ഉമ്രാൻ മാലിക്,തിലക് വർമ്മ, മൊഹ്‌സിൻ ഖാൻ | Photo: ANI
ഐപിഎല്ലിന്റെ പതിനഞ്ചാം സീസണും അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കാന്‍ പോന്ന ഒരുപിടി താരങ്ങള്‍ ഇത്തവണയും ടൂര്‍ണമെന്റിന്റെ കണ്ടെത്തലായി. ഐപിഎല്ലിനെ കുറിച്ച് ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് പറഞ്ഞത് പോലെ മൂന്ന് ഇന്ത്യന്‍ ടീമിനെയെങ്കിലും പ്രഖ്യാപിക്കാന്‍ കഴിയുന്നത്ര പ്രതിഭകളുണ്ട് ടൂര്‍ണമെന്റില്‍ അണിനിരന്ന യുവതാരങ്ങളില്‍. രണ്ട് ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് പുതിയതായി എത്തിയപ്പോള്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരവും ലഭിച്ചു.
കൃത്യമായി രാകിമിനുക്കിയെടുത്ത് അവസരങ്ങള്‍ നല്‍കിയാല്‍ നാളെ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാകാന്‍ പോന്ന പ്രതിഭകള്‍ ഓരോ ടീമിലുമുണ്ട്. എന്നാല്‍ ഒറ്റ സീസണിലെ പ്രതിഭാസങ്ങളായി ഒതുങ്ങിപ്പോകുന്നവരേയും നമ്മള്‍ കണ്ടിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഭാഗമാകുമ്പോള്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ വലുതാണ്. ലോകോത്തര താരങ്ങള്‍ക്കൊപ്പം പ്രീസീസണ്‍ മുതല്‍ തുടങ്ങി മൂന്ന് മാസം വരെയാണ് താരങ്ങള്‍ക്ക് ചിലവഴിക്കാന്‍ അവസരം ലഭിക്കുന്നത്.
നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളിലെ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നതും വലിയ അനുഭവമാണ്. ഐപിഎല്ലില്‍ നടത്തുന്ന മികച്ച പ്രകടനങ്ങള്‍ കൊണ്ട് മാത്രം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനും നീണ്ടകാലത്തെ കരിയര്‍ കെട്ടിപ്പടുക്കാനും കഴിയില്ല എന്നതും നിരവധി താരങ്ങളുടെ കഴിഞ്ഞുപോയ സീസണുകളിലെ അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഐപിഎല്ലില്‍ ലഭിക്കുന്ന സാഹചര്യം വ്യത്യസ്തമാണ്. ഈ അനുഭവസമ്പത്ത് രഞ്ജി ട്രോഫിയിലും മറ്റ് ഡൊമസ്റ്റിക് ടൂര്‍ണമെന്റുകളിലും ഉപയോഗിച്ച് കൂടുതല്‍ സ്വയം മെച്ചപ്പെടുകയെന്നതാണ് താരങ്ങള്‍ ചെയ്യേണ്ടത്.
മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ ഐപിഎല്‍ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടീമില്‍ കളിപ്പിച്ചല്ല ഒരു താരത്തെ പരീക്ഷിക്കേണ്ടത്. അതിന് രഞ്ജി ട്രോഫി കളിക്കാനും താരത്തിന്റെ റോള്‍ എന്താണെന്ന് കൃത്യമായി നിര്‍ദേശം നല്‍കുകയുമാണ് വേണ്ടത്. അവിടെയാണ് ഓരോ താരവും സ്വന്തം കഴിവ് മെച്ചപ്പെടുത്തേണ്ടത്. ഭാവി വാഗ്ദാനങ്ങള്‍ എന്ന് നിസംശയം പറയാവുന്ന താരങ്ങള്‍ ഈ സീസണിലും ഉണ്ട്. അത്തരം ചില താരങ്ങളെ പരിശോധിക്കാം.
1. തിലക് വര്‍മ്മ (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സിന്റെ ഇടങ്കയ്യന്‍ ബാറ്ററാണ് ഹൈദരാബാദുകാരനായ ഈ 19-കാരന്‍. കോപ്പി ബുക്ക് ഷോട്ടുകള്‍ കളിക്കുന്നതിലും. ടി20 ക്രിക്കറ്റിന് അനുയോജ്യമായ രീതിയില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന തിലക് വര്‍മ്മ മികച്ച പ്രകടനമാണ് തന്റെ ആദ്യ സീസണില്‍ തന്നെ പുറത്തെടുത്തത്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ സീസണില്‍ ഏറ്റവും അവസാനസ്ഥാനക്കാരായാണ് മടങ്ങിയതെങ്കിലും ഭാവി താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായാണ് തിലക് വര്‍മ്മ ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചത്. സീസണിലെ പ്രകടനം ചുവടെ
മത്സരങ്ങള്‍ - 14
റണ്‍സ് - 397
ശരാശരി - 36.09
സ്‌ട്രൈക്ക് റേറ്റ് - 131.02
അര്‍ധ സെഞ്ച്വറി - 2
ഉയര്‍ന്ന സ്‌കോര്‍ - 61
.jpg?$p=246738b&&q=0.8)
2. ഉമ്രാന്‍ മാലിക് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ഉമ്രാന്‍ മാലിക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരിക അതിവേഗത്തില്‍ ചീറിപാഞ്ഞെത്തുന്ന പന്തുകളാണ്. ഷൊയ്ബ് അക്തര്‍, ബ്രെറ്റ് ലീ ഷെയ്ന്‍ ബോണ്ട് തുടങ്ങി അതിവേഗത്തില്‍ പന്തെറിയുന്നവരെ അനുസ്മരിപ്പിക്കുന്ന ഒരു ഇന്ത്യന്‍ ബൗളര്‍ എന്നത് തന്നെയാണ് ഉമ്രാന്റെ വിശേഷണം. കഴിഞ്ഞ സീസണില്‍ വെറും മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച ഉമ്രാനെ ഹൈദരാബാദ് നിലനിര്‍ത്തിയതും വേഗത എന്ന ഒറ്റ കാരണംകൊണ്ട് മാത്രം.
ഡെയ്ല്‍ സ്‌റ്റെയിന്‍ എന്ന ഇതിഹാസത്തിന് കീഴില്‍ പരിശീലിച്ച് ഈ സീസണില്‍ വേഗതകൊണ്ടും കൃത്യതകൊണ്ടും ഉമ്രാന്‍ ഞെട്ടിച്ചു. അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം ദേശീയ ടീമിലേക്ക് വിളിയുമെത്തി ഉമ്രാന്. 157 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ താരം കൂടുതല്‍ കൃത്യതവരുത്തിയാല്‍ എതിര്‍ ടീമിലെ ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. നാല് കോടി രൂപയ്ക്ക് ഹൈദരാബാദ് നിലനിര്‍ത്തിയ താരത്തിന്റെ സീസണില്‍ ഉമ്രാന്റെ പ്രകടനം ഇപ്രകാരം.
മത്സരങ്ങള്‍ - 14
ഓവറുകള്‍ - 49.1
വിക്കറ്റ് - 22
വഴങ്ങിയ റണ്‍സ് - 444
ശരാശരി - 20.18
മികച്ച പ്രകടനം - 25/5
.jpg?$p=cc29bd4&&q=0.8)
3. മൊഹ്‌സിന്‍ ഖാന്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്)
സീസണിലെ കണ്ടെത്തലായ മറ്റൊരു ഫാസ്റ്റ് ബൗളറാണ് മൊഹ്‌സിന്‍ ഖാന്‍. 20 ലക്ഷം രൂപ അടിസ്ഥാന വില നല്‍കിയാണ് എല്‍.എസ്.ജി താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്നെങ്കിലും ഒരു മത്സരം പോലും ടീമിനായി കളിച്ചിട്ടില്ല. എല്‍.എസ്.ജി അവതരിപ്പിച്ച ഒരു സര്‍പ്രൈസ് പാക്കേജായിരുന്നു മൊഹ്‌സിന്‍. ഒന്‍പത് മത്സരങ്ങള്‍ കളിച്ച താരം മികച്ച ലൈനും ലെങ്തും വേഗതയും കൊണ്ട് ബാറ്റര്‍മാരെ പലപ്പോഴും വെല്ലുവിളിച്ചു. ഇടങ്കയ്യന്‍ പേസര്‍മാരുടെ അഭാവം വലയ്ക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് മൊഹ്‌സിന് വിളിയെത്തുന്ന കാലം അധികം ദൂരെയല്ല. മുന്‍നിര ബാറ്റര്‍മാര്‍ പോലും ഖാന് മുന്നില്‍ മുട്ടുമടക്കി. ഡെത്ത് ഓവറുകളിലും താരം മികവ് കാണിക്കുന്നുണ്ട്. ആറ് റണ്‍സിന് താഴെ (5.97) എക്കോണമിയില്‍ പന്തെറിഞ്ഞ 2022 സീസണിലെ താരത്തിന്റെ പ്രകടനം ചുവടെ
മത്സരങ്ങള്‍ - 9
ഓവറുകള്‍ - 33
വിക്കറ്റ് - 14
വഴങ്ങിയ റണ്‍സ് - 197
ശരാശരി - 14.07
മികച്ച പ്രകടനം - 16/4
.jpg?$p=3ca10ba&&q=0.8)
4. രജത് പാട്ടിദാര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)
മെഗാ താരലേലത്തില്‍ ആരും വാങ്ങാനില്ലായിരുന്ന രജത്തിനെ പകരക്കാരനായിട്ടാണ് ആര്‍സിബി തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്. പ്ലേ ഓഫില്‍ ലഖ്‌നൗവിനെതിരെ നേടിയ സെഞ്ച്വറിയും രാജസ്ഥാനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയും മാത്രം മതി രജത്തിന്റെ പ്രതിഭ വിളിച്ചറിയിക്കാന്‍. സാക്ഷാല്‍ വിരാട് കോലി അലങ്കരിച്ചിരുന്ന മൂന്നാം നമ്പര്‍ പൊസിഷനിലാണ് ആര്‍സിബി താരത്തിന് അവസരം നല്‍കിയത്. പൂര്‍ണമായും നീതി പുലര്‍ത്തുന്ന പ്രകടനമാണ് യുവതാരത്തില്‍ നിന്നുണ്ടായതും.
മത്സരങ്ങള്‍ - 8
ഇന്നിങ്‌സ് - 7
റണ്‍സ് - 333
ശരാശരി - 55.50
സ്‌ട്രൈക്ക് റേറ്റ് - 152.75
സെഞ്ച്വറി -1
അര്‍ധ സെഞ്ച്വറി - 2
ഉയര്‍ന്ന സ്‌കോര്‍ - 112*
.jpg?$p=48405e6&&q=0.8)
5. യാഷ് ദയാല്‍ (ഗുജറാത്ത് ടൈറ്റന്‍സ്)
3.20 കോടി രൂപയ്ക്കാണ് താരലേലത്തില്‍ യാഷ് ദയാലിനെ ഗുജറാത്ത് ടീമിലെത്തിച്ചത്. തന്റെ ആദ്യ സീസണ്‍ തന്നെ അവിസ്മരണീയമാക്കിയ ദയാല്‍ ഗുജറാത്തിനൊപ്പം കിരീടവും നേടി. റണ്‍സ് വഴങ്ങുമെങ്കിലും ടീമിന് പവര്‍പ്ലേയില്‍ വിക്കറ്റ് സമ്മാനിക്കാന്‍ ഈ ഇടങ്കയ്യന്‍ പേസര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
മത്സരങ്ങള്‍ - 9
ഓവറുകള്‍ - 32
വിക്കറ്റ് - 11
വഴങ്ങിയ റണ്‍സ് - 296
ശരാശരി - 26.91
മികച്ച പ്രകടനം - 40/3
.jpg?$p=6a12f4a&&q=0.8)
6. അഭിഷേക് ശര്‍മ്മ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
നായകനും ഓപ്പണറുമായ കെയ്ന്‍ വില്യംസണിന്റെ മെല്ലെപോക്ക് പലപ്പോഴും ഹൈദരാബാദിനെ പിന്നോട്ടടിച്ചപ്പോഴും സീസണില്‍ ഒരുവേള പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞത് അഭിഷേക് എന്ന യുവതാരം നല്‍കിയ വെടിക്കെട്ട് തുടക്കങ്ങളായിരുന്നു. ബൗളര്‍മാരെ നിര്‍ഭയം നേരിടുന്നുവെന്നതാണ് അഭിഷേകിന്റെ സവിശേഷത. കഴിഞ്ഞ സീസണില്‍ ചില കളികളില്‍ ബൗളറുടെ റോളിലും അഭിഷേക് തിളങ്ങിയെങ്കിലും ബാറ്ററായി താരം ഈ സീസണില്‍ കൂടുതല്‍ മികവ് കാണിച്ചു. കഴിഞ്ഞ വര്‍ഷം 55 ലക്ഷം രൂപയ്ക്ക് വാങ്ങിയ താരത്തെ ഇത്തവണ മെഗാ താരലേലത്തില്‍ 6.50 കോടി മുടക്കിയാണ് ഓറഞ്ച് ആര്‍മി തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 47 ഫോറും 13 സിക്‌സുമാണ് താരം സീസണില്‍ അടിച്ച്കൂട്ടിയത്.
മത്സരങ്ങള്‍ - 14
ഇന്നിങ്‌സ് - 14
റണ്‍സ് - 426
ശരാശരി - 30.43
സ്‌ട്രൈക്ക് റേറ്റ് - 133.13
സെഞ്ച്വറി -0
അര്‍ധ സെഞ്ച്വറി - 2
ഉയര്‍ന്ന സ്‌കോര്‍ - 75
.jpg?$p=d83648f&&q=0.8)
രാഹുല്‍ ത്രിപാഠി, ആയുഷ് ബദോനി, മുകേഷ് ചൗധരി തുടങ്ങിയ താരങ്ങളുടെ പ്രകടനവും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാവുന്നത് തന്നെയാണ്.
ചഹാലിനും കുല്‍ദിപ് യാദവിനും അശ്വിനും ശേഷം ഭാവിയിലേക്ക് ഒരു സ്പിന്‍ ബൗളര്‍ എന്ന ശ്രേണിയിലേക്ക് ചേര്‍ത്ത് വയ്ക്കാന്‍ രവി ബിഷ്‌ണോയി മാത്രമാണ് ഇപ്പോഴുമുള്ളത്. ഒരു കാലത്ത് സ്പിന്‍ ബൗളര്‍മാര്‍ നിരവധിയുണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ സീസണിലെ കണ്ടുപിടുത്തം എന്ന നിലയില്‍ അവതരിപ്പിക്കാന്‍ ഒരു താരമില്ലെന്നത് ആലോചിക്കേണ്ട കാര്യമാണ്.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ രവി ബിഷ്‌ണോയ് ആണ് അത്തരം കണ്ടുപിടുത്തങ്ങളില്‍ അവസാന പേരുകാരന്‍. അണ്ടര്‍ 19 കാലഘട്ടം മുതല്‍ മികവ് പുലര്‍ത്തുന്ന താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ആദ്യമായി ശ്രദ്ധക്കപ്പെടുന്നത് അവരുടെ ഐപിഎല്ലിലെ പ്രകടനംകൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങള്‍ ശ്രദ്ധ നേടുന്നതും ഭാവി പ്രതീക്ഷകളാകുന്നതും.
ഐപിഎല്ലിലെ പ്രകടനം മനോഹരമാകുകയും ഉദിച്ചതിലും വേഗം വിസ്മൃതിയിലേക്ക് മാഞ്ഞ് പോകുകയും ചെയ്ത താരങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ ദേശീയ ടീമിലെത്തി തിളങ്ങിയവരുടെ പതിന്‍മടങ്ങായിരിക്കും. അതുകൊണ്ട് തന്നെ ഒരു സീസണില്‍ ഒതുങ്ങിപ്പോകുന്ന പ്രകടനങ്ങളാകാതിരിക്കട്ടെ യുവതാരങ്ങളുടേതെന്ന് പ്രതീക്ഷിക്കാം.
Content Highlights: here are some players to watch out from ipl 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..