.jpg?$p=8a7b7b1&f=16x10&w=856&q=0.8)
മഹീഷ് തീക്ഷണ, ധോനി
മുംബൈ: കഴിഞ്ഞ ഐപില്‍ സീസണില്‍ നെറ്റ് ബൗളറായി എത്തിയ തന്നെ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ശ്രീലങ്കന്‍ യുവതാരം മഹീഷ് തീക്ഷണ. ഒരുകാലത്ത് 117 കിലോയായിരുന്നു ശരീരഭാരമെന്നും അതിനാല്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ തന്നെ അലട്ടിയിരുന്നുവെന്നും തീക്ഷണ വെളിപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് 21-കാരനായ തീക്ഷണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
'അണ്ടര്‍ 19 കാലഘട്ടത്തില്‍ 117 കിലോയായിരുന്നു എന്റെ ശരീരഭാരം. അതുകൊണ്ടുതന്നെ യോയോ ടെസ്റ്റിന് മുമ്പ് ശരീരഭാരം കുറയ്ക്കാന്‍ ഞാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. കൂടുതല്‍ വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടു. 2020ല്‍ ഫിറ്റ്നസ് നിലവാരത്തിന് അനുയോജ്യമായ വിധം ശരീരഭാരം കുറച്ചെടുത്തു. 2021ല്‍ രാജ്യത്തിനായി (ശ്രീലങ്ക) കളിക്കാന്‍ സാധിച്ചു' - വീഡിയോയില്‍ തീക്ഷ്ണ പറഞ്ഞു.
'2017-18 കാലഘട്ടത്തില്‍ അണ്ടര്‍ 19 സ്ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. തൊട്ടുടുത്ത വര്‍ഷം 2019ല്‍ പത്ത് കളികളില്‍ ഞാന്‍ വാട്ടര്‍ ബോയ് ആയിരുന്നു. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ടീമിലെ സഹതാരങ്ങള്‍ക്ക് വെള്ളം എത്തിക്കുന്ന ദൗത്യമാകും എനിക്കെന്ന് തിരിച്ചറിഞ്ഞതോടെയാണ് എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് പരിശീലനം ആരംഭിച്ചത്. തോറ്റ് കൊടുക്കാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല, അങ്ങനെയാണ് ഞാന്‍ ഇവിടം വരെയെത്തിയത്.'
'അജന്ത മെന്‍ഡിസ് എനിക്ക് വലിയ പ്രചോദനമായിരുന്നു. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷം അദ്ദേഹമായിരുന്നു എന്റെ കോച്ച്. 2020ല്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. 2022ല്‍ എംഎസ് ധോണിയുമായും സംസാരിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നെറ്റ് ബോളറായി ചെന്നൈയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ എന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും കരുതിയില്ല. കളി കൂടുതല്‍ നന്നാക്കാനാണ് എപ്പോഴും എന്റെ ശ്രമം'. - തീക്ഷണ പറഞ്ഞു.
മെഗാ താരലേലത്തില്‍ 70 ലക്ഷം രൂപയ്ക്ക് ചെന്നൈ ടീമിലെടുത്ത തീക്ഷണ എട്ട് കളികളില്‍ നിന്ന് ഇതുവരെ 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. തുടക്കത്തിലെ തുടര്‍തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലെത്തിയ ചെന്നൈ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തീക്ഷണ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..