കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ശീലിക്കണം സ്ട്രെച്ചിങ്ങുകളും യോ​ഗാസനമുറകളും


By യോഗാചാര്യ  എന്‍. വിജയരാഘവന്‍ മാസ്റ്റര്‍

6 min read
Read later
Print
Share

നമ്മുടെ ജീവിതശൈലികളിലൂടെയും, തെറ്റായ ഭക്ഷണത്തിലൂടെയും, മാനസികസംഘര്‍ഷത്തിലൂടെയും നമ്മുടെ പേശീതന്തുക്കളില്‍ സംഭവിച്ചിരിക്കുന്ന മസ്‌കുലര്‍ ടെന്‍ഷനെ അയവുള്ളതാക്കുകയാണ് മറ്റ് സ്ട്രെച്ചിങ്ങുകളിലെന്നപോലെ യോഗാസനങ്ങളും ചെയ്യുന്നത്

Representative Image | Photo: Gettyimages.in

വേദനകള്‍ മാറുന്നതിനും തെറ്റായ ജീവിതരീതികളിലൂടെയും തെറ്റായ ഭക്ഷണ രീതികളിലൂടെയും മാനസിക സംഘര്‍ഷങ്ങളിലൂടെയും മസിലുകളില്‍ സൃഷ്ടിക്കപ്പെട്ട വരിഞ്ഞുമുറുക്കം (Muscular spasm) ഇല്ലാതാക്കി അവയെ അയവുള്ളതാക്കുന്നതിനും പേശികളിലെ രക്തപ്രവാഹം കൂട്ടുന്നതിനും അതുവഴി ദിവസം മുഴുവനും കൂടുതല്‍ ഉന്മേഷത്തോടും ഉണര്‍വ്വോടും ആരോഗ്യത്തോടും കൂടി പ്രവൃത്തിക്കുന്നതിനും മറ്റും യോഗാസന പരിശീലനങ്ങളിലൂടെ നാം ശരീരത്തില്‍ സൃഷ്ടിക്കുന്ന പേശീവലിവ് (stretching) വളരെയധികം സഹായകമാകുന്നു. മെയ് വഴക്കം വര്‍ധിക്കുന്നതിനാല്‍ ശരീരത്തില്‍ സംഭവിക്കുന്ന കൊളുത്തിപ്പിടുത്തങ്ങളില്‍ നിന്ന് മോചനവും കൂടാതെ ശരീര ചലനങ്ങള്‍ കൂടുതല്‍ സുഖകരവും ആയാസരഹിതവുമാക്കുന്നതിനും യോഗാസനത്തിലൂടെ ലഭിക്കുന്ന മസ്‌കുലര്‍ സ്ട്രെച്ചിങ് സഹായകമാകുന്നു. അതുകൊണ്ടാണ് അത്‌ലറ്റുകളും വെയ്റ്റ് ലിഫ്‌റ്റേഴ്‌സും മറ്റും അവരുടെ പ്രാക്റ്റീസ് ആരംഭിക്കുന്നതിന്ന് മുമ്പ് വാമപ്പുകളും സ്ട്രെച്ചിങ് എക്‌സര്‍സൈസുകളും ചെയ്യുന്നത്. അതോടൊപ്പം രക്തപ്രവാഹത്തെ കൂടുതല്‍ സുഗമമാക്കുന്നതിനും, ശരീരത്തിലെ രക്തക്കുഴലുകളിലും മറ്റും അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളെ പുറംതള്ളുന്നതിന്നും മസ്‌കുലര്‍ സ്ട്രെച്ചിങ് സഹായിക്കുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് നാം ശരീരത്തെ കൂടുതല്‍ ചലിപ്പിക്കാതെ, തുടര്‍ച്ചയായി ഒരു സ്ഥലത്ത് തന്നെ കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണല്ലോ. കൂടാതെ ഇത്തരത്തിലുള്ള ഇരുത്തം പലപ്പോഴും തെറ്റായ അവസ്ഥയിലും ആയിരിക്കും. കാലക്രമേണ നമ്മുടെ മസ്തിഷ്‌കം ഇത്തരത്തിലുള്ള തെറ്റായ പൊസിഷനോട് താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും അതുകൊണ്ട് തന്നെ അത്തരത്തിലുള്ള തെറ്റായ ശരീര പൊസിഷനുകളെക്കുറിച്ചോ അവ നമ്മുടെ ശരീരത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചോ നാം ബോധവാന്മാരല്ലാതിരിക്കുകയും ചെയ്യുന്നു.

തെറ്റായ ഇത്തരം പൊസിഷനുകള്‍ നമ്മുടെ സന്ധികളിലും പേശികളിലും ഉണ്ടാക്കുന്ന വിപരീതാവസ്ഥകളെക്കുറിച്ച് അത് മൂര്‍ദ്ധന്യത്തിലെത്തുന്നതുവരെ നാം അറിയാതെ തുടരുകയും ചെയ്യുന്നു. ക്രമേണ അനുബന്ധ പേശികളില്‍ സ്റ്റിഫ്‌നസ്സും, വേദനകളും ചലനശേഷീ വൈകല്യങ്ങളും ഉണ്ടാകുന്നതി നും ബാഹ്യപേശികളുടെ പ്രവര്‍ത്തനശേഷി കുറഞ്ഞ് പോകുന്നതിനും കാരണമാകുന്നു. ഇതിനെയാണ് സെന്‍സറി മോട്ടോര്‍ അംനീഷ്യ എന്ന് വിളിക്കുന്നത്.

ഇത്തരത്തിലുള്ള തെറ്റായ ശാരീരിക അവസ്ഥകള്‍ ക്രമേണ നമ്മുടെ ശരീരത്തിലെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തശേഷിയേയും കുറയ്ക്കുന്നു. അതു വഴി ശാരീരികവും മാനസീകവുമായ നിരവധി മറ്റ് രോഗങ്ങളുണ്ടാകുന്നതിനും ഒരു കാരണമാകുന്നു. അതുകൊണ്ടു തന്നെ ഇത് മൂലമുണ്ടാകാനിടയുള്ള രോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക വ്യഥകളില്‍ നിന്നും മോചനം നേടുന്നതിനും ദിവസവും ശരീരത്തിലെ പേശികളെ വലിച്ച് നീട്ടുന്ന (stretching) ഏതെങ്കിലും ക്രിയകള്‍ അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. അതിനും പുറമെ മാനസീക സമ്മര്‍ദ്ദങ്ങളിലൂടെ ശരീര പേശികളിലുണ്ടാകുന്ന വരിഞ്ഞ് മുറുക്കം (Muscular spasm) ഇല്ലാതാക്കുന്നതിനും പേശികളെ അയച്ചിടാന്‍ സഹായിക്കുന്ന ഏതെങ്കിലും പരിശീലനങ്ങള്‍ അനുഷ്ഠിക്കേണ്ടത് ആവശ്യമാമണ്.

ദിവസവും ബോഡീസ്റ്റ്രച്ചിംഗ് ചെയ്യുന്നവര്‍ക്ക് സുഖകരമായ ഉറക്കം ലഭിക്കുന്നതായി നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും, മാനസിക സംഘര്‍ഷം ഇല്ലാതാക്കുന്നതിനും മസ്‌കുലര്‍ സ്റ്റ്രച്ചിംഗ് നല്ലൊരു പരിധി വരെ സഹായകമാണ്.

ശരീരത്തിലെ പേശികളില്‍ നാം സൃഷ്ടിക്കുന്ന സ്ട്രെച്ചിങ്ങിന്റെ രീതിക്കനുസരിച്ച് അവയ്ക്ക് ബാലിസ്റ്റിക് സ്ട്രെച്ചിങ്, ഡയനാമിക് സ്ട്രെച്ചിങ്, ഏക്റ്റീവ്സ്ട്രെച്ചിങ്, പാസ്സീവ് സ്ട്രെച്ചിങ്, സ്റ്റാറ്റിക് സ്ട്രെച്ചിങ്, ഐസോമെറ്റ്രിക് സ്ട്രെച്ചിങ്, പി.എന്‍.എഫ് സ്ട്രെച്ചിങ് എന്നിങ്ങനെ വ്യത്യസ്ത പേരുകളും ഉണ്ട്.

ബാലിസ്റ്റിക് സ്ട്രെച്ചിങ്

ബാലിസ്റ്റിക് സ്ട്രെച്ചിങ് എന്നത് സാധാരണ അത്‌ലറ്റുകളും മറ്റും പരിശീലിച്ച് വരുന്നതും ശക്തവും ബൗണ്‍സിംഗോടും വേഗതയോടുകൂടിയതുമായ ചലനങ്ങളാണ്. അത്‌ലറ്റുകള്‍ക്കും ഡാന്‍സര്‍മാര്‍ക്കും മാര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും അവരുടെ സന്ധികളുടെയും പേശികളുടെയും ചലനശേഷി മാക്‌സിമം വര്‍ദ്ധിപ്പിക്കാന്‍ ബാലിസ്റ്റിക് സ്ട്രെച്ചിങ് വളരെയേറെ സഹായകമാണ്. ലിഗ്മന്റുകള്‍ക്കും, ടെന്റനുകള്‍ക്കും അപകടങ്ങള്‍ സംഭവിക്കാനിടയുള്ള ഇത്തരം പരിശീലനങ്ങള്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ആവശ്യമുള്ളതല്ല. തുടയുടെ പിന്‍ഭാഗത്തുള്ള ഹാംസ്റ്റ്രിംഗ് മസിലുകളുടെ വഴക്കക്കുറവ് സ്‌പോര്‍ട്‌സ് രംഗത്തുള്ളവര്‍ക്ക് പലപ്പോഴും കളിക്കുന്ന അവസരങ്ങളില്‍ അപകടങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം അപകടങ്ങളെ ഒരുപരിധിവരെ ഒഴിവാക്കുന്നതിനും പ്രസ്തുത മസിലുകള്‍ക്ക് അയവുണ്ടാക്കുന്നതിനും ബാലിസ്റ്റിക് സ്ട്രെച്ചിങ് ഉപയോഗകരമാകാറുണ്ട്.

ഡയനാമിക് സ്ട്രെച്ചിങ്

ബാലിസ്റ്റിക് സ്ട്രെച്ചിങ്ങിനെ പലപ്പോഴും ഡയനാമിക് സ്റ്റ്രച്ചായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ബാലിസ്റ്റിക് സ്ട്രെച്ചിങ്ങും ഡയനാമിക് സ്ട്രെച്ചിങ്ങും വ്യത്യസ്തമാണ്. ഡയനാമിക് സ്റ്റ്രച്ചിങ്ങിൽ ബാലിസ്റ്റിക്കിലേതു പോലെ അതിശക്തമായ ചലനങ്ങളോ, ജെര്‍ക്കിഗുകളോ, ബൗണ്‍സിംഗോ ഇല്ല.

പാസ്സീവ് സ്ട്രെച്ചിങ്

സ്വന്തം അവയവങ്ങളുടെ സഹായത്താലോ അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണങ്ങളുടെയോ സാധനങ്ങളുടെയോ സഹായത്തോടെ ശരീരത്തിലെ പേശികളെ കൂടുതലായി സ്റ്റ്രച്ച് ചെയ്യുന്ന രീതിയാണ് പാസ്സീവ് സ്ട്രെച്ചിങ് എന്നത്.

ഏക്റ്റീവ് സ്ട്രെച്ചിങ്

ഇതില്‍ പാസ്സീവ് സ്ട്രെച്ചിങ്ങിലെപ്പോലെ പുറത്തുനിന്ന് യാതോരു ഉപകരണങ്ങളോ സാധനങ്ങളോ സ്ട്രെച്ചിങ് കൂട്ടുന്നതിനായി ഉപയോഗിക്കുന്നില്ല എന്നതാണ് പ്രധാന വ്യത്യാസം.

സ്റ്റാറ്റിക് സ്ട്രെച്ചിങ്

ഇതില്‍ പത്ത് മുതല്‍ മുപ്പത് വരെ സെക്കന്റുകള്‍ പേശികളെ സ്റ്റ്രച്ച് ചെയ്തതിനു ശേഷം പ്രസ്തുത അവസ്ഥയില്‍ നിര്‍ത്തുന്നു. സ്റ്റാറ്റിക് സ്ട്രെച്ചിങ് മയോസ്റ്റാറ്റിക് റിഫ്‌ളക്‌സ് എന്നറിയപ്പെടുന്ന സ്റ്റ്രച്ച് റിഫ്‌ളക്‌സിനെ ഉത്തേജിപ്പിക്കാന്‍ സഹായകമാണ്

ഡയനാമിക് സ്ട്രെച്ചിങ്

ഇതില്‍ സ്റ്റാറ്റിക് സ്ട്രെച്ചിങ്ങിൽ ചെയ്തതു പോലെ കൂടുതല്‍ സമയം നില്‍ക്കുന്നില്ല. പകരം തുടര്‍ച്ചയായ ചലനങ്ങളാണ്.

ഐസോമെറ്റ്രിക് സ്ട്രെച്ചിങ്

പേശികളെ ഒരു പ്രത്യേക ദിശയിലേക്ക് തള്ളാന്‍ ശ്രമിക്കുന്നതോടൊപ്പം അതിന്റെ എതിര്‍ദിശയില്‍ നിന്നും മര്‍ദ്ദം ഏല്‍പ്പിച്ചുകൊണ്ട് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന രീതിയാണ് ഐസോമെറ്റ്രിക് സ്ട്രെച്ചിങ്. മറ്റ് എക്‌സര്‍സൈസുകളോ, സ്ട്രെച്ചിങ്ങോ പരിശീലിക്കാന്‍ പറ്റാതെ ശയ്യാവലംബിയായി കിടക്കുന്ന രോഗികള്‍ക്കും അതുപോലെ സര്‍ജറി കഴിഞ്ഞ് കിടക്കുന്നവര്‍ക്കും എല്ലാം ഐസോമെറ്റ്രിക് ഏറെ സഹായകമാണ്.

പി. എന്‍ എഫ് സ്ട്രെച്ചിങ്

പ്രോപ്രിയോസെപ്റ്റീവ് ന്യൂറോ മസ്‌കുലര്‍ ഫെസിലിറ്റേഷന്‍ സ്ട്രെച്ചിങ് എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ഇത് കുറച്ചുകൂടി ഉയര്‍ന്ന രീതിയില്‍ മെയ് വഴക്കം ഉണ്ടാകാന്‍ സഹായിക്കുന്ന പരിശീലനമാണ്. സ്റ്റ്രോക്ക് വന്ന രോഗികള്‍ക്ക് അവരുടെ പുനരധിവാസത്തിന് വേണ്ടി ഫിസിയോ തെറാപ്പിയില്‍ സാധാരണയായി ഉപയോഗപ്പെടുത്തിവരുന്നതാണ് ഈ പരിശീലനം.

ഫൈബ്രോമയോള്‍ജീയ പോലുള്ള അസുഖങ്ങളില്‍ മസ്‌കുലര്‍ സ്ട്രെച്ചിങ് ഏറെ ഫലപ്രദമായ പരിഹാരമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ട്രെച്ചിങ് രീതികളും യോഗയും

സ്ട്രെച്ചിങ്ങിനെക്കുറിച്ചും അവയുടെ വ്യത്യസ്ത രീതികളെക്കുറിച്ചും ഇവിടെ വിവരിച്ചതിന് ഒരു പ്രത്യേക ഉദ്ദേശമുണ്ട്. അതായത് ഇത്തരത്തിലുള്ള വ്യത്യസ്തമായ സ്ട്രെച്ചിങ് രീതികളും യോഗയില്‍ നാം ആശ്രയിക്കുന്ന സ്ട്രെച്ചിങ് രീതികളും ഒറ്റ നോട്ടത്തില്‍ ഒരുപോലെ നമുക്ക് തോന്നുമെങ്കിലും ഇവ തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്. ഇത് തന്നെയാണ് യോഗാസനങ്ങളെ മറ്റ് സ്ട്രെച്ചിങ്ങുകളിൽ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നതും. പ്രസ്തുത വ്യത്യാസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മേല്‍ ഉദ്ധരിച്ച വിവരണങ്ങള്‍ ഉപകാരപ്പെടും. അപ്പോള്‍ മാത്രമേ എങ്ങിനെയാണ് ശരിയായ രീതിയില്‍ യോഗാസനങ്ങള്‍ പരിശീലിക്കേണ്ടതെന്ന് നമുക്ക് മനസ്സിലാകുകയുള്ളു.

യോഗ പരിശീലനത്തില്‍ നാം ഇന്ന് കണ്ടുവരുന്ന പല രീതികളും സാധാരണ സ്ട്രെച്ചിങ്ങുകൾ മാത്രമായി പരിമിതപ്പെടുന്നതും, അതുകൊണ്ടുതന്നെ യോഗയിലൂടെ ലഭിക്കേണ്ട പല ഗുണങ്ങളും ലഭിക്കാതെ വരുന്നതും ഈ ഒരു അറിവിന്റെ അഭാവം തന്നെയാണ്. സാധാരണ സ്ട്രെച്ചിങ്ങുകള്‍ക്ക് തന്നെ നിരവധി ഗുണങ്ങള്‍ ഉള്ളതായി നാം കണ്ടു. എന്നാല്‍ യോഗാസനങ്ങള്‍ ശരിയായ രീതിയില്‍ അനുഷ്ടിക്കുന്ന ഒരു വ്യക്തിയുടെ ശരീരം മെയ് വഴക്കമുള്ളതാകുക മാത്രമല്ല സംഭവിക്കുന്നത് മിറച്ച് യോഗാസന പരിശീലനത്തിലൂടെ അയാളുടെ ശരീരത്തിലെ നാഢീപ്രവര്‍ത്തനങ്ങളും അന്തസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും സന്തുലനമാകുന്നു. ഇത് പ്രസ്തുത വ്യക്തിയുടെ സ്വഭാവത്തിലും, വ്യക്തിത്വത്തിലും എന്നു വേണ്ട ആ വ്യക്തിയുടെ ശരീരവും, മനസ്സും, ബുദ്ധിയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ആരോഗ്യപരമായ മാറ്റങ്ങളുണ്ടാക്കുന്നു. ലളിതങ്ങളായ ശരീര ചലങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു വ്യക്തിയേയും, അതിലൂടെ ഒരു സമൂഹത്തെ മുഴുവനും പരിവര്‍ത്തനത്തിന് സഹായിക്കുന്ന വിധം രൂപവല്‍ക്കരിക്കപ്പെട്ട യോഗയെ വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ ഈ ഭൂമിയല്‍ സ്‌നേഹവും, സമാധാനവും, സന്തോഷവും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കാനാകുമെന്നതില്‍ സംശയമില്ല. അതിനാല്‍തന്നെ യോഗ പരിശീലിക്കുന്നവര്‍ ആദ്യമായും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് യോഗയിലെ സ്ട്രെച്ചിങ് മറ്റുള്ള സ്ട്രെച്ചിങ്ങില്‍ നിന്നും എങ്ങിനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ഏന്നത്.

നമ്മുടെ ജീവിതശൈലികളിലൂടെയും, തെറ്റായ ഭക്ഷണത്തിലൂടെയും, മാനസികസംഘര്‍ഷത്തിലൂടെയും നമ്മുടെ പേശീതന്തുക്കളില്‍ സംഭവിച്ചിരിക്കുന്ന മസ്‌കുലര്‍ ടെന്‍ഷനെ അയവുള്ളതാക്കുകയാണ് മറ്റ് സ്ട്രെച്ചിങ്ങുകളിലെന്നപോലെ യോഗാസനങ്ങളും ചെയ്യുന്നത്. പക്ഷെ സാധാരണ സ്ട്രെച്ചിങ്ങുകളില്‍, ഒരു ദിവസത്തിലെ ഏതെങ്കിലും സമയത്ത് നാം മസിലുകളെ സ്ട്രെച്ച് ചെയ്ത് കുറച്ച് സമയം കഴിയുമ്പോഴേക്കും പ്രസ്തുത മസിലുകള്‍ വീണ്ടും പഴയതുപോലെത്തന്നെ അയവ് നഷ്ടപ്പെട്ടതായി നാം മനസ്സിലാക്കുന്നു. ഇതിന് പ്രധാന കാരണം, സ്റ്റാറ്റിക് സ്ട്രെച്ചിങ്, സ്റ്റ്രച്ച് റിഫ്‌ളക്‌സിനെ അഥവാ മയോറ്റാറ്റിക് റിഫ്‌ളക്‌സിനെ നാം സാധാരണ സ്ട്രെച്ചിങ്ങിൽ ഉത്തേജിപ്പിക്കുന്നത് എന്നതാണ്. ഇത്തരത്തിലുള്ള സ്ട്രെച്ചിങ്ങുകളില്‍ മസിലുകളില്‍ നിന്നുള്ള നാഢീസ്പന്ദനങ്ങളെ മസ്തിഷ്‌കത്തിലേയ്ക്ക് അയക്കേണ്ട ആവശ്യം വരുന്നില്ല. മറിച്ച് അവ അയക്കപ്പെടുന്നത് അനുബന്ധമായ സ്‌പൈനല്‍ കോഡിലേയ്ക്കാണ്. അതുകൊണ്ടുതന്നെ പേശികളെ റിലേക്‌സ് ചെയ്ത് നിര്‍ത്തുന്നതിനായുള്ള ഒരു ട്രെയ്‌നിംഗും മസിതിഷ്‌കത്തിന് ലഭിക്കുന്നുമില്ല. ഫലമോ, മസിലുകള്‍ വീണ്ടും അയവില്ലാത്തവയായിത്തന്നെ തുടരുന്നു. ഇതിന് ഒരു പരിഹാരം മാത്രമാണുള്ളത്. അത് പേശികളെ അയവുള്ളതാക്കുന്നതിന് കഴിവുള്ള സ്പന്ദനങ്ങളെ പേശികളിലേയ്ക്ക് അയക്കുന്നതിനായി മസ്തിഷ്‌കത്തെ പ്രാപ്തമാക്കുക എന്നത് മാത്രമാണ്. ഇവിടെയാണ് പെന്റിക്യുലേഷന്‍ എന്ന സ്ട്രെച്ചിങ് ഫലവത്താകുന്നത്.

പെന്റിക്യുലേഷന്‍

മനുഷ്യരിലും മറ്റ് നിരവധി മൃഗങ്ങളിലും പേശികളിലെ ടെന്‍ഷന്‍ ഇല്ലാതാക്കുന്നതിന്നുള്ള രീതികളും, ശീലങ്ങളും പ്രകൃതി തന്നെ നല്‍കിയിട്ടുണ്ട്. അതിലൊരു രീതിയാണ് പേന്റിക്യുലേഷന്‍. മനുഷ്യരും മൃഗങ്ങളും മറ്റും ഉറക്കമെഴുന്നേറ്റു കഴിഞ്ഞാല്‍ നീണ്ട് നിവരുന്നതെല്ലാം നാം കണ്ടിരിക്കുമല്ലോ. നാട്ടു ഭാഷയില്‍ ഇതിനെ മൂരിനിവരുക എന്നെല്ലാം പറയാറുണ്ട്. ഇതിനെ ഇംഗ്‌ളീഷ് ഭാഷയില്‍ പെന്റിക്യുലേഷന്‍ എന്ന് വിളിക്കുന്നു. മൃഗങ്ങള്‍ സാധാ
രണയായി ഒരു ദിവസത്തില്‍ നാല്‍പതോ അമ്പതോ തവണ ഇങ്ങനെ ചെയ്യാറുണ്ട്. ശരീരത്തിലെ പേശികളിലെ ടെന്‍ഷന്‍ ഒഴിവാക്കുന്നതിന്നും, പേശികളിലേയും മറ്റും വേദനകള്‍ ഒരളവുവരെ ഇല്ലാതാക്കുന്നതിനും വേണ്ടി ശരീരം സ്വയം (നാം പ്രത്യേകം ശ്രദ്ധിക്കാതെ തന്നെ) അനുഷ്ഠിക്കുന്ന പ്രവര്‍ത്തനമാണ് പെന്റിക്ക്യുലേഷന്‍.

പേന്റിക്യുലേഷന്‍ ഏന്നത് പേശികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ മസ്തിഷ്‌കത്തിലെ സോഫ്റ്റ്‌വെയറിനെ നമുക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ അപ്‌ഡേറ്റ്‌ചെയ്യുന്ന ഒരു രീതിയാണ.് ഇതു തന്നെയാണ് യോഗാസന പരിശീലനത്തിന്റെയും മര്‍മ്മപ്രധാനമായ ഭാഗം.

ശരീരത്തിലെ ബാഹ്യപേശികളുടെ പ്രവര്‍ത്തനം മസ്തിഷ്‌കത്തിലെ സെന്‍സറി മോട്ടോര്‍ സെന്ററിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ ബാഹ്യപേശികളെ സ്ഥിരമായി എന്തെങ്കിലും പഠിപ്പിക്കണമെങ്കില്‍ നാം മസ്തിഷ്‌കത്തിലെ പ്രസ്തുത കേന്ദ്രത്തില്‍ത്തന്നെ മാറ്റങ്ങള്‍ സൃഷ്ടിക്കണം. മസ്തിഷ്‌കത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പരിശീലനത്തിലൂടെ മാത്രമേ അത് സാദ്ധ്യമാകുകയുള്ളു. നേരത്തെ സൂചിപ്പിച്ചതു പോലെ സാധാരണ സ്ട്രെച്ചിങ്ങിൽ പേശികളിലെ സ്പന്ദനങ്ങള്‍ മസ്തിഷ്‌കത്തിലെത്തുന്നതിന് പകരം എഫറന്റ് ന്യൂറോണ്‍സ് വഴി സ്‌പൈനല്‍ കോഡിലാണ് എത്തുന്നത്. സ്‌പൈനല്‍ കോഡിലെ അനുബന്ധ കേന്ദ്രങ്ങള്‍ ഉടനെത്തന്നെ പ്രസ്തുത പേശികളെ സാധാരണ അവസ്ഥയിലേക്കെത്തിക്കുന്നതിനുള്ള സ്പന്ദനങ്ങളെ എഫറന്റ് ന്യൂറോണുകള്‍ വഴി പേശികളിലേക്കയച്ച് അവയെ പൂര്‍വ്വസ്ഥിതിയിലാക്കുന്നു. അതിനാല്‍ത്തന്നെ ഇത്തരം സ്പന്ദനങ്ങളെ മസ്തിഷ്‌കത്തിലെത്തിച്ച് തീരുമാനിക്കേണ്ട ആവശ്യം വരുന്നില്ല. മസ്തിഷ്‌കത്തിലെ മോട്ടോര്‍ കോര്‍ട്ടക്‌സില്‍ നമ്മുടെ ശരീര ഭാഗങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉണ്ട് എന്നറിയാമല്ലോ. അതിനാല്‍ത്തന്നെ മസ്തിഷ്‌കത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ചെയ്യുന്ന പേന്റിക്യുലേഷന്‍ സ്ട്രെച്ചിങ്ങിൽ മസ്തിഷകത്തിന്റെ പൂര്‍ണമായ ഇടപെടല്‍ നടക്കുന്നുണ്ട്. പേന്റിക്ക്യുലേഷനില്‍ മസിലുകളില്‍ കോണ്‍ട്രാക്ഷന്‍ ഉണ്ടാക്കുന്നതിലും, സ്ട്രെച്ചിങ് സൃഷ്ടിക്കുന്നതിലും അതിനോടനുബന്ധിച്ച് റിലേക്‌സ് ചെയ്യുന്നതിന്നനുസൃതമായ നമ്മുടെ മസ്തിഷ്‌കത്തിന്റെ അനുബന്ധ കേന്ദ്രങ്ങള്‍ ഉത്തേജിക്കപ്പെടുകയും അതിന്നനുസൃതമായ പ്രസ്തുത കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ യോഗാസനപരിശീലനം പെന്റിക്യുലേഷന്‍ സ്ട്രെച്ചിങ്ങിന്റെ രീതിയില്‍ അനുവര്‍ത്തിക്കേണ്ട ഒരു പരിശീലനമാണ്. കോട്ടുവാ ഇടുന്നതുപോലും പേന്റിക്യുലേഷന്‍ സ്ട്രെച്ചിങ് ഉണ്ടാക്കുന്നതിനാല്‍, ക്ഷീണം മാറുന്നതിനും, ഉന്മേഷം ഉണ്ടാകുന്നതിനും മറ്റും കോട്ടുവാ സഹായകമാകുന്നു. ഈ സമയത്ത് മുഖത്തുള്ള നിരവധി പേശികളിലും അതോടൊപ്പം തന്നെ ശരീരത്തിലെ മറ്റ് പേശികളിലും അതിന്റെ ഗുണപരമായ പ്രതിഫലനം ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. (Bertolini and Gessa, 1981; Lehmann, 1979; UrbaHolmgren et al., 1977)

ശരീരത്തിലെ എല്ലാ പേശികളിലും പേന്റിക്കുലേഷന്‍ സ്ട്രെച്ചിങ് ഉണ്ടാക്കി അതിലൂടെ മസ്തിഷ്‌കത്തിലെ അനുബന്ധമായ മോട്ടോര്‍ കോര്‍ട്ടക്‌സില്‍ ഉത്തേജനം ഉണ്ടാക്കാമെങ്കിലും മോട്ടോര്‍ കോര്‍ട്ടക്‌സില്‍ മറ്റ് ശരീര ഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഭാഗം ഉള്ളത് വായയുമായി ബന്ധപ്പെട്ട ഭാഗത്തിനാണ്. അതിനാല്‍ത്തന്നെ വായയുടെ ഭാഗത്തെ സ്റ്റ്രച്ച് ചെയ്യുന്ന കോട്ടുവാ മറ്റ് ശരീരഭാഗങ്ങളിലൂടെ സൃഷ്ടിക്കുന്ന സ്ട്രെച്ചിങ്ങിനേക്കാള്‍ കൂടുതല്‍ റിലേക്‌സേഷനും, ഉന്മേഷവും തരുന്നതാണ്. മോട്ടോര്‍ കോര്‍ടക്‌സിനെ ഉത്തേജിപ്പിക്കുന്നതിലൂടേ വ്യക്തിത്വത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

യോഗാസനങ്ങള്‍, നാം ചെയ്തു വരുന്ന സാധാരണ സ്ട്രെച്ചിങ്ങുകളല്ല. യോഗാസന പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ ഫ്‌ളക്‌സിബിലിറ്റി മാത്രമല്ലെന്നും ഒരു വ്യക്തിയുടെ ശരീരതലത്തിലും, മാനസീക തലത്തിലും, ബോധതലത്തിലും ഗുണപരമായ നിരവധി മാറ്റങ്ങളുണ്ടാക്കാന്‍ ഉതകുന്ന ഒരു പ്രത്യേക പരിശീലനക്രമമാണെന്നും സൂചിപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. രാജയോഗത്തിന്റെ ഉയര്‍ന്ന തലത്തിലേയ്ക്ക് പ്രവേശിക്കാനുള്ള ഒരു സോപാനമായി ഹഠയോഗത്തെ സ്വാത്മാരാമ മഹര്‍ഷി വിശേഷിപ്പിച്ചതും അതുകൊണ്ടായിരിക്കാം.

Content Highlights: international yoga day benefits of yoga and stretching

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented