'സേവ് മി... ഓ ക്യാപ്റ്റന്‍, മൈ ക്യാപ്റ്റന്‍,' വിളക്കുമാടത്തിന്റെ മുകളില്‍ നിന്ന് അലക്‌സ് ഉറക്കെ പാടി


സബിന്‍ ഇക്ബാല്‍/ ജോണി എം.എല്‍.

-

സബിന്‍ ഇഖ്ബാല്‍ എഴുതിയ ക്ലിഫ് ഹാങ്ങേഴ്‌സ് മലയാളത്തിലേക്ക് സമുദ്രശേഷം എന്ന പേരില്‍ പരിഭാഷപ്പെടുത്തിയത് ജോണി എം.എല്‍ ആണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലിന്റെ പരിഭാഷയില്‍ നിന്നും ഒരുഭാഗം വായിക്കാം.

ല്ലാ വര്‍ഷവും കടല്‍ത്തീരത്തുള്ള നമ്മുടെ ചെറിയ ഗ്രാമത്തിലേക്ക് ട്രെയിനുകള്‍ നിറയെ വിദേശസഞ്ചാരികള്‍ വന്നെത്താറുണ്ട്. മഴക്കാലം വരുമ്പോള്‍, അവസാനത്തെ വിനോദസഞ്ചാരിയും അയാളുടെ അമിതമായി കുത്തിനിറച്ച മുതുകുഭാണ്ഡവുമെടുത്ത് യാത്രയാകുമ്പോള്‍, നമ്മള്‍ മാത്രം ഓര്‍മ്മകളും മുറിവുകളുമായി ഈ തീരത്ത് ബാക്കിയാവും. ആ മുറിവുകളുണങ്ങാന്‍ ഏറെ സമയമെടുക്കും; എല്ലാ ഓര്‍മ്മകളെയും മുറിവുകളെയും പോലെ. ചിലപ്പോള്‍ നമ്മള്‍ ചെന്നുപെടുന്നത് പ്രദേശത്തെ പോലീസ് സ്റ്റേഷനിലായിരിക്കും. ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പേ ഞാന്‍ ചെന്നുപെട്ടതുപോലെ, തലസ്ഥാനനഗരിയിലെ കേന്ദ്രജയിലിലായിരിക്കും എത്തുക.വിനോദസഞ്ചാരികളെല്ലാം പോയിക്കഴിയുമ്പോള്‍ തീരത്തെ ചെറിയ ദ്വാരങ്ങളില്‍നിന്ന് ചെറിയ ഞണ്ടുകളുടെ പടതന്നെ പുറത്തിറങ്ങി അവിടമാകെ ഏങ്കോണിച്ച് ഓടിനടക്കും. ജോലിഭാരമൊഴിഞ്ഞ ദേവന്‍ എസ്.ഐ. ടവലിട്ട കസേരയില്‍ പിന്നാക്കം ചാരിയിരുന്ന് തന്റെ വിയര്‍പ്പുകറ പുരണ്ട തൊപ്പി മേശപ്പുറത്തെ മുഷിഞ്ഞു തടിച്ച രജിസ്റ്റര്‍ നോട്ടുപുസ്തകത്തിനു മേല്‍ വെച്ചശേഷം, മേശയ്ക്കടിയില്‍ കാലുകള്‍ ആട്ടിക്കൊണ്ടിരിക്കും. പാവം മനുഷ്യന്‍, അടുത്ത സീസണില്‍ എന്തെല്ലാം കുഴപ്പങ്ങളാണ് തന്നെ കാത്തിരിക്കുന്നതെന്ന് അയാള്‍ക്ക് ഒരു പിടിയുമില്ല. എന്തൊക്കെ കുഴപ്പങ്ങള്‍ കൊണ്ടുവന്നാലും എനിക്ക് വിനോദസഞ്ചാര സീസണ്‍ വളരെ ഇഷ്ടമാണ്. കാരണം, അപ്പോഴാണ് നമുക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അവസരം കിട്ടുന്നത്. നമുക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടെന്നല്ല. അങ്ങനെ പറയുന്നത് വസന്തകാല ആകാശം പോലെ ശുദ്ധമായ വ്യാകരണജ്ഞാനമുള്ള നമ്മുടെ ആദരണീയരായ അദ്ധ്യാപകരുടെ തലമുറയെ അവഹേളിക്കുന്നതിനു തുല്യമായിരിക്കും. അവര്‍ക്ക് മെക്കാളെ സായിപ്പിനെപ്പോലെ വളരെ കൃത്യമായ ഒരു വാചകം ഇംഗ്ലീഷില്‍ എഴുതിവെക്കാന്‍ പറ്റും. എന്നാല്‍, സംസാരിക്കുന്ന കാര്യം പറയുമ്പോള്‍ അവര്‍ ഒരു തപാല്‍പെട്ടിപോലെ നിശ്ശബ്ദരായിരിക്കും. അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഉരുണ്ട ലോഹത്തലയുള്ള ചുവന്ന തപാല്‍പ്പെട്ടികള്‍. അവയ്ക്കുള്ളില്‍ സന്ദേശങ്ങളുണ്ട്. പക്ഷേ, അതൊക്കെ ഓരോയിടത്ത് എത്തിക്കാന്‍ വേറെ ആളു വേണം.

എന്തൊക്കെയായാലും, ബ്രിട്ടീഷുകാര്‍ നമ്മളൊക്കെ വാചാലമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല, പിന്നെയാണ് നാവിന്റെ കഴിവുകൊണ്ട് ഏതെങ്കിലുമൊരു നയതന്ത്രയുദ്ധം ജയിക്കുന്ന കാര്യം. മത്സ്യത്തൊഴിലാളികളുടെ സമൂഹത്തിലുള്ള നമ്മുടെ ആളുകളുടെ കാര്യമല്ല ഞാന്‍ പറയുന്നത്. ഞാന്‍ പരാമര്‍ശിച്ച മിക്കവാറും അദ്ധ്യാപകര്‍ ഹിന്ദുക്കളായിരുന്നു. നമ്മുടെ ഗ്രാമത്തിലെ പുരുഷന്മാര്‍ കടയില്‍ പോകുന്നതുകൊണ്ടോ ഗള്‍ഫില്‍ പോകുന്നതുകൊണ്ടോ തൃപ്തരായിരുന്നു. സ്ത്രീകളാകട്ടെ, അവരുടെ പുരുഷന്മാര്‍ തിരികെ വരുന്നതും കാത്തിരിക്കുന്നതില്‍ തൃപ്തി നേടി. ഒന്നുകില്‍ കടലില്‍നിന്ന് അല്ലെങ്കില്‍ ഗള്‍ഫില്‍നിന്ന്.

അതിനെയൊക്കെ മാറ്റിമറിക്കുന്നതിനായി ക്ലിഫ് ഹാങ്ങേഴ്‌സ് ഒരു പ്രതിജ്ഞയെടുത്തിരുന്നു സമുദ്രത്തിന്റെ അദൃശ്യശക്തിയെ ധീരമായി നേരിട്ട അനേകം പുരുഷന്മാരുടെ കണ്ണീരിന്റെ നിഴലിനു മീതെ, അപരിചിതമായ സൂര്യനും കരുണയറ്റ മനുഷ്യര്‍ക്കും കീഴെ, രക്തം വിയര്‍പ്പാക്കിയ മനുഷ്യര്‍ക്കും മീതേ, നൂറുകണക്കിനു യുവാക്കളുടെ നിസ്സഹായമായ നിശ്ശബ്ദതയ്ക്കും മീതേയായിരുന്നു ആ പ്രതിജ്ഞ. നമ്മള്‍ മഴക്കാലത്ത് വൈക്കോല്‍ത്തുറുവില്‍നിന്ന് മുളച്ചുവരുന്ന ചാരക്കൂണുകളെപ്പോലെ ഒരിക്കലും ഭീരുക്കളും നിശ്ശബ്ദരും ആവുകയില്ല.

ക്ഷേത്രത്തിനു നേര്‍ക്ക് വളഞ്ഞുപോകുന്ന റോഡിനഭിമുഖമായിക്കിടക്കുന്ന എണ്‍പതു സെന്റ് പുരയിടത്തിലാണ് എന്റെ വീടിരിക്കുന്നത്. അതിന്റെ പിന്‍ഭാഗം ക്ലിഫിനെ നോക്കിയിരിക്കുന്നു. തെളിഞ്ഞ രാത്രികളില്‍ നമ്മള്‍ പുറത്തിറങ്ങിയിരുന്ന് ദൂരെ കൊല്ലം പട്ടണത്തിലെ തങ്കശ്ശേരിക്കടല്‍ത്തീരത്ത് മിന്നിമായുന്ന വെളിച്ചങ്ങളെ നോക്കും. ഒരു കാലത്ത് ആ പട്ടണം കടല്‍ഭക്ഷണത്തിന്റെയും കശുവണ്ടിയുടെയും തിരക്കുള്ള മികച്ച വ്യാപാരകേന്ദ്രമായിരുന്നു.

ഞാന്‍ നേരത്തേ പറഞ്ഞതുപോലെ നമ്മുടെ തീരദേശ ഗ്രാമത്തിനുള്ളിലോ പരിസരത്തോ ക്രിസ്ത്യാനികള്‍ ഇല്ലായിരുന്നു. നമ്മുടെ ബീച്ചില്‍നിന്ന് വലത്തോട്ടോ ഇടത്തോട്ടോ വണ്ടിയോടിച്ചാല്‍ മാത്രമേ തീരത്തെ അലങ്കരിക്കുംവിധമിരിക്കുന്ന പള്ളികള്‍ കാണാന്‍ കഴിയൂ. നിങ്ങള്‍ നമ്മുടെ ബീച്ചില്‍നിന്ന് തെക്കോട്ട്, തലസ്ഥാനനഗരിയുടെ ദിശയില്‍ പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പതിനേഴാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത അഞ്ചുതെങ്ങു കോട്ടയിലെത്തും. ഇംഗ്ലണ്ടില്‍നിന്നു വരുന്ന കപ്പലുകള്‍ക്ക് വഴികാട്ടാനായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച ആദ്യത്തെ സിഗ്‌നല്‍ സ്റ്റേഷനായിരുന്നു ഇത്. കോട്ടയ്ക്കടുത്ത്, സീബ്രാവരകളുള്ള വിളക്കുമാടത്തിനരികില്‍ പഴയൊരു പള്ളിക്കു ചുറ്റുമായി ക്രിസ്ത്യാനികളായ പാവപ്പെട്ട മുക്കുവര്‍ താമസിക്കുന്നു. അവര്‍ വെളുപ്പാന്‍കാലത്ത് മത്സ്യബന്ധനത്തിനായി കടലില്‍ പോകും. സൂര്യന് ചൂടു കൂടുന്നതിനു മുമ്പ് തിരികെ വരും. പിന്നെ ബീച്ചിന്റെ അറ്റത്തുള്ള തെങ്ങുകളുടെ ചോട്ടിലിരുന്ന് കള്ളു കുടിക്കുകയും ചീട്ടു കളിക്കുകയും ചെയ്യും. അവരുടെ തടിച്ചുരുണ്ട പെണ്ണുങ്ങള്‍ അലൂമിനിയം ചരുവങ്ങളുമായി വീടുവീടാന്തരം കയറി മീന്‍ വില്‍ക്കും. അവര്‍ തിരികെ വന്ന് തുണിയൊക്കെ കഴുകി കോട്ടയുടെ ചുറ്റുമതിലില്‍ ഉണക്കാന്‍ വിരിക്കുമ്പോഴേക്കും ആണുങ്ങള്‍ കുടിച്ച് വെളിവുകെട്ട് മരച്ചുവടുകളില്‍ കിടന്ന് ഉറക്കംപിടിച്ചിരിക്കും.

നിങ്ങള്‍ നമ്മുടെ ബീച്ചില്‍നിന്ന് തീരദേശറോഡു വഴി മുപ്പതു കിലോമീറ്റര്‍ വലത്തേക്ക് ഓടിച്ചാല്‍ നിങ്ങള്‍ക്ക് തങ്കശ്ശേരി കടപ്പുറത്തെത്താം. അവിടെ, ചുവപ്പും വെള്ളയും ചായമടിച്ച വലിയ വിളക്കുമാടത്തിന്റെ ചുറ്റുമായി ചെറിയൊരു കൂട്ടം ആംഗ്ലോ ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിരുദ്ധമായ ജീവിതശൈലികളുള്ള രണ്ടു ക്രിസ്തീയസമുദായങ്ങള്‍ക്കിടയിലാണ് നമ്മുടെ ജീവിതം. ഒരു കൂട്ടര്‍ ദരിദ്രരും അപരിഷ്‌കൃതരും, മറ്റൊരു കൂട്ടര്‍ ഇംഗ്ലീഷ് പ്രേമികളും സമ്പന്നരും. ഉപയോഗശൂന്യമായ ഈ രണ്ട് ലൈറ്റ്ഹൗസുകള്‍ ആശ്ചര്യചിഹ്നങ്ങള്‍ പോലെ നമ്മുടെ ഗ്രാമത്തിന് അതിരുകളിടുന്നു.
അഞ്ചുതെങ്ങു കോട്ടയിലേക്ക് വിദേശസഞ്ചാരികള്‍ അധികം പോകാറില്ല. വല്ലപ്പോഴും സ്‌കൂളുകളില്‍നിന്ന് പഠനയാത്രയ്ക്കായി വരുന്ന കുട്ടികളും, ഉത്തരേന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികളും മാത്രം അങ്ങോട്ടു പോകും.

ഒരിക്കല്‍ ഞാന്‍ എന്റെ ബൈക്കില്‍ അലക്‌സ് എന്നു പേരുള്ള നല്ല പൊക്കമുള്ള ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയെ കോട്ടയില്‍ കൊണ്ടുപോയി. ആ പ്രദേശത്ത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ആദ്യത്തെ കോട്ട കാണാന്‍ അയാള്‍ താത്പര്യം പ്രകടിപ്പിച്ചു. അലക്‌സ് എല്ലാ സീസണിലും ബീച്ചിലെത്തും. അങ്ങനെ അയാളിപ്പോള്‍ വെറുമൊരു പരിചയക്കാരന്‍ മാത്രമല്ലാതായിരിക്കുന്നു. കോട്ടയില്‍നിന്ന് പുറത്തു കടന്നശേഷം, വിളക്കുമാടത്തിന്റെ കാവല്‍ക്കാരന് അല്‍പ്പം കൈമടക്കു നല്‍കി, നമ്മള്‍ അതിനുള്ളിലെ ചുറ്റുഗോവണി കയറി. മുകളിലത്തെ ഇടുങ്ങിയ ബാല്‍ക്കണിയുടെ നിലത്തിരുന്നുകൊണ്ട്, കാറ്റിലുലയുന്ന നുണക്കുഴികള്‍ നിറഞ്ഞ കടലിനെ നോക്കിക്കൊണ്ട് അലക്‌സ് അതിശയദ്യോതകമായി പറഞ്ഞു: 'വിക്കഡ് മാന്‍!' ആദ്യമായി ക്ലിഫില്‍നിന്ന് സൂര്യാസ്തമയം കണ്ടുകൊണ്ട് അലക്‌സ് 'വിക്കഡ്' എന്നു പറഞ്ഞ സമയത്ത് എനിക്കതിന്റെ അര്‍ത്ഥം മനസ്സിലായില്ലായിരുന്നു. ഉമ്മയെപ്പോലെ ക്രൂരരായ മനുഷ്യരെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഒരു പദം എന്ന രീതിയിലാണ് ഞാനതിനെ മനസ്സിലാക്കിയിരുന്നത്. പക്ഷേ, താമസിയാതെ അതിന്റെ ഉദ്ദേശ്യം 'കിടിലം' എന്നു പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി.

'വാ... വാ... കപ്പലുകള്‍ അടുത്തു വരുന്നതു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,' അയാള്‍ പറഞ്ഞു.
ആ ഇടുങ്ങിയ ബാല്‍ക്കണിയുടെ നിലത്ത് മുട്ടുകള്‍ ചേര്‍ത്തുപിടിച്ച്, ഉയരങ്ങളോടുള്ള ഭയമുളവാക്കുന്ന തലചുറ്റലിനെ പ്രതിരോധിച്ച് ഞാനും ഇരുന്നു.
'സേവ് മി... സേവ് മി... ഓ ക്യാപ്റ്റന്‍... മൈ ക്യാപ്റ്റന്‍,' അലക്‌സ് ഉറക്കെ പാടി. ഇടുക്കിയില്‍നിന്ന് കൊണ്ടുവന്ന കഞ്ചാവ് നല്ലതായിരുന്നു. അലക്‌സ് ഒരു മൂരിക്കുട്ടനെപ്പോലെ ആവേശഭരിതനായി. 'ഇത് കിടിലമാണ് മനുഷ്യാ!' ഒരു നര്‍ത്തകനെപ്പോലെ വട്ടംതിരിഞ്ഞ് അയാള്‍ കൈകള്‍ അന്തരീക്ഷത്തിലെറിഞ്ഞു. ഉച്ചതിരിഞ്ഞ നേരത്തെ കടല്‍ക്കാറ്റ് അയാളുടെ അരണ്ട സ്വര്‍ണ്ണനിറമുള്ള മുടിയെ ഇളക്കി. 'നമ്മള്‍ ഇവിടെനിന്ന് പറന്നിറങ്ങണം... വായുവില്‍ പൊന്തിപ്പൊന്തി.' അയാളെടുത്തുചാടിയേക്കുമെന്ന് ഞാന്‍ ഭയന്നു.

'അടുത്ത പ്രാവശ്യം ഞാനിവിടെ ഒരു പെണ്ണുമായി വരും. അസ്തമയത്തില്‍ ഞാന്‍ അവളെ ഭോഗിക്കും. ബ്രിട്ടീഷ് കപ്പല്‍ വരുന്നുണ്ടോ എന്ന് ഒരു കണ്ണുകൊണ്ട് നോക്കുന്നതിനിടെ മറുകണ്ണുകൊണ്ടു ഞാന്‍ രതിമൂര്‍ച്ഛയില്‍ ഞരങ്ങുന്ന ഇന്ത്യന്‍ പെണ്ണിനെ നോക്കും.' ഓരോ വര്‍ഷവും വരുമ്പോള്‍ അയാള്‍ ഓരോ പെണ്‍സുഹൃത്തിനെയും കൊണ്ടുവരും. മിക്കവാറും ഗോവയിലോ ജയ്പൂരോ ഒക്കെ വെച്ചു കണ്ടുമുട്ടിയ ഇരുനിറക്കാരികളായിരിക്കും. അവരുടെ നിറഞ്ഞ മാറിടങ്ങളുടെ കാഴ്ച എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും. ഞാന്‍ അലക്‌സിനെ വിളക്കുമാടത്തില്‍ കൊണ്ടുപോയി രണ്ടു മാസങ്ങള്‍ക്കു ശേഷം ക്ലിഫ് ഹാങ്ങേഴ്‌സ് കോട്ടയുടെ അടുത്തുള്ള പള്ളി സന്ദര്‍ശിക്കാന്‍ പോയി. സത്യത്തില്‍ നമ്മള്‍ മാത്രമായിരുന്നില്ല, ഗ്രാമത്തിലുള്ള എല്ലാവരും അവിടെയെത്തിയിരുന്നു. മേരി മാതാവ് പൊടുന്നനേ രക്തംപുരണ്ട കണ്ണീര്‍ ചൊരിയുന്നുവെന്നു കേട്ടാല്‍ ആരാണ് കാണാന്‍ പോകാത്തത്? നമ്മള്‍ പള്ളിയിലെത്തുമ്പോഴേക്കും അതിനകം ഭ്രാന്തുപിടിച്ചപോലുള്ള വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനാല്‍ രക്തക്കണ്ണീരൊഴുക്കിനില്‍ക്കുന്ന മേരീമാതാവിനെ നേരിട്ടുകാണാന്‍ നമുക്കു കഴിഞ്ഞില്ല. നമ്മളില്‍ താഹയ്ക്കായിരുന്നു വലിയ നിരാശ. 'ശ്ശെ, ഛെ,' എന്നിങ്ങനെയുള്ള വിചിത്രസ്വരങ്ങളിലൂടെ തല കുലുക്കി, അവന്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. ആ ജനസമുദ്രത്തിന്റെ അലയില്‍പ്പെട്ട് തിക്കിത്തിരക്കി അകത്തു കടക്കാന്‍ അവന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ആ അതിശയദൃശ്യത്താല്‍ പ്രഭാവിതരായി പാടുകയും കരയുകയും ചെയ്തിരുന്ന വിശ്വാസികളാല്‍ അവന്‍ പുറന്തള്ളപ്പെട്ടു. 'നമുക്ക് വേറൊരു ദിവസം വരാമെടേ,' എന്നു പറഞ്ഞ് ജഹാംഗീര്‍ താഹയുടെ തോളില്‍ കൈയിട്ട് ആശ്വസിപ്പിച്ചെങ്കിലും, അവന്‍ കുതറിമാറി നമുക്കു മുമ്പേ നടന്നു. ആഴ്ചകളോളം തലസ്ഥാനനഗരത്തില്‍നിന്നുപോലും ആളുകള്‍ പള്ളി സന്ദര്‍ശിക്കാന്‍ വരികയും, ആ അതിശയത്തിനു മുന്നില്‍ മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ പുരോഹിതകേന്ദ്രങ്ങള്‍ക്ക് ഈ അദ്ഭുതത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ കഴിയുന്നതിനു മുമ്പ് അവിചാരിതമായ അകാലവൃഷ്ടിപോലെ കണ്ണീര്‍വീഴ്ച പൊടുന്നനേ നിന്നുപോയി. സന്ദര്‍ശകരുടെ വരവിനും അതുതന്നെ സംഭവിച്ചു.
താഹ തന്റെ പല്ലുകള്‍ക്കിടയിലൂടെ ഊറിവലിച്ചുകൊണ്ട് ആ നഷ്ടാവസരത്തെക്കുറിച്ച് കുറെ ദിവസങ്ങള്‍ കൂടി ചിന്തിച്ച് വ്യാകുലപ്പെട്ടു.
'അദ്ഭുതങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കില്ല,' അവന്‍ മന്ത്രിച്ചു, 'അവ ധൂമകേതുക്കളെപ്പോലെയാണ്. കണ്ണില്‍നിന്നു മായുന്നതിനു മുമ്പ് അവയെ കാഴ്ചയില്‍ പിടിച്ചുകൊള്ളണം.' ബാക്കിയുള്ള നാട്ടുകാര്‍ക്കും മേരീമാതാവിന്റെ കരച്ചിലിനെച്ചൊല്ലിയോ താഹയുടെ ഉപമയെ ഓര്‍ത്തോ ഉറക്കം നഷ്ടപ്പെട്ടില്ല.

ഗള്‍ഫില്‍ 1960കളില്‍ എണ്ണപ്പണമുന്നേറ്റം ഉണ്ടാകുന്നതിനു മുമ്പുവരെ നമ്മുടെ ഗ്രാമത്തിലെ മിക്കവാറും എല്ലാ മുസ്ലിങ്ങളും മീന്‍പിടുത്തക്കാരായിരുന്നു. ഗള്‍ഫിലെ നാടുകള്‍ ബ്രിട്ടീഷുകാരുടെ സഹായത്തോടെ എണ്ണഖനനം തുടങ്ങുന്നതിനും അതിലേക്കായി കുടിയേറ്റത്തൊഴിലാളികളെ അന്വേഷിക്കുന്നതിനും മുമ്പ് ചിലരൊക്കെ മലേഷ്യയില്‍ പോയിരുന്നു. കുറച്ചു പണമൊക്കെ ഉണ്ടായപ്പോള്‍ കടല്‍പ്പണി അവര്‍ക്ക് ചതുര്‍ത്ഥിയായി. കട്ടമരങ്ങളില്‍നിന്നും അറ്റകുറ്റപ്പണി ചെയ്യുന്ന വലകളുടെ ഓര്‍മ്മയില്‍നിന്നും അകലേക്ക് മാറിനില്‍ക്കാന്‍ പണംകൊണ്ടു ചെയ്യാവുന്നതെല്ലാം അവര്‍ ചെയ്തു. ചിലരൊക്കെ കടപ്പുറത്തിനടുത്തുള്ള തങ്ങളുടെ വീടുകള്‍ വിറ്റ് ടൗണിലേക്ക് താമസം മാറ്റി. ചിലരാകട്ടെ, അങ്ങ് തലസ്ഥാന നഗരത്തിലേക്കും പോയി. ചിലര്‍ അവരുടെ പഴകിപ്പൊളിഞ്ഞ വീടുകള്‍ പൊളിച്ചുകളഞ്ഞ് അവിടെ പുതിയ വീടുകള്‍ നിര്‍മ്മിച്ചു. അതിന്മേല്‍ കടുത്ത നിറങ്ങള്‍ പൂശുകയും വിചിത്ര ഡിസൈനുകള്‍ വരച്ചുവെക്കുകയും ചെയ്തു. പരിസരത്തുള്ള പട്ടണങ്ങളില്‍നിന്ന് കടലില്‍ നീന്തിക്കുളിക്കാനെന്ന വ്യാജേന സമ്പന്നരായ പയ്യന്മാര്‍ നമ്മുടെ ഗ്രാമത്തില്‍ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം നികുതിയടയ്ക്കാത്ത മലേഷ്യന്‍ സാമാനങ്ങള്‍ വാങ്ങുക എന്നതാ
യിരുന്നു.

ഇക്കാലത്ത് വളരെക്കുറച്ചു പേര്‍ മാത്രമേ കടലില്‍ മത്സ്യബന്ധനത്തിനു പോകാറുള്ളൂ. നമ്മളില്‍ മിക്കവാറും പേര്‍ ഗള്‍ഫില്‍നിന്ന് അയച്ചുകിട്ടുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്, ഉദാഹരണത്തിനു ഞാന്‍. എന്റെ സഹോദരന്മാര്‍ വീട്ടിലേക്ക് എല്ലാ മാസവും പണമയയ്ക്കും. നമ്മുടെ ജീവിതസാഹചര്യങ്ങളൊക്കെ പുരോഗമിച്ചെങ്കിലും നമ്മുടെ അടിസ്ഥാനവികാരങ്ങളൊക്കെ ഇപ്പോഴും മത്സ്യത്തൊഴിലാളികളുടേതു തന്നെയാണ്, പ്രത്യേകിച്ചും നമ്മുടെ പെരുമാറ്റരീതികളും ശുണ്ഠിയും. പഴയ സ്വഭാവങ്ങള്‍ ഇല്ലാതാകുകയില്ല അല്ലേ (ജാത്യാലുള്ളത് തൂത്താല്‍ പോകില്ല അല്ലേ)! നമ്മളില്‍ കുറച്ചു പേരൊഴിച്ചാല്‍ ബാക്കിയെല്ലാവരും നിരക്ഷരരാണ്. ഹിന്ദുക്കളൊക്കെ നമ്മളെ താഴ്ന്നവരെന്ന നിലയിലും പുത്തന്‍ പണക്കാര്‍ എന്ന നിലയിലുമാണ് കാണുന്നത്. എന്റെ വാപ്പയുടെ വാപ്പ, അദ്ദേഹത്തിന്റെ വാപ്പയേയും സഹോദരങ്ങളെയും പോലെ കടല്‍പ്പണിക്കാരനായിരുന്നു. എന്റെ വാപ്പയ്ക്ക് കൗമാരപ്രായമായപ്പോള്‍ വെളുപ്പാന്‍കാലത്ത് എഴുന്നേല്‍ക്കാനും കടലില്‍ പോകാനും വയ്യാത്തതിനാല്‍ ജീവിതോപായം മറ്റെവിടെനിന്നെങ്കിലും കണ്ടെത്താന്‍ തീരുമാനിച്ചു. പത്താം ക്ലാസ് തോറ്റതോടെ വാപ്പ, ഉപ്പൂപ്പയുടെ അനുഗ്രഹത്തോടെ മദ്രാസില്‍ പോവുകയും, അവിടെനിന്ന് ഒരു ഉരുവില്‍ കയറി ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. എന്നാല്‍ കടലില്‍പ്പോക്കല്ലാതെ മറ്റൊരു പണിയും അറിയാത്തതിനാല്‍ നമ്മുടെ സമുദായത്തില്‍ പലരും ചെറിയ തൊഴിലുകളിലാണ് ചെന്നുപെട്ടത്. വാപ്പയുടെ കാര്യം വേറൊന്നായിരുന്നില്ല. അദ്ദേഹം തന്റെ ജീവിതം ആരംഭിച്ചത് മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന സൂര്യനു കീഴെ ഒരു കെട്ടിടനിര്‍മ്മാണ സ്ഥലത്തായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ നാട്ടിലേക്കുള്ള തന്റെ മൂന്നാമത്തെ വരവില്‍, വാപ്പ, അപ്പോള്‍ പതിനെട്ടു തികഞ്ഞ ഉമ്മയെ നിക്കാഹു കഴിച്ചു. മൂന്നു മാസം ഉമ്മയ്‌ക്കൊപ്പം കഴിഞ്ഞശേഷം മടങ്ങിപ്പോയ വാപ്പ, പിന്നെ വരുന്നത് രണ്ടു കൊല്ലം കഴിഞ്ഞിട്ടാണ്. ചിലപ്പോള്‍ മൂന്നും നാലും വര്‍ഷം അദ്ദേഹത്തിന് ഒഴിവുകാലത്ത് നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല. പക്ഷേ, ആ ചൂടില്‍ക്കിടന്നുണ്ടാക്കിയ ഓരോ പൈസയും അദ്ദേഹം സൂക്ഷിച്ചുവെച്ചു. ഇടയ്ക്കിടെ മാത്രമുള്ള ഈ വരവില്‍ അദ്ദേഹം നാലു കുട്ടികള്‍ക്ക് വാപ്പയായി. മൂന്നാണും ഒരു പെണ്ണും. വിവാഹിതയെങ്കിലും വിധവയെപ്പോലെ ജീവിക്കേണ്ടിവന്ന ഉമ്മ, നമ്മളെയൊക്കെ വളര്‍ത്തുന്നതിനിടയില്‍ വണ്ണംവെക്കുകയും അവരുടെ നാക്കിന് മൂര്‍ച്ച കൂടുകയും ചെയ്തു. ക്രമേണ, അവര്‍ അവിശ്വസനീയമാംവിധം വാപ്പയുടെ നേര്‍ക്ക് ശത്രുത പുലര്‍ത്താന്‍ തുടങ്ങി. എന്നാല്‍, തന്റെ സ്‌നേഹമയിയായ മണവാട്ടി എങ്ങനെയാണ് കയ്പുനിറഞ്ഞ പൊണ്ടാട്ടിയായി മാറിയതെന്ന് വാപ്പയ്ക്ക് മനസ്സിലായതേയില്ല. തടിയലമാരയില്‍ മറ്റു സാമാനങ്ങള്‍ക്കൊപ്പം ഉമ്മ നാല് ആല്‍ബങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചിട്ടുണ്ട്. എനിക്ക് അല്‍പ്പം വട്ടച്ചെലവിനുള്ള കാശ് കൂടിയേ തീരൂ എന്നു വരുമ്പോള്‍, ഉമ്മ വീട്ടിലില്ലെങ്കില്‍ ഞാന്‍ അലമാരയുടെ പൂട്ട് തുറക്കും. നാല് ആല്‍ബങ്ങളില്‍ മൂന്നെണ്ണം സഹോദരന്മാരുടെയും സഹോദരിയുടെയും നിക്കാഹിന്റേതാണ്. അറ്റം പിഞ്ഞിയ നാലാമത്തെ ആല്‍ബം നിറയെ നിറം മങ്ങിയ, തവിട്ടു നിറവും കറുപ്പും വെളുപ്പും കലര്‍ന്ന കുടുംബ ഫോട്ടോകളാണ്.

പുസ്തകം വാങ്ങാം

'ഇത് നോക്കൂ, മൂസാ,' എപ്പോഴൊക്കെ ഈ ആല്‍ബങ്ങള്‍ മറിച്ചുനോക്കിയാലും വാപ്പയ്ക്ക് വലിയ ആവേശം വരും. 'ഇതാണ് എന്റെ വാപ്പാ,' മെലിഞ്ഞു, ഷര്‍ട്ടിടാത്ത നെഞ്ചും കാട്ടി മീന്‍വലയും പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ പഴയ ഫോട്ടോഗ്രാഫ് ചൂണ്ടിക്കാട്ടി വാപ്പ പറയും. ഫോട്ടോയുടെ ഏറിയ ഭാഗവും മങ്ങിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ മുഖം അവ്യക്തമാണ്. ആ മനുഷ്യന്‍ കടപ്പുറത്ത് നില്‍ക്കുകയാണ്. അതില്‍ പരിചിതമായ ഒരേയൊരു സംഗതി കടലിലേക്ക് തള്ളിനില്‍ക്കുന്ന നമ്മുടെ ക്ലിഫ് മാത്രമാണ്. മറ്റു ചിത്രങ്ങളെല്ലാം കുടുംബത്തിലെ നിക്കാഹുകളുടേതാണ്. ആരോ എന്തോ ഒരു വലിയ ചെമ്പുവാര്‍പ്പിലിട്ട് ഇളക്കുകയാണ്; മറ്റുള്ളവര്‍ ബിരിയാണിച്ചെമ്പിനു ചുറ്റും കൂടി നില്‍ക്കുന്നു. ഗതകാലത്തിലെ നിമിഷങ്ങളിലേക്ക് തിരികെപ്പോയിക്കൊണ്ട് ഈ ഫോട്ടോഗ്രാഫുകള്‍ നോക്കിയിരിക്കാന്‍ വാപ്പയ്ക്ക് വലിയ ഇഷ്ടമാണെങ്കിലും, ഉമ്മയുടെ നാവിന്റെ മൂര്‍ച്ചയെ പേടിച്ച് ആല്‍ബങ്ങളെല്ലാം ഉമ്മ തിരികെ വരുന്നതിനു മുമ്പുതന്നെ അലമാരയില്‍ വെക്കും.

സീസണില്‍ നമുക്ക് സമൃദ്ധിയാണ്. തീരത്തെ നോക്കിയിരിക്കുന്ന ക്ലിഫിലെ തട്ടുകടകളൊക്കെ തയ്യാറാകുന്നതിനു മുമ്പുതന്നെ, മഴ തീരുന്നതോടെ വന്നെത്തുന്ന പാവംപിടിച്ച ഒരു വിദേശിയായ വിനോദസഞ്ചാരിയുടെ കാഴ്ച നമ്മുടെ ഹൃദയങ്ങളെ ഊഷ്മളമാക്കും. ക്ലിഫ് ഹാങ്ങേഴ്‌സിനെ സംബന്ധിച്ചിടത്തോളം സീസണ്‍ എന്നു പറഞ്ഞാല്‍ ഇംഗ്ലീഷ് ആണ് ഇംഗ്ലീഷില്‍ സംസാരിക്കുക പിന്നെ യുവതികളും. ഇത് വെറും ബാലിശമായി തോന്നാം. പക്ഷേ, നമ്മുടെ വേദന നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ലജ്ജ. നമ്മുടെ അറപ്പുകള്‍. നമ്മുടെ ഭീതികള്‍.
തീരദേശത്തുടനീളം താമസിക്കുന്ന മിക്കവാറും ആളുകളെപ്പോലെ, മീന്‍തൊഴിലാളികളുടെ ഗ്രാമങ്ങളില്‍നിന്നു വരുന്ന നമ്മളും സര്‍ക്കാരിനു വേണ്ടി പണിയെടുക്കാറില്ല. അതിനൊരു അപവാദം എന്ന് പറയാവുന്നത് ബീച്ചില്‍ നാട്ടിയിട്ടുള്ള പൊളിഞ്ഞു പഴകിയ കുടകള്‍ക്കു കീഴെ പകല്‍ മുഴുവന്‍ ഇരിക്കുകയും, സമ്മാനമില്ലാത്ത ഉറക്കമത്സരത്തില്‍ ആ കൊടുംചൂടില്‍ ഉടമസ്ഥരില്ലാത്ത നായ്ക്കളുമായി പങ്കെടുക്കുകയും ചെയ്യുന്ന താത്കാലിക ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ്. കൃത്യമായ ഇടവേളകളില്‍ അവര്‍ ഉണര്‍ന്ന് കടലില്‍ വലിച്ചുകെട്ടിയിരിക്കുന്ന ചുവന്ന നിറമുള്ള പൊങ്ങുതടികളുടെ അതിരിനപ്പുറം ഒരു നീന്തല്‍ക്കാരനും കടന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും. പിന്നെ കുടകളുടെ തണലിനു കീഴേ തവിട്ടുനിറമുള്ള അര്‍ദ്ധവിരാമചിഹ്നങ്ങളെപ്പോലെ ഉറങ്ങിക്കിടക്കുന്ന നായ്ക്കളെയും നോക്കും. പിന്നെ, ടൂറിസം വകുപ്പിലെ സ്ഥിരജോലിക്കാരായി അവരെ നിയമിക്കുന്ന ആ സുദിനത്തെ കൊതിയോടെ ചിന്തിച്ചുകൊണ്ട് വീണ്ടും ഉറക്കത്തിലേക്ക് വഴുതും. എല്ലാ പ്രതീക്ഷകളെയും പോലെ ജോലിയില്‍ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷ അവര്‍ക്ക് ശക്തിപകരുകയും, പൊള്ളുന്ന സൂര്യനു കീഴെ, കടലിനെയും കുടവയറുള്ള വിനോദസഞ്ചാരികളെയും നോക്കിക്കൊണ്ടിരിക്കുക എന്ന വിരസമായ തൊഴിലിനെ സഹിക്കാനുള്ള ക്ഷമനല്‍കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഉപകരണങ്ങളൊന്നും ഇല്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അവരുടെ നീന്തല്‍ക്കഴിവുകളല്ലാതെ ആപത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ഒരു സംവിധാനവും അവര്‍ക്കില്ല. ബീച്ചില്‍ ഉണ്ടാകാവുന്ന അക്രമത്തെ തടയാനും അവര്‍ സജ്ജരല്ല. അവര്‍ തങ്ങളുടെ പഴയ ഹെര്‍ക്കുലീസ് സൈക്കിളുകളില്‍ ബീച്ചില്‍ വരും. കൈയിലുള്ള വയര്‍ലെസ് സെറ്റ് മിക്കവാറും എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍, സ്ഥിരജോലിക്കാരായവരുടെ കുടുംബാംഗങ്ങള്‍ക്കു കിട്ടുന്ന ഒരുതരം സേവന ആനുകൂല്യവും അവരുടെ കുടുംബങ്ങള്‍ക്കു ലഭിക്കില്ല. കാരണം, അവര്‍ കേവലം 'ടെമ്പറവരി'ക്കാരാണെന്ന് അവര്‍ക്കറിയാം. നമ്മുടെ ബീച്ചിലെ എല്ലാ ലൈഫ് ഗാര്‍ഡുകളും നമ്മുടെ ഗ്രാമത്തില്‍നിന്നുള്ളവരാണ്. അവര്‍ നമ്മുടെ എം.എല്‍.എയ്ക്ക് ഹര്‍ജികള്‍ക്കു മേല്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഈ വര്‍ഷം ഇസ്മായില്‍ ഇക്ക തന്റെ താത്കാലിക ജോലിയില്‍ ഇരുപതു വര്‍ഷം പൂര്‍ത്തിയാക്കും.
'മോനേ, ഞാന്‍ റിട്ടയറാകുമ്പോള്‍ കിട്ടാന്‍ പോകുന്നത് 'നന്ദി' കലര്‍ന്നൊരു പുഞ്ചിരിയും മൂട്ടിനിട്ടൊരു തൊഴിയുമായിരിക്കും,' തന്റെ മകള്‍ പിറന്ന നാളില്‍ താത്കാലിക ജോലിക്കായി കയറിയ അയാള്‍ പറയും. അവള്‍ക്കിപ്പോള്‍ വയസ്സ് ഇരുപതായി. കഴിഞ്ഞ വര്‍ഷം അവള്‍ കാമുകനുമൊത്ത് ഒളിച്ചോടുകയും ചെയ്തു. 'ഞാന്‍ കടലിനെയും നോക്കി ജാഗ്രതയോടെ ഇരുന്നതു കാരണം, എനിക്കെന്റെ മകളുടെ ജീവിതം രക്ഷിക്കാനായില്ല,' ഒരിക്കല്‍ നമ്മള്‍ കുടക്കീഴീല്‍ ഇരിക്കുമ്പോള്‍ ഇക്ക എന്നോടു പറഞ്ഞു.
നമ്മള്‍ പലപ്പോഴും ഇസ്മായില്‍ ഇക്കയുടെ അടുത്തു ചെന്ന് അയാളോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിക്കും. അയാള്‍ വളരെ ഒഴുക്കോടെ ഇംഗ്ലീഷ് പറയും. പക്ഷേ, മിക്കവാറും ഒറ്റവാക്കുകളാവും അവ. 'മൂവ്,' 'കെയര്‍ഫുള്‍,' 'ടുഡേ വെരി ടഫ്,' 'ഡെയ്ഞ്ചറസ്' എന്നിങ്ങനെ.
'ഇസ്മായില്‍ ഇക്കാ, നിങ്ങള്‍ക്കെത്ര വയസ്സായി?' ഒരു ദിവസം ഞാന്‍ ചോദിച്ചു. അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. പിന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഉത്സാഹത്തോടെ പറഞ്ഞു, 'എനിക്ക് നാല്‍പ്പത്തിയഞ്ചു വയസ്സായി.'

തന്റെ ലൈഫ് ഗാര്‍ഡ് എന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും അവിസ്മരണീയമായ ചില ഓര്‍മ്മകളെക്കുറിച്ചും നമ്മളോട് അയാള്‍ പറഞ്ഞെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. അയാളോട് ഇംഗ്ലീഷില്‍ ചോദിക്കാന്‍ ഞാന്‍ വെമ്പി. മണല്‍ക്കൂനയില്‍ വിരലോടിച്ചുകൊണ്ട് ഞാനവിടെയിരുന്ന് മനസ്സില്‍ ഒരു ഇംഗ്ലീഷ് വാചകം രൂപീകരിക്കാന്‍ പണിപ്പെട്ടു. അത് എന്റെ മനസ്സിനുള്ളില്‍ എവിടെയോ ഉണ്ടായിരുന്നു. പക്ഷേ, ഉറക്കെ പറയാന്‍ കഴിഞ്ഞില്ല. ഒരു തുടക്കത്തിനായി ഞാന്‍ പെടാപ്പാടു പെട്ടു. ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് മണലില്‍ മലര്‍ന്നുകിടന്ന,് ആകാശത്ത് വട്ടംകറങ്ങി, ബീച്ചില്‍ ഇരയുണ്ടോ എന്നു നിരീക്ഷിക്കുന്ന ബ്രാഹ്മണിപ്പരുന്തിനെ നോക്കി. എനിക്കു വേണമെങ്കില്‍ മുറിവാചകങ്ങള്‍ ചോദിക്കാമായിരുന്നു. 'നിങ്ങളുടെ അനുഭവം?' 'നല്ല ഓര്‍മ്മ?' എന്നിട്ട് ചോദ്യരൂപത്തില്‍ അയാളെ നോക്കിയിരുന്നെങ്കില്‍, ആശയം സംവേദനം ചെയ്യപ്പെടുമായിരുന്നു. എന്നാല്‍ അതായിരുന്നില്ല ഞാന്‍ ആഗ്രഹിച്ചത്. ഒരു ചോദ്യമായിക്കോട്ടെ, ഒരു പ്രസ്താവന ആയിക്കോട്ടെ, എനിക്കൊരു പൂര്‍ണ്ണവാചകം പറയണമായിരുന്നു. ഞാന്‍ അവിടെത്തന്നെ കിടന്നു. എന്റെ കണ്ണുകള്‍ ഒഴുക്കോടെ ശാന്തമായി തെളിഞ്ഞു പറന്ന് ഇരയെ അന്വേഷിക്കുന്ന പരുന്തിന്റെ ചലനങ്ങളെ പിന്തുടര്‍ന്നു.
ഒരു മനുഷ്യന് ഏതെങ്കിലുമൊരു ഭാഷ സംസാരിക്കാനോ, വായിക്കാനോ കഴിയാത്തതില്‍പ്പരം നിസ്സഹായമോ ദയനീയമോ ആയ മറ്റൊരവസ്ഥ ഉണ്ടാകാന്‍ വഴിയില്ല. ക്ലിഫ് ഹാങ്ങേഴ്‌സ് ഖുര്‍ആനിലെ അറബിക് പാഠങ്ങളെ തുറിച്ചുനോക്കും. അപ്പോള്‍ മന്‍ഡാരിന്‍ ഭാഷ വായിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഒരാളുടെ നിസ്സഹായത അവര്‍ അനുഭവിക്കും. ഒന്നു വലതുനിന്ന് ഇടത്തേക്ക് പോകുന്നു. മറ്റൊന്ന് മുകളില്‍നിന്ന് താഴേക്കും. നമുക്ക് എങ്ങനെയെങ്കിലും ലളിതമായ വാചകങ്ങള്‍ ഇംഗ്ലീഷില്‍ പറയാന്‍ പറ്റും. പക്ഷേ, ഒരു വിദേശിപ്പെണ്ണിനോട് മനസ്സിലെ വികാരങ്ങളെ വെളിപ്പെടുത്താനോ, ഒരു ചോദ്യം ചോദിക്കാനോ തുടങ്ങുമ്പോള്‍ അത് അറബിക്കോ ചൈനീസോ വായിക്കാന്‍ ശ്രമിക്കുന്നതുപോലെ അസാദ്ധ്യമാകുന്നു.
'മദ്രസയില്‍ നീ കിത്താബോതാന്‍ പഠിക്കണമായിരുന്നു,' ഉമ്മ പറയും. 'ഖുറാന്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തൊരു പാഴാണ് ജീവിതം,' അവരതുകൂടി കൂട്ടിച്ചേര്‍ക്കും, 'ഉസ്താദിന്റെ ശാപം നിന്റെ ജീവിതത്തിലുണ്ട്, മൂസാ.'
'ഉസ്താദിന്റെ ശാപം. ഒലക്കേടെ മൂട്!' അയാളുടെ സൈക്കിള്‍ എവിടെയെങ്കിലും നിര്‍ത്തിയിരിക്കുന്നതു കണ്ടാല്‍ അതിന്റെ കാറ്റഴിച്ചുവിടുന്ന കാര്യം നമ്മള്‍ ഉറപ്പു വരുത്തും. സര്‍ക്കാര്‍ സ്‌കൂളിനടുത്തുള്ള ഒരേയൊരു സൈക്കിള്‍ വര്‍ക്ക് ഷോപ്പിലേക്ക് സൈക്കിളുമുന്തി വിയര്‍ത്ത് പോകാന്‍ അയാളെ പ്രേരിപ്പിക്കുന്നതിനെ മദ്രസയില്‍ വെച്ച് നമുക്ക് അനുഭവിക്കേണ്ടിവന്ന അപമാനവുമായി താരതമ്യം ചെയ്താല്‍, അതൊന്നുമല്ല.

Content Highlights: international translation day The Cliffhangers by Sabin Iqbal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented