Representative Image | Photo: Gettyimages.in
ജീവിതശൈലീരോഗങ്ങൾ നിരവധിയാണ്. ഈ രോഗങ്ങളിൽനിന്ന് മുക്തിനേടുന്നതിന് ഉത്തമമായ മാർഗങ്ങളിലൊന്നാണ് യോഗ. യോഗപരിശീലനംവഴി ശാരീരിക, മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിനും അതുവഴി പൂർണാരോഗ്യം ലഭിക്കുന്നതിനും ഇടയാകുന്നു. യോഗ ദിവസവും പരിശീലിക്കേണ്ടതാണ്. ചുരുങ്ങിയത് 40 മിനിറ്റെങ്കിലും പരിശീലിക്കണം. പ്രധാനപ്പെട്ട ചില ജീവിതശൈലീരോഗങ്ങളും അവയെ മറികടക്കാനുള്ള യോഗയും ഇവിടെ ചേർക്കുന്നു
പ്രമേഹം
രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് വർധിക്കുന്നതാണ് പ്രമേഹം. അന്നജം ദഹിപ്പിക്കുന്നതിനാവശ്യമായ ഇൻസുലിൻ ആഗ്നേയഗ്രന്ഥി ഉത്‌പാദിപ്പിക്കാതിരിക്കുകയോ ഉത്‌പാദിപ്പിച്ച ഇൻസുലിൻ പ്രയോജനപ്പെടുത്താൻ സാധിക്കാതെവരികയോ ചെയ്യുന്ന അവസ്ഥയാണ് ഇതിന് കാരണം.
പ്രമേഹം പ്രധാനമായി ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ തരംതിരിക്കാം. കൂടാതെ ഗർഭാവസ്ഥയിൽ പ്രകടമാകുന്ന പ്രമേഹവുമുണ്ട്.
ടൈപ്പ് 1. കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്. ഇൻസുലിന്റെ ഉത്‌പാദനം ഇല്ലാത്ത അവസ്ഥയാണ് ഇത്.
ടൈപ്പ് 2. ഇതാണ് മുതിർന്നവരിൽ കണ്ടുവരുന്നത്. പ്രമേഹരോഗ പരിഹാരത്തിന് അത്യുത്തമമായ മാർഗം യോഗതന്നെ. അതിൽ മുഖ്യമായ ഒരാസനമാണ്
പവനമുക്താസനം
പവനമുക്താസനം: മലർന്നുകിടക്കുക. വലതുകാൽമുട്ട് മടക്കി കൈകൾകൊണ്ട് കോർത്ത് പിടിച്ച് ശ്വാസമെടുത്ത് തല ഉയർത്തി കാൽമുട്ടും താടിയും തൊടുവിക്കുക. ശ്വാസംവിട്ട് പൂർവസ്ഥിതിയിലെത്തുക. ഇടതുകാലും പരിശീലിക്കുക-അഞ്ചുതവണ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നടുവേദന, കഴുത്തുവേദന ഉള്ളവർ തലയുയർത്താതെ പരിശീലിക്കുക.
പ്രയോജനം: യോഗ പരിശീലിക്കുമ്പോൾ ഇൻസുലിൻ ഇല്ലാതെതന്നെ ഗ്ലൂക്കോസിനെ സ്വീകരിക്കാൻ പേശികൾക്ക് സാധിക്കുന്നു. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയുന്നു. ആസനപരിശീലനംവഴി ആഗ്നേയഗ്രന്ഥിക്ക് ശരിയായ വിധത്തിൽ തടവൽ(മസാജിങ്) ലഭിക്കുന്നു. അതുമൂലം ആഗ്നേയഗ്രന്ഥിയുടെ പ്രവർത്തനം ക്രമേണ ത്വരപ്പെടുത്തി ശരീരത്തിലേക്കാവശ്യമായ ഇൻസുലിൻ ലഭിക്കാനും ഇടയാകുന്നു. അപ്പോൾ പുറത്തുനിന്ന് ഇൻസുലിൻ ആവശ്യമില്ലാതെ വരുന്നു.
അമിത രക്തസമ്മർദം(ഹൈപ്പർ ടെൻഷൻ)
ശരീരത്തിന്റെ എല്ലാഭാഗത്തും ധമനികളിൽക്കൂടി ശുദ്ധരക്തം എത്തിക്കുന്നതിനും സിരകളിലൂടെ അശുദ്ധരക്തം തിരിച്ചെത്തിക്കുന്നതിനുംവേണ്ടി ഹൃദയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം വികസിക്കുമ്പോൾ രക്തക്കുഴലുകളിൽ മർദം കുറയുകയും സങ്കോചിക്കുമ്പോൾ മർദംകൂടുകയും ചെയ്യുന്നു. മർദം കൂടുന്നതിനെ സിസ്റ്റോളിക് പ്രഷർ എന്നും മർദം കുറയുന്നതിനെ ഡയസ്റ്റോളിക് പ്രഷർ എന്നും പറയുന്നു.
സാധാരണ മനുഷ്യരിൽ 120/80 ആണ് കണ്ടുവരുന്നത്. പ്രായത്തിനനുസരിച്ച് വ്യതിയാനങ്ങൾ ഉണ്ടാവാം. ഉയർന്ന മർദം 140-ൽനിന്നും താഴ്‌ന്ന മർദം 90-ൽനിന്നും ഉയരുമ്പോൾ ഹൈപ്പർ ടെൻഷൻ അനുഭവപ്പെടുന്നു. അമിതവണ്ണം, അമിതകൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, മാനസിക സംഘർഷം, തെറ്റായ ഭക്ഷണരീതി ഇതൊക്കെ കാരണമാണ്. അമിത രക്തസമ്മർദം നിയന്ത്രണത്തിലെത്തിക്കാൻ യോഗപരിശീലനം നല്ലപോലെ സഹായിക്കുന്നു. ഉചിത ആസനങ്ങളിൽ ഒന്നാണ് ഭുജംഗാസനം.
ഭുജംഗാസനം: കമിഴ്‌ന്ന് കിടക്കുക, കാലുകൾ ചേർത്തുവെച്ച് വിരലുകൾ നീട്ടിവെക്കുക. കൈത്തലങ്ങൾ അതത് കൈപ്പലകയ്ക്കുതാഴെ വിരലുകൾ മുന്നോട്ടുനീട്ടി പതിച്ചുവെക്കുക. താടി തറയിൽ പതിക്കുക. ശ്വാസമെടുത്തുകൊണ്ട് തലയും നെഞ്ചും പൊക്കിളിന്റെ അല്പം താഴെവരെയും ഉയർത്തുക. കൈമുട്ട് അല്പം മടങ്ങിയിരിക്കും. അല്പനേരം അവിടെ നിർത്തുക. ശ്വാസം വിടുന്നതോടുകൂടി സാവധാനംതലതാഴ്‌ത്തി താടി തറയിൽ പതിക്കുക.
നാലോ അഞ്ചോ തവണ പരിശീലിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഹെർണിയ, അർശസ്, ഫൈബ്രോയ്‌ഡ്, പി.സി.ഒ.ഡി. ഗർഭപാത്രത്തിന് സ്ഥാനചലനമുള്ളവർ ഈ ആസനം പരിശീലിക്കരുത്.
പ്രയോജനം: അമിത രക്തസമ്മർദത്തിന് പ്രധാന കാരണമാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാൻ ആസനം ഏറെ സഹായിക്കുന്നു. പ്രമേഹം, അമിതകൊഴുപ്പ് എന്നിവ നിയന്ത്രിക്കുന്നതിനും ഈ ആസനം വളരെ സഹായിക്കുന്നു. അതുവഴി ഹൃദയത്തിന്റെ പ്രവർത്തനവും രക്തത്തിന്റെ കട്ടപിടിക്കലും നിയന്ത്രണവിധേയമാകുന്നു.
ആസ്ത്‌മ
ശ്വാസകോശസംബന്ധമായ രോഗമാണ് ആസ്ത്‌മ. കിതപ്പായി അനുഭവപ്പെടുന്നു. എന്നാൽ, എല്ലാ കിതപ്പും ആസ്ത്‌മയല്ല. ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന വഴികൾ(നാളികൾ) ചുരുങ്ങുന്നത് ശ്വാസതടസ്സത്തിന് കാരണമാകുന്നു.
ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ സഹായിക്കുന്ന പേശികളുടെ പ്രവർത്തന അപര്യാപ്തതയും ആസ്ത്‌മയ്ക്ക് കാരണമാകുന്നു. ഏതുപ്രായക്കാരിലും ഈ രോഗം ബാധിക്കാം.
പാർശ്വത്രികോണാസനം: നിവർന്നുനിന്ന് കാലുകൾ അകലത്തിൽവെച്ച് ശ്വാസമെടുത്ത് കൈകൾ കൈപ്പലകയ്ക്ക് സമാന്തരമായി വിടർത്തിവെക്കുക. ശ്വാസംവിട്ട് വലതുവശത്തേക്ക് താഴുക. വലതുകൈ വലതുപാദത്തിലോ തറയിലോ പതിക്കുക. കാൽമുട്ടുകൾ മടക്കാതിരിക്കുക.
ശ്വാസമെടുത്ത് ഉയരുക. ഇടതുഭാഗത്തേക്കും ഇതേപോലെ പരിശീലിക്കുക. നാലോ അഞ്ചോ തവണ പരിശീലിക്കാം.
ശ്രദ്ധിക്കേണ്ട കാര്യം: തലകറക്കം(വർട്ടിഗോ) ഉള്ളവർ അധികമായി താഴരുത്. കടുത്ത നടുവേദന ഉള്ളവരും അധികം താഴരുത്.
പ്രയോജനം: ഈ ആസനപരിശീലനത്തിലൂടെ വാരിയുടെ ഭാഗങ്ങളിൽ നല്ല വികാസംലഭിക്കുന്നു. അതുവഴി അവിടെ പേശികളും ശ്വാസകോശവും കാര്യക്ഷമമാകുന്നു. ആസ്ത്‌മരോഗത്തിന് മാനസികസംഘർഷം മുഖ്യമായ കാരണമാണ്.
യോഗപരിശീലനത്തിലൂടെ നല്ല വിശ്രമാവസ്ഥ ലഭിക്കുന്നു. വിശ്രമാവസ്ഥയിൽ കിതപ്പ് കുറയുന്നു. ആസ്ത്‌മയ്ക്ക് വളരെ ഫലപ്രദമായതാണ് ആസന പരിശീലനം.
സന്ധിവാതം
സന്ധിവാതം പലതരമുണ്ട്. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ്, ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ്. സന്ധികളിൽ നീർക്കെട്ടും അതിശക്തമായ വേദനയും അനുഭവപ്പെടുന്നു. ശരീരചലനങ്ങൾക്കും ജോലിചെയ്യുന്നതിനും സാധിക്കാതെ വരുന്നു.പ്രധാനകാരണം വ്യായാമത്തിന്റെ കുറവും തെറ്റായ ഭക്ഷണരീതിയും. അമിതവണ്ണമുള്ളവർക്ക് സന്ധിവാതത്തിന് നല്ല സാധ്യതയുണ്ട്. ജോലിഭാരം അധികമാകുന്നതും മാനസികസംഘർഷവും പ്രധാനകാരണങ്ങൾതന്നെ. ഈ രോഗപരിഹാരത്തിന് അത്യുത്തമമായ മാർഗമാണ് യോഗ.
അർധമത്സ്യേന്ദ്രാസനം: കാലുകൾ നീട്ടി നിവർന്നിരിക്കുക. വലതുകാൽമുട്ട് മടക്കി ഇടതുതുടയുടെ അടിയിൽ പതിക്കുക. ഇടതുകാൽ മടക്കി വലതുകാൽമുട്ട് കവച്ച് കുത്തനെ വെക്കുക. വലതു കക്ഷത്തിലേക്ക് ഇടതുകാൽമുട്ട് വരത്തക്കവണ്ണം വെച്ച് ഇടതുപാദം പിടിക്കുക. ഇടതുകൈ പിന്നിലോ വലതു തുടയിലോ പതിക്കുക. ഇടതുവശം പിന്നിലേക്ക് നോക്കുക. സാധാരണ ശ്വാസഗതി അതിനുശേഷം ആദ്യത്തെ അവസ്ഥയിൽ എത്തുക. മറുഭാഗവും പരിശീലിക്കുക. ആവർത്തനം അധികം ഇല്ലാതെ ഈ ആസനത്തിൽ കൂടതുൽ സമയം സ്ഥിതിചെയ്യാവുന്നതാണ്.
പ്രയോജനം: ഈ ആസനപരിശീലനം വഴി ഉദരഭാഗത്ത് വേണ്ടത്ര മസാജിങ് ലഭിക്കുന്നു. ഉദരഭാഗത്തെ അവയവങ്ങളെ കാര്യക്ഷമമാക്കുന്നതിന് ഏറെ സഹായിക്കുന്നു. അതിലും ഉപരിയായി, അടിഞ്ഞുകൂടിയ അമിതമായ കൊഴുപ്പിനെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.
കൊളസ്‌ട്രോൾ
രക്തത്തിലും ശരീരഭാഗങ്ങളിലും കണ്ടുവരുന്ന കൊഴുപ്പാണ് കൊളസ്‌ട്രോൾ. കോശനിർമാണത്തിനും മറ്റും കൊളസ്‌ട്രോൾ ആവശ്യമാണ്. നല്ല കൊളസ്‌ട്രോൾ (എച്ച്.ഡി.എൽ.-ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ), ചീത്ത കൊളസ്‌ട്രോൾ (എൽ.ഡി.എൽ.-ലോ ഡെൻസിറ്റി കൊളസ്‌ട്രോൾ). ചീത്ത കൊളസ്‌ട്രോൾ കൂടിയവരിൽ ഹൃദ്രോഗസാധ്യത ഏറെയാണ്. രക്തത്തിൽ ചീത്ത കൊളസ്‌ട്രോൾ വർധിക്കുമ്പോൾ ധമനികളിൽ അടിഞ്ഞുകൂടി രക്തക്കുഴലിൽ കട്ടപിടിക്കുന്നു. ഇത് രക്തസഞ്ചാരത്തിന് വിഘാതമുണ്ടാക്കും.
കൊളസ്‌ട്രോൾ മുഖ്യമായും ഉത്പാദിപ്പിക്കുന്നത് കരളിൽനിന്നാണ്. ബാക്കി ഭക്ഷണത്തിൽനിന്നും.
ഹൃദ്രോഗം, പിത്താശയക്കല്ല്, ഹൈപ്പർ ടെൻഷൻ, സ്‌ട്രോക്ക് തുടങ്ങി നിരവധി രോഗങ്ങൾക്കിടയാക്കുന്നു. കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും യോഗപരിശീലനം സഹായിക്കുന്നു. ഉത്തമമായ ഒരാസനമാണ് ധനുരാസനം.
ധനുരാസനം: കമിഴ്‌ന്നുകിടക്കുക. കാലുകൾ അല്പം അകലത്തിൽ വെക്കുക. അതത് നെരിയാണിയിൽ പിടിക്കുക. ശ്വാസമെടുത്ത് തലയും കാലും ഉയർത്തുക. വയറിന്റെ അടിഭാഗം തറയിൽ തട്ടിയിരിക്കും. ശ്വാസംവിട്ടുകൊണ്ട് താഴുക, അഞ്ചുതവണ.
പ്രയോജനം: ശരീരത്തിൽ അമിതമായുള്ള കൊഴുപ്പിനെ ദഹിപ്പിക്കാൻ സാധിക്കുന്നു. എല്ലാ രോഗത്തിനുമെന്നപോലെ കൊളസ്‌ട്രോളിനും കാരണമായ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് യോഗ വളരെ സഹായിക്കുന്നു.
മാനസിക സംഘർഷം
മാനസിക സംഘർഷം ഏതുരോഗത്തിനും കാരണമാകാം. ബാഹ്യമായ കാരണങ്ങൾകൊണ്ടും ശരീരത്തിലെ ആന്തരികകാരണങ്ങൾകൊണ്ടും മാനസികസംഘർഷമുണ്ടാവാം. ജോലിസ്ഥലത്തുണ്ടാവുന്ന അമിതമായ സമ്മർദം, വിശ്രമമില്ലാത്ത അവസ്ഥ, അമിതമായ ചിന്ത, ഉത്കണ്ഠ, കാര്യങ്ങളോട് അമിതമായി പ്രതികരിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ മാനസിക സംഘർഷത്തിന് കാരണമാകുന്നു.
ഇത് അന്തഃസ്രാവഗ്രന്ഥികളിൽ അസന്തുലിതാവസ്ഥ വരുത്തുന്നു. അഡ്രിനാലിൻ തുടങ്ങിയ ഫോർമോൺ രക്തത്തിൽ അമിതമായി കലരുന്നു. ഇത് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും വേഗം വർധിപ്പിക്കുന്നു. ഹൃദ്രോഗം, ആസ്ത്‌മ, ഹൈപ്പർ ടെൻഷൻ, ഹൈകൊളസ്‌ട്രോൾ, സന്ധിവാതം, അൾസർ, മൈഗ്രേൻ തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. യോഗപരിശീലനം ഈ അവസ്ഥയുടെ നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നു. പ്രത്യേകിച്ച് പ്രാണായാമ പരിശീലനം. മനസ്സിനെ നിയന്ത്രിക്കാൻ, ചിന്തകൾ നിയന്ത്രിക്കാൻ അത്യുത്തമമായ മാർഗമാണ് പ്രാണായാമ പരിശീലനം. പ്രാണായാമം പലവിധമുണ്ട്. ഇവിടെ സൂചിപ്പിക്കുന്നത് വളരെ ലളിതവും സുഗമവുമായ പ്രാണായാമമായ നാഡീശുദ്ധി പ്രാണായാമമാണ്.
നാഡീശുദ്ധി പ്രാണായാമം: സുഖകരമായ രീതിയിൽ നിവർന്നിരിക്കുക. ഇടതുകൈ, ഇടതുകാൽമുട്ടിൽ പെരുവിരലും ചൂണ്ടുവിരലും തൊടുവിച്ച് മുദ്രയിൽ വെക്കുക. വലതുകൈ ചൂണ്ടുവിരലും നടുവിരലും മടക്കിവെച്ച് പെരുവിരൽകൊണ്ട് വലതുമൂക്ക് അടയ്ക്കുക. ഇടതിലൂടെ ശ്വാസം ദീർഘമായി എടുക്കുക. ഇടതുമൂക്ക് മോതിര വിരലും ചെറുവിരലും ചേർത്ത് അടച്ചുവെക്കുക. അതിനുശേഷം വലതുമൂക്ക് തുറന്ന് ശ്വാസം പുറത്തുവിടുക. വീണ്ടും അതേ മൂക്കിലൂടെ ശ്വാസമെടുത്ത് അല്പനേരം അടച്ചുവെച്ച് ഇടതിലൂടെ ശ്വാസം വിടുക. വീണ്ടും ഇടതിലൂടെ എടുത്ത് പഴയപടി പരിശീലിക്കുക. സമയത്തിനനുസരിച്ച് പരിശീലനത്തിന്റെ എണ്ണം വർധിപ്പിക്കാം. ചുരുങ്ങിയത് അഞ്ചുതവണ ചെയ്യുക.
പ്രയോജനം: മനസ്സ് വളരെവേഗം ശാന്തമാകുന്നു. ചിന്തകളുടെ എണ്ണം കുറയുന്നു. ഏകാഗ്രത വർധിക്കുന്നു. ശരീരത്തിനും അതനുസരിച്ച് വിശ്രമം ലഭിക്കുന്നു. അന്തസ്രാവ ഗ്രന്ഥികൾ ഹൃദയം, ശ്വാസകോശം തുടങ്ങി എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ക്രമമാകുന്നു.
അമിതവണ്ണം
തെറ്റായ ജീവിതശൈലികൊണ്ട് ഉണ്ടാകുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. അമിതകൊഴുപ്പ് അടിഞ്ഞുകൂടുന്നതുവഴി നമുക്ക് സുഖമായി ജോലിചെയ്യാനോ നടക്കാനോ ഓടാനോ ഇരിക്കാനോ സാധിക്കാതെ വരുന്നു. അമിതവണ്ണം മിക്ക രോഗങ്ങൾക്കും ഇടയാകുന്നു. അല്പം വേഗത്തിലുള്ള പരിശീലനം ഗുണംചെയ്യുന്നു. ഹലാസനം വളരെ പ്രയോജനപ്രദമാണ്.
ഹലാസനം: മലർന്ന്കിടക്കുക. കാലുകൾ ചേർത്ത് കൈപ്പത്തി കമഴ്‌ത്തി ശരീരത്തിനടുത്ത് തറയിൽ പതിക്കുക. ശ്വാസമെടുത്ത് കാലുകളും അരക്കെട്ടും ഉയർത്തി തല പിന്നിലേക്കുനീക്കി പാദം തറയിൽ പതിക്കുക. കാൽമുട്ട് മടക്കാതെ ശ്വാസംവിട്ടുകൊണ്ട് പൂർവസ്ഥിതിയിലെത്തുക. പത്തോ പതിനഞ്ചോ തവണ പരിശീലിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: അധികം പ്രായംകൂടിയവർ ഗുരുവിന്റെ കീഴിലേ പരിശീലിക്കാവൂ. കടുത്ത നടുവേദനയുള്ളവർ പരിശീലിക്കരുത്.
പ്രയോജനം: അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഉപയോഗപ്പെടുത്താനും പുറംതള്ളാനും സാധിക്കുന്നു. പ്രത്യേകിച്ച് വയറിന്റെ ഉൾവശത്തും അരക്കെട്ടിന് മുകളിൽ ഊരയുടെ ഭാഗത്തും ഫാറ്റിലിവർ അസുഖമുള്ളവർക്കും ഇത് ഏറെ ഫലംചെയ്യുന്നു. അതുവഴി കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നു.
വെരിക്കോസ് വെയ്ൻ
ശരീരത്തിലേക്ക് തിരിച്ചെത്തുന്ന അശുദ്ധരക്തക്കുഴലുകളായ സിരകളിൽ അനുഭവപ്പെടുന്ന തടസ്സങ്ങളാണ് വെരിക്കോസ് വെയ്ൻ എന്ന രോഗാവസ്ഥ. പലരിലും ഇത് പുറത്തേക്ക് പ്രകടമായി കാണാൻ സാധിക്കുന്നു. പാരമ്പര്യം മുഖ്യഘടകമാണ്. അധിക സമയം നിൽക്കുക, അമിതഭാരം ഇതൊക്കെ രോഗം വർധിക്കാൻ ഇടയാക്കും. രോഗം മൂർച്ഛിക്കുമ്പോൾ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവമുണ്ടാകുന്നു. അങ്ങനെ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതെ വ്രണങ്ങളായി മാറുന്നു. കാലിന് ശക്തമായ തരിപ്പ്, കടച്ചിൽ, വേദന ഇവ ഈ രോഗംകൊണ്ട് ഉണ്ടാകുന്നു. ഇതിന് വളരെ ഉത്തമമായ ഒരു പരിശീലനമാണ് വിപരീതകരണിമുദ്ര.
പരിശീലിക്കുന്ന വിധം
മലർന്ന് കിടക്കുക. കാലുകൾ ചേർത്ത് വെക്കുക. കൈകൾ ശരീരത്തിന്റെ ഇരുഭാഗത്തും തറയിൽ കൈപ്പത്തി കമഴ്ത്തി പതിച്ചുവെക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ച് ഇരുകാലുകളും അരക്കെട്ടും ഉയർത്തി കൈകളുടെ സഹായത്തോടെ ശരീരം 45 ഡിഗ്രിയിലും കാലുകൾ 90 ഡിഗ്രിയിലും നിർത്തുക. സാധാരണ ശ്വാസഗതി. സാവധാനത്തിൽ അരക്കെട്ട് താഴ്ത്തിവിരമിക്കുക.
പ്രയോജനം: കാലുകളിൽ അനുഭവപ്പെടുന്ന മർദം കുറഞ്ഞ് നല്ല വിശ്രമം ലഭിക്കുന്നു. ഇതുകൊണ്ട് വെരിക്കോസ് വെയ്ൻ ഉള്ളവർക്ക് നല്ല ആശ്വാസം ലഭിക്കുന്നു.
അലർജി
സാഹചര്യത്തിനനുസരിച്ച് പ്രതികരിച്ച് ആരോഗ്യം സംരക്ഷിക്കാൻ ശരീരത്തിന് കഴിവുണ്ട്. ഉദാഹരണം പൊടിപടലങ്ങൾ, പുക, ഗന്ധം എന്നിവ. എന്നാൽ, ചിലരിൽ ഇത് ആവശ്യത്തിലധികം പ്രതികരിക്കുകവഴി അത് ക്രമേണ രോഗാവസ്ഥയിലെത്തുന്നു. എപ്പോഴും തുമ്മൽ അനുഭവപ്പെടുക, മൂക്കിൽനിന്ന് വെള്ളമൊലിക്കുക, തൊലിയിൽ പ്രകടമായ മാറ്റങ്ങൾവരുത്തുക. അലർജി ആസ്ത്‌മയ്ക്കും കാരണമാകുന്നു. ശ്വസനവ്യായാമമാണ് ഇതിനുത്തമം.
കപാലഭാതി: നിവർന്നിരിക്കുക. വലതുകൈ പെരുവിരൽ നിവർത്തി മറ്റുവിരലുകൾ മടക്കിവെക്കുക. വലതുമൂക്ക് പെരുവിരൽകൊണ്ടടച്ച് ഇടതിലൂടെ ശബ്ദത്തോടെ ശ്വാസം തുടർച്ചയായി പുറത്തുവിടുക. പതിനഞ്ചോ ഇരുപതോ തവണ ആവർത്തിക്കുക. അവസാനിക്കുമ്പോൾ ഒരു ശ്വാസം ദീർഘമായി എടുക്കുക. കൈ താഴ്‌ത്തുക. ആ ശ്വാസം അറിയാതെ പുറത്തുപോകും. പിന്നീട് ഇടതുവശവും ഇടതുകൈകൊണ്ട് അടച്ച് പരിശീലിക്കുക. ക്രമേണ പരിശീലനം വേണ്ടപോലെ ലഭിച്ചവർക്ക് 30 സെക്കൻഡുകൊണ്ട് 60 തവണ ശ്വാസം പുറത്തുവിടാം. ക്രമേണ ഇരുകൈകളും കാൽമുട്ടുകളിൽ പതിച്ച് മൂക്ക് അടച്ചുവെക്കാതെ പരിശീലിക്കാവുന്നതാണ്.
പ്രയോജനം: കപാലഭാതി സ്ഥിരമായി പരിശീലിക്കുന്ന വ്യക്തികളിൽ ശ്വാസസംബന്ധമായ അസുഖങ്ങൾ പൂർണമായും മാറുന്നു. ശരീരത്തിന്റെ അമിതമായ പ്രതികരണങ്ങൾ നിയന്ത്രണവിധേയമാകുന്നു. കുറഞ്ഞദിവസംകൊണ്ടുതന്നെ ശമനം ലഭിക്കുന്നു.
അൾസർ
വയറിന്റെ ഉൾഭാഗത്ത് പ്രത്യേകിച്ച് പൊക്കിൾമുതൽ നെഞ്ചുവരെ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ദഹനേന്ദ്രിയത്തിൽ വേദന ഉണ്ടാക്കുന്ന വ്രണങ്ങളാണ് അൾസർ. അന്നനാളം, ആമാശയം, ചെറുകുടലിന്റെ മുകൾഭാഗമായ ഡുവോസിനം എന്നിവിടങ്ങളിൽ വ്രണങ്ങൾ ഉണ്ടാവാം. ഇവ ആന്തരിക രക്തസ്രാവം ഉണ്ടാക്കാനും സാധ്യതയുണ്ട്.
ആമാശയഭിത്തികളെ അമിതമായ അമ്ലമയത്തിൽനിന്നും സംരക്ഷിച്ച് നിർത്തുന്ന മ്യൂക്കസ് പാളികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ ആമാശയഭിത്തിയിൽ വ്രണങ്ങൾ ഉണ്ടാകുന്നു. തെറ്റായ ഭക്ഷണരീതി പ്രത്യേകിച്ച് അമിതമായ എരിവ്, പുളി, അമ്ലമയം അധികഭക്ഷണം, നിരന്തരമായ മാനസികസംഘർഷം, സമയം തെറ്റിയ ഭക്ഷണശീലം ഇതെല്ലാം ഈ രോഗത്തിന് കാരണമാകുന്നു. നല്ല വിശ്രമം കൊടുക്കാനും മാനസികസംഘർഷം ലഘൂകരിക്കാനും സാധിച്ചാൽ ഈ രോഗത്തിൽനിന്നും ആശ്വാസം ലഭിക്കുന്നു. ഉത്തമമായ മാർഗമാണ് യോഗ. ശശാങ്കാസനം അതിന് ഏറെ ഫലപ്രദമാണ്.
ശശാങ്കാസനം: കാലുകൾ നീട്ടി നിവർന്നിരിക്കുക. കാലുകൾ പിറകിലേക്ക് മടക്കിവെക്കുക. കൈകൾ അതതു കാൽമുട്ടിൽ പതിക്കുക. നട്ടെല്ല് നിവർത്തിവെക്കുക. ശ്വാസം ദീർഘമായി എടുക്കുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ടുകുനിഞ്ഞ് കൈകൾ നീട്ടിവെച്ച് നെറ്റി തറയിൽ തൊടുവിക്കുക. അല്പനേരം അവിടെ നിർത്തുക. ശ്വാസംവിട്ട് നിവർന്ന് ഇരിക്കുക. വളരെ സാവധാനം പരിശീലിക്കുക. അഞ്ചുതവണ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കടുത്ത നടുവേദനയുള്ളവർ, തലകറക്കം (വെർട്ടിഗോ) ഉള്ളവർ, ഗുരുവിന്റെ നിർദേശപ്രകാരം പരിശീലിക്കുക.
പ്രയോജനം: മാനസിക സംഘർഷം കുറയ്ക്കാൻ ഈ ആസനം അത്യുത്തമമാണ്. കൂടാതെ വയറിന്റെ ഉൾഭാഗത്തെ അവയവങ്ങൾക്ക് നല്ലരീതിയിൽ ലളിതമായ മസാജിങ് ലഭിക്കുന്നു. ആ ഭാഗത്തെ പ്രവർത്തനങ്ങൾ ക്രമമാക്കുന്നതിന് സഹായിക്കുന്നു.
ഹൃദ്രോഗം
ഹൃദയാഘാതം ഏറ്റവും വലിയ മരണകാരണമാകുന്നു. ഹൃദ്രോഗം വിവിധതരത്തിലുണ്ട്. പ്രധാനമായും ഹൃദയത്തിലേക്ക് രക്തംനൽകുന്ന കൊറോണറി ആർട്ടറിയിൽ അടവുവരുമ്പോൾ ആവശ്യമായ രക്തം ലഭിക്കാതെ വരുന്നു. ഇത് ഹൃദയകോശങ്ങളുടെ നാശത്തിന് കാരണമാകുന്നു.
ഹൃദ്രോഗത്തിന് വിവിധ കാരണങ്ങളുണ്ട്. അമിത രക്തസമ്മർദം, പ്രമേഹം, പുകവലി, അമിതകൊഴുപ്പ്, മാനസികപ്രയാസം തുടങ്ങിയവ. ഹൃദ്രോഗനിയന്ത്രണത്തിന് യോഗയിലെ സ്‌ട്രച്ചിങ് ആസനങ്ങൾ പ്രാണായാമം, യോഗനിദ്ര, ധ്യാനം എന്നിവ വളരെ ഫലവത്താണ്. താഡാസനം ഏറെ ഫലപ്രദമാണ്.
താഡാസനം: പാദങ്ങൾ ഉപ്പൂറ്റി തൊടുവിച്ച് വിരലുകൾ അല്പം അകലത്തിൽ വെക്കുക. കൈകൾ കോർത്ത് തലയിൽ കമഴ്‌ത്തിവെക്കുക. ശ്വാസമെടുത്ത് കൈകൾ ഉള്ളനടി മുകളിലേക്കാക്കി നല്ലപോലെ ഉയർത്തുക. കൈമുട്ട് മടങ്ങാതെ ഉപ്പൂറ്റി ഉയർത്തി വിരലുകളിൽ ഉയർന്നുനിൽക്കുക. ശ്വാസംവിട്ട് താഴുക. അഞ്ചുതവണ പരിശീലിക്കുക.
പ്രയോജനം: ശരീരത്തിന്റെ എല്ലാഭാഗത്തും വേണ്ടത്ര വലിച്ചിൽ അനുഭവപ്പെടുന്നു. രക്തപ്രവാഹം എല്ലായിടത്തും ലഭിക്കാനിടയാകുന്നു. മനസ്സ് ശാന്തമാകുന്നു. അതുവഴി അന്തഃസ്രാവഗ്രന്ഥികളുടെ പ്രവർത്തനം സന്തുലിതമാകുന്നു. അമിതരക്തസമ്മർദം നിയന്ത്രിക്കുന്നു. ഇതെല്ലാം ഹൃദ്രോഗനിയന്ത്രണത്തിന് സഹായകമായിത്തീരുന്നു.
നടുവേദന
നട്ടെല്ലിലെ കശേരുക്കളുടെ ഇടയിൽ സ്ഥിതിചെയ്യുന്നതാണ് ഡിസ്ക്. ഇത് നട്ടെല്ലിന്റെ ഉള്ളിലൂടെ പോകുന്ന സുഷുമ്‌നയെ സംരക്ഷിക്കാൻ പ്രയോജനപ്പെടുന്നു.
ഡിസ്കിലേക്കുള്ള രക്തയോട്ടം കുറയുക, അമിതമായി മുന്നോട്ടുകുനിഞ്ഞ് ചെയ്യുന്ന ജോലികൾ, അമിതഭാരം എടുക്കുക, കാത്സ്യത്തിന്റെ കുറവ്, മാനസികസംഘർഷം എന്നിവ നടുവേദനയ്ക്ക് കാരണങ്ങളാണ്.
എല്ലാ നടുവേദനയും ഡിസ്ക്മൂലമല്ല. എന്നാൽ, ഏതുവിധത്തിലുള്ള നടുവേദനയ്ക്കും യോഗ പരിശീലനം ശാശ്വതപരിഹാരം നൽകുന്നു. നടക്കാൻപറ്റാത്ത രോഗികൾക്കുപോലും പരിശീലിക്കാവുന്ന ആസന്നങ്ങളിൽ മുഖ്യമായ ഒന്നാണ് കന്ധരാസനം.
കന്ധരാസനം: മലർന്ന് കിടക്കുക. കാൽമുട്ട് മടക്കി പാദങ്ങൾ അല്പം അകലത്തിൽ വെക്കുക. ഉപ്പൂറ്റി പിടിക്കുകയോ കൈപ്പത്തി നിലത്ത് പതിക്കുകയോ ചെയ്യുക. ശ്വാസമെടുത്തുകൊണ്ട് അരക്കെട്ട് സാവധാനം ഉയർത്തുക. അല്പനേരം അതേ അവസ്ഥയിൽ നിർത്തുക. ശ്വാസംവിട്ട് താഴ്ത്തുക. ഈ ആസനത്തിൽ നിർത്തി ശ്വാസമെടുക്കുകയും വിടുകയും ചെയ്യുന്നത് നല്ലതാണ്.
പ്രയോജനം: മുന്നോട്ട് കുനിഞ്ഞിരുന്ന് സ്ഥിരമായി അനുഭവപ്പെടുന്ന നടുവേദനയുള്ളവർക്ക് ഈ ആസനപരിശീലനം നട്ടെല്ലിന്റെ തെറ്റായ സ്ഥിതിവിശേഷത്തെ ശരിയായ രീതിയിലെത്തിക്കാൻ സഹായിക്കുന്നു. ഈ ആസനപരിശീലനംവഴി നട്ടെല്ലിന്റെ പേശികൾക്ക് നല്ല ബലംകിട്ടുന്നു. നടുവേദനയുള്ളവർക്ക് വളരെവേഗം സുഖം ലഭിക്കുന്നു.
Content Highlights: yoga poses, benefits of yoga, international yoga day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..