കോവിഡിനുശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഫലപ്രദമായ യോഗാസനങ്ങൾ


2 min read
Read later
Print
Share

ശ്വാസകോശത്തിന്റെ ശേഷി 100 ശതമാനത്തിലെത്തിയാൽ രോഗപ്രതിരോധം അനായാസമാകുമെന്നും ചൂണ്ടിക്കാട്ടുന്നു

Representative Image | Photo: Gettyimages.in

യോഗ മാനവികതയ്ക്ക് എന്നതാണ് ഇത്തവണത്തെ യോഗാദിനസന്ദേശം. പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കൽ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്ന് ആയുഷ് വകുപ്പ് ഓർമപ്പെടുത്തുന്നു.

കോവിഡാനന്തര വിഷമതകളനുഭവിക്കുന്നരെ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാകണം യോഗാദിനാചരണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്. കോവിഡിനുശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കിതാ ഫലപ്രദമായ ഏതാനും യോഗാസനങ്ങൾ. യോഗ ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ മനസ്സും ശരീരവും അതിനായി പാകപ്പെടുത്തേണ്ടതുണ്ട്. അത് ഒരുദിവസംകൊണ്ട് ഒരിക്കലും സാധിക്കുന്നതല്ല. സാവധാനം ശരീരവും മനസ്സും അതിന്റെ താളത്തിലേക്ക് മാറ്റിയെടുക്കാം.

ശ്വാസകോശത്തെ കാക്കാം

കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കോവിഡ് വന്നവർക്ക് ശ്വാസംമുട്ടും ശ്വാസസംബന്ധമായ മറ്റ് പ്രയാസങ്ങളുമുണ്ടാകുന്നത് ഗൗരവത്തോടെ കാണണമെന്ന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പ് നൽകുന്നു. മരുന്നിനൊപ്പം ശ്വാസകോശം ബലപ്പെടുത്താനുള്ള പ്രാണായാമങ്ങളും ആസനങ്ങളും ആരോഗ്യജീവിതത്തിലേക്ക് വഴിയൊരുക്കുമെന്നും പറയുന്നു. ശ്വാസകോശത്തിന്റെ ശേഷി 100 ശതമാനത്തിലെത്തിയാൽ രോഗപ്രതിരോധം അനായാസമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അതിനായിതാ ഏതാനും ആസനങ്ങൾ.

നാഡീശോധന പ്രാണായാമം

നട്ടെല്ല് നിവർത്തി പദ്‌മാസനത്തിലോ അർധപദ്‌മാസനത്തിലോ ഇരിക്കാം. ഇടതുകൈ ചിന്മുദ്രയിൽ ഇടതുകാൽമുട്ടിനുമേൽ വിശ്രമിക്കുന്നു. വലതുകൈയുടെ പെരുവിരൽകൊണ്ട് വലത്തെ നാസിക അടയ്ക്കുന്നു. ഇടത് നാസികയിലൂടെ ദീർഘമായി ശ്വാസം അകത്തേക്ക്. ഏതാനും സെക്കൻഡ്‌ ശ്വാസം പിടിച്ചുവെച്ച് വലത് നാസിക തുറന്ന് ദീർഘമായി പുറത്തേക്ക് വിടുന്നു. മോതിരവിരൽകൊണ്ട് ഇടത് നാസിക അടച്ച് വലത് നാസികയിലൂടെ ഇത് ആവർത്തിക്കണം (ഒൻപത് തവണ).

ഗുണം: ശ്വാസകോശം ശക്തിപ്പെട്ട് പ്രാണബലം കൂടുന്നു. നാഡികൾ ശുദ്ധീകരിക്കുന്നതിലൂടെ മനശ്ശാന്തി ലഭിക്കുന്നു.

മത്സ്യാസനം

പദ്‌മാസനത്തിലിരുന്ന് മലർന്നുകിടക്കുന്നു. ശ്വാസമെടുത്ത് നെഞ്ചുയർത്തി തലയുടെ മുകൾഭാഗം തറയിൽ തൊടുവിക്കുന്നു. കൈമുട്ടുകളിൽ ബലംകൊടുത്ത് നെഞ്ച് അല്പംകൂടി ഉയർത്തുന്നു. 15 മുതൽ 25 സെക്കൻഡ്‌ വരെ ഈ നിലയിൽ തുടർന്ന് പൂർവസ്ഥിതിയിലേക്ക്‌ വരാം.

ഗുണം: ശ്വാസകോശവും ഹൃദയപേശികളും ബലപ്പെടുന്നു. പ്രാണസഞ്ചാരം ത്വരപ്പെട്ട് ഊർജസ്വലരാകുന്നു.

അർധമത്സ്യേന്ദ്രാസനം

കാലുകൾനീട്ടി ഇരിക്കുന്നു. ഇടതുകാൽ വലത് തുടയുടെ അടിയിലൂടെ മടക്കി പാദം അരക്കെട്ട് ഭാഗത്ത് ചേർത്തുവെക്കുന്നു. വലതുകാൽ ഇടത്തേ തുടയുടെ ഇടതുഭാഗത്ത് കുത്തിവെക്കുന്നു. ഇടതുകൈ ഉയർത്തി വലത് കാൽമുട്ടിനെച്ചുറ്റി വലത് കാൽപ്പാദത്തിൽ പിടിക്കുന്നു. വലതുകൈ പിറകിൽ കുത്തിവെക്കുന്നു. നോട്ടം വലതുതോളിലൂടെ പിന്നിലേക്ക്. 15 മുതൽ 25 സെക്കൻഡ്‌ വരെ ഈ നിലയിൽ തുടരാം. വലതുകാൽപ്പാദം ഇടതുഭാഗത്ത് ചേർത്തുവെച്ചും ഇത് ആവർത്തിക്കുന്നു.

ഗുണം: നട്ടെല്ലിന് വ്യായാമവും തന്തുക്കൾക്ക് വലിവും. ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു.

ഭുജംഗാസനം

കാൽപ്പാദങ്ങൾ ചേർത്ത് താടി തറയിൽ തൊടുവിച്ച് കമിഴ്ന്ന്കിടക്കുന്നു. കൈപ്പത്തി തോളിന്റെ ഇരുവശങ്ങളിൽ കമിഴ്ത്തിവെക്കുന്നു. ശ്വാസമെടുത്ത് തല, നെഞ്ച് നാഭീഭാഗംവരെ ഉയർത്തുന്നു. ആ നിലയിൽ 15-25 സെക്കൻഡ്‌ നേരം വിശ്രമിച്ച് പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നു.

ഗുണം: ശ്വാസകോശത്തിന്റെ ശേഷി കൂടുന്നു. നട്ടെല്ലിന് അയവും നാഡികൾക്ക് ഉത്തേജനവും.

ഉദ്ഥിതപദ്‌മാസനം

പദ്‌മാസനത്തിൽ ഇരിക്കുന്നു. കൈപ്പത്തികൾ ഇരുവശത്തും നിലത്ത് കുത്തി ശരീരം ഉയർത്തുന്നു. ആ നിലയിൽ സാധാരണശ്വാസത്തിൽ 10-15സെക്കൻഡ്‌ വിശ്രമം.

ഗുണം: ഉദരപേശികളെയും ശ്വാസകോശത്തെയും ബലപ്പെടുത്തുന്നു. നട്ടെല്ലിനെ ശക്തിപ്പെടുത്തി നാഡീവ്യൂഹത്തെ ഉദ്ദീപിപ്പിക്കുന്നു.

യോഗ ജീവിതശൈലിയാക്കിയാൽ

• ശരീരവും ശ്വാസവും ബലപ്പെടുന്നു.

• മനസ്സ് ആനന്ദഭരിതമാകുന്നു.

• ബുദ്ധി തെളിഞ്ഞതും മൂർച്ചയേറിയതുമാകുന്നു.

• അഹംബോധത്തെ വിട്ട് മനസ്സ് ശിശുസഹജമായ നിഷ്കളങ്കതയിലെത്തുന്നു. പ്രപഞ്ചത്തിലും ഈ നിഷ്കളങ്ക ഭാവമുണ്ട്. പ്രപഞ്ചത്തിന്റെയും വ്യക്തിയുടെയും മനസ്സുകളുടെ ലയനമാണ് യോഗ എന്ന് സ്വാമി വിവേകാനന്ദൻ. പ്രപഞ്ചത്തിനും ജീവജാലങ്ങൾക്കുമിടയിലുള്ള താളബന്ധം തിരിച്ചറിയാൻ വഴിയൊരുക്കുന്നതാണ് യോഗയെന്ന് ആചാര്യൻമാർ.

സൂര്യനമസ്‌കാരം

  • കൈകൾ തൊഴുത് നമസ്കാരമുദ്രയിൽ
  • കൈകളുയർത്തി പിന്നിലേക്ക് വളയുന്നു
  • മുന്നിലേക്ക് കുനിഞ്ഞ് നിലത്ത് തൊടുന്നു
  • വലതുകാൽ പിന്നിലേക്ക്
  • ഇടതുകാൽ പിന്നിലേക്ക്
  • സാഷ്ടാംഗപ്രണാമം.
  • കൈകളിൽ ഉയരുന്നു
  • ഇടുപ്പ് പിന്നിലേക്കുയർത്തുന്നു
  • വലതുകാൽ മുന്നിലേക്ക്
  • ഇടതുകാൽ മുന്നിലേക്ക്
  • കൈകൾ ഉയർത്തുന്നു
  • ഇരുവശങ്ങളിലേക്കും താഴ്ത്തുന്നു

Content Highlights: international yoga day, yoga for post covid recovery

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented