താരലേലത്തിനിടെ ഡൽഹി ടീം| അവതാരകൻ ചാരു ശർമ | Photo: twitter|ipl
ബെംഗളൂരു: ഐപിഎല്‍ താരലേലത്തിനിടെ അവതാരകന് സംഭവിച്ച ഒരു അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇന്ത്യന്‍ പേസ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ ലേലംചെയ്യുന്ന സമയത്താണ് അവതാരകന് ചാരു ശര്‍മ്മയ്ക്ക് അബദ്ധം സംഭവിച്ചത്. ഇതോടെ 5.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സില്‍ എത്തേണ്ട താരം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയി.
ഐപിഎല്‍ താരലേലത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന അവതാരകന് ലണ്ടനില്‍ നിന്നുള്ള ഹ്യൂഗ് എഡ്മെഡെസ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പകരക്കാരനായി എത്തിയതായിരുന്നു ചാരു ശര്‍മ. ക്രിക്കറ്റ് കമന്റേറ്ററും പ്രോ കബഡി ലീഗ് ഡയറക്ടറുമായ ചാരു മികച്ച രീതിയില്‍തന്നെ ലേല നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു.
എന്നാല്‍ അതിനിടയില്‍ ഒരു ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. ഖലീല്‍ അഹമ്മദിനായി ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു മത്സരം. ഇരുടീമുകളും ആവേശത്തോടെ അഞ്ചു കോടി വരെ താരത്തിനായി വിളിച്ചു. തൊട്ടടുത്ത വിളിയില്‍ മുംബൈ 5.25 കോടി ചെലവാക്കാന്‍ തയ്യാറായി. അടുത്തത് ഡല്‍ഹിയുടെ ഊഴമായിരുന്നു. 5.50 കോടി വിളിക്കാന്‍ കൈ ഉയര്‍ത്തിയ ഡല്‍ഹിയുടെ സഹ ഉടമസ്ഥന് കിരണ്‍ ഗാന്ധി പിന്നീട് തീരുമാനം മാറ്റി. ഇനി വിളിക്കുന്നില്ലെന്ന് അറിയിച്ചു. ഇതോടെ അവതാകരന് ചാരു ആശയക്കുഴപ്പത്തിലായി.
5.25 കോടി വിളിച്ചത് ഡല്‍ഹി ക്യാപിറ്റല്‍സ് ആണെന്ന് ചാരു അനൗണ്‍സ് ചെയ്തു. 5.50 കോടി വിളിക്കുന്നോ എന്ന് മുംബൈ ഇന്ത്യന്‍സിനോട് ചോദിക്കുകയും ചെയ്തു. ഇനി കയറ്റി വിളിക്കാന്‍ താത്പര്യമില്ലെന്ന് മുംബൈ അറിയിച്ചു. ഇതോടെ മുംബൈ വിളിച്ച 5.25 കോടി രൂപയ്ക്ക് ഡല്‍ഹി ഖലീലിനെ സ്വന്തമാക്കി.
ഇതിന്റെ വീഡിയോ നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ചാരു ശര്‍മയ്ക്ക് സംഭവിച്ച അബദ്ധത്തില്‍ ഒരു കളിക്കാരന് ഒരു സീസണ് മുഴുവന്‍ കളിക്കേണ്ട ടീം തന്നെ മാറിപ്പോയി എന്ന് ആരാധകര്‍ പറയുന്നു.
Content Highlights: IPL 2022 auction Charu Sharma makes huge blunded
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..