Representative Image | Photo: Gettyimages.in
ഭാരതത്തിൽ 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ ആവിർഭവിച്ചതാണ് യോഗാഭ്യാസം. രോഗചികിത്സയിൽ സമഗ്രമായ ഒരു സമീപനം കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആധുനിക ലോകം യോഗയ്ക്ക് വളരെയധികം പ്രചാരം നൽകിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് യോഗയെ ഒരു പാരമ്പര്യ ചികിത്സാരീതിയായി കണക്കിലെടുത്തിട്ടുണ്ട്.
ആസനങ്ങളും ശ്വസനനിയന്ത്രണവും ഉൾപ്പെടെ എട്ട് ഘടകങ്ങൾ അടങ്ങിയ ഒരു പരിശീലനരീതിയാണ് യോഗ. പേശികളുടെ വ്യായാമവും ശ്വാസോച്ഛാസത്തിന്റെ നിയന്ത്രണവും സ്വശരീരത്തിലേക്ക് കേന്ദ്രീകരിച്ച് ചെയ്യുന്ന ഒരു മാനസിക ശാരീരിക പരിശീലനമാണ് യോഗ.
ആരോഗ്യപരമായ തലത്തിൽ നോക്കുമ്പോൾ മറ്റേതൊരു വ്യായാമവും പോലെ യോഗ പരിശീലനവും ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ്. മറ്റു വ്യായാമങ്ങളിൽ ചിലത് പേശീബലവും കായികക്ഷമതയും വർധിപ്പിക്കുന്നവയാണെങ്കിൽ യോഗ നല്ല മെയ് വഴക്കവും ശാരീരികക്ഷമതയും നൽകുന്നു. അതുപോലെ യോഗാ പരിശീലനത്തിൽ ഒരു വ്യക്തി സ്വന്തം ശരീരത്തിലേക്കും തൽസമയം പ്രവർത്തിക്കുന്ന പേശികളിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി വളരെയേറെ പ്രയോജനകരമാണ്. ഇത് ശരിയായ മാനസിക-ശാരീരിക ഏകോപനം (Physical- Mental Coordination) സാധ്യമാക്കുന്നു. കായികമൽസരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇത്തരം പരിശീലനം അവരുടെ ഏകാഗ്രതയും പ്രകടനപരതയും വർധിപ്പിക്കുവാൻ ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യപരമായ ഗുണങ്ങൾ
- മാനസിക സമ്മർദം കുറയുന്നു. വിഷാദരോഗമുള്ളവർ മരുന്നുകൾക്കും കൗൺസിലിങ്ങിനും പുറമെ യോഗയും കൂടി അഭ്യസിക്കുന്നത് കൂടൂതൽ ആശ്വാസം പകരും. ശരീരത്തിൽ സെറടോണിൻ അളവ് കൂട്ടുകയും മോണോഅമീൻ ഓക്സിഡേസ് എൻസൈമിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
- ഹൃദ്രോഗത്തിന് കാരണമായ രക്തസമ്മർദം നിയന്ത്രിക്കുവാൻ മരുന്നുകളോടൊപ്പം യോഗവിദ്യ കൂടി അഭ്യസിക്കുന്നവർക്ക് കൂടുതൽ സാധിക്കുന്നു. ചില പഠനങ്ങൾ തെളിയിക്കുന്നത് യോഗ പരിശീലിക്കുന്ന ഹൃദ്രോഗികളിൽ ആരോഗ്യമുള്ളവരിലും കൊളസ്ട്രോളിന്റെ അളവ് കൂടുതലായി നിയന്ത്രിക്കാൻ സാധിക്കുന്നു എന്നാണ്. ഇക്കാരണത്താൽ ഹൃദ്രോഗ പുനരധിവാസ ചികിത്സയിൽ പല വിദഗ്ധരും യോഗ പരിശീലനം കൂടി ഉൾപ്പെടുത്തി വരുന്നു.
- നാല് വർഷത്തോളം തുടർച്ചയായി ആഴ്ചയിൽ 30 മിനിറ്റ് എങ്കിലും യോഗ പരിശീലിക്കുന്നവരിൽ അമിതവണ്ണത്തെ തടയുന്നതായും അമിതവണ്ണമുള്ളവരിൽ തന്നെ ഭാരം കുറയുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.
- വാതരോഗമുള്ളവരിൽ സന്ധികളുടെ ചലനം വർധിപ്പിക്കുവാനും വഴക്കം നിലനിർത്തുവാനും യോഗ ഫലപ്രദമാണ്. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ മരുന്നുകളോടൊപ്പം ഒരു വ്യായാമമുറയായി യോഗ അഭ്യസിക്കാവുന്നതാണ്.
Content Highlights: benefits of yoga international yoga day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..