കരീന കപൂർ, അനുഷ്ക ശർമ, മലൈക അറോറ
യോഗ മനോഹരമായ സംഗീതംപോലെയാണ്. ശരീരത്തിന്റെ താളവും മനസ്സിന്റെ മാധുര്യവും ആത്മാവിന്റെ ലയവും ഒത്തുചേർന്ന് ജീവിതമാകുന്ന സ്വരലയം തീർക്കും. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പുഷ്ടിപ്പെടുത്താൻ നിത്യേനയുള്ള യോഗാഭ്യാസം സഹായിക്കും. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോളിവുഡ് താരങ്ങളായ കരീന കപൂറും അനുഷ്ക ശർമയും മലൈക അറോറയുമൊക്കെ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൻ ജെയുടെ ചിത്രം സഹിതമാണ് കരീനയുടെ പോസ്റ്റ്. ബാലൻസ്, ജീവിതത്തിനും യോഗയ്ക്കും വേണ്ട പ്രധാനപ്പെട്ട വാക്ക്. എല്ലാവർക്കും യോഗാ ദിനാശംസകൾ എന്നാണ് കരീന കുറിച്ചത്.
മുമ്പത്തെ യോഗാചിത്രങ്ങൾ പങ്കുവെച്ചാണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്റെ യോഗാ യാത്രകളുടെ ചിത്രങ്ങൾ എന്നു പറഞ്ഞാണ് അനുഷ്ക പോസ്റ്റ് ചെയ്തത്. ചിലപ്പോഴൊക്കെ തുടങ്ങുകയും നിർത്തുകയും ചെയ്യുന്ന ബന്ധമാണ് ഇതെന്നും എന്നാൽ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രായത്തിലും തന്നെ കണ്ടിട്ടുള്ളതാണ് എന്നും അനുഷ്ക കുറിക്കുന്നു.
യോഗ ചെയ്യുന്ന വീഡിയോകൾ പങ്കുവെച്ചാണ് മലൈക യോഗാ ദിനാശംസക പങ്കുവെച്ചിരിക്കുന്നത്. നിരന്തരം .വിവിധ യോഗ പോസുകൾ പങ്കുവെക്കാറുള്ള മലൈക ഇക്കുറിയും വിവിധ യോഗാസനങ്ങൾ പങ്കുവെച്ച് യോഗ പരിശീലിക്കാൻ പറയുന്നുമുണ്ട്.
യോഗയുടെ പത്ത് ഗുണങ്ങൾ
- സമ്മർദം അകറ്റി മനസ്സിന് ശാന്തി നൽകുന്നു.
- രോഗപ്രതിരോധശേഷി വർധിപ്പിച്ച് രോഗങ്ങളെ അകറ്റിനിർത്തുന്നു.
- ദിവസത്തിൽ ഉടനീളം ശരീരത്തിന് സവിശേഷ ഊർജം പ്രദാനം ചെയ്യുന്നു.
- ശരീരത്തിന് വഴക്കമുണ്ടാക്കുന്നു.
- പേശീബലവും ആരോഗ്യവും വർധിപ്പിക്കുന്നു.
- ശരീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചുനിർത്താനും സഹായിക്കുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
- ശ്വാസകോശപ്രശ്നങ്ങൾക്ക് ആശ്വാസമേകുന്നു.
- ഉത്കണ്ഠാരോഗവും ഉയർന്ന രക്തസമ്മർദവും കുറയ്ക്കുന്നു.
- ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..