മലയാളസാഹിത്യം മലയാളി മാത്രം വായിച്ചാല്‍ മതിയോ? നമ്മുടെ പരിഭാഷാ പദ്ധതി എന്ത്?


തയ്യാറാക്കിയത്: അജ്‌നാസ് നാസര്‍

.

രു ഭാഷയില്‍ രചിക്കപ്പെട്ട സാഹിത്യ കൃതികള്‍ ലോകം മുഴുവൻ വായിക്കപ്പെടുമ്പോഴാണ് പതിനായിരക്കണക്കിന് ഭാഷകളുള്ള ഈ ലോകത്ത് ആ ഭാഷ അംഗീകരിക്കപ്പെടുന്നത്. എന്നാല്‍, മലയാളത്തിലെ സാഹിത്യകൃതികള്‍ ഇപ്പോള്‍ എത്രത്തോളം മലയാളത്തിന് പുറത്ത് വായിക്കപ്പെടുന്നുണ്ട്? സാഹിത്യകൃതികളുടെ പരിഭാഷയ്ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രസാധനലോകത്ത് കൈവന്നുകൊണ്ടിരിക്കുന്ന പുതിയ അംഗീകാരത്തെ മലയാള സാഹിത്യലോകവും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂര്‍ണതോതില്‍ മനസ്സിലാക്കിയിട്ടുണ്ടോ?

റഷ്യനും ഫ്രഞ്ചും ഉള്‍പ്പടെയുള്ള ലോകഭാഷകളിലെയും ഹിന്ദിയും ബംഗാളിയും പോലുള്ള ഇന്ത്യന്‍ ഭാഷകളിലെയും പുസ്തകങ്ങള്‍ വ്യാപകമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോഴും മലയാളി വായനക്കാര്‍ വായിക്കുമ്പോഴും എത്ര മലയാളി പുസ്തകങ്ങള്‍ ഈ ഭാഷകളിലേക്ക് എത്തുന്നുണ്ട് എന്ന അന്വേഷണം ആവശ്യമല്ലേ? മലയാളത്തിന് ഒരു പരിഭാഷ പദ്ധതി ഉണ്ടാവേണ്ടതില്ലേ? കൂട്ടായതും അക്കാദമികവുമായ ഇടപെടലുകള്‍ ആവശ്യമല്ലേ? ലോക വിവര്‍ത്തന ദിനത്തില്‍ മാതൃഭൂമി ഡോട്ട്‌ കോം നടത്തുന്ന ചര്‍ച്ച.മറ്റു ഭാഷകളെ സ്വീകരിക്കുന്ന മലയാളത്തെ സ്വീകരിക്കാന്‍ മറ്റു ഭാഷകളും തയ്യാറാവും

ഇ.പി. രാജഗോപാലന്‍(നിരൂപകന്‍)

വിവര്‍ത്തനം ഓരോ കൃതിയും ഉള്ളാലെ കൊതിക്കുന്നുണ്ട്. കവിത പക്ഷിയെപ്പോലെ, അറിയില്ല അതിന് അതിര്‍ത്തികള്‍ എന്ന് കവി യെവ്തുഷെങ്കോ. നാടോടിക്കഥകള്‍ കേള്‍ക്കുമായിരുന്ന പഴയ സഞ്ചാരിക്കച്ചവടക്കാര്‍ അവ താന്താങ്ങളുടെ ഭാഷകളില്‍ സ്വന്തം നാട്ടുകാര്‍ക്ക് പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഏത് ഭാഷയും ഒറ്റയ്ക്ക് നില്‍ക്കാന്‍ ഇഷ്ടപ്പെടുകയില്ല. അതിന് മറ്റു ഭാഷകളോട് കൂട്ടുകൂടണം. ഇന്ന് വിവര്‍ത്തനം കുടുതല്‍ നടക്കുന്നുണ്ട്. സാഹിതീയം എന്നോ ജ്ഞാനസമ്പന്നം എന്നോ പരമ്പരാഗതമായി കരുതിപ്പോരാത്ത ഭാഷകളിലെ കൃതികളും ഇന്ന് വിവര്‍ത്തനങ്ങളിലൂടെ ലോകജീവിതത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്. ഓരോ ഭാഷയിലെയും വായനക്കാര്‍ മറ്റു ഭാഷകളിലെ കൃതികള്‍ താന്താങ്ങളുടെ ഭാഷയില്‍ വായിക്കാന്‍ ആശയുള്ളവരാണ്. ആ വഴിക്കുള്ള ലോക സഞ്ചാരത്തിന്റെ രസവും പ്രാധാന്യവും ഇന്ന് സംസ്‌കാരത്തിന്റെ ഭാഗമാണ്. ദേശീയത എന്ന ഇടുക്കത്തിനുള്ളില്‍ കഴിഞ്ഞുകൂടാനല്ല, മറിച്ച് എല്ലാ ഭാഷകളില്‍ നിന്നും മനുഷ്യാവസ്ഥയുടെ പാഠങ്ങള്‍ സ്വീകരിക്കാനാണ് ഇന്നത്തെ സമൂഹം തയ്യാറായിട്ടുള്ളത്.

മറ്റു ഭാഷകളെ പരിഭാഷ വഴി സ്വീകരിക്കുന്ന ഒരു ഭാഷയുടെ സമകാലികതയും കാര്യവാഹകശേഷിയും വര്‍ധിക്കുന്നുവെന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഭാഷാമൗലികവാദം മറ്റെല്ലാ മൗലികവാദങ്ങളും പോലെ തെറ്റാണ്. എല്ലാ ഭാഷകളും നിലനില്‍ക്കണം വളരണം. ഈ നിലനില്‍പ്പും വളര്‍ച്ചയും ഓരോ ഭാഷയുടെയും നിലനില്‍പ്പിനെ ശക്തിപ്പെടുത്തണം. മലയാളം ഇങ്ങനെ ശക്തവും സമകാലിക വുമാവാന്‍ സന്നദ്ധതയുള്ള ഒരു ഭാഷയാണ്. വിവര്‍ത്തനാലുകൂലമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക എന്നത് ഭാഷാ പ്രവര്‍ത്തകരുടെയെന്നപോലെ ഭരണകൂടത്തിന്റെയും കടമയാണ്. മറ്റു ഭാഷകളെ സ്വീകരിക്കുന്ന മലയാളത്തെ സ്വീകരിക്കാന്‍ മറ്റു ഭാഷകളും തയ്യാറാവും. ഭാഷകളുടെ പാരസ്പര്യം ലോക നാഗരികതയുടെ നന്മയും ഊര്‍ജ്ജവുമാണ് ഈ അവബോധം എന്നും ഉണര്‍ന്നു തന്നെ നില്‍ക്കണം.

തര്‍ജ്ജമക്കു സമ്മതിച്ചാല്‍ അതില്‍ വെട്ടും തിരുത്തും ഉണ്ടാകും എന്ന്‌ എഴുത്തുകാരനെ ബോധിപ്പിക്കണം

വി.സി. ശ്രീജന്‍(നിരൂപകന്‍)

മലയാളികള്‍ എല്ലാ ഭാഷകളില്‍നിന്നും പുസ്തകങ്ങള്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യാറുണ്ടെങ്കിലും തിരിച്ച് മലയാളത്തില്‍നിന്ന് അന്യഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യുന്നത് കുറവാണ് എന്ന് മുമ്പേ പറയാറുണ്ട്. ഇത് ആരെങ്കിലും മലയാളത്തെ ചതിക്കുന്നതുകൊണ്ടല്ല. അന്യഭാഷാവായനക്കാര്‍ക്കിടയില്‍ മലയാളപുസ്തകങ്ങള്‍ക്കു ഡിമാന്റില്ല എന്നതുകൊണ്ടാണ്. പുസ്തകം മലയാളത്തില്‍ എഴുതിയാല്‍ മതി, എന്തെങ്കിലും ഗുണമുണ്ടെങ്കില്‍ ആരെങ്കിലും അത് മറ്റു ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്തുകൊള്ളും എന്ന് ഒരിക്കല്‍ എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞിരുന്നു. മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുന്നവര്‍ മിക്കവാറും മലയാളികളാണ്, അവര്‍ മലയാളത്തിലെ എഴുത്തുകാരുമാണ്. ഇതേ പോലെ മലയാളത്തില്‍നിന്ന് അന്യഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യുന്നവരും അതാതു ഭാഷകളിലെ എഴുത്തുകാര്‍ ആയിരിക്കണം. എങ്കിലേ തര്‍ജ്ജമകള്‍ ഫലപ്രദവും സ്വീകാര്യവുമാകൂ.

ഏതു ഭാഷയിലേക്കു തര്‍ജ്ജമ ചെയ്യുന്നുവോ ആ ഭാഷയില്‍ എഴുത്തുകാരായിരിക്കാന്‍ പ്രാപ്തിയുള്ള ആളുകള്‍ തര്‍ജ്ജമയില്‍ ഏര്‍പ്പെട്ടാല്‍ സ്ഥിതി മെച്ചപ്പെടാം. ഇനി ഏതു പുസ്തകം തര്‍ജ്ജമ ചെയ്യണം എന്നു തീരുമാനിക്കുന്നത് വിവര്‍ത്തകരാണ്. ഏതു പുസ്തകവും തര്‍ജ്ജമചെയ്യാം. എന്നാല്‍, വിവര്‍ത്തകരുടെ ആ തീരുമാനം നല്ല ഫലം തരണമെന്നില്ല. അന്യഭാഷയിലെ വായനക്കാര്‍ക്ക് പ്രിയങ്കരമാകാന്‍ ഇടയുള്ള പുസ്തകം തന്നെ അവര്‍ തിരഞ്ഞെടുക്കുമെന്ന് ഉറപ്പില്ല. അന്യഭാഷയിലെ എഴുത്തുകാരാണ് തര്‍ജ്ജമ ചെയ്യുന്നതെങ്കില്‍, ങാ, ഈ പുസ്തകം അവര്‍ക്ക് ഇഷ്ടപ്പെടും/ഇഷ്ടപ്പെടില്ല എന്ന മുന്‍ധാരണ ഉണ്ടായി എന്നു വരും. അന്യഭാഷയില്‍ എഴുത്തുകാര്‍ അല്ലാത്തവര്‍ തര്‍ജ്ജമ ചെയ്താല്‍ പുസ്തകത്തിന്റെ തിരഞ്ഞെടുപ്പില്‍ തെറ്റുവന്നു പോകും. മറ്റാരും കണ്ടുപിടിക്കില്ല എന്നു വിചാരിച്ച് അന്യഭാഷകളില്‍നിന്നു ചൂണ്ടിയെഴുതിയ മലയാളകഥകള്‍ തിരികെ അതാതു അന്യഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യരുത്. കടപ്പാടു രേഖപ്പെടുത്തിയാല്‍ പ്രശ്‌നമില്ല.

മികച്ച ഒരു പുസ്തകം എന്നുവെച്ചാല്‍, കൃത്രിമമായ വെച്ചുകെട്ടുകള്‍ ഇല്ലാത്ത, കഥാനിര്‍മ്മാണത്തിലും കഥയുടെ നിര്‍വ്വഹണത്തിലും രചയിതാവിന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും തെളിഞ്ഞു കാണുന്ന, മനുഷ്യാനുഭവത്തിന്റെ വ്യത്യസ്തവശങ്ങള്‍ തൊട്ടു കാണിക്കുന്ന, എഴുതാന്‍ വേണ്ടി എഴുതി എന്നു തോന്നിക്കാത്ത പുസ്തകം ആണ് അന്യഭാഷയിലേക്കു തര്‍ജ്ജമ ചെയ്യുന്നത് എങ്കില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ തര്‍ജ്ജമയും വായനക്കാര്‍ സ്വീകരിക്കും. പിന്നെ എഡിറ്റിങ്. അതു നിശ്ചയമായും വേണം. എഴുത്തുകാര്‍ എഴുതിക്കൊടുക്കുന്നത് അതേപടി അച്ചടിച്ചു വിടുകയാണ് പ്രസാധകര്‍. പകരം ചില ഏര്‍പ്പാടുകള്‍ വേണം. തര്‍ജ്ജമക്കു സമ്മതിച്ചാല്‍ അതില്‍ വെട്ടും തിരുത്തും ഉണ്ടാകും എന്നു എഴുത്തുകാരനെ ബോധിപ്പിക്കണം.

ഏതു പുസ്തകം തര്‍ജ്ജമ ചെയ്യണം എന്ന് മൂന്നാമന്‍ തീരുമാനിക്കണം. എഴുത്തുകാരന്‍ തന്നെ വിവര്‍ത്തകനെ കണ്ടെത്തി പുസ്തകം വിവര്‍ത്തനം ചെയ്യിച്ച് പ്രസിദ്ധീകരിക്കുന്ന സമ്പ്രദായവും ഉണ്ട്. വിജയിക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത സംരംഭമാണിത്. മലയാളപുസ്തകങ്ങളുടെ കവറില്‍ ഇംഗ്ലിഷില്‍ പേരെഴുതുന്ന ഒരു രീതി മുമ്പ് ഉണ്ടായിരുന്നു. ഇത് പുതുമക്കു വേണ്ടി മാത്രമല്ല. പുസ്തകം ഇംഗ്ലിഷില്‍ പുറത്തിറങ്ങി താന്‍ ലോകപ്രസിദ്ധനാകുമെന്ന് ഗ്രന്ഥകാരന്‍ ഉള്ളാലെ കൊതിക്കുന്നു എന്നതിന്റെ അടയാളമാണ് ആ ഇംഗ്ലിഷ് അക്ഷരങ്ങള്‍. മലയാളപുസ്തകങ്ങളുടെ തര്‍ജ്ജമ ഇംഗ്ലിഷിലേക്കു മാത്രമേ പാടുള്ളൂ എന്നില്ല. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനമാകാം. എന്നാലും അവര്‍ക്ക് ഇഷ്ടപ്പെടുമോ ആവോ!

വിവര്‍ത്തനത്തിന്റെ ഡാറ്റാബേസ് പോലുമില്ല; സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഒരുപാട് ചെയ്യാനുണ്ട്‌

ഇ.വി ഫാത്തിമ(വിവര്‍ത്തക)

മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും ഏറ്റവും കൂടുതല്‍ വിവര്‍ത്തനങ്ങള്‍ നടക്കുന്നത് ഫിക്ഷനിലാണ്. മലയാളത്തിലെ ഫിക്ഷന്‍ വിവര്‍ത്തനത്തിലെ ഒരു സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന കാലമാണിത്. ആദ്യകാലം മുതലേ മലയാളത്തിന്റേത് ഒരു വിവര്‍ത്തനാധിഷ്ഠിതമായ സാഹിത്യ മണ്ഡലം തന്നെയായിരുന്നു. എന്നാല്‍, മലയാളത്തില്‍ എത്ര പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഏതൊക്കെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെയുള്ള ഒരു ഡാറ്റാബേസ് പോലും നമുക്കില്ല. കുറഞ്ഞത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളുടെ പോലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. കൃത്യമായ ഒരു മലയാള വിവര്‍ത്തന ചരിത്രം പോലും എഴുതപ്പെട്ടിട്ടില്ല. പലയിടത്തായി ചിതറിക്കിടക്കുന്ന ലേഖനങ്ങളും മറ്റുമുണ്ടാകാം. പക്ഷെ കൃത്യമായി ക്രോഡീകരിക്കപ്പെട്ട, റഫറന്‍സിന് ഉപയോഗിക്കാന്‍ പാകത്തിലുള്ള വിവര്‍ത്തന ചരിത്രമൊന്നും ലഭ്യമല്ല.

സാഹിത്യ അക്കാദമിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സര്‍വകലാശാലകളും പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. സര്‍ക്കാര്‍ സഹായത്തോടെ ഒരു വലിയ പ്രോജക്ടായി ചെയ്താല്‍ മാത്രമേ ഇത് നടപ്പിലാകുകയുള്ളു. വിവര്‍ത്തനം എവിടെ എത്തിനില്‍ക്കുന്നു ഇനി ഏതൊക്കെ ചെയ്യാനുണ്ട് എന്നൊക്കെയുള്ള കൃത്യമായ വിവരങ്ങള്‍ നമ്മുടെ കയ്യിലുണ്ടാവണം. പലപ്പോഴും സ്വന്തം താല്‍പര്യത്തിനാണ് പലരും വിവര്‍ത്തനത്തിന് തയ്യാറാവുന്നത്. പ്രസാധകരെ കണ്ടെത്താനൊക്കെ വിവര്‍ത്തകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കപ്പെടണം. പലപ്പോഴും വിവര്‍ത്തകര്‍ക്ക് അവരുടെ അധ്വാനത്തിന് അര്‍ഹമായ പ്രതിഫലങ്ങളൊന്നും ലഭിക്കാറില്ല.

വിവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഗ്രാന്റുകളും മറ്റും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാവണം. നിലവില്‍ ഫിക്ഷനും ജീവചരിത്രങ്ങളും പോലുള്ള പുസ്തകങ്ങളാണ് കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഇതര വിഭാഗത്തിലുള്ള കൃതികളും മറ്റ് ഭാഷകളിലേക്ക് എത്താനായി പ്രാധാന്യം നല്‍കണം. വിവര്‍ത്തകര്‍ക്ക് സഹായകമാകുന്ന ഏറ്റവും സമകാലികവും നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നതുമായ ഡിക്ഷനറികള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതേയുള്ളു.

സ്വീകരിക്കുന്നതോടൊപ്പം നല്‍കാനും നമുക്ക് സാധിക്കണം

സുനില്‍ ഞാളിയത്ത് (വിവര്‍ത്തകന്‍)

മലയാള ഭാഷയുടെ വളര്‍ച്ചക്കും വികാസത്തിനും ഏറെ വെള്ളവും വളവും നല്‍കിയ മേഖലകളില്‍ ഒന്ന് പരിഭാഷയാണ്. മലയാള ഭാഷയിലെ ലക്ഷണമൊത്ത ആദ്യ നോവല്‍ 'കുന്ദലത' എഴുതപ്പെടുന്നതിന് മുന്‍പുതന്നെ നമ്മുടെ ഭാഷയില്‍ നോവല്‍ വിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്യഭാഷാകൃതികള്‍ നമ്മുടെ ഭാഷയിലേക്ക് സ്വീകരിക്കുന്നതില്‍ നാം കാണിക്കുന്ന ഉത്സാഹം നമ്മുടെ സാഹിത്യം അന്യഭാഷകളിലേക്ക് പോകുന്നതില്‍ ഒരു കാലത്തും നിലനിന്നിരുന്നില്ല എന്നതാണ് നിരാശാജനകമായ ഒരു യാഥാര്‍ത്ഥ്യം

ചെറിയ തോതില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. കേന്ദ്ര - കേരള സാഹിത്യ അക്കാദമികള്‍ക്ക് വലിയ തോതില്‍ ഇതില്‍ ഇടപെടാന്‍ സാധിക്കേണ്ടതാണ്. പരിഭാഷയ്ക്കായി മാത്രം ഒരു കേന്ദ്രം എന്ന ആശയം പോലും മലയാളത്തില്‍ ആരംഭിക്കാവുന്നതാണ്. സ്വീകരിക്കുന്നതോടൊപ്പം നല്‍കാനും നമുക്ക് സാധിക്കണം. കൊടുക്കലും വാങ്ങലും പരസ്പരമായി മാറേണ്ടതുണ്ട്.

ആദ്യമുണ്ടാകേണ്ടത് മികച്ച സാഹിത്യമാണ്; പരിഭാഷകരും വായനക്കാരുമെല്ലാം പിന്നാലെ വരും

സജയ് കെ.വി. (നിരൂപകന്‍)

ഒരു ഭാഷയിലെഴുതപ്പെടുന്ന സാഹിത്യത്തോളമാണ് ആ ഭാഷയുടെയും വലിപ്പം. മഹാസാഹിത്യമെഴുതപ്പെടുന്ന ഭാഷ, മഹാഭാഷയാകുന്നു. ഷെയ്ക്‌സ്പിയറിനു ശേഷമുള്ള ഇംഗ്ലീഷ്, മറ്റൊരു ഭാഷയാണ്. അതുവരെ ചോസറിന്റെ കഥനവും നര്‍മ്മവും കലര്‍ന്ന്, ആഴം കുറഞ്ഞ ഒരരുവി പോലെ തെളിമയോടെ പ്രവഹിച്ചിരുന്ന ആ ഭാഷ, അതോടെ, ഒരു മഹാര്‍ണ്ണവമായി മാറി, ആഴപ്പെട്ടു. പിന്നാലെ മില്‍ട്ടണ്‍ കൂടി വന്നതോടെ അതിന് ഭൂസ്വര്‍ഗ്ഗപാതാളങ്ങളുടെ പെരുമ കൈവന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ കാല്‍പനികരാണ് പിന്നീട് ആ ഭാഷയ്ക്ക് മഴവില്ലഴകുവഴിയുന്ന മറ്റൊരു വിതാനം കൂടി സമ്മാനിക്കുന്നത്. എലിയറ്റാണ്, ഇരുപതാം നൂറ്റാണ്ടില്‍, ആംഗല കാവ്യഭാഷയെ പുനര്‍നവീകരിച്ച് പുതുജീവന്‍ പകരുന്നത്, അതിനു ശേഷം.

തന്റെ കവിത വായിക്കുന്നതിനു വേണ്ടി, വിദേശികള്‍ മലയാളം പഠിക്കുന്ന കാലം വരുമെന്ന ഉയര്‍ന്ന പ്രത്യാശ, മഹാകവി കുമാരനാശാനുണ്ടായിരുന്നു. ബഷീറിന്റെ ചെറുമലയാളം, ആഷറെപ്പോലൊരു പണ്ഡിതനെക്കൂടി അതിലേയ്ക്കാകര്‍ഷിച്ചു. നെരൂദയുടെ കവിതയോളമാണ് സ്പാനിഷിന്റെ സമുദ്രത. അതേ ഭാഷ, മാതൃഭാഷയായ ബോര്‍ഹെസാകട്ടെ, ഇംഗ്ലീഷ് ഭാഷയെ ആരാധിച്ചു. അതിന്റെ പ്രാക്തനഗരിമയില്‍ അഭിരമിച്ചു. ബംഗാളി, ഇന്ത്യന്‍ ഭാഷകളുടെ കൂട്ടത്തില്‍ ഹിമാലയശൃംഗം പോലെ ഉയര്‍ന്നു നില്‍ക്കുന്നത്, അത് വിശ്വമഹാകവി ടാഗോറിന്റെ ഭാഷയായതിനാല്‍ കൂടിയാണ്. വലിയ സാഹിത്യം, അതെഴുതപ്പെടുന്ന ഭാഷയേയും ഉയര്‍ത്തുന്നു. ഫ്രഞ്ചുഭാഷയെന്നാല്‍ 'അവാങ്ഗാദ്'ന്റെ ഭാഷയാണ് ലോകസാംസ്‌കാരിക ഭൂപടത്തില്‍. ഹോമറിനു ശേഷം ഗ്രീക്കിനെ ഈ വിധം, പെരുമപ്പെടുത്തിയത് കസന്‍ദ് സാക്കീസായിരുന്നു. 'ഒഡീസി എ മോഡേണ്‍ സ്വീക്വല്‍' എന്ന ആധുനികമഹാകാവ്യം അദ്ദേഹം ആ ഭാഷയില്‍ എഴുതി.

ഭാഷയേതായാലും എഴുത്തിന്റെ സാഹിത്യ ശോഭയാണ് അതിലേയ്ക്ക് പരിഭാഷകരെയും വായനക്കാരെയും ആകര്‍ഷിക്കുന്നത്. കോഹിനൂര്‍ രത്‌നം, ഇന്ത്യയിലായാലും ഇംഗ്ലണ്ടിലായാലും കോഹിനൂര്‍ തന്നെ. മലയാളഭാഷയുടെ ഖനിയില്‍ കോഹിനൂറുകള്‍ വിളയുമെങ്കില്‍ അതിനെ ലോകത്തിന്റെ നെറുകയിലേയ്ക്കുയര്‍ത്തുന്ന പരിഭാഷകളുണ്ടാവുകയും അതിന്റെ പ്രഭ ലോകം കാണുകയും ചെയ്യും. അതിനു വേണ്ടി ഒരാസൂത്രിതയത്‌നമൊന്നും ആരും നടത്തേണ്ടതുണ്ടെന്നു തോന്നുന്നില്ല. കാരണം, 'ധ്രുവയുഗം മുല്ലപ്പൂവിത'ളായി മാറിക്കഴിഞ്ഞ കാലമാണിത്. ആദ്യമുണ്ടാകേണ്ടത് മികച്ച സാഹിത്യമാണ്. മികച്ച പരിഭാഷകരും വായനക്കാരുടെ പെരുംപറ്റവുമെല്ലാം അതിനു പിന്നാലെ വരും. ഈ വര്‍ഷം, ബുക്കര്‍ നേടിയ 'മണലിന്റെ മരണകുടീര'മെന്ന നോവലെഴുതിയ ഗീതാഞ്ജലി ശ്രീ, എഴുതുന്നത് ഹിന്ദിയിലാണെന്നോര്‍ക്കുക.

Content Highlights: international translation day Malayalam and translation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented