‍ന്നെത്തിയ മോയിന്‍ അലിക്കും (9) റോബിന് ഉത്തപ്പയ്ക്കും (0) തിളങ്ങാനായില്ല. എന്നാല്‍ തന്റെ ഫിനിഷിങ് മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്ത എം.എസ് ധോനി വെറും എട്ട് പന്തില്‍ നിന്ന് രണ്ട് സിക്സും ഒരു ഫോറുമടക്കം 21 റണ്‍സെടുത്ത് ചെന്നൈയെ 200 കടത്തി.
ഡല്‍ഹിക്കായി നോര്‍ക്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..