Photo: twitter.com/IPL
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നവാഗതരുടെ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്നൗ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും വാലറ്റത്ത് പൊരുതിയ യുവതാരം അഭിനവ് മനോഹറുമാണ് ടീമിന് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ വലിയ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഗുജറാത്തിനെ മൂവരും ചേര്‍ന്ന് രക്ഷിച്ചു.
159 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ദുഷ്മന്ത ചമീര മടക്കി. റണ്‍സെടുക്കും മുന്‍പ് ഗില്ലിനെ ചമീര ദീപക് ഹൂഡയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറിനെയും മടക്കി ചമീര ഗുജറാത്തിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വെറും നാല് റണ്‍സ് മാത്രമെടുത്ത ശങ്കറിനെ ചമീര മികച്ച യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ടീം സ്കോര്‍ 15 ന് രണ്ട് എന്ന നിലയിലായി.
നാലാമനായി നായകന് ഹാര്‍ദിക് പാണ്ഡ്യ ഓപ്പണര്‍ മാത്യു വെയ്ഡിന് കൂട്ടായി എത്തി. രണ്ട് ബൗണ്ടറി നേടിക്കൊണ്ട് ഹാര്‍ദിക് വരവറിയിച്ചു. ഇരുവരും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഗുജറാത്തിനെ രക്ഷിച്ചു. 7.5 ഓവറില്‍ ഗുജറാത്ത് 50 കടന്നു.
എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി സഹോദരന് ക്രുനാല്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 33 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ക്രുനാല്‍ മനീഷ് പാണ്ഡെയുടെ കൈയ്യിലെത്തിച്ചു. വെയ്ഡിനൊപ്പം 57 റണ്സിന്ഖെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ഹാര്‍ദിക് ക്രീസ് വിട്ടത്.
തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെയും മടക്കി ലഖ്നൗ മത്സരത്തില്‍ പിടിമുറുക്കി. 29 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത വെയ്ഡിനെ ദീപക് ഹൂഡ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 72 ന് രണ്ട് എന്ന സ്കോറില്‍ നിന്നും ഗുജറാത്ത് 78 ന് നാല് എന്ന നിലയിലേക്ക് വീണു.
നാല് വിക്കറ്റ് പോയതോടെ രാഹുല്‍ തെവാത്തിയയും ഡേവിഡ് മില്ലറും ക്രീസിലൊന്നിച്ചു. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ ഇരുവരും നന്നായി ബുദ്ധിമുട്ടി. അവസാന അഞ്ചോവറില്‍ ഗുജറാത്തിന് വിജയിക്കാന്‍ 68 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ദീപക് ഹൂഡയെറിഞ്ഞ 16-ാം ഓവറില്‍ മില്ലറും തെവാത്തിയയും ചേര്‍ന്ന് 22 റണ്‍സ് അടിച്ചെടുത്തതോടെ കളിയുടെ ഗതി മാറി.
രവി ബിഷ്ണോയ് ചെയ്ത 17-ാം ഓവറിലും സ്ഥിതി മറിച്ചായിരുന്നില്ല. തെവാത്തിയ തകര്‍ത്തടിച്ചതോടെ കളി ലഖ്നൗവില്‍ നിന്നകന്നു. അവസാന മൂന്നോവറില്‍ ഗുജറാത്തിന്റെ വിജയലക്ഷ്യം 29 റണ്‍സായി ചുരുങ്ങി.
18-ാം ഓവറില്‍ ആവേശ് ഖാനെ സിക്സ് പറത്തിക്കൊണ്ട് മില്ലര്‍ ഐ.പി.എല്ലില്‍ 2000 റണ്‍സ് തികച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മില്ലറെ പുറത്താക്കി ആവേശ് തിരിച്ചടിച്ചു. 21 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത മില്ലറെ ആവേശ് രാഹുലിന്റെ കൈയ്യിലെത്തിച്ചു. മില്ലറിന് പകരം അഭിനവ് ക്രീസിലെത്തി. ആ ഓവറില്‍ ആവേശ് വെറും ഒന്‍പത് റണ്‍സ് മാത്രം വഴങ്ങിയതോടെ രണ്ടോവറില്‍ ഗുജറാത്തിന്റെ വിജയലക്ഷ്യം 20 റണ്‍സായി മാറി.
ചമീരയെറിഞ്ഞ 19-ാം ഓവറില്‍ ഒന്‍പത് റണ്‍സ് പിറന്നു. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 11 റണ്‍സായി മാറി. ആവേശ് ഖാനാണ് അവസാന ഓവറെറിഞ്ഞത്. ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി നേടിക്കൊണ്ട് അഭിനവ് ഗുജറാത്തിനായി തകര്‍ത്തടിച്ചു. ഇതോടെ അവസാന നാല് പന്തുകളില്‍ വിജയലക്ഷ്യം മൂന്നായി ചുരുങ്ങി. നാലാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് തെവാത്തിയ ടീമിന് അഞ്ചുവിക്കറ്റിന്റെ വിജയം സമ്മാനിച്ചു. തെവാത്തിയ 24 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. അഞ്ച് ഫോറും രണ്ട് സിക്സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അഭിനവ് 7 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
ലഖ്നൗവിന് വേണ്ടി ദുഷ്മന്ത ചമീര രണ്ടുവിക്കറ്റെടുത്തു. ക്രുനാല്‍ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത ലഖ്നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. യുവതാരം ആയുഷ് ബഡോനിയുടെയും ദീപക് ഹൂഡയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ലഖ്നൗ മാന്യമായ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 87 റണ്‍സാണ് ഈ സഖ്യം ചേര്‍ത്തത്. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ നായകന് കെ.എല്‍.രാഹുലിനെ മടക്കി മുഹമ്മദ് ഷമി ഗുജറാത്തിന് സ്വപ്നസമാനമായ തുടക്കം സമ്മാനിച്ചു. ഷമിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച രാഹുലിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന്റെ കൈയ്യിലെത്തി. അമ്പയര്‍ ഇത് നിരസിച്ചെങ്കിലും ഗുജറാത്ത് നായകന് ഹാര്‍ദിക് പാണ്ഡ്യ റിവ്യു നല്കി.
റിവ്യൂയില്‍ പന്ത് ബാറ്റിലുരസിയതായി കണ്ടെത്തിയ അമ്പയര്‍ ഔട്ട് വിളിച്ചു. ഇതോടെ രാഹുല്‍ മടങ്ങി. പിന്നാലെ മറ്റൊരു ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെയും മടക്കി ഷമി കൊടുങ്കാറ്റായി. ഒന്‍പത് പന്തുകളില്‍ നിന്ന് ഏഴ് റണ്‍സ് മാത്രമെടുത്ത ഡി കോക്കിനെ മനോഹരമായ പന്തിലൂടെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി.
തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ എവിന്‍ ലൂയിസിനെ വരുണ്‍ ആരോണ്‍ പുറത്താക്കിയതോടെ ലഖ്നൗ 20 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ആരോണിന്റെ പന്തില്‍ സിക്സ് നേടാനുള്ള ലൂയിസിന്റെ ശ്രമം പാളി. തകര്‍പ്പന്‍ ക്യാച്ചിലൂടെ ലൂയിസിനെ ശുഭ്മാന്‍ ഗില്‍ പുറത്താക്കി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ഡെയും പിടിച്ചുനില്‍ക്കാനായില്ല. അതിമനോഹരമായ പന്തിലൂടെ പാണ്ഡെയെ ഷമി ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചുപന്തില്‍ നിന്ന് ആറുറണ്‍സാണ് പാണ്ഡെ നേടിയത്.
പിന്നീട് ക്രീസിലൊന്നിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ലഖ്നൗവിനെ രക്ഷിച്ചു. ആദ്യ പത്തോവറില്‍ ലഖ്നൗ നാലുവിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ പത്തോവറിന് ശേഷം ഹുഡ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ സ്കോര്‍ കുതിച്ചു. ഹൂഡയും ആയുഷും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നാലെ ഹൂഡ അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നാണ് ഹൂഡ അര്‍ധശതകം തികച്ചത്. ഐ.പി.എല്ലിലെ താരത്തിന്റെ നാലാം അര്‍ധശതകമാണിത്. 14.2 ഓവറില്‍ ടീം സ്കോര്‍ 100 കടന്നു. എന്നാല്‍ 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഹൂഡയെ പുറത്താക്കി റാഷിദ് ഖാന് ലഖ്നൗവിന് പ്രഹരമേല്‍പ്പിച്ചു. 41 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത ഹൂഡയെ റാഷിദ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മികച്ച ഇന്നിങ്സ് കാഴ്ചവെച്ച ശേഷമാണ് ഹൂഡ ക്രീസ് വിട്ടത്.
ഹൂഡയ്ക്ക് പകരം ക്രുനാല്‍ പാണ്ഡ്യ ക്രീസിലെത്തി. ആയുഷും ക്രുനാലും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. വൈകാതെ ആയുഷ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി തികച്ചു. 38 പന്തുകളില്‍ നിന്നാണ് യുവതാരം അര്‍ധശതകത്തിലെത്തിയത്. അവസാന ഓവറിലാണ് ആയുഷ് പുറത്തായത്. 41 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത യുവതാരത്തെ വരുണ്‍ ആരോണ്‍ ഹാര്‍ദിക്കിന്റെ കൈയ്യിലെത്തിച്ചു. ക്രുനാല്‍ 13 പന്തുകളില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു
ഗുജറാത്തിനായി മുഹമ്മദ് ഷമി നാലോവറില്‍ വെറും 25 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന് ഒരു വിക്കറ്റ് സ്വന്തമാക്കി.
Updating ...
Content Highlights: gujarat titans vs lucknow super giants ipl 2022 match updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..