19-ാം ഓവർ എറിയുന്നതിന് മുമ്പ് ശിവം ദുബെയ്ക്ക് നിർദേശം നൽകുന്ന എംഎസ് ധോനി | Photo: IPL
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുന്നു. പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെടുക്കുന്ന തീരുമാനങ്ങള്‍ പിഴക്കുന്നതാണ് തോല്‍വിയിലേക്ക് നയിക്കുന്നതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ശിവം ദുബെ എറിഞ്ഞ 19-ാം ഓവറിലാണ് ചെന്നൈ കളി കൈവിട്ടത്.
മികച്ച ബാറ്റിങ് പുറത്തെടുത്ത് ചെന്നൈയുടെ ഹീറോ ആയതിന് പിന്നാലെയാണ് ദുബെ വില്ലന്‍ വേഷവും കെട്ടിയത്. നിര്‍ണായകമായ ഓവറില്‍ ദുബെ വഴങ്ങിയത് 25 റണ്‍സ്! ഇതിന് പിന്നാലെ ചെന്നൈയുടെ ഈ തീരുമാനത്തിനെതിരേ മുന്‍താരങ്ങള്‍ രംഗത്തെത്തി.
ദുബെ കാര്യങ്ങള്‍ ശരിയായവിധം പഠിക്കുന്നതേയില്ലെന്നാണ് മുന്‍താരം സുനില്‍ ഗാവസ്കറുടെ വിമര്‍ശനം. പണ്ട് എങ്ങനെയാണോ ബൗള്‍ ചെയ്തിരുന്നത് അതേ രീതിയിലാണ് ഇപ്പോഴും എറിയുന്നത്. ബാറ്റര്‍ക്ക് എളുപ്പമാകുന്ന രീതിയിലുള്ള ലെങ്ത് പന്തുകളായിരുന്നു ദുബെ എറിഞ്ഞത്. സ്ലോ പന്തുകളും താരം എറിഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു പിച്ചില്‍ സ്ലോ പന്തുകള്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും ഗാവസ്കര്‍ ചൂണ്ടിക്കാട്ടുന്നു.
ഓസ്കര് വേദിയില്‍ വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിനെ അടിച്ച ചിത്രം ട്വീറ്റു ചെയ്തായിരുന്നു സെവാഗിന്റെ വിമര്‍ശനം. ദുബെയോട് ലഖ്നൗ ഈ രീതിയിലാണ് പെരുമാറിയത് എന്നായിരുന്നു ഇതോടൊപ്പം സെവാഗിന്റെ കുറിപ്പ്.
എന്നാല്‍ കനത്ത മഞ്ഞു വീഴ്ചയാണ് ബൗളര്‍മാരെ ബാധിച്ചതെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിങ് വ്യക്തമാക്കുന്നു. നയാഗ്ര വെള്ളച്ചാട്ടം പോലെയായിരുന്നു ഗ്രൗണ്ടിലെ മഞ്ഞുവീഴ്ച്ചയെന്ന് ഫ്ളെമിങ് ആരോപിച്ചു. സ്പിന്നര്‍മാര്‍ക്ക് പന്തില്‍ ഗ്രിപ് കിട്ടിയതേയില്ല. അതുകൊണ്ടുതന്നെ സ്പിന്നര്‍മാര്‍ക്ക് ഓവറുകള്‍ എറിഞ്ഞുതീര്ക്കാനായില്ല. ഇതുമൂലമാണ് ദുബെയെ പന്തേല്‍പിക്കേണ്ടി വന്നത്. ഏതെങ്കിലും ഒരോവറില്‍ ചെന്നൈ ബാറ്റര്‍മാര്‍ അടിച്ചുതകര്‍ക്കുമെന്ന് ഉറപ്പായിരുന്നെന്നും ഫ്ളെമിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: CSK head coach Stephen Fleming opens up on decision to use Shivam Dube in 19th over against Lucknow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..