വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഗീതം ചോര്‍ന്ന് പോവരുതെന്നുണ്ടായിരുന്നു; അതാണ് കേകയിലാക്കിയത്


സച്ചിദാനന്ദൻ

ഷെയ്ക്‌സ്പിയറുടെ ഗീതകങ്ങള്‍ (sonnets) പരിഭാഷപ്പെടുത്താനുള്ള ആദ്യത്തെ പ്രേരണ എനിക്ക് നല്‍കിയത് ഗുരുതുല്യനായ കവിപണ്ഡിതന്‍ അയ്യപ്പപ്പണിക്കരാണ് അദ്ദേഹം ഷെയ്ക്‌സ്പിയറുടെ സമ്പൂര്‍ണ്ണകൃതികള്‍ മലയാളത്തില്‍ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. ഞാന്‍ അറുപതു കവിതകള്‍ കേകാവൃത്തത്തില്‍ പരിഭാഷ ചെയ്തു, അപ്പോഴേക്കും പ്രകാശനത്തിയ്യതി അടുത്തതുകൊണ്ട് ഏതെങ്കിലുംവിധത്തില്‍ വിവര്‍ത്തനം തീര്‍ത്ത് ഉടന്‍ അയയ്ക്കുക എന്ന സന്ദേശം വന്നു. ഞാന്‍ അന്ന് സാഹിത്യ അക്കാദമി സെക്രട്ടറി എന്ന നിലയിലുള്ള ഭാരിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സമയമാണ് 1998-99 കാലം. പദ്യം കൂടുതല്‍ സമയമെടുക്കും, അതിനാല്‍ എനിക്ക് അറുപതാമത്തെ ഗീതകത്തിനു ശേഷമുള്ളവ, മനസ്സില്ലാമനസ്സോടെ, ഗദ്യത്തില്‍ ചെയ്യേണ്ടിവന്നു. 2000ത്തിലാണ് ആ വോള്യം പ്രസിദ്ധീകരിക്കപ്പെട്ടത്.

എന്നാല്‍ അതിനു ശേഷവും അവ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഒപ്പം സഹപ്രവര്‍ത്തകന്‍കൂടിയായിരുന്ന കെ.വി. ബേബിയുടെ നിരന്തര സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പല യാത്രകളിലും ഞാന്‍ ആ ഗദ്യവിവര്‍ത്തനങ്ങള്‍ കൂടെ കൊണ്ടുപോയി, അറുപതാമത്തേതിനു ശേഷമുള്ള മുപ്പതെണ്ണം ആ യാത്രകളില്‍ പദ്യരൂപത്തിലാക്കി. അക്കാദമി ജോലിയില്‍നിന്നു വിരമിച്ച ശേഷം ഞാന്‍ പത്തു വര്‍ഷം പല ജോലികളും ചെയ്തുകൊണ്ടിരുന്നു. ധാരാളമായി എഴുതുകയും ചെയ്തു. അതിനിടെ ഗീതകങ്ങളുടെ കാര്യം ഇടയ്ക്കു മാത്രം തിളങ്ങുന്ന ഒരു സ്മരണ മാത്രമായി. ഇയ്യിടെ നിര്‍ബ്ബന്ധിതമായ വീട്ടിലിരിപ്പു തുടങ്ങിയപ്പോള്‍ അവയിലേക്കു തിരിച്ചുപോകാം എന്നു തോന്നി, പക്ഷേ, പുതുതായി ചെയ്തിരുന്ന മുപ്പതു ഗീതകങ്ങള്‍ കേടുവന്ന പഴയ ലാപ്‌ടോപ്പില്‍ പെട്ടുപോയി. അതിനാല്‍ 61 മുതല്‍തന്നെ വീണ്ടും ആരംഭിക്കേണ്ടിവന്നു. ഒരുതരത്തില്‍ അതു നന്നായി. ഞാന്‍ ഗീതകങ്ങളെക്കുറിച്ചു കൂടുതല്‍ വായിച്ചു, പല പ്രസാധകരും പ്രകാശിപ്പിച്ച പതിപ്പുകളിലൂടെ കടന്നുപോയി. ഇക്കുറി ഇടമുറിയാതെ എല്ലാ ദിവസവും ഒന്നോ രണ്ടോ മൂന്നോ വീതം കവിതകളുടെ പരിഭാഷ ചെയ്തു, അവസാനമെത്തിയപ്പോള്‍ വേഗം പിന്നെയും കൂടി. അവയില്‍ ചിലത് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു, അവയ്ക്കു ലഭിച്ച നല്ല സ്വീകരണം പ്രോത്സാഹജനകമായിരുന്നു. മാതൃഭൂമിയിലെ നൗഷാദ് പുസ്തകത്തില്‍ താത്പര്യം പ്രകടിപ്പിച്ചതും പ്രേരണയായി. അങ്ങനെ അവസാനം ഇതാ പുസ്തകം നിങ്ങളുടെ കൈയില്‍.ഇംഗ്ലീഷില്‍ ഗീതകങ്ങള്‍ പല തരമുണ്ട്. എല്ലാറ്റിനും പതിന്നാലു വരിയാണ് ഉള്ളതെങ്കിലും അവയുടെ സംവിധാനം പല തരമാണ്. ഷെയ്ക്‌സ്പിയറുടെ ഗീതകരൂപം നാലു ചതുഷ്പദികളും ഒരു ഈരടിയും ഉള്‍ക്കൊള്ളുന്നതാണ്. ഈരടി മുമ്പേ പറഞ്ഞതിന്റെ ഒരു സാരസംഗ്രഹമാണ്. ഈ രൂപം മലയാളത്തില്‍ മൂലരചനയില്‍ ഉപയോഗിക്കുക പ്രയാസമല്ല. എന്നാല്‍ വിവര്‍ത്തനത്തില്‍ നിലനിര്‍ത്തുക സാദ്ധ്യമല്ല. അതിന് ഒരു കാരണം ഇംഗ്ലീഷില്‍നിന്ന് പരിഭാഷ ചെയ്യുമ്പോള്‍ മലയാളത്തില്‍ വാക്കുകളും അക്ഷരങ്ങളും പെരുകുന്നു എന്നതാണ്. ഒപ്പം തന്നെ മൂലകവി നാലു വരിയില്‍ പറയുന്നത് പരിഭാഷയില്‍ നാലു വരിയില്‍ നില്‍ക്കണമെന്നില്ല, വൃത്തം ഏതുതന്നെയായാലും. അപ്പോള്‍ ഘടന നിലനിര്‍ത്താനായി വാക്കുകളും സൂചനകളും മറ്റും ഉപേക്ഷിക്കേണ്ടി വരും; അതിനേക്കാള്‍ പ്രധാനം തീര്‍ച്ചയായും അവ നിലനിര്‍ത്തുകയാണ് ഇത് പദ്യപരിഭാഷയുടെ പ്രശ്‌നമാണല്ലോ എന്നു പറയാം, എന്നാല്‍ ഷെയ്ക്‌സ്പിയറുടെ ഗീതകങ്ങള്‍ ഗദ്യത്തില്‍ പരിഭാഷ ചെയ്താല്‍ പരാവര്‍ത്തനം പോലെയേ ഇരിക്കൂ. അവയുടെ സംഗീതം തീര്‍ത്തും ചോര്‍ന്നുപോകും. അതുകൊണ്ട് ഞാന്‍ ചെയ്തത് ഈ ഗീതകങ്ങള്‍ക്കു പറ്റിയ വൃത്തമായ കേക തിരഞ്ഞെടുക്കുകയും, വേണ്ടിവന്നാല്‍ ചില വരികള്‍ കുറയുകയോ കൂടുകയോ ചെയ്താലും അര്‍ത്ഥധ്വനികള്‍ നിലനിര്‍ത്തുകയും ചെയ്യുക എന്ന രീതിയാണ്. ഷെയ്ക്‌സ്പിയറുടെ ഗീതകങ്ങളുടെ ഘടന പഠിക്കാന്‍ ഏതായാലും വിവര്‍ത്തനം പോരാ, ഇംഗ്ലീഷിന്റെ മാത്രാവ്യവസ്ഥയും ഊന്നലുകളും വൃത്തസംവിധാനവും തന്നെ അറിയണം. മലയാളത്തിന്റെ അനുവാചകനു വേണ്ടത് നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത് എന്നു ചുരുക്കം. നാനൂറ്റിപ്പന്ത്രണ്ടു വര്‍ഷം മുമ്പ് ആദ്യമായി സമാഹരിക്കപ്പെട്ട ഈ കവിതകളെ സമകാലികവായനക്കാര്‍ക്ക് തീര്‍ത്തും അന്യമാകാത്തതരത്തില്‍ തര്‍ജ്ജമ ചെയ്യുവാനാണ് എന്റെ ശ്രമം.

ഈ നാലു നൂറ്റാണ്ടുകാലത്ത് ഷെയ്ക്‌സ്പിയറുടെ ഗീതകങ്ങളെക്കുറിച്ചു നടന്നിട്ടുള്ള പഠനഗവേഷണങ്ങള്‍ സംഗ്രഹിക്കാന്‍ പോലും ഈ ആമുഖത്തില്‍ സാദ്ധ്യമല്ല. നിര്‍ഭാഗ്യവശാല്‍ അവയില്‍ ഏറിയപങ്കും ഇവയില്‍ ഒരു അഖണ്ഡവ്യാഖ്യാനം വായിച്ചെടുക്കാനും ഇവയെ കവിയുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുത്താനും കഥാപാത്രങ്ങളെ അന്നു ജീവിച്ചിരുന്ന ചില യഥാര്‍ത്ഥപുരുഷന്മാരും സ്ത്രീകളുമായി തിരിച്ചറിയാനുമുള്ള ശ്രമങ്ങളായിരുന്നു. ഇവയ്ക്ക് ഒരിക്കലും ഊഹങ്ങള്‍ക്കപ്പുറം പോകാനാവില്ല, കാരണം, ഷെയ്ക്‌സ്പിയറുടെ ലണ്ടന്‍ ജീവിതത്തെക്കുറിച്ച് ഒരു പേജില്‍ കൊള്ളിക്കാവുന്നതില്‍ കൂടുതല്‍ വിവരങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ല. എന്തെങ്കിലും കൂടുതല്‍ അറിയാമെങ്കില്‍, അത് ഭാഗ്യാന്വേഷിയായി ലണ്ടനില്‍ വരുംമുമ്പുള്ള ഏവണ്‍ നദിക്കരയിലെ സ്ട്രാറ്റ്ഫഡ് എന്ന കൊച്ചു പട്ടണത്തിലെ ജീവിതം, വിവാഹം മുതലായവയെക്കുറിച്ചു മാത്രമാണ്. ആ വളരെ വലുതല്ലാത്ത ജന്മഗൃഹത്തില്‍ ഞാനും പോയിട്ടുണ്ട്. കവിയുടെ കത്തുകളോ, ഡയറികളോ, അദ്ദേഹം വായിച്ചിരുന്ന പുസ്തകങ്ങളോ ഒന്നുംതന്നെ ലഭ്യമല്ല. പിന്നീട് കവിയുടെ മകളെ വിവാഹം കഴിച്ചയാള്‍ പണത്തിനു വേണ്ടി എഴുതിയ ഒരു കത്തു മാത്രമാണ് ലഭ്യമായിട്ടുള്ളത്. അപ്പോള്‍ ഗീതകങ്ങളില്‍ ഷെയ്ക്‌സ്പിയറുടെ വൈകാരികജീവിതം നേരേ കണ്ടെത്താം എന്നത് ചില നിരൂപകരുടെ ഒരാഗ്രഹം മാത്രമാണ്. 1609നു ശേഷം 1640ല്‍, കവി തന്റെ മറ്റ് ആഖ്യാനകവിതകളിലൂടെ 'വീനസും അഡോണിസ്സും,' 'ലുക്രീസിന്റെ മാനഭംഗം' മുതലായവ പ്രശസ്തനായശേഷം മാത്രമാണ് ഗീതകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് അതും കുഴഞ്ഞുമറിഞ്ഞ രൂപത്തില്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണ് പണ്ഡിതനായ എഡ്മണ്ട് മാലോണിന്റെയും മറ്റും ഉത്സാഹത്തില്‍ ഗീതകങ്ങള്‍ ഒന്നു ചിട്ടപ്പെടുത്തി പ്രകാശിപ്പിക്കാനും പഠിക്കാനും ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതില്‍ പലതിന്റെയും പ്രശ്‌നം, നേരത്തേ പറഞ്ഞപോലെ, ഗീതകങ്ങളെ ആഖ്യാനമായിക്കണ്ട് അവയുടെ നായകത്വം ഷെയ്ക്‌സ്പിയറില്‍ ആരോപിക്കുന്നതാണ്. ഷെയ്ക്‌സ്പിയറുടെ ലിയര്‍ രാജാവ്, ഹാംലെറ്റ്, ഒഥല്ലോ, കാലിബന്‍, ഷൈലക് തുടങ്ങിയ കഥാപാത്രങ്ങളില്‍ ഷെയ്ക്‌സ്പിയറുടെ ജീവിതവും വികാരങ്ങളും കണ്ടെത്താന്‍ ശ്രമിക്കുംപോലെ തന്നെയാണിത്.

അതേ സമയം ഇവയെ ശരിക്കും അടുക്കിയാല്‍ ഇവിടെ ചെയ്തിട്ടുള്ളതുപോലെ ഒരു ആഖ്യാനത്തിന്റെ സൂചനകള്‍ കാണാം. അതിലെ നായകന്‍ കവി തന്നെയോ എന്നു മാത്രമേ സംശയമുള്ളൂ. അയഞ്ഞ പരസ്പരബന്ധമുള്ള 154 ആത്മഗതങ്ങള്‍ എന്ന നിലയിലാവാം ഇവയെ നാം വായിക്കേണ്ടത്. അപ്പോള്‍ ചില പേരില്ലാത്ത കഥാപാത്രങ്ങളെ കണ്ടുമുട്ടും. അവര്‍ ആരുമാകട്ടെ, രക്തമാംസങ്ങള്‍ ഉള്ളപോലെ തോന്നിക്കുന്ന, നമുക്ക് ഉള്‍ക്കണ്ണില്‍ കാണാവുന്ന, ശാരീരികവും മാനസികവുമായ പ്രത്യേകതകളുള്ള, വെള്ളത്തൊലിക്കാരനും കരിമുടിക്കാരിയുമായ, അന്യോന്യം സ്‌നേഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന, കാമാതുരരായ, പച്ചമനുഷ്യരാണ്. അക്കാലത്തെ ചില നാടന്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങളും, ഷെയ്ക്‌സ്പിയര്‍ ഉപയോഗിക്കുന്നുണ്ട്. അമ്പരപ്പിക്കുന്ന ആവര്‍ത്തനങ്ങളും ഉണ്ട്, ചിലപ്പോള്‍ പ്രയോഗങ്ങള്‍, ചിലപ്പോഴാകട്ടെ കവിതതന്നെ കുറെയൊക്കെ ആവര്‍ത്തിക്കപ്പെടുംപോലെ തോന്നും, അവസാനത്തെ രണ്ടു ഗീതകങ്ങള്‍ ഉദാഹരണം. കൊതി, രതി, ചതി ഇവ ഈ കവിതകളില്‍ ആവര്‍ത്തിച്ചു കാണുന്ന പ്രമേയങ്ങളാണ്. അതുപോലെ മനുഷ്യരുടെ നശ്വരതയും കവിതയുടെ അനശ്വരതയും... ചിലതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ചില പദങ്ങളുടെ അശ്ലീലധ്വനികള്‍ കൂടി അറിയേണ്ടിവരും. 'മൊട്ട്' എന്നതിന് ലിംഗാഗ്രം (glans penis) എന്ന് അന്ന് അര്‍ത്ഥമുണ്ടായിരുന്നു, 'റോസ്' യോനീസൂചകം കൂടിയായിരുന്നു. തുടരുകയും കെട്ടുപിണയുകയും ഇടയ്ക്ക് പിരിഞ്ഞുപോവുകയും ചെയ്യുന്ന ചരടുകള്‍ പോലുള്ള തുടര്‍ച്ചയാണ് ഗീതകങ്ങളില്‍ കാണുക. പല തരം പാപങ്ങളെക്കുറിച്ചുള്ള അഹന്ത, അത്യാര്‍ത്തി, കാമം, വഞ്ചന സൂചനകള്‍ തുടര്‍ച്ചയായി വരുന്നുണ്ട്. അതു പോലെ ഋതുക്കളും. ബ്രിട്ടീഷ് കാല്‍പ്പനികതയുടെ കാലത്താണ് ഗീതകങ്ങളില്‍ പലരും ഷെയ്ക്‌സ്പിയറുടെ ആത്മകഥ തേടാന്‍ തുടങ്ങിയത്. കവിത 'ആത്മാവിഷ്‌കാരം' ആണെന്ന ചിന്ത പ്രബലമായത് അക്കാലത്താണല്ലോ.

ഗീതകങ്ങളിലാണ് ഷെയ്ക്‌സ്പിയര്‍ തന്റെ ഹൃദയം തുറന്നുകാട്ടുന്നത് എന്ന് വേഡ്‌സ്വര്‍ത്ത് 1827ല്‍ പ്രസ്താവിച്ചു. അപ്പോള്‍ ഈ കവിതകളിലെ സുഹൃത്ത്, എതിരാളിയായ കവി, കറുത്ത മുടിയുള്ള സ്ത്രീ തുടങ്ങിയവര്‍ ആരാകാം എന്ന ഊഹങ്ങള്‍ ആരംഭിച്ചു, പല ഉത്തരങ്ങളും അവയ്ക്കു നല്‍കപ്പെട്ടു, എന്നാല്‍ വാസ്തവം ഇവയ്‌ക്കൊന്നിനും ഒരു തെളിവും ഇല്ലാ എന്നതാണ്. വേഡ്‌സ്വര്‍ത്തിനു മറുപടി വന്നത് 1876ലാണ്, ബ്രൗണിങ് പറഞ്ഞു, അങ്ങിനെയെങ്കില്‍ ഷെയ്ക്‌സ്പിയര്‍ അത്രത്തോളം കുറവ് ഷെയ്ക്‌സ്പിയര്‍ ആണ് എന്ന്. ഭാവഗീതാത്മകതയല്ല, നാടകീയതയാണ് അദ്ദേഹത്തിന്റെ മുഖമുദ്രയും മഹത്ത്വവും എന്നു സൂചന. ബ്രൗണിങ് തന്നെയും തന്നില്‍നിന്നു പുറത്തുകടന്ന് നാടകീയസ്വഗതാഖ്യാനങ്ങള്‍ രചിച്ച ആളായിരുന്നല്ലോ. ഗീതകങ്ങളില്‍ സംസാരിക്കുന്നത് ഒരു കവി തന്നെ, എന്നാല്‍ അത് ഷെയ്ക്‌സ്പിയര്‍ ആകണമെന്നില്ല. വിശ്വസനീയതയുള്ള ഒരു കഥാപാത്രമാണ് അയാള്‍ എന്നേ പറയാനാവൂ. ഇന്ന് ഒരുപക്ഷേ, പ്രതിനായകന്‍ (ആന്റിഹീറോ) എന്നു പറയാവുന്ന ഒരാള്‍. തന്റെ യുക്തിബോധത്തെപ്പറ്റി അഹങ്കരിക്കുമ്പോഴും പരസ്പരവിരുദ്ധമായി സംസാരിക്കുന്ന, അവനവനെയും മറ്റുള്ളവരെയും സംശയിക്കുന്ന, പെട്ടെന്ന് സന്തോഷിക്കുകയും വ്യസനിക്കുകയും ചെയ്യുന്ന, സ്‌നേഹിതനെ ഇഷ്ടപ്പെടുകയും ഒപ്പം അസൂയപ്പെടുകയും ചെയ്യുന്ന, കാമുകിയെ പ്രശംസിക്കുകയും ശകാരിക്കുകയും ഒന്നിച്ചു ചെയ്യുന്ന, ചിലപ്പോള്‍ വികാരാധീനനാവുകയും ചിലപ്പോള്‍ കളിയാക്കുകയും ചിലപ്പോള്‍ തത്ത്വചിന്തകനാവുകയും ചെയ്യുന്ന, വാഗ്വൈഭവമുള്ള കവിയായ, ഒരാള്‍. മറ്റു രണ്ടു കഥാപാത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉറപ്പുള്ള, എന്നാല്‍ അപൂര്‍ണ്ണനായ ഒരാള്‍. വായനക്കാര്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതലൊന്നും അയാളെക്കുറിച്ച് ഷെയ്ക്‌സ്പിയര്‍ വെളിപ്പെടുത്തുന്നില്ല. അയാള്‍ അഭ്യസ്തവിദ്യനാണോ, ഗ്രാമീണനാണോ, നാഗരികനാണോ, സമ്പന്നനാണോ, ദരിദ്രനാണോ ഒന്നും നമുക്കറിഞ്ഞുകൂടാ. ഹാംലെറ്റ് പോലും വിറ്റന്‍ബര്‍ഗ്ഗില്‍ പഠിച്ചത് നമുക്കറിയാം, ഡെന്‍മാര്‍ക്കിലെ രാജകുമാരനായിരുന്നെന്നും.

മിക്കവാറും ഗീതകങ്ങളില്‍ അയാള്‍ സുഹൃത്തിനോടും കാമുകിയോടും പറയുന്നത് നാം ഒളിഞ്ഞുനിന്നു കേള്‍ക്കുംപോലെയാണ്, ചിലപ്പോള്‍ മാത്രം ചില വിചാരങ്ങള്‍ നമ്മള്‍ വായനക്കാരുമായി പങ്കിടുന്നതായും തോന്നും ഗീതകം 129ലെ കാമത്തെക്കുറിച്ചുള്ള വേദനയോടെ ഉറക്കെയുള്ള സംസാരം പോലെ, അല്ലെങ്കില്‍ അതിന്നു നേരേ വിരുദ്ധമായ ചിന്ത മുന്നോട്ടുവെക്കുന്ന 116ലെ പ്രസ്താവം പോലെ. താന്‍ കാമിക്കുന്നവള്‍ ചിലപ്പോള്‍ മഹാസുന്ദരിയാണ്, ചിലപ്പോള്‍ നരകം പോലെ കറുത്തവളും. ചിലപ്പോള്‍ സുഹൃത്തുമായി അവളെ പങ്കിടാന്‍ അയാള്‍ക്ക് സന്തോഷമാണ്, ചിലപ്പോള്‍ അസൂയയും. സ്‌നേഹിതനോട് ചിലപ്പോള്‍ അദ്ധ്യാപകനെപ്പോലെ ശിക്ഷണസ്വരത്തിലും ചിലപ്പോള്‍ ശാസനയുടെ സ്വരത്തിലും ചിലപ്പോള്‍ അടിമയുടെ സ്വരത്തിലും അപൂര്‍വ്വമായി ശത്രുവിനോട് സംസാരിക്കുംപോലെയുമാണ് അയാളുടെ സംഭാഷണങ്ങള്‍. അയാളുടെ ഗുണഗണങ്ങള്‍ പുകഴ്ത്തിപ്പാടുകയും, അതേ സമയം അയാളുടെ പരിമിതികള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന രീതി പലപ്പോഴും കാണാം. ആദ്യത്തെ പതിനേഴു ഗീതകങ്ങളില്‍ സുഹൃത്തിനോട് സന്തതികള്‍ക്കു ജന്മംനല്‍കാന്‍ ഉപദേശിക്കുകയാണ് ഗീതകങ്ങളിലെ കര്‍ത്താവ് അയാള്‍ക്ക് ഷെയ്ക്‌സ്പിയറുമായി കഥാപാത്രം പോലുള്ള ഒരകലമുണ്ട് ചെയ്യുന്നത്. അതു പക്ഷേ, സുഹൃത്തിനു ബോദ്ധ്യപ്പെടുന്നതായിക്കാണുന്നില്ല, എന്നല്ല ആ ആവര്‍ത്തനങ്ങള്‍ അയാള്‍ക്ക് ചെടിപ്പും വൈരസ്യവും ഉണ്ടാക്കുന്നതായും തോന്നുന്നു. പോളോണിയസ്സും ലയാര്‍ട്ടസ്സും തമ്മിലുള്ള ബന്ധം ഇവിടെ നാം ഓര്‍മ്മിച്ചേക്കാം. എന്നാലും അവസാനംവരെ അയാള്‍ സുഹൃത്തിനെ പ്രശംസിക്കുന്നുണ്ട്, സര്‍വ്വഗുണസമ്പന്നന്‍, സര്‍വ്വലോക സുന്ദരന്‍ എന്നിങ്ങനെ. തന്റെ കണ്ണുകള്‍ക്ക് തെറ്റുപറ്റി എന്ന് പിന്നീടയാള്‍ക്ക് സംശയം തോന്നുന്നുണ്ട്. പീട്രാര്‍ക്കന്‍ പാരമ്പര്യത്തിലെ നായികമാരില്‍നിന്നാണ് ഷെയ്ക്‌സ്പിയര്‍ തന്റെ നായകന്റെ വര്‍ണ്ണന പഠിച്ചതെന്നു വ്യക്തമാണ്. ഈ കര്‍ത്താവ് കോമാളിയോ ദുരന്തനായകനാണോ എന്ന് നമുക്കു ചിലപ്പോള്‍ സംശയം തോന്നാം അയാള്‍ക്ക് ബൈപോളാര്‍ രോഗം ഉണ്ടായിരുന്നു എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഗീതകങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത് ഒരു ഡബ്ല്യൂ. എഛിനാണ്, അതു തന്നെയാണ് ഈ സുഹൃത്തും എന്ന് ഒരു വാദമുണ്ട്, പക്ഷേ, അയാള്‍ ആരെന്നുപോലും ആര്‍ക്കും തെളിയിക്കാനായിട്ടില്ല. ഇടയ്ക്ക് ചില ഗീതകങ്ങളില്‍ വരുന്ന 'പൊന്‍തൂലികയുടെ' ഉടമയായ കവി ആരെന്നു കണ്ടെത്താനും പലരും ശ്രമിച്ചിട്ടുണ്ട് വെറുതേ. കവിയുടെ ഊന്നല്‍ ചിന്ത, വികാരം, ബന്ധം എന്നിവയിലാണ് എന്നു വ്യക്തം, അല്ലാതെ ഒരു തുടര്‍ക്കഥ പറയുന്നതിലല്ലാ. അല്‍പ്പം ചില വരികള്‍കൊണ്ട് ആളുകളുടെ സ്വഭാവം വെളിപ്പെടുത്താനുള്ള ഷെയ്ക്‌സ്പിയറുടെ പാടവം ഇവിടെയും കാണാം, വിശേഷിച്ചും കാമാതുരയും അവിശ്വസ്തയുമായ ആ സ്ത്രീയുടെ ചിത്രീകരണത്തില്‍.

വിയറ്റ്, സറെ എന്നീ കവികളുടെ ഗീതകങ്ങളുടെ അന്ത്യപ്രാസമാതൃകയാണ്, മറ്റു മിക്ക ഇംഗ്ലീഷ് കവികളെയുംപോലെ ഷെയ്ക്‌സ്പിയറും പിന്തുടര്‍ന്നിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍, ഗീതകങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ട ഇറ്റാലിയനില്‍ ഉള്ളത്ര സമാനാന്ത്യപദങ്ങള്‍ ഇല്ലാത്തതാകാം കാരണം. ഗീതകങ്ങളുടെ പ്രളയം ഇംഗ്ലീഷില്‍ അടങ്ങിത്തുടങ്ങിയ കാലത്താണ് ഷെയ്ക്‌സ്പിയര്‍ ഇവ എഴുതുന്നത്. ഗീതകരൂപത്തിന്റെ പതിവുസമ്പ്രദായങ്ങള്‍ അദ്ദേഹം തെറ്റിക്കുന്നില്ല, പക്ഷേ, ചിലപ്പോള്‍ അതില്‍നിന്ന് വിട്ടുപോരികയും നാടകത്തിന്റെ അംശങ്ങള്‍ കൂടുതലായി ചേര്‍ക്കുകയും ചെയ്യുന്നു. 1609ലെ ആദ്യപതിപ്പിലെ ക്രമമാണ് ഇവിടെ പിന്തുടര്‍ന്നിട്ടുള്ളത്. പ്രണയവും ലൈംഗികതയും തമ്മിലുള്ള ബന്ധവും ബന്ധരാഹിത്യവുമാണ് ഇവയുടെ പൊതുപ്രമേയം എന്നു പറയാവുന്നതാണ്.

പുസ്തകത്തിന് എഴുതിയ ആമുഖം

സച്ചിദാനന്ദന്റെ കൃതികള്‍ വാങ്ങാം

Content Highlights: shakespeare sonnets malayalam translated by k sachidanandan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented