Photo: www.iplt20.com
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനിടെ ദേഷ്യം നിയന്ത്രിക്കാനാവാതെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓസീസ് താരം മാത്യു വെയ്ഡ്. വിക്കറ്റിനുമുന്നില്‍ കുടുങ്ങി ഔട്ടായതില് പ്രതിഷേധിച്ചാണ് വെയ്ഡ് ദേഷ്യം പൂണ്ടത്.
ആറാം ഓവറിലാണ് സംഭവം. ഗുജറാത്താണ് ആദ്യം ബാറ്റിങ് ആരംഭിച്ചത്. പെട്ടെന്നുതന്നെ ഒരു വിക്കറ്റ് വീണതോടെ മാത്യു വെയ്ഡ് ക്രീസിലെത്തി. 16 റണ്‍സെടുത്ത് മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന വെയ്ഡിനെ ആറാം ഓവറിലെ രണ്ടാം പന്തില്‍ ബാംഗ്ലൂരിന്റെ ഗ്ലെന്‍ മാക്സ്വെല് വിക്കറ്റിന് മുന്നില്‍ കുടുക്കി. അമ്പയര്‍ ഔട്ട് വിളിച്ചു.
എന്നാല്‍ വെയ്ഡ് ഉടന്‍ തന്നെ തീരുമാനം പുനഃപരിശോധിക്കാനായി ഡി.ആര്.എസ് എടുത്തു. ബാറ്റില്‍ പന്ത് തട്ടിയിട്ടുണ്ടെന്ന് വെയ്ഡിന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഡി.ആര്.എസ് എടുത്തത്. എന്നാല്‍ റീപ്ലേയില്‍ പന്ത് ബാറ്റിലുരസിയതായി കണ്ടെത്താനായില്ല. ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തേര്‍ഡ് അമ്പയര്‍ ശരിവെച്ചു.
Also Read
ഔട്ട് വിളിച്ചതില്‍ ദേഷ്യം പൂണ വെയ്ഡ് കടുത്ത നിരാശയിലും ദേഷ്യത്തിലുമായി. തലകുലുക്കി ഇത് ശരിയല്ല എന്ന മട്ടില്‍ ഡ്രസ്സിങ് റൂമിലേക്ക് നടന്ന വെയ്ഡിനെ വിരാട് കോലി ആശ്വസിപ്പിച്ചു. പക്ഷേ വെയ്ഡിന്റെ കലിപ്പടങ്ങിയില്ല.
ഡ്രസ്സിങ് റൂമിലെത്തിയ ഉടന്‍ തന്നെ ഹെല്‍മറ്റ് ഊരി വലിച്ചെറിഞ്ഞ താരം ബാറ്റുകൊണ്ട് ശക്തിയായി വീശി ദേഷ്യം തീര്‍ത്തു. പിന്നാലെ ബാറ്റും വലിച്ചെറിഞ്ഞു. വെയ്ഡ് ദേഷ്യപ്പെടുന്ന രംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തേര്‍ഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് പറഞ്ഞ് പല ആരാധകരും വെയ്ഡിനെ പിന്താങ്ങി രംഗത്തെത്തി. സ്നിക്കോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന പുനഃപരിശോധന തെറ്റാണെന്നും ഹോട്സ്പോട്ടാണ് ആവശ്യമെന്നും ആരാധകര്‍ പറയുന്നു.
മത്സരത്തില്‍ ബാംഗ്ലൂര്‍ ഗുജറാത്തിനെ എട്ടുവിക്കറ്റിന് തകര്‍ത്തു. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 18.4 ഓവറില്‍ മറികടന്നു. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. ഗുജറാത്ത് നേരത്തേ പ്ലേ ഓഫില്‍ ഇടം നേടിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..