സഞ്ജു സാംസൺ | Photo: twitter/ Rajasthan Royals
മുംബൈ: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെതിരേ ആരാധകര്‍ രംഗത്ത്. ക്യാപ്റ്റന്‍ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയതു പ്രാങ്ക് ആയിരുന്നെന്ന് പിന്നീട് ടീം വ്യക്തമാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
ശ്രദ്ധ ലഭിക്കാനായി ഇത്തരം വിലകുറഞ്ഞ പരിപാടികള്‍ ചെയ്യരുതെന്ന് നിരവധി ആരാധകര്‍ ട്വീറ്റു ചെയ്തു. ഇത്തരം പ്രവൃത്തികള്‍ സഞ്ജു സാംസണിനോടുള്ള ഇഷ്ടം കുറയ്ക്കുമെന്നും ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നും ആരാധകര്‍ ഉപദേശിച്ചു.
പ്രാങ്ക് ആണെന്ന് വെളിപ്പെടുത്തല്‍
സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയെന്ന വാര്‍ത്താ കുറിപ്പിന് പിന്നാലെ 'വണ്‍ ലാസ്റ്റ് ടൈം' എന്ന പേരില്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ചു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പുറത്താക്കപ്പെട്ട അഡ്മിന്‍ രാജസ്ഥാന്‍ താരങ്ങളുടേയും പരിശീലകരുടേയും ടീം ഉടമകളുടേയും അടുത്തു ചെല്ലുന്നതാണ് ഈ വീഡിയോയിലുള്ളത്. എല്ലാവരും അഡ്മിനെ കയ്യൊഴിയുന്നതും പുറത്താക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ മറ്റൊരു വീഡിയോ കൂടി പോസ്റ്റു ചെയ്ത് ഇതെല്ലാം വെറും നാടകമായിരുന്നെന്ന് രാജസ്ഥാന്‍ വ്യക്തമാക്കുകയായിരുന്നു. 'ഒരു വ്യാജ ഓഡിഷന്‍ കൂടിയില്ലെങ്കില്‍ ഈ പ്രാങ്ക് അപൂര്‍ണമാകും' എന്ന തലക്കെട്ടോടു കൂടിയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.
രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ പുതിയ സോഷ്യല്‍ മിഡിയ ടീമിനെ കണ്ടെത്താന്‍ ഓഡിഷന്‍ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള വീഡിയോയിലുള്ളത്. അനുയോജ്യരായ ആളുകളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പുറത്താക്കിയവരെ വീണ്ടും സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നു. ഇതിനൊടുവില്‍ 'സംവിധാനം- ആര്‍ ആര്‍ അഡ്മിന്‍' എന്ന് എഴുതിക്കാണിക്കുന്നു. ഇതോടെയാണ് സംഭവം നാടകമായിരുന്നെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.
എന്താണ് സംഭവിച്ചത്?
ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ ട്വീറ്റു ചെയ്തത്. റോയല്‍സിന്റെ ടീം ബസില്‍ സഞ്ജു സാംസണ്‍ യാത്ര ചെയ്യുന്ന ചിത്രം ചില മാറ്റങ്ങള്‍ വരുത്തി ഔദ്യോഗിക ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തില്‍ സഞ്ജുവിന് ഒരു നീല തലപ്പാവും കറുത്ത കണ്ണടയും കമ്മലും അവര്‍ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തു. എത്ര സുന്ദരമായിരിക്കുന്നുവെന്ന് ഈ ചിത്രത്തിന് തലക്കെട്ടും നല്‍കി. കണ്ണുകളുരുട്ടുന്ന, പൊട്ടിച്ചിരിക്കുന്ന ഇമോജികളും ക്യാപ്ഷനൊപ്പം ചേര്‍ത്തിരുന്നു.
എന്നാല്‍ ഈ ട്വീറ്റ് സഞ്ജുവിന് അത്ര രസിച്ചില്ല. പിന്നാലെ മറുപടിയുമായി സഞ്ജു രംഗത്തെത്തി. 'സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണം.' റോയല്‍സിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു മറുപടി നല്‍കി. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ രാജസ്ഥാന്‍ റോയല്‍സ് ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒപ്പം സോഷ്യല്‍ മീഡിയാ ടീമിനെ മാറ്റുകയാണെന്ന് വിശദീകരണക്കുറിപ്പും നല്‍കി.
'ഇന്നത്തെ സംഭവവികാസങ്ങളുടെ പേരില്‍ ഞങ്ങളുടെ സമീപനത്തിലും സോഷ്യല്‍ മീഡിയയിലെ ടീമിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനുള്ളില്‍ എല്ലാം മികച്ച രീതിയില്‍ തന്നെയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ മാനേജ്മെന്റിനെ മാറ്റി പുതിയ ടീമിനെ ഉടന്‍ നിയമിക്കും. ഐപിഎല്‍ സീസണായതിനാല്‍ തന്നെ സ്ഥിരമായി അപ്‌ഡേഷനുകള്‍ വേണമെന്ന് ആരാധകര്‍ ആഗ്രഹിക്കും. താല്‍ക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കും.' ഇതായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ വിശദീകരണക്കുറിപ്പ്.

Content Highlights: Fans extremely disappointed with Rajasthan Royals sacking prank ipl 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..