പക...! അത് വീട്ടാനുള്ളതാണ്; വാര്‍ണര്‍ ഷോ, ചൂടറിഞ്ഞ് സണ്‍റൈസേഴ്‌സ്


3 min read
Read later
Print
Share

ഡേവിഡ് വാർണറുടെ ബാറ്റിങ്| ഫോട്ടോ: എ.എൻ.ഐ

ഫോം പലപ്പോഴും അസ്ഥിരമാണ്. ഏത് ലോകോത്തര താരമായാലും അതിന് കയറ്റിറക്കങ്ങളുണ്ട്. അതിനനുസരിച്ച് ടീമിന് അകത്തും പുറത്തുമായാണ് പല താരങ്ങളുടേയും കരിയര്‍. 200-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി ദിനേഷ് കാര്‍ത്തിക്ക് ഈ ഐ.പി.എല്‍. സീസണില്‍ ഏവരേയും ഞെട്ടിക്കുന്നു. അതേസമയം, തീര്‍ത്തും നിറംമങ്ങി രോഹിത് ശര്‍മ്മയും മുംബൈ ഇന്ത്യന്‍സും നിരാശപ്പെടുത്തുന്നു. വിരാട് കോലിയും പഴയ ഫോമിന്റെ നിഴലിലാണ്.

അതിനെല്ലാം അപവാദമായിരുന്നു കഴിഞ്ഞ സീസണ്‍. പകുതിയില്‍വച്ച് ആദ്യം ക്യാപ്റ്റന്‍സി. രണ്ട് മത്സരം കൂടി കഴിഞ്ഞപ്പോള്‍ ടീമിനും പുറത്തായി. 18 അംഗ ടീമിനൊപ്പം ഗ്രൗണ്ടില്‍ പോലും ഇടമില്ല. അങ്ങനെ കഴിഞ്ഞ സീസണില്‍ ബഹിഷ്‌കൃതനായ ഒരു താരത്തിന്റെ തിരിച്ചുവരവിനും മധുരപ്രതികാരത്തിനും മറുപടിക്കുമാണ് വ്യാഴാഴ്ചത്തെ ഐ.പി.എല്‍. മത്സരം സാക്ഷ്യം വഹിച്ചത്. ആ താരം മറ്റാരുമല്ല, ഡേവിഡ് വാര്‍ണര്‍ എന്ന ഓസീസിന്റെ മിന്നല്‍പ്പിണർ. ഒരു പക്ഷേ, ആദം ഗില്‍ക്രിസ്റ്റിന് ശേഷം ഓസീസ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റർ.

നായകനും കളിക്കാരനുമായി സണ്‍ റൈസേഴ്‌സ് ഹൈദരബാദിനൊപ്പം ഏഴ് സീസണ്‍ വാര്‍ണറുണ്ടായിരുന്നു. 2016-ല്‍ അദ്ദേഹത്തിന് കീഴില്‍ ആദ്യമായി ടീം ചാമ്പ്യന്മാരായി. അന്ന് 848 റണ്‍സായിരുന്നു വാര്‍ണര്‍ അടിച്ചുകൂട്ടിയത്. രണ്ട് സീസണില്‍ ടോപ്‌സ്‌കോററായി. അവിടെ നിന്നാണ് ഐ.പി.എല്‍. ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ പ്ലേയിങ് ഇലവനില്‍നിന്നും ടീമില്‍നിന്നും പുറത്താക്കപ്പെട്ട് ഗാലറിയിലിരുന്ന് ടീമിന്റെ കളി കാണുന്നത് ആരാധകര്‍ കണ്ടത്. ടീമിനൊപ്പം ഇടമില്ലാതെ ഹോട്ടലില്‍ ഇരുത്തി. എന്നിട്ടും അയാള്‍ ഗാലറിയില്‍ ടീമിന്റെ കൊടിയുമായി ആവേശം പകരാന്‍ ഇരിക്കുന്ന കാഴ്ച ടീം ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.

കഴിഞ്ഞ വര്‍ഷം വാര്‍ണറെ അപമാനകരമായ രീതിയിലാണ് പുറത്താക്കിയതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശം ഉണ്ടായി. ഒരു താരത്തോടും ഒരു ടീമും ചെയ്യാന്‍ പാടില്ലാത്ത നടപടി എന്ന് പറഞ്ഞാലും തെറ്റില്ല. അതിലേക്ക് വഴിതെളിച്ചത് കഴിഞ്ഞ സീസണിലെ ടീമിന്റെയും വാര്‍ണറുടേയും പ്രകടനമാണ്. 14 കളിയില്‍ 11-ലും ടീം തോറ്റു. എട്ട് കളി മാത്രം കളിച്ച വാര്‍ണര്‍ ആകെ നേടിയത് 195 റണ്‍സ്. ആറ് കളി കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍സി തെറിച്ചു. അതിന് ശേഷമുള്ള രണ്ട് കളിയിലെ സമ്പാദ്യം 0, 1. അതോടെയാണ് ടീം വാര്‍ണര്‍ പുറത്താക്കിയത്. വില്യംസണിന്റെ നേതൃത്വത്തില്‍ ടീം തുടര്‍ന്ന് കളിച്ചിട്ടും തിരിച്ചുവരവുണ്ടായില്ല. അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചു.

ടീം അടിമുടി അഴിച്ചുപണിത് ഈ സീസണില്‍ ടീം തിരിച്ചുവന്നു. വാര്‍ണറെ അധികം പണം മുടക്കാതെ ഡല്‍ഹി ടീമിലെത്തിച്ചു. അപ്പോഴും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത് വാര്‍ണര്‍ സണ്‍ റൈസേഴ്‌സിനെതിരെ കളിക്കുന്നതാണ്. പലരും മറന്നെങ്കിലും വാര്‍ണര്‍ ഒന്നും മറന്നില്ല. ഡല്‍ഹിക്ക് നിര്‍ണായകമായ മത്സരത്തില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി കൊഴിയുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച് വാര്‍ണറും പവലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഇന്നിങ്‌സിന് മുന്നില്‍ സണ്‍ റൈസേഴ്‌സ് കീഴടങ്ങി. ഒരു ഘട്ടത്തില്‍ പോയന്റ് നിലയില്‍ രണ്ടാമതായ ടീം ഇന്നലത്തെ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു. ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.

ശാന്തനായി തുടങ്ങിയ വാര്‍ണര്‍ അവസാന ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. ബൗണ്ടറികള്‍ നേടി മുന്നേറിയ വാര്‍ണര്‍ക്കൊപ്പം പവല്‍ എത്തിയതോടെ സിക്‌സറുകള്‍ പറപറന്നു. അതോടെ സ്‌ട്രൈക്ക് പോലും പരമാവധി പവലിന് നല്‍കി വണ്‍സ്‌ മോര്‍ എന്ന് പറഞ്ഞ് പ്രചോദനം നല്‍കുന്ന വാര്‍ണറെയാണ് കളിക്കളത്തില്‍ കണ്ടത്. ഒടുവില്‍ 58 പന്തില്‍ 92 റണ്‍സുമായി വാര്‍ണര്‍ പുറത്താകാതെ നിന്നപ്പോള്‍ ആ ബാറ്റില്‍ നിന്ന് പിറന്നത് 12 ബൗണ്ടറിയും മൂന്നു സിക്‌സറുകളും. നാലാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ടില്‍, 11 ഓവറില്‍ പവലുമായി ചേര്‍ന്ന് നേടിയത് 122 റണ്‍സ്.

ഈ സീസണില്‍ മാരക പേസുമായി ബാറ്റ്‌സ്മാന്മാരെ ഞെട്ടിക്കുന്ന ഉമ്രാന്‍ മാലിക്കിന് പോലും രക്ഷയുണ്ടായില്ല. അത്ര മികച്ച ഫോമിലായിരുന്നു വാര്‍ണര്‍ 154 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ പന്ത് മിന്നുംവേഗത്തിലാണ് ഫ്‌ളിക് ചെയ്ത് വാര്‍ണര്‍ ബൗണ്ടറിയും സിക്‌സും നേടിയത്. വ്യാഴാഴ്ചത്തെ കളിയില്‍ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡും വാര്‍ണര്‍ സ്വന്തം പേരിലാക്കി. ക്രിസ് ഗെയിലിന്റെ പേരിലുണ്ടായിരുന്ന 88 അര്‍ധ സെഞ്ച്വറികളുടെ റെക്കോഡാണ് തിരുത്തിയത്. അതോടൊപ്പം ഈ ഫോര്‍മാറ്റില്‍ 400 സിക്‌സറും വാര്‍ണര്‍ തികച്ചു

ഈ സീസണില്‍ വാര്‍ണര്‍ ഇതുവരെ എട്ട് കളിയില്‍നിന്ന് 59.33 റണ്‍സ് ശരാശരിയില്‍ 356 റണ്‍സ് നേടിക്കഴിഞ്ഞു. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. പൃഥ്വി ഷായും പന്തും അടക്കം നിരാശപ്പെടുത്തിയപ്പോഴും വാര്‍ണറാണ് ടീമിനെ രക്ഷിച്ചത്. അപൂര്‍വ്വമായ ഷോട്ടിലൂടെ ബൗണ്ടറി നേടിയ വാര്‍ണറുടെ ഷോട്ടിനെ ടൂര്‍ണമെന്റിന്റെ ഷോട്ടായി പലരും വിശേഷിപ്പിക്കുകയുണ്ടായി.

റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച വാര്‍ണറെ കബളിപ്പിക്കാന്‍ ഭുവനേശ് കുമാര്‍ ലെഗ് സ്റ്റംമ്പിന് പുറത്തെറിഞ്ഞു. എന്നാല്‍, ഞൊടിയിടയില്‍ റിവേഴ്‌സ് സ്വീപ്പിനായി ബാറ്റ് തിരിച്ച വാര്‍ണര്‍ വലംകയ്യന്‍ ബാറ്റ്‌സ്മാനെ പോലെ ബൗണ്ടറിയിലേക്ക് പന്ത് പായിച്ചു. രോഹിത്തും കോലിയും പൊള്ളാര്‍ഡും വെങ്കടേഷ് അയ്യരും ഇഷാന്‍ കിഷനും എല്ലാം ഈ സീസണില്‍ താളം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുമ്പോഴാണ് വാര്‍ണറുടെ തിരിച്ചുവരവും മധുരപ്രതികാരവും.

Content Highlights: ipl 2022. david warner

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented