ചിതറിപ്പോയ ജീവിതങ്ങള്‍ | മനോരഞ്ജന്‍ ബ്യാപാരിയുടെ കഥ, സുനില്‍ ഞാളിയത്തിന്റെ പരിഭാഷ


ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മീന്‍ പിടിക്കാന്‍ പോയ രബി ബാഗ്ദിയെ കടുവ കൊന്നത്. മഹാജനില്‍നിന്നും അന്‍പതുരൂപ വാടകയ്‌ക്കെടുത്ത നൈലോണ്‍വല അരയോളം വെള്ളത്തിലിറങ്ങിനിന്ന് രബിയും കൂട്ടാളികളും ചേര്‍ന്ന് വലിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

മനോരഞ്ജൻ ബ്യാപാരി, സുനിൽ ഞാളിയത്ത്

1950-ല്‍ ബംഗ്ലാദേശിലെ ബരിസാലില്‍ ജനിച്ച മനോരഞ്ജന്‍ ബ്യാപാരി ബംഗാളിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ബാല്യകാലം പിന്നിട്ടത്. ജയില്‍ശിക്ഷ അനുഭവിച്ച സമയത്താണ് അക്ഷരം വായിക്കാന്‍ പഠിച്ചത്. റിക്ഷാക്കാരനായി കല്‍ക്കത്തയില്‍ കഴിഞ്ഞിരുന്ന കാലത്ത് മഹാശ്വേതദേവിയെ പരിചയപ്പെട്ടത് ജീവിതത്തിലെ വഴിത്തിരിവായി. പന്ത്രണ്ടോളം നോവലുകളും നൂറിലധികം കഥകളുമെഴുതി ബംഗാളി ദളിത് സാഹിത്യത്തിലെ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ ബ്യാപാരി 2021-ല്‍ തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിബൃത്തെ ചണ്ഡാള്‍ ജീബൊന്‍ എന്ന കൃതി ദ് ഹിന്ദു പ്രൈസ് നേടി. പശ്ചിംബംഗ ബംഗ്ല അക്കാദമി അവാര്‍ഡ്, ഷര്‍മിള ഘോഷ് സ്മൃതി പുരസ്‌കാരം, ഗേറ്റ്വെ ലിറ്റ് റൈറ്റര്‍ ഓഫ് ദ് ഇയര്‍ എന്നിവയാണ് ലഭിച്ച ഇതര ബഹുമതികള്‍. വിവിധ ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര വിവര്‍ത്തനദിനത്തില്‍ ബ്യാപാരിയുടെ കഥയ്ക്ക് സുനില്‍ ഞാളിയത്തിന്റെ പരിഭാഷ വായിക്കാം.

റുത്തിരുണ്ട രാത്രി കൂടുതല്‍ കാളിമയാര്‍ന്ന് സനാതന്‍ ബവാലിയുടെ കണ്‍മുന്നില്‍ ഫണം വിടര്‍ത്തിയാടി. അത്താഴപ്പട്ടിണിയായിരുന്ന ആ രാത്രിയുടെ നോവുകൊണ്ടല്ല പകരം ആസന്നമായ മുഴുപ്പട്ടിണിയുടെ ദിനരാത്രങ്ങളെക്കുറിച്ചുള്ള ഭീതിപൂണ്ട ചിന്തയിലാണ് അയാള്‍ ഉറക്കം നഷ്ടപ്പെട്ട് എഴുന്നേറ്റിരുന്നത്. പകലന്തിയോളം അദ്ധ്വാനിച്ചാല്‍ മാത്രം അടുപ്പ് പുകയുന്ന, പാര്‍പ്പിടങ്ങള്‍ മാത്രമുള്ള കാളിനഗര്‍ ഗ്രാമത്തിലായിരുന്നു സനാതന്റെയും കുടില്‍. അയാളുടെ മന്ത്രോച്ചാരണത്തിന്റെ ബലത്തിലാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള ഗ്രാമീണര്‍ സുന്ദര്‍ബന്‍സിലെ പുഴയിലും തോടുകളിലും മീന്‍ തേടി വലയെറിയാന്‍ പോയിരുന്നത്.മനുഷ്യമാംസം ഏറെ ഇഷ്ടമായിരുന്നു സുന്ദര്‍ബന്‍സിലെ കടുവകള്‍ക്ക്. ഏറെക്കാലം മുമ്പ് അധികാരിവര്‍ഗ്ഗത്തിന്റെ ഒത്താശയോടെ മരിചഝാപി ദ്വീപില്‍ അരങ്ങേറിയ കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സുന്ദര്‍ബന്‍സിലെ കാടുകളിലാണ് അവര്‍ കൊണ്ടുവന്നു തള്ളിയത്. അവയത്രയും തിന്നുതീര്‍ത്തതോടെ കടുവകളുടെ ആഹാരരീതി സമൂലം മാറിപ്പോയി. വന്നുവന്ന് ജീവനുള്ള മനുഷ്യരെ ആക്രമിച്ച് ഭക്ഷിക്കുന്ന തരത്തിലേക്ക് കടുവകളെത്തി. അതോടെ ഭീതിയിലാണ്ടുപോയത് മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന മുക്കുവഗ്രാമീണരായിരുന്നു. കടുവകളുടെ ആക്രമണം ഭയന്ന് മീന്‍ പിടിക്കാന്‍ പോകാതായതോടെ മുക്കുവഗ്രാമത്തില്‍ പട്ടിണിയും പരിവട്ടവും നിറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കണ്ടതോടെ സനാതന്‍ ഗ്രാമീണരെ വിളിച്ചുകൂട്ടി കടുവയെ ഭയന്ന് പണിക്കുപോവാതിരിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. പക്ഷേ, പലരും അയാളുടെ മുമ്പില്‍ വിങ്ങിപ്പൊട്ടി സംസാരിക്കുകയാണുണ്ടായത്. പട്ടിണികിടന്ന് മരിച്ചാലും വേണ്ടില്ല, കടുവയുടെ ഇരകളാവാന്‍ അവരില്‍ പലരും ആഗ്രഹിച്ചില്ല.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മീന്‍ പിടിക്കാന്‍ പോയ രബി ബാഗ്ദിയെ കടുവ കൊന്നത്. മഹാജനില്‍നിന്നും അന്‍പതുരൂപ വാടകയ്‌ക്കെടുത്ത നൈലോണ്‍വല അരയോളം വെള്ളത്തിലിറങ്ങിനിന്ന് രബിയും കൂട്ടാളികളും ചേര്‍ന്ന് വലിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പുലര്‍വെട്ടം പരന്നുതുടങ്ങിയിട്ടുണ്ടായിരുന്നില്ല. കാട്ടുമരങ്ങളിലും ഇലകളിലും ചോലകളിലും പടര്‍പ്പുകളിലും ഇരുട്ട് പാടകെട്ടി നിന്നിരുന്നു. ആ ഇരുട്ടില്‍ പൊന്തക്കാടുപോലെ വളര്‍ന്നു നിന്നിരുന്ന കാട്ടുതുളസിച്ചെടികളുടെ മറപറ്റിയാണ് കടുവ തന്റെ ഊഴം കാത്തിരുന്നത്. വല വലിച്ച് തീരത്തോട് അടുത്തതും ഒരൊറ്റക്കുതിപ്പിന് കടുവ ബാഗ്ദിയുടെ കഴുത്തില്‍ പിടിമുറുക്കി. എന്താണെന്നറിഞ്ഞ് അങ്കലാപ്പും അലര്‍ച്ചയും പടരുന്നതിനു മുമ്പുതന്നെ കടുവ തന്റെ ഇരയുമായി ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങി.

വലവീശാന്‍ എത്തിയ ആ നാല്‍വര്‍സംഘത്തില്‍ രബിക്കായിരുന്നു ഏറ്റവും പ്രായക്കുറവ്. മനുഷ്യരില്‍ത്തന്നെ ഏറ്റവും സ്വാദേറിയ മാംസം ഏതാണെന്ന് കടുവകള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗത്തിലാണ് കടുവ ബാഗ്ദിയെ ആക്രമിച്ചതും അവനെ വലിച്ചുകൊണ്ട് കടന്നുകളഞ്ഞതും. ഈ സംഭവം നടക്കുമ്പോള്‍ തന്റെ ചെറുവഞ്ചിയിലിരുന്ന് കാട്ടിലേക്ക് നോട്ടമുറപ്പിച്ച് മന്ത്രോച്ചാരണം നടത്തുകയായിരുന്നു സനാതന്‍. മന്ത്രമുരുവിടുന്നതിന്റെ ഫലമായി ലഭിക്കുന്ന അസാമാന്യശക്തിയില്‍ വിശ്വാസമുള്ളവരായിരുന്നു കാളിനഗര്‍ നിവാസികള്‍. മന്ത്രശക്തിയാല്‍ കടുവകളെ കാട്ടില്‍ത്തന്നെ തടഞ്ഞുനിര്‍ത്താനാവുമെന്നും അവയുടെ താടിയെല്ലുകളെ മരവിപ്പിച്ചുകളയാമെന്നും ഗ്രാമീണര്‍ വിശ്വസിച്ചു.

തന്റെ പിതാവില്‍നിന്നും പകര്‍ന്നുകിട്ടിയ അപൂര്‍വ്വ അദ്ഭുതസിദ്ധിയുടെ ബലത്തിലാണ് സനാതന്‍ ബവാലിക്ക് കടുവകളെ നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുന്നതെന്ന് ഗ്രാമീണര്‍ വിശ്വസിച്ചു. അതുകൊണ്ട് സനാതനെ വിശ്വസിച്ചാണ് മുക്കുവര്‍ മീന്‍ പിടിക്കാനും ഞണ്ട് പിടിക്കാനും കാട്ടില്‍ കയറി തേന്‍കൂട് പൊളിക്കാനും ധൈര്യപ്പെട്ടത്. ജലാശയങ്ങളെയും കാടിനെയും ആശ്രയിച്ച് മാത്രം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന ഗ്രാമീണര്‍ ഒരു രക്ഷാകര്‍ത്താവിനെപ്പോലെയാണ് സനാതന്‍ ബവാലിയെ കണ്ടിരുന്നത്.

ബാഗ്ദിയെ കടുവ പിടിച്ച ദിവസവും ഉറക്കയുറക്കെ മന്ത്രജപം നടത്തി മീന്‍പിടിക്കാന്‍ ഇറങ്ങിയവര്‍ക്ക് ധൈര്യം പകരുകയായിരുന്നു സനാതന്‍. 'പേടിക്കാന്‍ എന്തിരിക്കുന്നു! ദക്ഷിണ്‍റായ് പിതാവായും വനബീബി മാതാവായും നമ്മോടൊപ്പമുണ്ട്. ഞാനല്ലേ പറയുന്നത്,' അയാള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. അതിനിടയിലാണ് ആ ദുരന്തമുണ്ടായത്. രബിക്ക് മുമ്പ് കാലൊസോന ആയിരുന്നു. അതിനു മുമ്പ് ഭൈരവനും ബലരാമനും പഞ്ചയും ഗോപേസുമായിരുന്നു മരണപ്പെട്ടത്. മൃത്യുവിന്റെ മഹാഘോഷയാത്ര തുടര്‍ച്ചയായി ഗ്രാമത്തില്‍ അരങ്ങേറുകയായിരുന്നു.
സുന്ദര്‍ബന്‍സ് നിവാസികള്‍ക്ക് മരണം ഒരിക്കലും ഒരു പുത്തരിയായിരുന്നില്ല. മണ്ണില്‍ വിഷപ്പാമ്പിനെയും വെള്ളത്തില്‍ മുതലയെയും കാട്ടില്‍ കടുവയെയും നേരിട്ടുകൊണ്ടാണ് അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. മരണമെന്നത് സുന്ദര്‍ബന്‍സില്‍ ഒരു ദൈനംദിനസംഭവമായിരുന്നു. ഇടയ്ക്കിടെ ചുടലനൃത്തച്ചുവടുകളുമായി വന്നിരുന്ന മഹാമാരികള്‍ ഒട്ടേറെ ജീവനപഹരിച്ചുകൊണ്ടാണ് പിന്‍വാങ്ങിയിരുന്നത്. സുന്ദര്‍ബന്‍സിലെ കാളിനഗര്‍ ഗ്രാമത്തില്‍ മാത്രം കഴിഞ്ഞ മുപ്പത്-മുപ്പത്തിരണ്ടു വര്‍ഷത്തിനിടെ നാല്‍പ്പതോ അന്‍പതോ മനുഷ്യരാണ് കടുവയുടെ ക്രൗര്യത്തിന് ഇരയായത്. തൊട്ടടുത്തുള്ള മറ്റൊരു മുക്കുവഗ്രാമത്തിലാണെങ്കില്‍ അതിലും ഏറെ മുക്കുവരാണ് കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്. മത്സ്യബന്ധന സീസണ്‍ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഇനി ആരുടെ ഊഴമാണെന്ന് ദക്ഷിണ്‍റായ് പിതാവിനോ വനബീബി മാതാവിനോ മുന്‍കൂര്‍ അറിയാമോ എന്നാര്‍ക്കറിയാം. പക്ഷേ, കൊടുങ്കാറ്റിനെയും മഹാമാരിയെയും പുഴയിലെ മുതലയെയും കാട്ടിലെ കടുവയെയും മല്ലിട്ടുകൊണ്ട് ജീവിക്കാതെ ഗ്രാമീണര്‍ക്കു മുമ്പില്‍ വേറെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. അതുകൊണ്ട് ഭയപ്പാടോടെയാണെങ്കിലും അവര്‍ക്ക് മീന്‍പിടിക്കാന്‍ പോയേ മതിയാവുമായിരുന്നുള്ളൂ. പേടിച്ച് വീട്ടിലിരുന്നാല്‍ ആരാണ് വയര്‍ നിറയ്ക്കുക? എങ്ങനെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോവുക? ഏതുവിധേനയാണ് മഹാജന്റെ കടം വീട്ടുക? സ്വന്തമായി രണ്ടര സെന്റ് കൃഷിഭൂമിപോലും ഇല്ലാത്തവരായിരുന്നു മുക്കുവഗ്രാമത്തിലെ മനുഷ്യര്‍. താമസിച്ചിരുന്ന കുടിലുകള്‍ മാത്രമായിരുന്നു അവര്‍ക്ക് സ്വന്തം. അപ്പനപ്പൂപ്പന്മാരുടെ കാലത്ത് സ്വന്തമായി കൃഷിസ്ഥലമുണ്ടായിരുന്നവരായിരുന്നു അവരില്‍ പലരും. പക്ഷേ, കാലാന്തരത്തില്‍ അവയൊക്കെയും പലിശക്കാരും നാട്ടുപ്രമാണിമാരും കൈവശപ്പെടുത്തുകയാണുണ്ടായത്. ഭൂരഹിതരായി മാറിയ അവരില്‍ പലരും ഇപ്പോള്‍ വറുതി വന്നാല്‍ ഭൂവുടമകളില്‍നിന്നും കടം വാങ്ങുകയും കൃഷിക്കാലമായാല്‍ തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുത്ത് കടം വീട്ടുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിപ്പോയിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസമാണ് കൃഷിപ്പണി തരപ്പെടുക. അവശേഷിക്കുന്ന മാസങ്ങളത്രയും മീന്‍ പിടിച്ചും തേന്‍ ശേഖരിച്ചുമാണ് അവര്‍ ജീവിച്ചിരുന്നത്.

ആഷാഢവും ശ്രാവണവും ഭാദ്രവും ആശ്വിനവുമാണ് നല്ലപോലെ മീന്‍ ലഭിക്കുക. പുഴയില്‍നിന്നും വല വീശിപ്പിടിച്ച മീന്‍, ചെമ്മീന്‍കെട്ട് മുതലാളിമാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. അതില്‍നിന്നും അന്‍പതും നൂറുമൊക്കെ വരുമാനം ലഭിക്കും. മറ്റു മാസങ്ങളെപ്പോലെ ഈ നാലു മാസം പട്ടിണികിടക്കേണ്ടിവരാറില്ല. എല്ലാ വീടുകളിലും ചുരുങ്ങിയത് രണ്ടു നേരമെങ്കിലും അടുപ്പ് പുകയും. വറുതിയായാല്‍ അത് പാടേ നിലയ്ക്കും.


മുക്കുവഗ്രാമത്തിലെ താരതമ്യേന സാമ്പത്തികശേഷിയുള്ള കുടുംബമായിരുന്നു സനാതന്‍ ബവാലിയുടേത്. ഒരണ തൂക്കമുള്ള സ്വര്‍ണ്ണ മൂക്കുത്തിയാണ് അയാളുടെ ഭാര്യ അണിഞ്ഞിരുന്നത്. അതൊരിക്കലും അരി വാങ്ങാനായി പണയംവെക്കാന്‍ അവര്‍ക്ക് ഊരിക്കൊടുക്കേണ്ടിവന്നിട്ടില്ല. സാധാരണനിലയ്ക്ക് രണ്ടുനേരവും അവരുടെ അടുപ്പ് പുകയുമായിരുന്നു. മകന്‍ സൈക്കിളിലാണ് പത്തു മൈല്‍ അകലെയുള്ള സ്‌കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. പക്ഷേ, ഇപ്പോള്‍ അവരുടെ അവസ്ഥയും നന്നേ പരുങ്ങലില്‍ ആയിക്കഴിഞ്ഞിരുന്നു. ചിന്താധീനനായി മാറിയ ബവാലിയുടെ നെറ്റിയില്‍ ചുളിവുകള്‍ തെളിഞ്ഞു. ഇനി ഏറിയാല്‍ നാലഞ്ചു ദിവസംകൂടി കഴിഞ്ഞുകൂടാനുള്ള സാധനങ്ങളേ അവരുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഗ്രാമത്തിലെ മറ്റ് പലരെയുംപോലെ പട്ടിണിയിലേക്കും മുഴുപ്പട്ടിണിയിലേക്കും നീങ്ങേണ്ടിവരും. മാരകമായ രോഗത്തിന്റെ പേരാണല്ലോ പട്ടിണി! ദിവസങ്ങള്‍ പോകുന്തോറും ശരീരം ക്ഷീണിച്ചുവരികയും ആരോഗ്യം ദുര്‍ബലപ്പെടുകയും ചെയ്യും. ഒടുവില്‍ അത് മരണത്തിലാണ് കലാശിക്കുക. പട്ടിണിമരണംപോലെ വേദനാജനകമായ മരണം വേറെ ഏതാണുള്ളത്?

കടുവ പിടിച്ചാല്‍ ഒരൊറ്റ കുടയലോടെ പ്രാണന്‍ നഷ്ടപ്പെടും. മുതലയാണെങ്കില്‍ നാലഞ്ചു മിനിട്ട്. പക്ഷേ, പട്ടിണിമൂലമാണെങ്കില്‍ ഓരോ കോശത്തിനെയും കാര്‍ന്നുതിന്നുകൊണ്ട് ദിവസങ്ങളോളം അനുനിമിഷമെന്നോണം യാതന സഹിച്ചുകൊണ്ടാണ് പ്രാണന്‍ വെടിയുക. പട്ടിണിമരണത്തെ ഏറെ ഭയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സനാതന്‍ ബവാലി. പക്ഷേ, ഒടുവില്‍ പട്ടിണിമൂലമുള്ള മരണത്തിന്റെ കാലടിയൊച്ചകള്‍ അയാളുടെ കാതുകളില്‍ അലച്ചെത്താന്‍ തുടങ്ങിയിരുന്നു. സനാതന്‍ ബവാലിയുടെ വീട്ടുപടിക്കല്‍ മാത്രമല്ല, മുക്കുവഗ്രാമത്തിലെ സകല കുടിലുകളിലും മരണമെത്തുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.

മുമ്പ് സുന്ദര്‍ബന്‍സിലെ കടുവകള്‍ നരഭോജികളായിരുന്നില്ല. കാട്ടില്‍ അവര്‍ക്ക് ആഹാരം യഥേഷ്ടം ലഭിച്ചിരുന്നു. പക്ഷേ, കാലം പോകുന്തോറും മനുഷ്യര്‍ കാട് കൈയേറി കുടിലുകള്‍ കെട്ടുകയും മരങ്ങള്‍ വന്‍തോതില്‍ മോഷ്ടിച്ചു കടത്തുകയും ചെയ്തതോടെ വനനശീകരണം വ്യാപകമായി. ഒരു വിഭാഗം വനപാലകരും രാഷ്ട്രീയക്കാരും തമ്മില്‍ കൈകോര്‍ത്തതോടെ വനസമ്പത്ത് നിര്‍ബാധം കൊള്ളയടിക്കപ്പെട്ടു. കാട്ടില്‍ വേണ്ടത്ര ആഹാരം ലഭിക്കാതെ വന്നതോടെയാണ് വന്യജീവികള്‍ നാട്ടിലേക്കിറങ്ങി ഇര തേടാന്‍ തുടങ്ങിയത്. സാധാരണഗതിയില്‍ ഗതികെട്ടാല്‍ മാത്രമാണ് കടുവകള്‍ മനുഷ്യമാംസം ഭക്ഷിക്കുക. പക്ഷേ, മനുഷ്യമാംസത്തിന്റെ രുചി ബോധിച്ചുകഴിഞ്ഞാല്‍ അവര്‍ നരഭോജികളായി മാറും. വേറെ ഇരകളെ തേടിപ്പോകാന്‍ അവര്‍ ശ്രമിക്കുകയുമില്ല. ഭൂമിയിലെ ജീവജാലങ്ങളില്‍ ഏറ്റവും എളുപ്പം പിടിക്കാവുന്ന ഇരയാണ് മനുഷ്യന്‍! ചാടുകയോ തള്ളുകയോ പിടയ്ക്കുകയോ ഓടുകയോ ചെയ്യില്ല. പിടിക്കപ്പെട്ടാലുടന്‍ മിണ്ടാപ്രാണിയാവും!

മീന്‍പിടിച്ചും തേന്‍ ശേഖരിച്ചും കുടുംബം പോറ്റിയ സനാതന്‍ ബവാലിയുടെ അച്ഛന്‍ ബൃന്ദാബന്‍ ബവാലി തന്റെ മകനെ മുക്കുവനായി കാണാനാഗ്രഹിച്ചില്ല. പക്ഷേ, കടുവയുടെ ആക്രമണത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട് കട്ടിലിലായതോടെ അയാള്‍ മനസ്സില്ലാമനസ്സോടെ മകനെ വലവീശാന്‍ പറഞ്ഞയച്ചു. വീട്ടിലെ പട്ടിണിയകറ്റാന്‍ ബൃന്ദാവന്‍ ബവാലിക്ക് മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആ പ്രദേശത്തെ ജനങ്ങള്‍ വിശപ്പിന്റെ ഇരകളായിരുന്നു, അടിമകളും! ഭയം, വിഷാദം, അപകടം എന്നീ വാക്കുകളുടെ അര്‍ത്ഥം അവരുടെ മനസ്സുകളില്‍ യാതൊരു വിധത്തിലുമുള്ള സ്ഥായിഭാവവും ഉണര്‍ത്തിയില്ല. ആ വാക്കുകള്‍ പകരുന്ന വൈകാരികതയെ വിശപ്പ് എന്ന ഭീമന്‍വാക്ക് അപ്പാടേ വിഴുങ്ങിക്കളഞ്ഞിരുന്നു.
മന്ത്രോച്ചാരണംകൊണ്ട് കടുവയുടെയും മുതലയുടെയും വാ മൂടിക്കെട്ടാന്‍ ശേഷിയുണ്ടായിരുന്ന ബൃന്ദാബന്‍ ബവാലിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടത് കടുവയുടെ ആക്രമണത്തിലായിരുന്നു. അതോടെയാണ് അയാളുടെ കഴിവില്‍ ആളുകള്‍ സംശയം പ്രകടിപ്പിച്ചുതുടങ്ങിയത്. കാലക്രമത്തില്‍ ഒരു കൈയില്‍ മന്ത്രജപവും മറ്റൊരു കൈയില്‍ മീന്‍വലയും എടുക്കേണ്ട ഗതികേടിലായി ബവാലികുടുംബം. ഒരര്‍ത്ഥത്തില്‍ അയാളെ കുറ്റം പറയാന്‍ ആവുമായിരുന്നില്ല. കത്തിയാളുന്ന വിശപ്പായിരുന്നു അയാളെ അതിന് പ്രേരിപ്പിച്ചത്. കാരണം, കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് കാലില്‍ മാരകമായി മുറിവേറ്റ് ആറേഴു മാസം ചികിത്സയില്‍ കഴിഞ്ഞതിനുശേഷമാണ് ബൃന്ദാബന്‍ മരണപ്പെട്ടത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ക്ഷീണിതനായ ബൃന്ദാബന്‍ മകന്‍ സനാതനെ വിളിച്ച് അടുത്തിരുത്തിയശേഷം പറഞ്ഞു, 'നിന്നെ മീന്‍ പിടിക്കാന്‍ വിടണമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ഏറെ കഷ്ടപ്പാടുള്ള പണിയാണ്, അപകടവും ചില്ലറയല്ല. പക്ഷേ, നീ ആ പണിക്കുതന്നെ ഇറങ്ങിയേ പറ്റൂ. എനിക്കിനി ഏറെക്കാലമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ പോയാല്‍പ്പിന്നെ നീയാണ് ഒപ്പമുള്ളവരെ തീറ്റിപ്പോറ്റേണ്ടത്. നീ എന്റെ സ്ഥാനം ഏറ്റെടുക്കണം. എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. നീയത് ശ്രദ്ധിച്ചു കേള്‍ക്കണം. സത്യത്തില്‍ ഈ മന്ത്രശക്തി എന്നൊന്നില്ല. കണ്ണും കാതും തുറന്നുവെച്ച് ജാഗരൂകനായി കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മാത്രം മതി. അതാണ് സത്യത്തില്‍ വേണ്ടത്. പക്ഷേ, നീ ഇക്കാര്യം പരസ്യമായി പറയരുത്. പറഞ്ഞാല്‍പ്പിന്നെ ആളുകള്‍ നിന്നെ ഗൗനിക്കില്ല. നിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കില്ല. നിന്റെ വാക്കുകളെ വിശ്വസിച്ച് കാട്ടിലോ പുഴയിലോ പോകാന്‍ ധൈര്യപ്പെടില്ല. ചില നുണകള്‍ക്ക് മനുഷ്യര്‍ക്കിടയില്‍ ധൈര്യം പകരാനാവും. അത് അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കും. ഈ ഒരു കാര്യം നീ മറക്കരുത്.'

പുസ്തകം വാങ്ങാം

സനാതന്‍ ബവാലിയുടെ മന്ത്രജപംകൊണ്ട് സുന്ദര്‍ബന്‍ ഗ്രാമങ്ങളില്‍ ഒരു വ്യതിയാനവും സംഭവിച്ചില്ല. ഇടയ്ക്കിടെ തരുണികള്‍ വിധവകളായി. സന്താനങ്ങളെ നഷ്ടപ്പെട്ട അമ്മമാര്‍ തോരാമഴപോലെ വിലപിച്ചു. അവരുടെ വിലാപക്കണ്ണീരുകൊണ്ടാവണം പുഴവെള്ളത്തില്‍ ഉപ്പുരസം കൂടിക്കൂടിവന്നത്.
കടുവയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടപ്പോഴൊക്കെ ഗ്രാമമൊന്നാകെ ദുഃഖാര്‍ത്തരായി. പിന്നീട് ദിവസങ്ങളോളം കാട്ടില്‍ പോകാതെയും പുഴയില്‍ ഇറങ്ങാതെയും അവര്‍ കഴിച്ചുകൂട്ടി. പക്ഷേ, കുടിലുകളില്‍ അടുപ്പ് പുകയാതായതോടെ മടിച്ചുമടിച്ചാണെങ്കിലും അവര്‍ വീണ്ടും കാടുകയറി, വലയുമായി പുഴയിലേക്കുമിറങ്ങി. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെയാണ് അവരതിനു മുതിര്‍ന്നത്. പക്ഷേ, രബി ബാഗ്ദിയുടെ ദാരുണമരണം അവരില്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. രബിയെ കടുവ പിടിച്ചെന്ന വാര്‍ത്ത പരന്നതും ഗ്രാമത്തിലെ ചെറുപ്പക്കാര്‍ വടിയും കുന്തവും പടക്കവുമൊക്കെയായി കാടുകയറി. രബിയെ അവര്‍ കണ്ടെത്തുമ്പോള്‍ അവനില്‍ ജീവന്റെ തുടിപ്പുകള്‍ അവശേഷിക്കുന്നുണ്ടായിരുന്നു. മുള വെട്ടി സ്‌ട്രെച്ചര്‍ ഉണ്ടാക്കി അതില്‍ കിടത്തി ഗ്രാമത്തില്‍ എത്തിച്ചെങ്കിലും രബിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

രബിയുടെ മരണത്തോടെ സനാതന്‍ ബവാലിയുടെ കഴിവില്‍ ഗ്രാമീണര്‍ പരസ്യമായും രഹസ്യമായും സംശയം പ്രകടിപ്പിച്ചുതുടങ്ങി. ബുദ്ധിവളര്‍ച്ചയില്ലാത്ത ഗോകുല്‍ ദൊലൂയിയാണ് ആദ്യം അക്കാര്യം പരസ്യമായി ഉന്നയിച്ചത്. പിന്നീട് പലരും അതാവര്‍ത്തിച്ചു. അതോടെ സനാതന്‍ ബവാലി ഖിന്നനായി. ആത്മവിശ്വാസം നഷ്ടപ്പെട്ട സനാതന്‍ സുന്ദര്‍ബന്‍ ഗ്രാമങ്ങളുടെ കുലദേവതയായ വനബീബിയുടെ മുന്നില്‍ച്ചെന്ന് തന്റെ നിസ്സഹായത വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കടുവകള്‍ നരഭോജികളായി മാറിക്കൊണ്ടിരുന്നു. കടുവകള്‍ അനിയന്ത്രിതമാംവിധം ആക്രമണോത്സുകരായി മാറിയതോടെ കാട്ടില്‍ പോകാനും പുഴയില്‍ ഇറങ്ങാനും ഗ്രാമീണര്‍ ഭയന്നു. പുഴയില്‍ മീന്‍ പെരുകി എന്നറിഞ്ഞിട്ടും ആരും പോകാന്‍ ധൈര്യപ്പെട്ടില്ല. കുടിലുകളില്‍ പട്ടിണി നിറഞ്ഞു. പലിശക്കാരില്‍നിന്ന് കടം വാങ്ങിയവര്‍ അത് തിരിച്ചുനല്‍കാന്‍ കഴിയാതെ ആധിപൂണ്ടു. മകന് സൈക്കിള്‍ വാങ്ങാന്‍ വേണ്ടിയാണ് സ്വന്തമായി ചെമ്മീന്‍കെട്ടുള്ള അഘോരന്‍ സാപൂയിയില്‍നിന്നും എണ്ണൂറുരൂപ സനാതന്‍ കടം വാങ്ങിയത്. കടം വീട്ടാനായില്ലെങ്കില്‍ പലിശ പെരുകി സ്വന്തം കുടിലടക്കം എല്ലാം അന്യാധീനപ്പെട്ടുപോകുമെന്ന് അയാള്‍ ഭയന്നു. ഗ്രാമത്തില്‍ പലര്‍ക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അവരൊക്കെയും കല്‍ക്കത്തയിലെ തെരുവുകളിലും നഗരപ്രാന്തങ്ങളിലെ റെയില്‍പ്പാളങ്ങളുടെ ഓരങ്ങളില്‍ മുളച്ചുപൊന്തിയ ചേരികളിലും അഭയം തേടുകയാണുണ്ടായത്. തനിക്കും അങ്ങനെയൊരു ഗതിവന്നേക്കുമെന്ന് സനാതന്‍ ഓര്‍ത്തു. കല്‍ക്കത്തയില്‍ റിക്ഷ വലിച്ചോ ചപ്പുചവറുകള്‍ പെറുക്കിയോ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിനെക്കാള്‍ ഭേദം മരിക്കുന്നതാണ് നല്ലതെന്ന് സനാതന്‍ ചിന്തിച്ചു. അങ്ങനെ ഓരോന്ന് ഓര്‍ത്ത് വ്യഥപൂണ്ട് കിടന്ന അയാള്‍ക്ക് ഉറങ്ങാനായില്ല. കടുത്ത തലവേദനയോടൊപ്പം തന്റെ ശിരസ്സ് ഒരു പര്‍വ്വതംപോലെ ഭാരിച്ചുവരുന്നതായി സനാതന് അനുഭവപ്പെട്ടു. അസഹനീയമായ അസ്വസ്ഥതയോടെ മുറ്റത്തേക്കിറങ്ങിയ അയാള്‍ക്ക് ചുറ്റും ഇരുട്ട് കനത്തുകിടന്നു. ആകാശത്ത് ചിതറിക്കിടന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ തനിക്ക് പ്രതീക്ഷ പകര്‍ന്ന് ചിമ്മുന്ന ഏതെങ്കിലുമൊരു താരകമുണ്ടോയെന്ന് അതീവമോഹത്തോടെ അയാള്‍ പരതി. എത്രനേരം അങ്ങനെ നിന്നുവെന്ന് അയാള്‍ക്ക് തിട്ടപ്പെടുത്താനായില്ല. ഒടുവില്‍ ഏതോ നേരത്ത് തന്റെ പിന്നില്‍ മകന്‍ സുഖമയ് നിശ്ശബ്ദം വന്നുനിന്നത് തിരിച്ചറിഞ്ഞപ്പോഴാണ് സനാതന്‍ പരിസരബോധം വീണ്ടെടുത്തത്.
പൊടിമീശക്കാരനായ ഒന്‍പതാം ക്ലാസുകാരന്‍ ആര്‍ദ്രതയോടെ വിളിച്ചു: 'അച്ഛാ..!'
'എന്താ..?' വിഷാദം പുരണ്ട ശബ്ദത്തില്‍ സനാതന്‍ ചോദിച്ചു.
'ഉറങ്ങുന്നില്ലേ..?'
'ഉറക്കം വരുന്നില്ല..!'
'ഒന്നിനെക്കുറിച്ചും ആലോചിച്ച് അച്ഛന്‍ വിഷമിക്കണ്ട. സമാധാനമായി പോയി കിടന്നുറങ്ങ്. ഈ രാത്രി കഴിയട്ടെ. നാളെ വെളുപ്പിന് നമുക്ക് രണ്ടുപേര്‍ക്കും മീന്‍ പിടിക്കാന്‍ പോകാം. വേറെയാരും വരുന്നില്ലെങ്കില്‍ വരണ്ട! നമുക്ക് ചെറിയ വലയുമായി പോകാം. രണ്ടുപേര്‍ക്കും ചേര്‍ന്ന് വലിക്കാമല്ലോ. ഒന്നോ രണ്ടോ മാസം സ്‌കൂളില്‍ പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ല. ഞാന്‍ രാത്രിയിലിരുന്ന് പഠിച്ചോളാം.'
'വേണ്ട..!' പ്രകടമായ ഞെട്ടലോടെയാണ് സനാതന്‍ പ്രതികരിച്ചത്, 'ആളുകളുടെ എണ്ണം കുറയുന്തോറും കടുവയുടെ ആക്രമണസാദ്ധ്യതയേറും,' അയാള്‍ പറഞ്ഞു. ഭയംമൂലം അയാള്‍ക്ക് അതില്‍ കൂടുതലൊന്നും പറയാനായില്ല. ഭയഗ്രസ്തനായ അയാളുടെ തൊണ്ട അടഞ്ഞുപോയിരുന്നു. മകനെയും കൂട്ടി മീന്‍ പിടിക്കുന്ന നേരത്ത് കടുവയുടെ ആക്രമണമുണ്ടായാല്‍ത്തന്നെ ഇളം ഇറച്ചിയുടെ സ്വാദിഷ്ടപ്പെടുന്ന വന്യമൃഗം തന്റെ മകനെയാണ് ലക്ഷ്യമിടുക എന്ന് സനാതന് അറിയാമായിരുന്നു.
സുന്ദര്‍ബന്‍സ് ഗ്രാമങ്ങളിലൊന്നില്‍ വളര്‍ന്നുവലുതായ സുഖമയിന് തന്റെ പിതാവിന്റെ മന്ത്രശക്തിയില്‍ കടുത്ത വിശ്വാസമുണ്ടായിരുന്നു. പ്രസരിപ്പോടെ അവന്‍ പറഞ്ഞു: 'കടുവ എന്നെ എന്ത് ചെയ്യാനാണ്? അച്ഛന് മന്ത്രം അറിയാമല്ലോ! മാത്രമല്ല, ഞാന്‍ അച്ഛന്റെ കൂടെയല്ലേ വരുന്നത്...'
അതു കേട്ടതും എന്തൊക്കെയോ കാര്യങ്ങള്‍ അലറിപ്പറയണമെന്ന് സനാതന് തോന്നി. പക്ഷേ, അയാളുടെ ശബ്ദം പുറത്തുവന്നതേയില്ല. തന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് പെട്ടെന്ന് ഇളകിമാറിയതുപോലെ അയാള്‍ വേച്ചുപോയതും സുഖമയ് അച്ഛനെ ചേര്‍ത്തുപിടിച്ച് കുടിലില്‍ കൊണ്ടുപോയി കിടത്തി. പക്ഷേ, ഇരുട്ട് തളംകെട്ടിയ മുറിയില്‍ നിദ്രാവിഹീനമായ അയാളുടെ കണ്ണുകള്‍ തുറിച്ചുനിന്നു. ഇമവെട്ടാതെ തുറന്നുപിടിച്ച കണ്ണുകളോടെ അയാള്‍ സ്വപ്നം കാണുകയായിരുന്നു. കാട്ടില്‍നിന്നും ഇര തേടി ഇറങ്ങിയ കടുവ തന്റെ കുടില്‍ ലക്ഷ്യമാക്കി വരുന്നതാണ് അയാള്‍ കണ്ടത്. കാട് യഥേഷ്ടം വെട്ടിവെളുപ്പിച്ച നേതാവിന്റെ മുഖച്ഛായയായിരുന്നു ആ കടുവയ്ക്ക്!

Content Highlights: International Translation Day 2022, Sunil Njaliyath, Manoranjan Byapari,Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented