ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കോച്ച് ആശിഷ് നെഹ്റയും | Photo: twitter.com/gujarat_titans
ആദ്യ ഐ.പി.എല്‍. കളിക്കാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ടീം ഓരോ കളിയിലും വിജയവുമായി ഗ്രൗണ്ടില്‍നിന്ന് കയറുമ്പോള്‍ അദ്ദേഹം അണിയറയിലായിരുന്നു. പലപ്പോഴും ടി.വി. ക്യാമറകള്‍ക്കുപോലും മുഖംകൊടുക്കാതെ. മറ്റ് ടീമുകളെല്ലാം മാക് ബുക്കും ഡേറ്റാ അനാലിസിസും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റും ഉപയോഗിച്ച് കളിപഠിക്കുമ്പോള്‍ ഒരു പേപ്പറും കടലാസുമായി അദ്ദേഹം ഒരു മൂലയ്ക്ക് ഇരിക്കുന്നുണ്ടാകും. കരിക്കിന്‍വെള്ളമായിരുന്നു ആ കോച്ചിന്റെ ഇഷ്ടഭക്ഷണം.
ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീടവിജയത്തിനുപിന്നിലെ ആ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പെട്ടെന്ന് പരിചയംകിട്ടും. ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ വിലപിടിച്ച ഇടംകൈയന്‍ പേസ് ബൗളറായ ആശിഷ് നെഹ്റ. ഇക്കുറി രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തോല്‍പ്പിച്ച് ഐ.പി.എല്‍. കിരീടം നേടിയ ഗുജറാത്ത് ടീമിന്റെ മുഖ്യ കോച്ച് നെഹ്റ ആയിരുന്നു. ഇതോടെ ഐ.പി.എല്‍. കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ കോച്ച് എന്ന റെക്കോഡും ഈ ഡല്‍ഹിക്കാരന്‍ സ്വന്തമാക്കി. ഇതുവരെ ഐ.പി.എല്‍. ജയിച്ച ടീമുകളുടെയെല്ലാം മുഖ്യപരിശീലകന്‍ വിദേശിയായിരുന്നു. ചെന്നൈയുടെ നാലു കിരീടം ന്യൂസീലന്‍ഡുകാരനായ ചീഫ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനു കീഴിലായിരുന്നു. മുംബൈയുടെ മൂന്നുവിജയത്തിനുപിന്നില്‍ ശ്രീലങ്കക്കാരനായ മഹേല ജയവര്‍ധനെയും.
സീനിയര്‍ തലത്തില്‍ ഇതുവരെ ടീമിനെ നയിച്ചിട്ടില്ലാത്ത ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടീമിന്റെ നായകനാക്കിയപോലെ പ്രധാനമായിരുന്നു ഈ രംഗത്ത് വലിയ പരിചയമില്ലാത്ത ആശിഷ് നെഹ്റയെ മുഖ്യ കോച്ചാക്കിയതും. 2018 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളിങ് കോച്ചായിരുന്നതുമാത്രമാണ് നെഹ്റയുടെ മുന്‍ പരിചയം. എന്നാല്‍, കളിക്കാരനായി ഏറെക്കാലത്തെ അനുഭവസമ്പത്തുണ്ട്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളിലായി 18 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച നെഹ്റ വിരമിച്ചത് 2017-ലാണ്, 39-ാം വയസ്സില്‍. ഏകദിനത്തില്‍ 157 വിക്കറ്റ് നേടി. ടെസ്റ്റില്‍ 44, ട്വന്റി 20 യില്‍ 34 എന്നിങ്ങനെ വിക്കറ്റുണ്ട്.
കളിക്കാരനായി ഐ.പി.എലിലും ഏറെക്കാലം തിളങ്ങി. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, പുണെ വാരിയേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ് എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചു. 2016 സീസണില്‍ കിരീടംനേടിയ ഹൈദരാബാദ് ടീമിലംഗമായിരുന്നു. ആകെ 88 കളിയില്‍ 106 വിക്കറ്റും നേടി. ഇതോടെ, കളിക്കാരനായും കോച്ചായും ഐ.പി.എല്‍. കിരീടം എന്ന നേട്ടവും സ്വന്തമാക്കി.
നാണംകുണുങ്ങിയാണ് നെഹ്റ. ടീമിന്റെ മുഖമായി അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല. മിക്കപ്പോഴും അരങ്ങിന്റെ പിന്നിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. കിരീടം നേടിയ രാത്രി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും നെഹ്റയും തമ്മില്‍ ഒരു സംഭാഷണമുണ്ടായിരുന്നു. അതില്‍ 'വിജയത്തിനുപിന്നില്‍ ഇദ്ദേഹത്തിന്റെ കരങ്ങളുണ്ട്' എന്ന് ഹാര്‍ദിക് പറഞ്ഞപ്പോള്‍ നെഹ്റയുടെ മറുപടി 'ഇവന്‍ കള്ളംപറയുകയാണ്' എന്നായിരുന്നു. വിജയത്തിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെ കാണാന്‍ ചെന്ന ഗുജറാത്ത് താരങ്ങള്‍ അദ്ദേഹത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അകലെ മാറിനിന്ന നെഹ്റയെ നിര്‍ബന്ധിച്ച് ഫോട്ടോയ്ക്ക് നിര്‍ത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു
.
Content Highlights: ipl 2022, gujarat titans, ashish nehra, ipl title 2022, ipl final 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..