പ്രതികാരക്കൊയ്ത്ത് | സാദത്ത് ഹസന്‍ മാന്‍തുവിന്റെ വിഭജനകാല കഥ


 പരിഭാഷ: എ.പി കുഞ്ഞാമുവീട്ടിലെ വാതിലുകളിലൊന്നിന്റെ കൊളുത്തു നീക്കി, ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു. 'നീ ആരാണ്?' അയാള്‍ ചോദിച്ചു. 'ഞാന്‍ ഹിന്ദുവാണ്,' വരണ്ട ചുണ്ടുകളില്‍ നാവോടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവള്‍ക്ക് പതിനാലോ പതിനഞ്ചോ വയസ്സിലധികം പ്രായമുണ്ടായിരുന്നില്ല.

സാദത്ത് ഹസൻ മാൻതു, വിഭജനകാല ഇന്ത്യയിൽ നിന്നുള്ള ദൃശ

ഇന്ത്യാവിഭജനമാണ് ഉര്‍ദുവിലെ മികച്ച കഥാകൃത്തായ സാദത്ത് ഹസന്‍ മാന്‍തുവിന്റെ എഴുത്തിന്റെ അടിസ്ഥാനപ്രേരണയായി വര്‍ത്തിച്ച പ്രധാനഘടകം. വിഭജനം മാന്‍തുവിനെ ഉന്മാദിയും അരാജകവാദിയുമാക്കി മാറ്റി. കലാപങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യരെ പുനഃസൃഷ്ടിക്കുകയാണ് മാന്‍തും തന്റെ എഴുത്തിലൂടെ ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബില്‍ 1912 മെയ് 11 ന് ജനിച്ച മാന്‍തു ബോംബെ ടാക്കീസ് സിനിമാ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ മാന്‍തു 1955-ല്‍ അന്തരിച്ചു. മാന്‍തുവിന്റെ കഥകളുടെ ലേഖനങ്ങളുടെയും സമാഹാരമായ വിഭജനകാല കഥകള്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത് എ.പി കുഞ്ഞാമുവാണ്. മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്രവിവര്‍ത്തനദിനത്തില്‍ മാന്‍തുവിന്റെ പ്രതികാരക്കൊയ്ത്ത് എന്ന കഥയുടെ പരിഭാഷ വായിക്കാം.

വാതില്‍ കടക്കുമ്പോള്‍ ഖാസിമിന്, വെടിയുണ്ട തുളച്ചുകയറിയ സ്വന്തം തുടയിലെ കടുത്ത വേദനയെക്കുറിച്ചു മാത്രമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ചോരയില്‍ കുതിര്‍ന്നുകിടക്കുന്ന ഭാര്യയുടെ മൃതദേഹം കണ്ടപ്പോള്‍ അയാള്‍ വേദന മറന്നു. കോടാലി കൈയിലേന്തി പുറത്തേക്ക് കുതിക്കാനും വഴിയില്‍ കാണുന്ന എല്ലാവരെയും കൊല്ലാനും കണ്ണില്‍പ്പെടുന്ന എല്ലാം തകര്‍ക്കുവാനും അയാള്‍ ആശിച്ചു. അപ്പോഴാണയാള്‍ മകള്‍ ശരീഫാനെക്കുറിച്ചോര്‍ത്തത്. 'ശരീഫാന്‍! ശരീഫാന്‍' അയാള്‍ വിളിച്ചുകൂവി. ആ വീട്ടിലെ രണ്ടു മുറികളുടെ വാതിലുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. അവള്‍ ഏതെങ്കിലുമൊരു വാതിലിനു പിന്നില്‍ ഒളിച്ചിരിക്കുകയാണോ- അയാള്‍ സംശയിച്ചു. 'ശരീഫാന്‍! ശരീഫാന്‍' അയാള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. 'ഇത് ഞാനാണ്, നിന്റെ അബ്ബ.' അതിന് യാതൊരു മറുപടിയുമില്ലായിരുന്നു. രണ്ടു കൈകള്‍കൊണ്ടും അയാള്‍ ആദ്യത്തെ വാതില്‍ തള്ളിത്തുറന്നു. അയാള്‍ കണ്ട കാഴ്ച അതിഭീകരമായിരുന്നു. അതു കണ്ടതും അയാള്‍ ഏതാണ്ട് മോഹാലസ്യപ്പെട്ടുപോയി.നിലത്ത് ഒരു പെണ്‍കുട്ടിയുടെ ഒട്ടുമുക്കാലും നഗ്നമായ ശരീരം മലര്‍ന്നുകിടക്കുന്നു. മുറിയുടെ മച്ചിന്നഭിമുഖമായി അവളുടെ കുരുന്നു മുലകള്‍. അയാള്‍ക്ക് ആര്‍ത്തു നിലവിളിക്കണമെന്നു തോന്നി. പക്ഷേ, അതിനു കഴിഞ്ഞില്ല. അയാള്‍ മുഖംതിരിച്ചു. എന്നിട്ട് ദുഃഖനിര്‍ഭരമായ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു, 'ശരീഫാന്‍.' എന്നിട്ട് ചില ഉടുപുടവകള്‍ നിലത്തുനിന്നെടുത്ത് അവളുടെ ശരീരത്തിലേക്കിട്ടു. തന്റെ ഏറ് ലക്ഷ്യം പിഴച്ചതും, വസ്ത്രങ്ങള്‍ ഏതാനും അടി ദൂരെ വന്നുവീണതും അയാള്‍ ശ്രദ്ധിച്ചതേയില്ല. കൈയില്‍ കോടാലിയേന്തി വീടിനു പുറത്തേക്കോടിയ അയാള്‍ക്ക് സ്വന്തം തുടയിലെ വെടിയുണ്ടയെപ്പറ്റിയോ ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയുടെ മൃതദേഹത്തെപ്പറ്റിയോ യാതൊരു ബോധവുമില്ലായിരുന്നു. ശരീഫാന്‍ മാത്രമേ അയാളുടെ ഓര്‍മ്മയിലുള്ളൂ. സ്വന്തം മുറിയില്‍ വെറും നിലത്ത്, പഴന്തുണിക്കെട്ടുപോലെ നഗ്നയായി മരിച്ചുകിടക്കുന്ന ശരീഫാന്‍.

കൈയില്‍ കോടാലിയുമായി പട്ടണത്തിലെ വിജനമായ തെരുവുകളിലൂടെ ഉരുകിയൊലിക്കുന്ന ലാവപോലെ അയാള്‍ പാഞ്ഞുനടന്നു. മെയിന്‍ സ്‌ക്വയറില്‍ത്തന്നെ അയാള്‍ ഒരു സിക്കുകാരനെ കണ്ടു, ഒരു തടിയന്‍. പക്ഷേ, ഖാസിമിന്റെ ആക്രണം പൊടുന്നനേയുള്ളതും അത്യുഗ്രവുമായിരുന്നു. ആ മനുഷ്യന്‍ കടപുഴകിയ മരംപോലെ നിലത്തു വീണു. അയാളുടെ വേര്‍പെട്ട ശിരസ്സില്‍നിന്നും ചോര ചീറ്റി.

സ്വന്തം ശരീരത്തില്‍ ചോര തിളയ്ക്കുന്നതായി ഖാസിമിന് അനുഭവപ്പെട്ടു; തിളയ്ക്കുന്ന എണ്ണയില്‍ തണുത്ത വെള്ളം കുടയുന്നതുപോലെ. നിരത്തിന്റെ മറ്റേയറ്റത്ത് ദൂരെ അഞ്ചോ ആറോ പേരെ അയാള്‍ കണ്ടു. അവര്‍ക്കു നേരെ ഖാസിം ശരംവിട്ടപോലെ പാഞ്ഞു.

'ഹര ഹര മഹാദേവ്.' അയാള്‍ ഒരു ഹിന്ദുസഹോദരനാണെന്ന് കരുതിയാണ് അവര്‍ അപ്രകാരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതെന്ന് വ്യക്തം. 'കഴുവേറിമക്കള്‍' എന്ന് അലറിവിളിച്ചുകൊണ്ട് അയാള്‍ കോടാലി വന്യമായി ആഞ്ഞുവീശി അവരുടെ നേരേ കുതിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവരില്‍ മൂന്നുപേര്‍, ചോരക്കറ പുരണ്ട കൂമ്പാരമായി നിലത്തു വീണു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിശാചു ബാധിച്ച മനുഷ്യനെപ്പോലെ അയാള്‍, അവരെ കോടാലികൊണ്ട് ആഞ്ഞുവെട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ അയാള്‍ മൃതദേഹങ്ങളിലൊന്നിനുമേല്‍ കമിഴ്ന്നു വീണു. താന്‍ വീണതാണോ അതോ തന്നെയാരെങ്കിലും തള്ളിയിട്ടതാണോ എന്ന് അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. അടി വരുന്നതു കാത്ത് അയാള്‍ അവിടെത്തന്നെ കിടന്നു; എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഏതാനും മിനിറ്റുകള്‍ക്കുശേഷം അയാള്‍ സാവധാനത്തില്‍ കണ്ണു തുറന്നു. നിരത്തില്‍ ആരുമില്ലായിരുന്നു. മൂന്നു മരിച്ച മനുഷ്യര്‍, അവര്‍ക്കിടയില്‍ അയാളും കിടക്കുന്നു.

താന്‍ കൊല്ലപ്പെട്ടില്ലല്ലോ എന്നതില്‍ അയാള്‍ക്ക് ഏതാണ്ട് നിരാശയുണ്ടായിരുന്നു. പക്ഷേ, അയാള്‍ ശരീഫാന്റെ നഗ്നശരീരം ഓര്‍ത്തു. ഉരുകിയ ഈയം ഒഴിച്ചതുപോലെ തന്റെ കണ്ണുകള്‍ പൊള്ളിച്ച കാഴ്ച! അയാള്‍ വീണ്ടും കോടാലി കൈയിലെടുക്കുകയും തെരുവുകളിലൂടെ അസഭ്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് പായുകയുമായി.

പട്ടണം ആളൊഴിഞ്ഞുകിടന്നു. അയാള്‍ ഇടയ്ക്ക് നിരത്തിന്റെ ഒരു ഭാഗത്തുള്ള ചെറിയ തെരുവിലേക്ക് തിരിഞ്ഞു. പക്ഷേ, അതൊരു മുസ്ലിം പ്രദേശമാണെന്ന് മനസ്സിലാക്കിയപാടേ, ഉടനടി പുറത്തേക്ക് കടന്നു. അതേവരെ അയാള്‍ തന്റെ എതിരാളികളുടെ അമ്മമാരുടെയും സഹോദരിമാരുടെയും നേരേയാണ് പുലഭ്യം വര്‍ഷിച്ചിരുന്നത്. ഇപ്പോള്‍ അവരുടെ പെണ്‍മക്കളെയാണ് തെറിപറയുന്നത്.

ഒരു കൊച്ചുവീടിന്റെ മുമ്പില്‍ അയാള്‍ നിന്നു. മരംകൊണ്ടുള്ള വാതിലില്‍ ഹിന്ദിയിലെഴുതിയ ഒരു അടയാളമുണ്ടായിരുന്നു. ഖാസിം തന്റെ കോടാലികൊണ്ട് വാതിലില്‍ ആഞ്ഞടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ വാതില്‍ തകര്‍ത്തു ചവറാക്കി. 'പുറത്തു വാ, തന്തയില്ലാത്തവരേ, പുറത്തു വാ!' അകത്തു കടന്ന അയാള്‍ അട്ടഹസിച്ചുകൊണ്ടിരുന്നു.
വീട്ടിലെ വാതിലുകളിലൊന്നിന്റെ കൊളുത്തു നീക്കി, ഒരു പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.
'നീ ആരാണ്?' അയാള്‍ ചോദിച്ചു.
'ഞാന്‍ ഹിന്ദുവാണ്,' വരണ്ട ചുണ്ടുകളില്‍ നാവോടിച്ചുകൊണ്ട് അവള്‍ പറഞ്ഞു. അവള്‍ക്ക് പതിനാലോ പതിനഞ്ചോ വയസ്സിലധികം പ്രായമുണ്ടായിരുന്നില്ല.
ഖാസിം കോടാലി വലിച്ചെറിഞ്ഞ് കാട്ടുമൃഗത്തെപ്പോലെ അവളുടെ മേല്‍ ചാടിവീണു. അവളെ അയാള്‍ നിലത്ത് തള്ളിവീഴ്ത്തി. എന്നിട്ട് അയാള്‍ അവളുടെ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ തുടങ്ങി. അരമണിക്കൂര്‍നേരം ഭ്രാന്തുപിടിച്ച മൃഗത്തെപ്പോലെ അയാളവളെ കശക്കിയെറിഞ്ഞു. യാതൊരു ചെറുത്തുനില്‍പ്പുമില്ലായിരുന്നു. അവളുടെ ബോധം നശിച്ചിരുന്നു.
പണി പൂര്‍ത്തിയായപ്പോള്‍ അയാളൊരു കാര്യം മനസ്സിലാക്കി; താന്‍ രണ്ടു കൈകൊണ്ടും അവളുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. തന്റെ നഖങ്ങള്‍ അവളുടെ മൃദുവായ തൊലിയില്‍ ആഴ്ന്നിറങ്ങുകയായിരുന്നു. എന്നിട്ട് ശക്തിയായി തള്ളിമാറ്റിക്കൊണ്ട് അയാളവളെ ഒഴിവാക്കി.

പുസ്തകം വാങ്ങാം

അയാള്‍ കണ്ണടച്ചു. അപ്പോള്‍ അയാള്‍ കണ്ടത് വെറും നിലത്ത് മരിച്ചുകിടക്കുന്ന തന്റെ മകളുടെ രൂപമാണ്. മുകളിലേക്ക് കൂര്‍ത്തുനില്‍ക്കുന്ന അവളുടെ കുരുന്നുമുലകളാണ്. അതോര്‍ത്തപ്പോള്‍ അയാളുടെ ശരീരത്തിലൂടെ തണുപ്പ് പായുകയും അയാള്‍ വിയര്‍ക്കുകയും ചെയ്തു.
തകര്‍ന്നുകിടക്കുന്ന പുറത്തേക്കുള്ള വാതിലിലൂടെ ഒരു മനുഷ്യന്‍, അപ്പോള്‍ കൈയിലൊരു വാളുമായി വീട്ടിലേക്ക് പാഞ്ഞുവന്നു. നിലത്തു കിടക്കുന്ന ആരുടെയോ മേല്‍ പുതപ്പു വിടര്‍ത്തിയിടാന്‍ ശ്രമിച്ചുകൊണ്ട് പതുങ്ങിക്കളിക്കുന്ന ഖാസിമിനെയാണ് അയാള്‍ കണ്ടത്.
'നീയാരാണ്?' വന്ന മനുഷ്യന്‍ അലറി.
ഖാസിം അയാളുടെ നേരേ മുഖംതിരിച്ചു.
'ഖാസിം,' വിശ്വസിക്കാനാവാത്ത മട്ടില്‍ ആ മനുഷ്യന്‍ നിലവിളിച്ചു
പോയി.
ഖാസിം മിഴിച്ചുനിന്നു. അയാളുടെ മുഖത്ത് ശൂന്യഭാവമായിരുന്നു. അയാള്‍ക്ക് ശരിക്കും കണ്ണുകാണാന്‍പോലും കഴിഞ്ഞില്ല.
'എന്റെ വീട്ടില്‍ നീയെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?' ആ മനുഷ്യന്‍ ഒച്ചയിട്ടു.
നിലത്ത്, പുതപ്പുകൊണ്ട് മൂടിയിട്ട കൂമ്പാരത്തിലേക്ക് ഖാസിം വിറയ്ക്കുന്ന വിരല്‍ ചൂണ്ടി. പൊള്ളയായ സ്വരത്തില്‍ അയാള്‍ പറഞ്ഞു: 'ശരീഫാന്‍.'
മറ്റേയാള്‍ പുതപ്പു വലിച്ചുമാറ്റി. അയാളുടെ കൈയില്‍നിന്ന് വാള്‍ നിലത്തു വീണു. 'വിമല, എന്റെ മോള്‍ വിമല' എന്ന് വിലപിച്ചുകൊണ്ട് അയാള്‍ വേച്ചുവേച്ച് വീട്ടില്‍നിന്ന് പുറത്തേക്ക് നടന്നു.

Content Highlights: International Translation Day, Sadath Hasan Manto, A.P Kunhamu, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented