ജലാലുദ്ദീന്‍ റൂമിയുടെ കഥകള്‍ | എ.കെ അബ്ദുല്‍ മജീദിന്റെ പുനരാഖ്യാനം


എ.കെ അബ്ദുല്‍ മജീദ്

സൂത്രശാലിയായ കടക്കാരന്‍ ത്രാസ് ശരിയാക്കി ഒരു തട്ടില്‍ തൂക്കുകട്ടി വെച്ചു. മണ്ണുതീറ്റക്കാരനെ പ്രലോഭിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ മണ്ണുകൊണ്ടുള്ള തൂക്കുകട്ടി അയാളെ കാണിച്ചുകൊണ്ട് കടക്കാരന്‍ പറഞ്ഞു: 'നോക്കൂ, ഇതു മണ്ണുകൊണ്ടുള്ള തൂക്കുകട്ടിയാണ്. ശ്രദ്ധിക്കണം. ഞാനിതാ വരുന്നു. ഞാന്‍ സ്റ്റോറില്‍ പോയി പഞ്ചസാര എടുത്തു വരട്ടെ.

ജലാലുദ്ദീൻ റൂമിയുടെ ചിത്രം

വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂര്‍വം ജ്ഞാനികളില്‍ ഒരാളുമായി കണക്കാക്കപ്പെടുന്നു പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്ന്യാസിയുമായിരുന്ന മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമി എന്ന ജലാലുദ്ദീന്‍ റൂമി. പഴയ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തുര്‍ക്കിയിലെ കോന്യയില്‍ ജീവിച്ചിരുന്ന റൂമിയുടെ കവിതകള്‍ പരിഭാഷപ്പെടുത്താത്ത ഭാഷകള്‍ ഇല്ല എന്നുതന്നെ പറയാം. റൂമിയും വിഖ്യാതമായ നൂറ് കഥകളുടെ പുനരാഖ്യാനം മലയാളത്തില്‍ രചിച്ചിരിക്കുന്നത് എ.കെ അബ്ദുല്‍ മജീദ് ആണ്. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. അന്താരാഷ്ട്ര വിവര്‍ത്തനദിനത്തില്‍ റൂമിയുടെ ഏതാനും കഥകളുടെ പുനരാഖ്യാനം വായിക്കാം.

കഴുതമൂത്രത്തിലെ കപ്പിത്താന്‍ഒരു പാവം കഴുത രാവിലെ മുതല്‍ വൈകുന്നേരം വരെ വിശ്രമമില്ലാതെ യജമാനനു വേണ്ടി ഭാരം വഹിക്കുകയായിരുന്നു. ഒന്നു മൂത്രമൊഴിക്കാനുള്ള സാവകാശം പോലും പാവം കഴുതയ്ക്കു ലഭിച്ചില്ല. ഒടുവില്‍ പണിയെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യജമാനന്‍ കഴുതയെ കയറഴിച്ച് സ്വതന്ത്രമായി വിട്ടു. മുതുകില്‍നിന്ന് വലിയ ഭാരം ഒഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു കഴുത. ഇനിയൊന്ന് മനസ്സറിഞ്ഞ് മൂത്രമൊഴിക്കാം.
സൗകര്യമുള്ള ഒരിടം കണ്ടുപിടിച്ച് കഴുത കുശാലായി മൂത്രമൊഴിച്ചു.
ഹൊ! എന്തൊരാശ്വാസം. അല്‍പ്പം അകലെ ഒരു ഈച്ച നിലത്തു വീണു കിടക്കുന്ന പ്ലാവിലയില്‍ കാറ്റുകൊണ്ട് ഇരിക്കുകയായിരുന്നു. നിലത്തുകൂടെ അരുവി കണക്കെ ഒഴുകിവന്ന കഴുതമൂത്രത്തില്‍ ഇല ഇളകി ഒഴുകാന്‍ തുടങ്ങി. ഈച്ച ആദ്യമൊന്നു ഞെട്ടി. പിന്നീട് അത് യാത്രയുടെ സുഖം അറിഞ്ഞു. സംഭവിക്കുന്നത് എന്താണെന്ന് യഥാര്‍ത്ഥത്തില്‍ മനസ്സിലായില്ലെങ്കിലും ഈച്ച ഇങ്ങനെ ആത്മഗതം ചെയ്തു: 'ഞാനിപ്പോള്‍ സമുദ്രയാത്ര ചെയ്യുകയാണ്. ഇതാ, ഈ കപ്പലിന്റെ കപ്പിത്താനാണ് ഞാന്‍. ഈച്ചവര്‍ഗ്ഗത്തില്‍ ഈ സൗഭാഗ്യം കൈവന്ന ആരാണുള്ളത്? യോഗ്യനായ നാവികനാണു ഞാന്‍. ഈ യാത്രയില്‍ എന്നെ തടയാന്‍ ധൈര്യമുള്ള ആരുണ്ട്? ഞാന്‍ സമുദ്രങ്ങളില്‍നിന്ന് സമുദ്രത്തിലേക്ക് കപ്പലോടിക്കും...'
അഭിമാനംകൊണ്ട് വിജൃംഭിതനായി ഈച്ച കഴുതമൂത്രത്തില്‍ ഒഴുകുകയായിരുന്നു. ഇന്ത്യാസമുദ്രം താണ്ടുകയാണ് താന്‍ എന്നായിരുന്നു അവന്റെ വിചാരം. അപ്പോഴും ആരെങ്കിലുമൊന്ന് കൈനീട്ടി വീശിയാല്‍ പേടിച്ചു പറന്നുപോവുന്ന ഈച്ചതന്നെയായിരുന്നു അവന്‍. കഴുതമൂത്രത്തിലാണ് തന്റെ സവാരി എന്ന് അവന് അറിയാമായിരുന്നില്ല.

കാക്കയും അരയന്നവും ഒരുമിച്ചു പറക്കുന്നു

വീടുകള്‍തോറും നടന്ന് രോഗികളെ ചികിത്സിക്കുന്ന ഒരു വൈദ്യനുണ്ടായിരുന്നു. വെയിലുചായുമ്പോള്‍ സ്വന്തം കുടിലിലേക്കു മടങ്ങും. വിശാലമായ പാടത്തുകൂടെയാണ് വൈദ്യന്റെ പോക്കും വരവും. ആനന്ദകരമായിരുന്നു അയാള്‍ക്ക് ആ യാത്രകള്‍. മീതേ തെളിഞ്ഞ നീലാകാശം. ആകാശവീഥിയില്‍ കൂട്ടം കൂട്ടമായി പറക്കുന്ന ദേശാടനപ്പക്ഷികള്‍. വൈദ്യന്‍ അവയുടെ പോക്കുംവരവും കൊച്ചുകുട്ടിയുടെ കൗതുകത്തോടെ നോക്കിനില്‍ക്കും. എവിടെനിന്ന് അവ വരുന്നു? എങ്ങോട്ടു പോവുന്നു? എന്നൊക്കെ ആലോചിക്കും. അതിന്റെ രഹസ്യം അറിയണം എന്ന ഒരാശ വൈദ്യനെ പിടികൂടി.
ഒരുദിവസം പകല്‍ മുഴുവനുമുള്ള ജോലി കഴിഞ്ഞ് ക്ഷീണിച്ചു മടങ്ങുമ്പോള്‍ ഒരു രോഗിയുടെ മകന്‍ കഴുതപ്പുറത്ത് വീട്ടില്‍ എത്തിച്ചു കൊടുക്കാം എന്നു പറഞ്ഞെങ്കിലും വൈദ്യന്‍ അതു വേണ്ടെന്നു പറഞ്ഞ് പതിവുപോലെ പാടത്തുകൂടെ നടന്നു. അപ്പോള്‍ വിചിത്രമായ ഒരു കാഴ്ച അദ്ദേഹത്തെ ആകര്‍ഷിച്ചു.
രണ്ടു വ്യത്യസ്തതരം പക്ഷികള്‍ ഒരുമിച്ചു പറക്കുന്നു! ഒരു അരയന്നവും ഒരു കാക്കയും. രാജകുലത്തില്‍പ്പെട്ട അരയന്നവും ഭൃത്യവര്‍ഗ്ഗത്തില്‍പ്പെട്ട കാക്കയും ഒരുമിച്ചു പറക്കുക പതിവില്ലാത്തതാണ്. ഒരേ തൂവല്‍പ്പക്ഷികളാണ് ഒരുമിച്ചു പറക്കുക പതിവ്. ഇതു വിചിത്രമായിരിക്കുന്നല്ലോ? വൈദ്യന്‍ ആരോടെന്നില്ലാതെ പറഞ്ഞു. പതിവില്‍നിന്നു വ്യത്യസ്തമായി വളരെ താഴ്ന്നാണ് രണ്ടു പക്ഷികളും പറക്കുന്നത്. വൈദ്യന്‍ സൂക്ഷിച്ചു നോക്കി. വൈദ്യന്റെ കണ്ണുകള്‍ ആ പക്ഷികളെ പിന്തുടര്‍ന്നു. പക്ഷികള്‍ താഴേക്ക് ഇറങ്ങിവരുന്നത് വൈദ്യന്‍ കണ്ടു. നിലത്തു കണ്ട പുഴുക്കൂട്ടത്തിനു നേരേയാണ് അവയുടെ വരവ്. വൈദ്യന്‍ ആ വരവു നോക്കി നിന്നു. പക്ഷികള്‍ പുഴകളുള്ള ഭാഗത്ത് എത്തിച്ചേര്‍ന്നു. പക്ഷികളെ അടുത്തു കണ്ടപ്പോള്‍ അവയുടെ നടത്തത്തിന് എന്തോ പന്തികേടുള്ളതായി വൈദ്യനു തോന്നി. രണ്ടിന്റെയും കാലുകള്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. ഞൊണ്ടിയാണ് നടത്തം.
ഒരുതരത്തിലും പൊരുത്തമില്ലാത്ത രണ്ടു ജാതിയില്‍പ്പെട്ട പക്ഷികള്‍ കൂട്ടുകൂടിയതിന്റെ രഹസ്യം വൈദ്യനു പിടികിട്ടി.
കാലിലെ പരിക്കാണ് രണ്ടിനെയും ഒരുമിപ്പിച്ചത്! ശരീരത്തിനേറ്റ ക്ഷതം അരയന്നത്തെ അതിന്റെ മഹോന്നതപദവിയില്‍നിന്ന് താഴേയിറക്കിയിരിക്കുന്നു. അരയന്നത്തിന് ഇപ്പോള്‍ കൂട്ട് മാലിന്യം ചിക്കിപ്പെറുക്കുന്ന കാക്ക!
'ഇതുതന്നെയല്ലോ ആത്മാവിനു ക്ഷതമേല്‍ക്കുന്ന മനുഷ്യരുടെയും അവസ്ഥ!' വൈദ്യന്‍ ആത്മഗതം ചെയ്തു.

യമദൂതന്‍

ജ്ഞാനിയായ പ്രവാചകന്‍ സുലെമാന്‍ നബി-സോളമന്‍-ദിവസവും നിശ്ചിതസമയം പ്രജകളുടെ ആവലാതികള്‍ കേള്‍ക്കാന്‍ നീക്കിവെച്ചിരുന്നു. ഓരോരുത്തരായി വന്ന് അവരവരുടെ പ്രശ്‌നങ്ങള്‍ പറയും. സുലൈമാന്‍ നബി അവയെല്ലാം കേട്ട് പരിഹാരമുണ്ടാക്കും. അതാണു പതിവ്. ഒരുദിവസം ഒരാള്‍ ഏറെ വിക്ഷുബ്ധനായി സുലൈമാന്‍ നബിയുടെ സദസ്സിലേക്ക് കടന്നുവന്നു. അയാള്‍ നിന്നു പരുങ്ങുകയും പരവേശപ്പെടുകയും ചെയ്യുന്നതു കണ്ട് സുലൈമാന്‍ നബി അയാളെ അടുത്തേക്കു വിളിച്ചു.
ആഗതന്‍ പറഞ്ഞു: 'അല്‍പ്പസമയം മുമ്പ് ഞാന്‍ തെരുവു മുറിച്ചുകടക്കുമ്പോള്‍ യമദൂതന്‍ അസ്രാഈല്‍ എന്നെ തറപ്പിച്ചു നോക്കുന്നതു ഞാന്‍ കണ്ടു. എനിക്കു പേടിയാവുന്നു പ്രഭോ.'
സുലൈമാന്‍ നബി പരാതിക്കാരനെ വാത്സല്യപൂര്‍വ്വം നോക്കി. അദ്ദേഹം പറഞ്ഞു: 'അസ്രാഈല്‍ ദൈവത്തില്‍നിന്നു മാത്രമേ ഉത്തരവുകള്‍ സ്വീകരിക്കുകയുള്ളൂ എന്ന കാര്യം നിനക്കറിയാമല്ലോ. തന്റെ ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നവനാണ് യമദൂതന്‍. എനിക്ക് എങ്ങനെ ഇതില്‍ ഇടപെടാന്‍ സാധിക്കും?'
'പക്ഷേ, അങ്ങ് വിചാരിച്ചാല്‍ എന്നെ രക്ഷിക്കാന്‍ സാധിക്കും,' ആഗതന്‍ പറഞ്ഞു.
'എങ്ങനെ?' സുലൈമാന്‍ നബി ചോദിച്ചു.
'എന്നെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കാന്‍ അങ്ങ് തെക്കന്‍ കാറ്റിന് നിര്‍ദ്ദേശം നല്‍കണം. അങ്ങേയ്ക്ക് അതു സാധിക്കുമല്ലോ. ഇന്ത്യയില്‍ ഞാന്‍ സുരക്ഷിതനായിരിക്കും,' ആഗതന്‍ ബോധിപ്പിച്ചു.
സുലൈമാന്‍ നബി ആ അപേക്ഷ സ്വീകരിച്ചു. ഉടന്‍തന്നെ അയാളെ ഇന്ത്യയിലേക്കു കൊണ്ടുപോവാന്‍ കാറ്റിനെ ചുമതലപ്പെടുത്തി. കാറ്റ് ആ ചുമതല വിനാവിളംബം നിര്‍വ്വഹിച്ചു.
അന്നു വൈകുന്നേരം സുലൈമാന്‍ നബി രാജ്യകാര്യങ്ങളില്‍ മുഴുകിയിരിക്കെ യമദൂതന്‍ അസ്രാഈല്‍ അദ്ദേഹത്തിന്റെ ദാര്‍ബാറില്‍ വന്നു. യമദൂതനോട് സുലൈമാന്‍ നബി ചോദിച്ചു: 'താങ്കളെന്തിനാണ് പാവപ്പെട്ട മനുഷ്യരെ നോക്കി പേടിപ്പിക്കുന്നത്? ഇന്നു രാവിലെ നിങ്ങള്‍ തെരുവു മുറിച്ചു കടക്കുന്ന ഒരു സാധുവിനെ നോക്കി പേടിപ്പിച്ചല്ലോ. എന്തു തെറ്റാണ് അയാള്‍ നിങ്ങളോടു ചെയ്തത്?'
അസ്രാഈല്‍ സാശ്ചര്യം ഇങ്ങനെ പറഞ്ഞു: 'പ്രാവാചകപ്രഭോ! ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും നോക്കി പേടിപ്പിച്ചിട്ടുമില്ല. ഞാന്‍ ഒരാളെ കണ്ട് അദ്ഭുതപ്പെട്ടുപോയതാണ്...'
യമദൂതന്‍ എന്താണു പറഞ്ഞുവരുന്നത് എന്നറിയാന്‍ സുലൈമാന്‍ നബി അല്‍പ്പംകൂടി മുന്നോട്ട് ആഞ്ഞ് ശ്രദ്ധിച്ചു. യമദൂതന്‍ തുടര്‍ന്നു: 'നാളെ എനിക്ക് ഇന്ത്യയില്‍നിന്ന് മരിപ്പിക്കാന്‍ ദൈവം നിര്‍ദ്ദേശം നല്‍കിയ ആളെ ഇന്നു രാവിലെ ഇവിടെ കണ്ടപ്പോള്‍ എനിക്ക് അതിശയമായി. ആയിരം ചിറകുണ്ടായാലും അയാള്‍ക്ക് ഒറ്റരാത്രികൊണ്ട് ഇന്ത്യയില്‍ എത്താനാവില്ലല്ലോ എന്നാണ് ഞാന്‍ അദ്ഭുതപ്പെട്ടത്. അതാണ് അയാളെത്തന്നെ നോക്കിനില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,' യമദൂതന്‍ തുടര്‍ന്നു, 'അല്ലാതെ അയാളോട് വിരോധമുള്ളതുകൊണ്ട് നോക്കിയതല്ല ഞാനയാളെ.'
സുലൈമാന്‍ നബി ദൈവത്തിന്റെ കളികളെക്കുറിച്ച് ആലോചിച്ച് മൗനിയായി. യമദൂതനോട് അദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

മണ്ണ് തിന്നുന്നവന്‍

കാരണമെന്തെന്ന് അറിയാത്തതും ചികിത്സയില്ലാത്തതുമായ ഒരു രോഗമുണ്ടായിരുന്നു പണ്ട്. മണ്ണുതീറ്റ അഥവാ പൃഥിഭോജനം എന്ന അസുഖമായിരുന്നു അത്. ഈ രോഗം ബാധിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. മണ്ണ് എവിടെ കണ്ടാലും വാരി വായിലിടും. ചവച്ചരച്ചു തിന്നും. മണ്ണുതീനികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സാധാരണഭക്ഷണവും ആവശ്യമാണ്. പഞ്ചസാര തിന്നാനുള്ള ഒരു പ്രത്യേക താത്പര്യവും അവരില്‍ കാണും.
ഒരിക്കല്‍ മണ്ണുതീറ്റ അസുഖം ബാധിച്ച ഒരാള്‍ പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നു. അര റാത്തല്‍ പഞ്ചസാര അയാള്‍ ആവശ്യപ്പെട്ടു. കടക്കാരന് ആള്‍ മണ്ണുതീറ്റ അസുഖമുള്ള ആളാണെന്നു മനസ്സിലായി.
സൂത്രശാലിയായ കടക്കാരന്‍ ത്രാസ് ശരിയാക്കി ഒരു തട്ടില്‍ തൂക്കുകട്ടി വെച്ചു. മണ്ണുതീറ്റക്കാരനെ പ്രലോഭിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ മണ്ണുകൊണ്ടുള്ള തൂക്കുകട്ടി അയാളെ കാണിച്ചുകൊണ്ട് കടക്കാരന്‍ പറഞ്ഞു: 'നോക്കൂ, ഇതു മണ്ണുകൊണ്ടുള്ള തൂക്കുകട്ടിയാണ്. ശ്രദ്ധിക്കണം. ഞാനിതാ വരുന്നു. ഞാന്‍ സ്റ്റോറില്‍ പോയി പഞ്ചസാര എടുത്തു വരട്ടെ.'
പുറത്തിറങ്ങുന്നതിന് വെറുതേ ഒരു ന്യായം കണ്ടുപിടിച്ചതായിരുന്നു കടക്കാരന്‍. അതല്ലാതെ ഒരുദ്ദേശ്യമാണ് അയാളുടെ മനസ്സിലുണ്ടായിരുന്നത്. പുറത്തിറങ്ങി ഒരു മറവില്‍ മാറിനിന്ന് കടക്കാരന്‍ മണ്ണുതീറ്റക്കാരന്‍ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു. ഇതിനകം മണ്ണുകട്ട കണ്ട് അയാള്‍ പ്രലോഭിതനായിക്കഴിഞ്ഞിരുന്നു. അയാള്‍ മണ്ണുകട്ട കൈയിലെടുത്ത് നക്കിത്തിന്നാന്‍ തുടങ്ങി. വ്യാപാരിയെ ഏറെ സന്താഷിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച. മണ്ണുതീറ്റക്കാരന്‍ ഇനിയും തിന്നട്ടേ എന്നു കരുതി വ്യാപാരി കടയിലേക്കുള്ള മടക്കം ബോധപൂര്‍വ്വം താമസിപ്പിച്ചു. അയാള്‍ ഉള്ളില്‍ പറയുന്നുണ്ടായിരുന്നു: 'എടാ വിഡ്ഢീ, എന്നെ പറ്റിക്കുന്നു എന്നാണോ നിന്റെ വിചാരം? എന്നാല്‍ നീ പറ്റിക്കുന്നത് നിന്നെത്തന്നെയാണ്. നീ എത്രയധികം മണ്ണ് അകത്താക്കുന്നുവോ അത്രയും പഞ്ചസാര നിനക്കു നഷ്ടം! അത്ര എനിക്ക് ലാഭവും. തിന്ന് മോനേ, തിന്ന്...'
അപരനെ വഞ്ചിക്കുന്നവന്‍ അവനവനെത്തന്നെയാണ് വഞ്ചിക്കുന്നത്. മണ്ണുതീറ്റക്കാരന്‍ ഈ സത്യം മനസ്സിലാക്കിയിരുന്നില്ല.

തത്തയും വ്യാപാരിയും

ഒരു വ്യാപാരി ഉണ്ടായിരുന്നു. അയാള്‍ക്കു മനോഹരമായി പാടുകയും വാചാലമായി സംസാരിക്കുകയും ചെയ്യുന്ന ഒരു തത്ത ഉണ്ടായിരുന്നു. വ്യാപാരിയുടെ ഉറ്റസുഹൃത്തും അയാളുടെ കടയുടെ വിശ്വസ്തനായ കാവല്‍ക്കാരനുമായിരുന്നു തത്ത. കടയില്‍ വരുന്നവരോട് തത്ത ഹൃദ്യമായി സംസാരിക്കും. തത്തയുടെ സാന്നിദ്ധ്യം ധാരാളം ആളുകളെ കടയിലേക്ക് ആകര്‍ഷിച്ചു. വ്യപാരിക്ക് ആ വകയില്‍ നല്ല ലാഭവും ലഭിച്ചു.
കട നോക്കാന്‍ തത്തയെ ഏല്‍പ്പിച്ച് ഒരുദിവസം വ്യാപാരി എങ്ങോട്ടോ പോയി. അപ്പോള്‍ ഒരു പൂച്ച എലിയെ പിന്തുടര്‍ന്ന് കടയില്‍ കയറി. തത്ത പേടിച്ചു വിറച്ചു. ജീവന്‍ രക്ഷിക്കാന്‍ തത്ത അങ്ങോട്ടുമിങ്ങോട്ടും പറന്നു. ആ വെപ്രാളത്തില്‍ ബദാമെണ്ണ സൂക്ഷിച്ച ഭരണി അലമാരയില്‍നിന്നു താഴെ വീണു. ഭരണി ഉടഞ്ഞ് എണ്ണ നിലത്തൊഴുകി.
തിരിച്ചുവന്ന വ്യാപാരി ആ കാഴ്ച കണ്ടു ക്ഷുഭിതനായി. തത്ത കുറ്റബോധത്തോടെ ചൂളി ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു. ദേഷ്യംകൊണ്ട് നിയന്ത്രണം വിട്ട വ്യാപാരി സര്‍വ്വശക്തിയുമപയോഗിച്ച് തത്തയുടെ തലമണ്ടയ്ക്ക് ഒരടി വെച്ചുകൊടുത്തു. അടിയുടെ ആഘാതത്തില്‍ തത്തയുടെ തലയിലെ പൂട അടര്‍ന്നുവീണു.
ഈ സംഭവത്തിനുശേഷം തത്ത മൗനിയായി. സദാ ശോകമൂകനായ അവന്‍ അലസനും നിരുന്മേഷവാനും ആയിക്കഴിഞ്ഞു. തത്ത മിണ്ടാതായതോടെ ആളുകളുടെ കടയിലേക്കുള്ള വരവ് കുറഞ്ഞു. ധാരാളം ഉപഭോക്താക്കളെ വ്യാപാരിക്കു നഷ്ടമായി. വ്യാപാരി പെട്ടെന്നുള്ള ക്ഷോഭത്തില്‍ ചെയ്ത പ്രവൃത്തിയില്‍ അതിയായി ദുഃഖിച്ചു. മറ്റാരെയും കുറ്റപ്പെടുത്താനില്ലാത്തതിനാല്‍ അയാള്‍ സങ്കടം ഉള്ളിലൊതുക്കി സ്വയം ശപിച്ചു: 'ഹാ! ഞാന്‍ തുലഞ്ഞുപോവട്ടെ. എന്റെ കൈ തളര്‍വാതം വന്നു കുഴഞ്ഞുപോവട്ടെ. എന്റെ പ്രിയപ്പെട്ട തത്തയോട് ഈ പാതകം ചെയ്യാന്‍ എനിക്കെങ്ങനെ മനസ്സു വന്നു? എന്തു കാട്ടാളത്തമാണു ഞാന്‍ കാട്ടിയത്?'
വ്യാപാരി പാപപരിഹാരാര്‍ത്ഥം ഭിക്ഷുക്കള്‍ക്ക് ദാനം നല്‍കാന്‍ തുടങ്ങി. തത്ത പഴയതുപോലെ സംസാരിച്ചു തുടങ്ങുമെന്ന് അയാള്‍ ആശിച്ചു. മൂന്നുനാലു ദിവസം പിന്നിട്ടപ്പോള്‍ കഷണ്ടിയായ ഒരു ഭിക്ഷു കടയിലേക്ക് കയറിവന്നു. ഉടനെ തത്ത സംസാരിച്ചു തുടങ്ങി: 'നിന്റെ തലയിലും ബദാംഭരണി വീണുവോ?'
കടയില്‍ സാധനം വാങ്ങാന്‍ വന്നവര്‍ അതു കേട്ടു ചിരിച്ചു. തന്റെ അതേ അവസ്ഥയായിരിക്കും ഭിക്ഷുവിന്റേത് എന്നാണ് തത്ത വിചാരിച്ചത്. 'പൊന്നു തത്തേ...' ഒരു ഉപഭോക്താവ് തത്തയെ സ്‌നേഹപൂര്‍വ്വം വിളിച്ചു. അയാള്‍ പറഞ്ഞു: 'ഒരിക്കലും ഒരു പ്രവൃത്തിയെ മറ്റൊന്നുമായി താരതമ്യപ്പെടുത്തരുത്. ഒന്നുപോലെയല്ല മറ്റൊന്ന്. പുറമേക്ക് ഒരുപോലെ തോന്നിക്കുന്നതെല്ലാം ഒരുപോലെ ആവണമെന്നില്ല.'

കഴുതയെ നഷ്ടപ്പെട്ട സൂഫി

ഊരു തെണ്ടി ചില്ലറസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഒരു സൂഫിയുണ്ടായിരുന്നു. പല ദിവസങ്ങള്‍ ഗ്രാമങ്ങള്‍ തോറും അലഞ്ഞ് കച്ചവടം നടത്തി ക്ഷീണിച്ച് അവശനായ അദ്ദേഹം പട്ടണത്തിലെ സത്രത്തിലെത്തി. അന്നു രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു. പകലന്തിയോളം നടന്നുതളര്‍ന്ന തന്റെ കഴുതയുടെ പുറത്തുനിന്ന് സാധനങ്ങള്‍ എടുത്തുമാറ്റുകയാണ് സൂഫി ആദ്യം ചെയ്തത്. ശേഷം കഴുതയെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടി മതിയാവോളം പുല്ലും വെള്ളവും നല്‍കി. തന്റെ കഴുതയ്ക്ക് ഒരു കുറവും വരരുത് എന്ന വിചാരത്തോടെ തൊഴുത്തുസൂക്ഷിപ്പുകാരന് നല്ല കൈമടക്കും കൊടുത്തു.
സത്രത്തില്‍ അന്ന് രാപ്പാര്‍ക്കാന്‍ പരമദരിദ്രന്മാരായ ഒരു സംഘം സൂഫികള്‍ വന്നുകൂടിയിട്ടുണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പാപം ചെയ്താലും തെറ്റില്ല എന്നതായിരുന്നു അപ്പോഴത്തെ അവരുടെ മനോഗതി.
സത്രത്തില്‍ രാപ്പാര്‍ക്കാന്‍ പുതിയ അതിഥി വന്നത് കഴുതപ്പുറത്താണെന്ന് അവര്‍ മനസ്സിലാക്കി. അതു മുതലാക്കാന്‍ അവര്‍ തീരുമാനിച്ചു. അന്നു രാത്രി സത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന ഒരാള്‍ക്ക് അവര്‍ ആ കഴുതയെ ആദായവിലയ്ക്കു വിറ്റു.
കിട്ടിയ പണവുമായി അവര്‍ ചന്തയില്‍ പോയി ആവശ്യത്തിന് ഭക്ഷണസാധനങ്ങളും മെഴുകുതിരികളും വാങ്ങി.
സത്രത്തില്‍ തിരിച്ചെത്തി അവര്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എല്ലാവരും ആവേശത്തിലായിരുന്നു. വളരെ നാളുകള്‍കൂടി സുഭിക്ഷമായ മൃഷ്ടാന്നം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. കഴുതയുടെ ഉടമയെ അവര്‍ വിശിഷ്ടാതിഥിയായി പ്രഖ്യാപിച്ചു. അദ്ദേഹത്തോട് ഭവ്യത കാണിച്ചു. ഭക്ഷണസാധനങ്ങള്‍ ധാരാളമുള്ളതിനാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കുശാലായിരിക്കും എന്ന സന്തോഷത്തിലായിരുന്നു അവര്‍. സൂഫിസത്രത്തില്‍ രാത്രി താമസിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കഴുതയുടെ ഉടമയ്ക്കു തോന്നി.
'എത്ര ഹൃദ്യമായ സ്വീകരണം! എത്ര സ്‌നേഹത്തോടെയുള്ള പരിചരണം! സൂഫികളായാല്‍ ഇങ്ങനെ ആയിരിക്കണം. ഇവരാണ് മാതൃക...' എന്നിങ്ങനെ പോയി അയാളുടെ ഉള്ളിലെ വിചാരങ്ങള്‍.
വില കൊടുക്കാതെ സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാം എന്നത് അയാളെ ആഹ്ലാദംകൊള്ളിച്ചു. പാവം, കഴുതയുടെ ഉടമയ്ക്ക് അവിടെ നടന്ന കാര്യങ്ങളൊന്നും അറിയില്ലല്ലോ.
ഭക്ഷണം തയ്യാറായി. സുപ്ര വിരിക്കപ്പെട്ടു. എല്ലാവരും വട്ടത്തില്‍ ഇരുന്നു. വിശിഷ്ടാതിഥിയെ പ്രത്യേക സ്ഥാനം നല്‍കി ആദരിച്ചു. എല്ലാവരും തൃപ്തിയാവോളം ഭക്ഷണം കഴിച്ചു. ഇതിനിടെ ചിലര്‍ കഴുതയുടെ ഉടമയെ പുകഴ്ത്തുകയും അദ്ദേഹത്തിനു നന്ദി പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അതെന്തിനാണെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. അന്യനാട്ടുകാരനായ തന്നോടുള്ള ബഹുമാനംകൊണ്ടായിരിക്കാം എന്ന് അദ്ദേഹം ഊഹിച്ചു.
ഭക്ഷണത്തിനുശേഷം സംഗീതവിരുന്ന് (സൂഫികളുടെ സമാഅ്) ആയിരുന്നു. അവര്‍ പല പാട്ടുകള്‍ പാടുകയും താളത്തില്‍ ഭ്രമണനൃത്തം ചെയ്യുകയും ചെയ്തു. പാട്ടും നൃത്തവും മുറുകിയപ്പോള്‍ ഒരു ഗായകന്‍ ആവേശപൂര്‍വ്വം പാടി:
'ഹേ! കഴുതക്കാരാ, കഴുതക്കാരാ
കഴുത പോയതറിഞ്ഞി?േല്ല?
കഴുത പോയതറിഞ്ഞി?േല്ല?''
എല്ലാവരും സാഹ്ലാദം അതേറ്റുപാടി. ഗായകന്‍ തുടര്‍ന്നു:
'കഴുത പോയി! ഹേയ്! കഴുത പോയി.'
കഴുതയുടെ ഉടമയും പോയത് തന്റെ കഴുതയാണെന്നറിയാതെ ആള്‍ക്കൂട്ടത്തോടൊപ്പം അതേ വരികള്‍ ഏറ്റുചൊല്ലി. സംഗീതവിരുന്ന് ഏതാണ്ട് നേരം പുലരുവോളം നീണ്ടു. പിന്നീട് എല്ലാവരും തലങ്ങും വിലങ്ങും കിടന്ന് അല്‍പ്പം മയങ്ങി. നേരം വെളുത്തതോടെ എല്ലാവരും തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഝടുതിയില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് ഓരോരുത്തരായി സ്ഥലംവിട്ടു തുടങ്ങി. കഴുതയുടെ ഉടമ തന്റെ പുതിയ കൂട്ടുകാര്‍ക്കെല്ലാം ഹസ്തദാനം ചെയ്തു. ശേഷം അന്നത്തെ കച്ചവടത്തിനു പുറപ്പെടാനുള്ള തിടുക്കത്തില്‍ സാധനങ്ങളെല്ലാം എടുത്തു തൊഴുത്തിനരികലേക്കു ചെന്നു. കഴുതയെ കാണാനില്ല.
തൊഴുത്തുസൂക്ഷിപ്പുകാരനായ പയ്യന്‍ കഴുതയെ കുളിപ്പിക്കാന്‍ നദിയിലേക്ക് കൊണ്ടുപോയതായിരിക്കും എന്നു വിശ്വസിച്ച് സൂഫി കാത്തിരുന്നു.
അല്‍പ്പം കഴിഞ്ഞ് പയ്യന്‍ വന്നു. പക്ഷേ, കൂടെ കഴുതയില്ല.
'എവിടെ എന്റെ കഴുത?' സൂഫി ചോദിച്ചു.ര'കഴുതയെ വിറ്റല്ലേ ഇന്നലെ സദ്യ നടത്തിയത്?' പയ്യന്‍ ചോദിച്ചു.
'ആരു വിറ്റു? ആരോട് ചോദിച്ച് വിറ്റു?' കഴുതയുടെ ഉടമസ്ഥനായ സൂഫി ക്ഷുഭിതനായി.
'പറയൂ, എന്റെ കഴുതയെ ഞാനറിയാതെ ആരു വിറ്റു? കഴുതയെ നോക്കാന്‍ ഞാന്‍ നിന്നെ ഏല്‍പ്പിച്ചതല്ലേ?'
സംഭവിച്ചതെല്ലാം പയ്യന്‍ സൂഫിയെ വിസ്തരിച്ചു പറഞ്ഞുകേള്‍പ്പിച്ചു.എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു:
'വിശന്നിരിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഒരു കഷ്ണം റൊട്ടി എറിഞ്ഞുകൊടുക്കുന്നത് പേപ്പട്ടികള്‍ക്കിടയിലേക്ക് പൂച്ചക്കുട്ടിയെ എറിഞ്ഞുകൊടുക്കുന്നതിനു തുല്യമാണ്.'
'എങ്കില്‍ നിനക്ക് ആ വിവരം എന്നെ അറിയിക്കാമായിരുന്നില്ലേ? അവരുടെ കൈയില്‍ മിച്ചമുള്ള പണമെങ്കിലും എനിക്ക് ഈടാക്കാന്‍ പറ്റുമായിരുന്നില്ലേ,' സൂഫി സങ്കടത്തോടെ ചോദിച്ചു.
'ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു തന്നല്ലോ? കഴുത പോയതറിഞ്ഞില്ല? എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരുടെ കൂടെ അതേറ്റുപറഞ്ഞ് എന്നെ കളിയാക്കി ചിരിക്കുകയായിരുന്നില്ലേ? ഞാന്‍ വിചാരിച്ചു നിങ്ങളുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്ന്...' പയ്യന്‍ പറഞ്ഞു.
'അവരുടെ ആവേശം പകര്‍ച്ചവ്യാധിപോലെ എന്നെയും ബാധിച്ചു. ഞാന്‍ കാര്യമറിയാതെ അവരെ അനുകരിക്കുകയായിരുന്നു. അന്ധമായ അനുകരണം എന്നെ തുലച്ചു.'
സൂഫി ഭാണ്ഡക്കെട്ടുകള്‍ തലയിലേറ്റി വന്ന വഴിയേ നടന്നു.

Content Highlights: International Translation Day 2022, Jalaluddin Rumi, A.K Abdul Majeed, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented