ഞാനൊരു ദരിദ്രജീവിതം പെട്ടെന്നു പിന്നിലുപേക്ഷിക്കുകയാണ്... | 'എന്റെ ആത്മകഥ'യില്‍ ചാര്‍ളി ചാപ്‌ളിന്‍


സ്മിത മീനാക്ഷിചെറുപ്പക്കാരാ, ഇതു വായിച്ച് തലക്കനം തോന്നരുത്,' അദ്ദേഹം ഗൗരവത്തില്‍ പറഞ്ഞു. വിനയത്തെയും മഹാമനസ്‌കതയെയും കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തിയിട്ട് ലണ്ടന്‍ ട്രോപ്പിക്കല്‍ ടൈംസില്‍ വന്ന നിരൂപണം എന്നെ വായിച്ചുകേള്‍പ്പിച്ചു. ഞാനതോരോ വാക്കും ഓര്‍മിക്കുന്നുണ്ട്.

ചാർളി ചാപ്‌ളിൻ

ലോകത്തിന് മുമ്പില്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരേയൊരു പ്രതിഭയാണ് ചാര്‍ളി ചാപ്‌ളിന്‍. അദ്ദേഹത്തിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സ്മിത മീനാക്ഷിയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നും ഒരു അധ്യായം അന്താരാഷ്ട്രവിവര്‍ത്തനദിനത്തില്‍ വായിക്കാം.

ക്ഷപ്പെടാനാവാത്തവിധം ദുര്‍ഘടമായ മൂലയിലൊതുക്കപ്പെട്ട് അടി വീഴുന്നതു കാത്തിരിക്കുന്ന അന്ധനായ എലിയെപ്പോലെ, ജീവിതം തോന്നിപ്പിച്ചുവെന്ന അര്‍ഥത്തില്‍ ജോസഫ് കോണ്‍റാഡ് ഒരിക്കലൊരു സുഹൃത്തിനെഴുതി: ഞങ്ങളുടെയെല്ലാം ഭീതിദമായ സാഹചര്യങ്ങള്‍ വിശദീകരിക്കുവാന്‍ ഈ ഉപമയ്ക്കു കഴിയുമായിരുന്നു; എന്നിരുന്നാലും, ഞങ്ങളില്‍ ചിലരില്‍ ഭാഗ്യത്തിന്റെ കടാക്ഷമുണ്ടായി. ആ കടാക്ഷം പതിച്ചത് എന്നിലായിരുന്നു.ഒരു പത്രവില്പനക്കാരനും അച്ചടിത്തൊഴിലാളിയും കളിപ്പാട്ടനിര്‍മാതാവും കണ്ണാടിവാര്‍പ്പുകാരനും ഡോക്ടറുടെ സഹായിയും ഒക്കെയായിരുന്നുവെങ്കിലും ഈ തൊഴില്‍സംബന്ധമായ അലച്ചിലുകള്‍ക്കിടയ്ക്കും സിഡ്നിയെപ്പോലെതന്നെ നടനാകുക എന്ന ആത്യന്തികമായ ലക്ഷ്യത്തില്‍നിന്ന് ഞാനൊരിക്കലും കണ്ണെടുത്തിരുന്നില്ല. അതിനാല്‍ ജോലികള്‍ക്കിടെ ഞാനെന്റെ ഷൂസ് പോളീഷു ചെയ്ത്, വൃത്തിയുള്ള വേഷം ധരിച്ച് സ്ട്രാന്‍ഡിലെ ബെഡ്ഫോര്‍ഡ് തെരുവിലുള്ള ബ്ലാക്ക്മോര്‍ തിയേട്രിക്കല്‍ ഏജന്‍സിയില്‍ ഇടയ്ക്കിടെ പോയിരുന്നു. എന്റെ വസ്ത്രങ്ങളുടെ അവസ്ഥ കൂടുതല്‍ സന്ദര്‍ശനങ്ങളനുവദിക്കാത്ത തരത്തിലാകുന്നതുവരെ ഞാനതു തുടര്‍ന്നു.

ആദ്യതവണ പോയപ്പോള്‍ കുറ്റമറ്റ രീതിയില്‍ വേഷം ധരിച്ച, സ്ത്രീകളും പുരുഷന്മാരുമായ നടന്മാരെക്കൊണ്ട് അവിടം അലങ്കരിക്കപ്പെട്ടിരുന്നു. ഗാംഭീര്യമുള്ള ഭാവത്തില്‍ അവര്‍ പരസ്പരം സംസാരിക്കുകയായിരുന്നു. എന്റെ പഴകി നരച്ച കോട്ടും വിരലുകളുടെ ഭാഗം അല്പം തള്ളിനിന്ന ഷൂസും മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട് ദയനീയമാംവിധം നാണിച്ച്, വാതിലിനരികിലുള്ള അകന്ന കോണില്‍ അന്ധാളിപ്പോടെയാണു ഞാന്‍ നിന്നത്. അകത്തെ ഓഫീസ്മുറിയില്‍നിന്നൊരു ഗുമസ്തന്‍ ശബ്ദമുയര്‍ത്തിക്കൊണ്ടു വരികയും നടന്മാരുടെ ഇടയിലൂടെ വിളവെടുപ്പിനെന്നപോലെ നടന്ന് 'നിങ്ങള്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കും, നിങ്ങള്‍ക്കുമില്ല' എന്നു പറയും. അതോടെ ഒരു പള്ളിമുറി ഒഴിയുന്നതുപോലെ ഓഫീസ് വിജനമാകും. ഒരവസരത്തില്‍ ഞാന്‍ മാത്രമാണ് അവിടെയവശേഷിച്ചത്. എന്നെ കണ്ടപ്പോഴയാള്‍ പെട്ടെന്നു നിന്നു. 'നിനക്കെന്താ വേണ്ടത്?'
കൂടുതല്‍ ഭക്ഷണമാവശ്യപ്പെടുന്ന ഒലിവര്‍ ട്വിസ്റ്റിനെപ്പോലെയാണെനിക്കു സ്വയമെന്നെ തോന്നിയത്. 'കുട്ടികളുടെ എന്തെങ്കിലും ഭാഗമുണ്ടോ?' ഞാന്‍ ഉമിനീര്‍ വിഴുങ്ങി.

'നീ പേരു ചേര്‍ത്തിട്ടുണ്ടോ?'
ഇല്ലെന്നു ഞാന്‍ തലയാട്ടി. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാളെന്നെ അടുത്തുള്ള ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോകുകയും എന്തെങ്കിലും വന്നാല്‍ അറിയിക്കാമെന്നു പറഞ്ഞ് എന്റെ പേരും വിലാസവും മറ്റു വിവരങ്ങളും എഴുതിയെടുക്കുകയും ചെയ്തു. ഒരു കടമ നിര്‍വഹിച്ച സന്തോഷത്തോടെയും എന്നാല്‍ അതില്‍നിന്ന് പ്രത്യേകിച്ചൊന്നുമുണ്ടാകാത്തതില്‍ കൃതജ്ഞതാപൂര്‍വവും ഞാന്‍ മടങ്ങി.
സിഡ്നി മടങ്ങിവന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു പോസ്റ്റ്കാര്‍ഡ് ലഭിച്ചു: 'സ്ട്രാന്‍ഡ് ബെഡ്ഫോര്‍ഡ് സ്ട്രീറ്റിലെ ബ്ലാക്ക്മോര്‍ ഏജന്‍സിയിലേക്കു വരുമോ?'

പുതിയ വേഷം ധരിച്ച് അവിടെയെത്തിയ ഞാന്‍ മിസ്റ്റര്‍ ബ്ലാക്ക്മോറിന്റെ മുറിയിലേക്കു നയിക്കപ്പെട്ടു. സര്‍വശക്തനും സൂക്ഷ്മപരിശോധകനുമെന്ന് ഞാനൂഹിച്ച മിസ്റ്റര്‍ ബ്ലാക്ക്മോര്‍ കരുണാമയനായിരുന്നു. അദ്ദേഹമെനിക്ക് ചാള്‍സ് ഫ്രോഹ്‌മാന്റെ ഓഫീസിലെ മിസ്റ്റര്‍ സി.ഇ. ഹാമില്‍ട്ടണു കൊടുക്കുവാന്‍വേണ്ടി ഒരു കത്തു തന്നു.
അതു വായിച്ച മിസ്റ്റര്‍ ഹാമില്‍ട്ടണ്‍, ഞാനെത്ര ചെറിയ കുട്ടിയാണെന്നു കണ്ട് അദ്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്തു. സത്യത്തില്‍ ഞാനെന്റെ പ്രായത്തെക്കുറിച്ചു നുണ പറഞ്ഞിരുന്നു, പന്ത്രണ്ടര വയസ്സുള്ള ഞാന്‍ പതിനാലെന്നാണു പറഞ്ഞിരുന്നത്. ഷെര്‍ലക് ഹോംസിന്റെ പരിചാരകനായ ബില്ലിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ശരത്കാലസമയത്താരംഭിക്കുന്ന നാല്പതാഴ്ച നീളുന്ന ഒരു പ്രദര്‍ശനയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്.

'അതിനു മുന്‍പ്, ഷെര്‍ലക് ഹോംസിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ എഛ്. എ. സെയിന്റ്സ്ബറി എഴുതിയ ജിം, ദ റൊമാന്‍സ് ഓഫ് എ കോക്ക്നി എന്ന പുതിയ നാടകത്തില്‍ വളരെ നല്ല ഒരു കുട്ടിക്കഥാപാത്രമുണ്ട്.' ഹോംസ് നാടകയാത്രയ്ക്കു മുന്‍പായി പരീക്ഷണപ്രദര്‍ശനമായി ജിം കിങ്സ്റ്റണില്‍ ചെയ്യുന്നുണ്ട്. ഒരാഴ്ചയില്‍ രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങുമാണു ശമ്പളം. ഷെര്‍ലക് ഹോംസിനു ലഭിക്കുവാന്‍ പോകുന്ന അതേ പ്രതിഫലം.
ആ തുക ഒരു അപ്രതീക്ഷിത ആകര്‍ഷണമായിരുന്നെങ്കിലും ഞാന്‍ അദ്ഭുതം പുറത്തു കാണിച്ചില്ല. 'അതേപ്പറ്റിയെല്ലാം എനിക്കെന്റെ സഹോദരന്റെ അഭിപ്രായം ചോദിക്കണം.' ഞാന്‍ ഗൗരവപൂര്‍വം പറഞ്ഞു.

മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ വളരെ സന്തോഷവാനായാണു കാണപ്പെട്ടത്. അദ്ദേഹം എല്ലാ ഓഫീസ് ജോലിക്കാരെയും എന്നെക്കാണാനായി കൂട്ടിക്കൊണ്ടുവന്നു. 'ഇതാണു നമ്മുടെ ബില്ലി! നിങ്ങള്‍ക്കെന്തു തോന്നുന്നു?'
എല്ലാവരും സന്തോഷിക്കുകയും എന്നെ നോക്കി മനോഹരമായി പുഞ്ചിരിക്കുകയും ചെയ്തു. എന്താണു സംഭവിക്കുന്നത്? പെട്ടെന്ന് ലോകം മാറിയതായി കാണപ്പെട്ടു. അതെന്നെ സ്നേഹപൂര്‍വമായ ആലിംഗനത്തിലൊതുക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനു ശേഷം മിസ്റ്റര്‍ സെയിന്റ്സ്ബറിക്കു നല്കുവാനായി മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ എനിക്കൊരു കത്തു തന്നു. ലെയ്സെസ്റ്റര്‍ സ്‌ക്വയറിലെ ഗ്രീന്റൂം ക്ലബ്ബില്‍ എനിക്കദ്ദേഹത്തെ കാണാന്‍ കഴിയുമെന്നും പറഞ്ഞു. അങ്ങോട്ടു പോകുവാനായി ഞാനിറങ്ങിനടന്നത് മേഘങ്ങളിലൂടെയാണ്.

അതേ കാര്യങ്ങളാണു ഗ്രീന്റൂം ക്ലബ്ബിലുമുണ്ടായത്. എന്നെ കാണുവാനായി മിസ്റ്റര്‍ സെയിന്റ്സ്ബറി മറ്റ് അംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി. അപ്പോള്‍ത്തന്നെയദ്ദേഹം സാമ്മിയുടെ നാടകഭാഗങ്ങള്‍ എനിക്കു തന്നു. അത് നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണെന്നു പറയുകയും ചെയ്തു. അതപ്പോള്‍ത്തന്നെ വായിക്കുവാന്‍ പറയുമോയെന്ന ഭയം എന്നെ പരിഭ്രമിപ്പിച്ചു. എനിക്കത് വായിക്കാനാകുമായിരുന്നില്ല എന്നതിനാല്‍ അതപമാനമാകുമായിരുന്നു. ഭാഗ്യവശാല്‍, ഒരാഴ്ചകൂടി അഭിനയപരിശീലനം ആരംഭിക്കുന്നില്ല എന്നുള്ളതുകൊണ്ട് അതു വീട്ടില്‍ കൊണ്ടുപോയി ഒഴിവുസമയത്ത് വായിക്കുവാനാണദ്ദേഹം പറഞ്ഞത്.

സന്തോഷത്തില്‍ മതിമറന്ന ഞാന്‍ ബസ്സില്‍ക്കയറി വീട്ടിലേക്കു പോയി. സംഭവിച്ചതിനെപ്പറ്റിയെല്ലാം ചിന്തിച്ചു മനസ്സിലാക്കുവാന്‍ തുടങ്ങി. ഞാനൊരു ദരിദ്രജീവിതം പെട്ടെന്നു പിന്നിലുപേക്ഷിക്കുകയാണ്, ഒരു ചിരകാലസ്വപ്നത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. എന്റെ അമ്മ പറഞ്ഞുകൊണ്ടേയിരുന്ന, അത്യധികം ആഗ്രഹിച്ചിരുന്ന സ്വപ്നം ഞാനൊരു നടനാകണമെന്നത്! അതെല്ലാം പെട്ടെന്നു സത്യമായിരിക്കുന്നു, തീര്‍ത്തും അപ്രതീക്ഷിതമായി. ഞാനെന്റെ കഥാപാത്രത്തിന്റെ കഥാഭാഗങ്ങളുള്ള കടലാസുകളില്‍ തൊട്ടുകൊണ്ടിരുന്നു. അതിനൊരു ബ്രൗണ്‍പേപ്പര്‍കൊണ്ടുള്ള പൊതിച്ചിലുണ്ടായിരുന്നു. ജീവിതത്തില്‍ എന്റെ കൈയില്‍ പിടിച്ചിട്ടുള്ളതില്‍വെച്ചേറ്റവും പ്രധാനപ്പെട്ട പ്രമാണം. ഒരു പ്രധാന ഘട്ടം തരണംചെയ്തിരിക്കുന്നുവെന്ന് ബസ്സിലിരുന്നപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഇനിയൊരിക്കലും ഞാന്‍ ചേരിയിലെ അന്തേവാസിയല്ല; നാടകരംഗത്തെ ഒരു അഭിനേതാവാണ്. എനിക്കു തേങ്ങിക്കരയണമെന്നു തോന്നി.

സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സിഡ്നിയുടെ കണ്ണുകള്‍ സജലങ്ങളായി. ജനാലയിലൂടെ പുറത്തേക്കു നോക്കി കിടക്കയിലിരുന്ന് തല ഇളക്കിക്കൊണ്ടവന്‍ ദുഃഖത്തോടെ പറഞ്ഞു: 'ഇതു നമ്മുടെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഇതില്‍ ആനന്ദിക്കുവാന്‍ അമ്മ നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍.'
'ഓര്‍ത്തുനോക്കൂ,' ഞാന്‍ ആവേശപൂര്‍വം തുടര്‍ന്നു, 'രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും വെച്ച് നാല്പതാഴ്ച. എന്റെ സഹോദരനാണു ബിസിനസ് കാര്യങ്ങളെല്ലാം നോക്കുന്നതെന്ന് ഞാന്‍ മിസ്റ്റര്‍ ഹാമില്‍ട്ടണോടു പറഞ്ഞു.' 'നമുക്കതിലും കൂടുതലും കിട്ടിയേക്കാം, എന്തായാലും ഈ വര്‍ഷം അറുപതു പൗണ്ട് സമ്പാദിക്കാനാകും.' ഞാന്‍ ഉത്സാഹത്തോടെ കൂട്ടിച്ചേര്‍ത്തു.

ആവേശമല്പമടങ്ങിയപ്പോള്‍, രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും ഇതുപോലെയൊരു വലിയ കഥാപാത്രത്തിനു തികയില്ല എന്നു ഞങ്ങള്‍ മനസ്സിലാക്കി. പ്രതിഫലമുയര്‍ത്താനാകുമോയെന്നറിയാന്‍ സിഡ്നി പോയി. 'ഒന്നു ശ്രമിച്ചുനോക്കുന്നതില്‍ തെറ്റില്ലല്ലോ' എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, മിസ്റ്റര്‍ ഹാമില്‍ട്ടണ്‍ അക്കാര്യത്തില്‍ ഉറച്ചുനിന്നു. 'രണ്ടു പൗണ്ടും പത്തു ഷില്ലിങ്ങും പരമാവധി.' സത്യത്തില്‍ അതു ലഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരുമായിരുന്നു.

ജിമ്മിന്റെ പരിശീലനങ്ങള്‍ നടന്നത് ഡ്രറി ലെയിന്‍ തിയേറ്ററിന്റെ മുകള്‍നിലയിലെ വരാന്തയിലായിരുന്നു. സിഡ്നി അത്രയധികം ശുഷ്‌കാന്തിയോടെ എന്നെ ശീലിപ്പിച്ചിരുന്നതിനാല്‍ ഞാനേകദേശം പൂര്‍ണമായിത്തന്നെ പഠിച്ചിരുന്നു. ഒരു വാക്കു മാത്രമെന്നെ വിഷമിപ്പിച്ചു. 'മിസ്റ്റര്‍ പയര്‍പോണ്ട് മോര്‍ഗന്‍, നിങ്ങളാരാണെന്നാണു നിങ്ങള്‍ കരുതുന്നത്?' എന്നു ചോദിക്കേണ്ടയിടത്ത് ഞാന്‍ പുട്ടര്‍പിന്റ് മോര്‍ഗന്‍ എന്നു പറയും. മിസ്റ്റര്‍ സെയിന്റ്സ്ബറി എന്നെക്കൊണ്ടത് ശരിയായി പറയിപ്പിച്ചു. ആദ്യത്തെ റിഹേഴ്സലുകള്‍ എനിക്കൊരു വെളിപാടായിരുന്നു. അവയെനിക്കു സാങ്കേതികതയുടെ പുതിയ ലോകം തുറന്നുതന്നു. അഭിനയസാങ്കേതികത, സമയക്രമം, നില്ക്കാനും ഇരിക്കാനും തിരിയാനുമെല്ലാമുള്ള നിബന്ധനകള്‍ എന്നിവയെപ്പറ്റിയൊന്നും എനിക്കു യാതൊരറിവുമില്ലായിരുന്നു, പക്ഷേ, അതെല്ലാം സ്വാഭാവികമായി എന്നിലേക്കു വന്നു. ഒരു തെറ്റു മാത്രമാണ് മിസ്റ്റര്‍ സെയിന്റ്സ്ബറി തിരുത്തിത്തന്നത്: സംസാരിക്കുമ്പോള്‍ ഞാന്‍ തലയും മുഖവും കൂടുതലായി അനക്കുന്നുണ്ടെന്നുള്ളത്.

ഏതാനും രംഗങ്ങള്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം അദ്ഭുതപ്പെടുകയും ഞാന്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു. എന്തായിരുന്നു, മിസ്റ്റര്‍ സെയിന്റ്സ്ബറിയുടെയും സഹപ്രവര്‍ത്തകരുടെയും മുഖത്തുള്ള സംതൃപ്തിയുടെയും സന്തുഷ്ടിയുടെയും തിളക്കം! എങ്കിലും ഞാനവരുടെ അനുമോദനം എന്റെ സ്വാഭാവികമായ ജന്മാവകാശമാണെന്ന മട്ടില്‍ സ്വീകരിച്ചു.
ജിം, ഒരു പരീക്ഷണമെന്ന നിലയില്‍ ഒരാഴ്ച കിങ്സ്റ്റണ്‍ തിയേറ്ററിലും അതിനുശേഷമൊരാഴ്ച ഫുള്ളാമിലുമായിരുന്നു പ്രദര്‍ശനം. ഹെന്റി ആര്‍ഥര്‍ ജോണ്‍സിന്റെ സില്‍വര്‍ കിങ് എന്നതിനെ അവലംബിച്ച് രൂപപ്പെടുത്തിയ ഒരു കാല്പനികനാടകമായിരുന്നു അത്. സ്മൃതിഭ്രംശം സംഭവിച്ച ഒരു പ്രഭുവിന്റെ കഥ. പൂവില്പനക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും പത്രവില്പനക്കാരനായ ഒരാണ്‍കുട്ടിയുടെയും സാമ്മി, എന്റെ കഥാപാത്രം ഒപ്പം ഒരു വീടിന്റെ മേല്‍പ്പുരയില്‍ താമസിക്കുകയാണയാള്‍. പ്രഭു, -ഞങ്ങളങ്ങനെയാണദ്ദേഹത്തെ വിളിച്ചത്- കട്ടിലിലുറങ്ങിയപ്പോള്‍ പെണ്‍കുട്ടി അലമാരത്തട്ടിലും ഞാന്‍ നിലത്തുമാണുറങ്ങിയത്.

ഒരു ധനികനായ അഭിഭാഷകനായ ജെയിംസ് സീറ്റണ്‍ ഗാറ്റ്ലോക്കിന്റെ 7 എ, ഡെവറെക്സ് കോര്‍ട്ടിലുള്ള ഓഫീസായിരുന്നു ആദ്യരംഗത്തില്‍. ജീര്‍ണവസ്ത്രങ്ങള്‍ ധരിച്ച പ്രഭു, തന്റെ പൂര്‍വകാലപ്രണയത്തിലെ വില്ലനില്‍നിന്നും സംഭാവന വാങ്ങാനെത്തുന്നു. മറവിരോഗം ബാധിച്ചിരുന്ന കാലത്ത് തന്നെ പരിപാലിച്ച പൂവില്പനക്കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ രോഗിയായതിനാല്‍ അവള്‍ക്കുവേണ്ടിയായിരുന്നു അയാള്‍ പണം യാചിച്ചത്.
വാക്കുതര്‍ക്കത്തിനിടെ, പ്രഭുവിനോടു വില്ലന്‍ പറയുന്നു: 'ഇറങ്ങിപ്പോകൂ! പോയി പട്ടിണി കിടക്ക്, നീയും നിന്റെ വില്പനക്കാരി വെപ്പാട്ടിയും!'
പ്രഭു, അവശനും ദുര്‍ബലനുമാണെങ്കിലും മേശയില്‍നിന്ന് അയാളെ കുത്താനാണെന്ന രീതിയില്‍ ഒരു പേനാക്കത്തിയെടുക്കുന്നു. പക്ഷേ, ചുഴലിരോഗബാധയുണ്ടാകുന്നതിനാല്‍ കത്തി കൈയില്‍നിന്നും താഴേ വീഴുകയും പ്രഭു ബോധരഹിതനായി വില്ലന്റെ കാലടികളിലേക്കു വീഴുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ വില്ലന്റെ മുന്‍ഭാര്യ, പ്രഭു ഒരിക്കല്‍ പ്രണയിച്ചിരുന്നവള്‍ മുറിയിലേക്കു കടന്നുവരുന്നു. അവളും അവശനായ പ്രഭുവിനുവേണ്ടി അപേക്ഷിക്കുന്നു. 'അയാളെന്റെ കാര്യത്തില്‍ പരാജയപ്പെട്ടു, അയാളെല്ലായിടത്തും പരാജയപ്പെട്ടു, നിങ്ങള്‍ക്കെങ്കിലും അദ്ദേഹത്തെ സഹായിക്കാന്‍ കഴിയും.'
പക്ഷേ വില്ലനതു നിരസിക്കുന്നു. വൈകാരികതയുടെ ഉച്ചസ്ഥായിയിലേക്കു വളരുന്ന രംഗത്തിലയാള്‍ തന്റെ മുന്‍ഭാര്യയില്‍ അവിശ്വാസമാരോപിക്കുകയും അവളെ അധിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു കോപാവേശത്തില്‍ ആ സ്ത്രീ നിലത്തു കിടന്ന കത്തിയെടുത്തു വില്ലനെ കുത്തുകയും അയാള്‍ ചാരുകസേരയിലേക്ക് മരിച്ചുവീഴുകയും ചെയ്യുന്നു. അയാളുടെ കാല്ക്കല്‍ അപ്പോഴും ഉപേക്ഷിക്കപ്പെട്ട പ്രഭു കിടക്കുന്നുണ്ട്. സ്ത്രീ രംഗത്തുനിന്നും നിഷ്‌ക്രമിക്കുന്നു. ബോധം തിരിച്ചുകിട്ടിയ പ്രഭു, തന്റെ എതിരാളി മരിച്ചുകിടക്കുന്നതു കാണുന്നു. 'ദൈവമേ, ഞാനെന്താണു ചെയ്തത്' എന്നയാള്‍ ചോദിക്കുന്നു.
പിന്നീടയാള്‍ മറ്റു കാര്യങ്ങളിലേക്കു കടക്കുന്നു. മരിച്ചയാളിന്റെ പോക്കറ്റുകള്‍ പരിശോധിക്കുകയും ധാരാളം പണമുള്ള ഒരു പേഴ്സും ഒരു വജ്രമോതിരമുള്‍പ്പെടെയുള്ള ആഭരണങ്ങളും കണ്ടെടുക്കുന്നു. അവയെല്ലാമെടുത്ത് പോകാനിറങ്ങുമ്പോള്‍ ജനാലയുടെ അരികില്‍ തിരിഞ്ഞുനിന്നു പറയുന്നു: 'ഗുഡ്ബൈ ഗാട്ലോക്ക്, എന്തായാലും നിങ്ങളെന്നെ സഹായിച്ചു.' അപ്പോള്‍ തിരശ്ശീല വീഴുന്നു.
അടുത്ത രംഗത്തില്‍ പ്രഭു താമസിക്കുന്ന മേല്‍പ്പുരയാണ്. ഒരു കുറ്റാന്വേഷകന്‍ തനിയേ അലമാര പരിശോധിക്കുന്നതാണു തുടക്കം. ഞാന്‍ ചൂളമടിച്ചുകൊണ്ട് അകത്തേക്കു കയറുന്നു, കുറ്റാന്വേഷകനെ കണ്ട് പെട്ടെന്നു നില്ക്കുന്നു.

പത്രവില്പനക്കാരന്‍ കുട്ടി: 'ഓ... നിങ്ങള്‍? നിങ്ങള്‍ക്കറിയാമോ അതൊരു സ്ത്രീയുടെ കിടപ്പുമുറിയാണെന്ന്?'
കുറ്റാന്വേഷകന്‍: 'എന്ത്? ആ അലമാരയോ? ഇവിടെ വരൂ.'
കുട്ടി: 'അതെ.'
കുറ്റാന്വേഷകന്‍: 'നീയതെല്ലാം അടുക്കിവെക്കൂ. അകത്തേക്കു വന്നിട്ടു കതകടയ്ക്കൂ.'
കുട്ടി: (അയാളുടെ നേരേ നടന്നുകൊണ്ട്) 'ഓ, താങ്കള്‍ മര്യാദ കാണിക്കുകയാണല്ലേ? ഒരാളെ അയാളുടെ സ്വന്തം വീടിന്റെ പൂമുഖത്തേക്ക് ക്ഷണിച്ചുകൊണ്ട്?'
കുറ്റാന്വേഷകന്‍: 'ഞാനൊരു കുറ്റാന്വേഷകനാണ്.'
കുട്ടി: 'പോലീസ്...? അപ്പോള്‍, എന്റെ കഥകഴിഞ്ഞു.'
കുറ്റാന്വേഷകന്‍: 'ഞാന്‍ നിന്നെ ഉപദ്രവിക്കാന്‍ പോകുന്നില്ല. മറ്റൊരാള്‍ക്ക് നല്ലൊരു വഴിത്തിരിവുണ്ടാക്കുന്ന ചില വിവരങ്ങള്‍ മാത്രമാണെനിക്ക് വേണ്ടത്.'
കുട്ടി: 'നല്ലൊരു വഴിത്തിരിവ്! ഇവിടെയാര്‍ക്കെങ്കിലും ഇത്തിരിയെങ്കിലും ഭാഗ്യമുണ്ടാകുകയാണെങ്കില്‍ അത് പോലീസുകാരിലൂടെയാകില്ല.'
കുറ്റാന്വേഷകന്‍: 'ഒരു വിഡ്ഡിയാകാന്‍ നില്ക്കേണ്ട. പോലീസിലാണെന്നു പറഞ്ഞാണോ ഞാന്‍ തുടങ്ങിയത്?'
കുട്ടി: 'വെറുതേയൊരു നന്ദി. എനിക്കു നിങ്ങളുടെ ബൂട്ട്സ് കാണാവുന്നതേയുള്ളൂ.'
കുറ്റാന്വേഷകന്‍: 'ഇവിടെയാരാണു താമസിക്കുന്നത്?'
കുട്ടി: 'പ്രഭു.'
കുറ്റാന്വേഷകന്‍: 'അതെ, പക്ഷേ എന്താണയാളുടെ യഥാര്‍ഥ പേര്?'
കുട്ടി: 'എനിക്കറിയില്ല. പ്രഭു ഒരു സ്ഥാനപ്പേരാണെന്നാണ് അദ്ദേഹം പറഞ്ഞത്, എനിക്കത് മനസ്സിലായിട്ടുമില്ല.'
കുറ്റാന്വേഷകന്‍: 'അയാള്‍ കാഴ്ചയില്‍ എങ്ങനെയാണ്?'
കുട്ടി: 'ഒരു നേര്‍ത്ത പലകപോലെ മെലിഞ്ഞ്, നരച്ച മുടി, നന്നായി ഷേവ് ചെയ്ത മുഖം, ഒരു തൊപ്പിയും കണ്ണടയും വെച്ചിരിക്കും. അതിലൂടെ നോക്കിയാല്‍ അമ്പരപ്പിന്റെ ഭാവം.'
കുറ്റാന്വേഷകന്‍: 'പിന്നെ, ജിം, അയാളാരാണ്?'
കുട്ടി: 'അയാളോ? അവളെന്നാണോ ഉദ്ദേശിച്ചത്?'
കുറ്റാന്വേഷകന്‍: 'ഓ, അപ്പോള്‍ അവളാണോ ഇവിടെ...'
കുട്ടി (ഇടയ്ക്കുകയറി): അലമാരയില്‍ ഉറങ്ങുന്നവള്‍, ഈ മുറി ഞങ്ങളുടെതാണ്, എന്റെയും പ്രഭുവിന്റെയും...'
ഇതിലും വളരെ കൂടുതലുണ്ടായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും കാണികളെ വളരെയധികം രസിപ്പിച്ചിരുന്നു അത്. ഞാന്‍ യഥാര്‍ഥത്തിലുള്ളതിനെക്കാള്‍ വളരെ പ്രായം കുറഞ്ഞാണു കാണപ്പെട്ടത് എന്നെനിക്കു തോന്നുന്നു. ഞാന്‍ പറഞ്ഞ ഓരോ വാചകത്തിനും ചിരി ലഭിച്ചു. അതിലെ പ്രവര്‍ത്തനഭാഗം മാത്രമായിരുന്നു എന്നെ വിഷമിപ്പിച്ചത്: വേദിയില്‍വെച്ച് ചായയുണ്ടാക്കുന്ന പണി. ആദ്യം പാത്രത്തില്‍ തേയിലയിടണോ അതോ ചൂടുവെള്ളമൊഴിക്കണോ എന്നതെനിക്കെപ്പോഴും സംശയമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ വാചകങ്ങള്‍ പറയുക എന്നത് എനിക്കു കൂടുതലെളുപ്പമായിരുന്നു എന്നതാണു വിരോധാഭാസം.

ജിം ഒരു വിജയമായിരുന്നില്ല. നിരൂപകര്‍ ആ നാടകത്തെ നിശിതമായി വിമര്‍ശിച്ചു. എന്നിരുന്നാലും എനിക്ക് അനുകൂലാഭിപ്രായങ്ങളുണ്ടായി. ഞങ്ങളുടെ കമ്പനിയിലെ അംഗമായ ചാള്‍സ് റോക്ക് എനിക്കു കാണിച്ചുതന്ന അതിലൊന്ന് വിശേഷമാംവിധം നന്നായിരുന്നു. ആരാധ്യനായ ഒരു നടനായിരുന്നു അദ്ദേഹം. മിക്ക രംഗങ്ങളിലും ഞാന്‍ അദ്ദേഹത്തോടൊപ്പമാണു നടിച്ചത്. 'ചെറുപ്പക്കാരാ, ഇതു വായിച്ച് തലക്കനം തോന്നരുത്,' അദ്ദേഹം ഗൗരവത്തില്‍ പറഞ്ഞു. വിനയത്തെയും മഹാമനസ്‌കതയെയും കുറിച്ചു പ്രഭാഷണങ്ങള്‍ നടത്തിയിട്ട് ലണ്ടന്‍ ട്രോപ്പിക്കല്‍ ടൈംസില്‍ വന്ന നിരൂപണം എന്നെ വായിച്ചുകേള്‍പ്പിച്ചു. ഞാനതോരോ വാക്കും ഓര്‍മിക്കുന്നുണ്ട്. നാടകത്തെപ്പറ്റി വളരെ വില കുറച്ചു പറഞ്ഞതിനുശേഷം അതു തുടര്‍ന്നു: പക്ഷേ, അതിനൊരു പരിഹാരമുണ്ട്, പത്രക്കാരന്‍പയ്യനായ സാമ്മിയുടെ ഭാഗമഭിനയിച്ചയാള്‍. നര്‍മരംഗങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും അവനാണ്. അമിതമാക്കി വിരസമാക്കുന്ന പഴയ ശൈലിയിലായിരുന്നെങ്കിലും മാസ്റ്റര്‍ ചാള്‍സ് ചാപ്ലിന്‍ എന്ന മിടുക്കനും ബുദ്ധിമാനുമായ ബാലനടന്‍ അതു വളരെ രസകരമാക്കി മാറ്റി. ഞാനിതുവരെ ആ കുട്ടിയെപ്പറ്റി കേട്ടിരുന്നില്ല പക്ഷേ, അവനെപ്പറ്റി വളരെ മഹത്തരമായ കാര്യങ്ങള്‍ വരുംകാലത്തു കേള്‍ക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.' സിഡ്നി അതിന്റെ ഒരു ഡസന്‍ കോപ്പികള്‍ വാങ്ങി.

ജിമ്മിന്റെ രണ്ടാഴ്ചത്തെ കളിക്കു ശേഷം ഞങ്ങള്‍ ഷെര്‍ലക് ഹോംസിന്റെ റിഹേഴ്സല്‍ തുടങ്ങി. ഞങ്ങളുടെ സാമ്പത്തികസ്ഥിരതയെപ്പറ്റി അത്ര ഉറപ്പില്ലാത്തതിനാല്‍ അക്കാലത്തും ഞാനും സിഡ്നിയും പൗണല്‍ ടെറസില്‍ത്തന്നെയായിരുന്നു താമസം.
റിഹേഴ്സലുകളുടെ ഇടയ്ക്ക് സിഡ്നിയും ഞാനും അമ്മയെ കാണാന്‍ കെയ്ന്‍ഹില്ലില്‍ പോയിരുന്നു. ആ ദിവസം അമ്മയ്ക്കത്ര സുഖമില്ലാത്തതിനാല്‍ കാണാനാകില്ലെന്നാണു നേഴ്സുമാര്‍ ഞങ്ങളോടാദ്യം പറഞ്ഞത്. അവര്‍ സിഡ്നിയെ എന്റെയടുത്തുനിന്നു മാറ്റിക്കൊണ്ടുപോയിട്ടാണു സംസാരിച്ചതെങ്കിലും സിഡ്നി പറയുന്നതെനിക്കു കേള്‍ക്കാമായിരുന്നു: 'ഇല്ല, അവനതു സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.' എന്നിട്ട് വിഷമത്തോടെ എന്റെ നേരേ തിരിഞ്ഞു. 'നിനക്ക് അമ്മയെ ശബ്ദം കടക്കാത്ത ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നതു കാണാനാഗ്രഹമില്ലല്ലോ?'
'വേണ്ട, വേണ്ട എനിക്കതു താങ്ങാനാവില്ല, പിന്നാക്കം വലിഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു.

പക്ഷേ സിഡ്നി, അമ്മയെ കണ്ടു. അമ്മയവനെ തിരിച്ചറിയുകയും ബോധത്തോടെ പെരുമാറുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോള്‍ ഒരു നേഴ്സ് വന്ന് അമ്മയ്ക്കിപ്പോള്‍ സുഖമുണ്ടെന്നും എനിക്കാഗ്രഹമുണ്ടെങ്കില്‍ കാണാമെന്നും പറഞ്ഞു. ഞങ്ങളൊന്നിച്ച് ആ അടഞ്ഞ മുറിയിലിരുന്നു. മടങ്ങുംമുന്‍പ് അമ്മയെന്നെ മാറ്റിനിര്‍ത്തി നിസ്സഹായയായി പറഞ്ഞു, 'വഴി തെറ്റരുത്, അല്ലെങ്കില്‍ അവര്‍ ഇവിടെ പിടിച്ചുവെക്കും.' പതിനെട്ടു മാസം കെയ്ന്‍ഹില്ലില്‍ കഴിഞ്ഞതിനു ശേഷമാണ് അമ്മയ്ക്കു സുഖമായത്. ഞാന്‍ നാടകയാത്രയിലായിരുന്ന സമയത്തൊക്കെയും സിഡ്നി പതിവായി അമ്മയെ സന്ദര്‍ശിച്ചിരുന്നു.

ആ പ്രദര്‍ശനയാത്രയില്‍, ഷെര്‍ലക് ഹോംസായി അഭിനയിച്ച മിസ്റ്റര്‍ എഛ്.എ. സെയിന്റ്സ്ബറി, സ്ട്രാന്‍ഡ് മാഗസിനിലെ ചിത്രങ്ങളുടെ അനുകരണമായാണു ജീവിച്ചത്. ദീര്‍ഘവും വൈകാരികതയുള്ളതുമായ മുഖവും പ്രചോദനമാകുന്ന വിധത്തിലുള്ള നെറ്റിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഷെര്‍ലക് ഹോംസിനെ അവതരിപ്പിച്ച മറ്റെല്ലാവരില്‍നിന്നും മെച്ചമായി അദ്ദേഹത്തെ കണക്കാക്കുന്നു. നാടകരചയിതാവും യഥാര്‍ഥ ഹോംസുമായ വില്യം ഗില്ലറ്റിനെക്കാള്‍ മെച്ചമായിത്തന്നെ.

എന്റെയാദ്യത്തെ യാത്രയില്‍ ഞാന്‍ ഗ്രീന്‍ കുടുംബത്തോടൊപ്പം താമസിക്കണമെന്നാണ് കമ്പനിക്കാര്‍ തീരുമാനിച്ചത്. മിസ്റ്റര്‍ ഗ്രീന്‍ കമ്പനിയുടെ മരപ്പണിക്കാരനായിരുന്നു. ഭാര്യ, നാടകത്തിന്റെ വസ്ത്രങ്ങളുടെ വിഭാഗം കൈകാര്യം ചെയ്യുന്ന സ്ത്രീയും. ആ താമസം ആകര്‍ഷകമായ ഒന്നായിരുന്നില്ല. അതുമല്ല, അവര്‍ രണ്ടു പേരും ഇടയ്ക്കിടെ മദ്യപിക്കുകയും ചെയ്തിരുന്നു. അതിനുമുപരിയായി, എനിക്കെപ്പോഴും അവരുടെ ഭക്ഷണസമയത്ത് അവര്‍ കഴിക്കുന്നതുതന്നെ കഴിക്കണമെന്നാഗ്രഹമില്ലായിരുന്നു. ഗ്രീന്‍ കുടുംബത്തോടൊപ്പമുള്ള എന്റെ താമസം എന്നെക്കാളേറെ അവര്‍ക്ക് അസുഖകരമായിരുന്നുവെന്നെനിക്കുറപ്പായിരുന്നു. അതിനാല്‍ മൂന്നാഴ്ചകള്‍ക്കു ശേഷം പിരിയാന്‍ ഞങ്ങള്‍ പരസ്പരം സമ്മതിച്ചു. മറ്റു നടന്മാരോടൊപ്പം കഴിയുവാന്‍ മാത്രം പ്രായമാകാത്തതിനാല്‍ ഞാന്‍ തനിയേ താമസിച്ചു. വൈകുന്നേരത്തെ പരിപാടിയുടെ സമയംവരെ ആരെയും കാണാതെ, സ്വയം സംസാരിക്കുന്ന എന്റെ ശബ്ദം മാത്രം കേട്ടുകൊണ്ട് അപരിചിതനഗരങ്ങളിലും അണിയറയിലും ഞാന്‍ തനിച്ചു ജീവിച്ചു. വല്ലപ്പോഴും മറ്റംഗങ്ങള്‍ ഒത്തുകൂടുന്ന സലൂണുകളില്‍ പോകുകയും അവര്‍ ബില്യാര്‍ഡ്സ് കളിക്കുന്നതു നോക്കിനില്ക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, എന്റെ സാന്നിധ്യം അവരുടെ സംഭാഷണങ്ങളെ ഭംഗപ്പെടുത്തുന്നതായി എനിക്കനുഭവപ്പെട്ടു. അങ്ങനെ അനുഭവപ്പെടണമെന്ന് അവരാഗ്രഹിക്കുന്നുവെന്നത് തികച്ചും പ്രകടമായിരുന്നു. അവരുടെ തമാശകളില്‍ പുഞ്ചിരിക്കുമ്പോള്‍ അതവരില്‍ അമര്‍ഷഭാവമുണര്‍ത്തി.

ഞാന്‍ വിഷാദമൂകനായിത്തുടങ്ങി. ഒരു ഞായറാഴ്ച രാത്രിയില്‍ വടക്കന്‍നഗരങ്ങളിലെത്തിയപ്പോള്‍, പള്ളിയില്‍നിന്നുള്ള വിഷാദഭരിതമായ മണിമുഴക്കം കേട്ടുകൊണ്ട് ഇരുണ്ട തെരുവിലൂടെ നടന്നത് എന്റെ ഏകാന്തതയില്‍ അല്പം സൗഖ്യം പകര്‍ന്നു. പ്രവൃത്തിദിവസങ്ങളില്‍ വീട്ടുടമസ്ഥയ്ക്കു പാചകത്തിനുള്ള പലവ്യഞ്ജനങ്ങളും ഇറച്ചിയുമൊക്കെ വാങ്ങുന്നതിനായി പ്രാദേശിക ചന്തകളില്‍ ഞാന്‍ അലഞ്ഞുനടന്നു. ചിലപ്പോഴൊക്കെ എനിക്കു താമസവും ഭക്ഷണവും കിട്ടിയിരുന്നു. അടുക്കളയില്‍ കുടുംബത്തോടൊപ്പം ആഹാരം കഴിക്കുന്നതിനും കഴിഞ്ഞിരുന്നു. മിനുസപ്പെടുത്തിയ നെരിപ്പോടുകളും നീല അടുപ്പുകളുമുള്ള വടക്കന്‍ഗ്രാമത്തിലെ അടുക്കളകള്‍ വൃത്തിയും സമൃദ്ധിയുമുള്ളവയായതിനാല്‍ ഞാനതിഷ്ടപ്പെട്ടിരുന്നു. വീട്ടുടമസ്ഥ ബ്രെഡ്ഡുണ്ടാക്കുമ്പോള്‍, തണുത്തിരുണ്ട ദിവസത്തില്‍നിന്ന് ലാന്‍കഷയര്‍ അടുക്കള തീയുടെ ചുവന്ന തിളക്കത്തിലേക്കു മാറുന്നതും അടുപ്പിനു ചുറ്റും പാചകം ചെയ്യാനുള്ള റൊട്ടിക്കഷണങ്ങള്‍ കാണുന്നതും കുടുംബത്തോടൊപ്പം ചായയ്ക്കിരിക്കുന്നതുമെല്ലാം വളരെ സന്തോഷകരമായിരുന്നു. അപ്പോള്‍ ചുട്ടെടുത്ത ചൂടുറൊട്ടി പുത്തന്‍വെണ്ണ പുരട്ടി അത്യധികം ഗൗരവത്തോടെ ആസ്വദിച്ചിരുന്നു.

ഞാന്‍ ആറു മാസമായി പ്രവിശ്യകളിലായിരുന്നു. അതിനിടെ ഒരു അഭിനയജോലിക്കായുള്ള സിഡ്നിയുടെ ശ്രമം വിജയകരമാകാതെ വന്നതുകൊണ്ട് നടനാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുകയും സ്ട്രാന്‍ഡിലെ കോള്‍ഹോള്‍ മദ്യശാലയിലെ ജോലിക്ക് അപേക്ഷ അയയ്ക്കുകയും ചെയ്തു. നൂറ്റിയന്‍പത് അപേക്ഷകരില്‍നിന്ന് അവനാ ജോലി കിട്ടി. പക്ഷേ, അവന്‍ തന്റെ സൗഭഗങ്ങളില്‍നിന്ന് അതിക്രൂരമാംവിധം താഴേക്കു പോയി.

സിഡ്നി എനിക്കു സ്ഥിരമായി എഴുതുകയും അമ്മയുടെ വിവരങ്ങളറിയിക്കുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, അക്ഷരങ്ങള്‍ അത്ര നന്നായി എഴുതുവാനറിയില്ലാത്തതിനാല്‍ വല്ലപ്പോഴും മാത്രമാണവയ്ക്കു ഞാന്‍ മറുപടി എഴുതിയിരുന്നത്. സിഡ്നിയുടെ ഒരു കത്ത് എന്നെയാഴത്തില്‍ സ്പര്‍ശിക്കുകയും അവനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. കത്തുകള്‍ക്ക് ഞാന്‍ മറുപടി എഴുതാത്തതില്‍ എന്നോടവന്‍ പരിഭവിച്ചിരുന്നു. ഞങ്ങളെ കൂടുതല്‍ അടുപ്പിക്കേണ്ടതായ ഒരുമിച്ചനുഭവിച്ച ദുരിതങ്ങളോര്‍മപ്പെടുത്തുകയും ചെയ്തു. 'അമ്മ രോഗിയായതുമുതല്‍ ഈ ലോകത്തില്‍ നമുക്കു നാം പരസ്പരം മാത്രമാണുള്ളത്. അതിനാല്‍ നീയെനിക്കു പതിവായി എഴുതണം. എനിക്കൊരു സഹോദരനുണ്ടെന്ന് ഞാനറിയട്ടെ.' സിഡ്നി എഴുതി. അവന്റെ കത്ത് അത്രയ്ക്കു ഹൃദ്യമായിരുന്നതിനാല്‍ ഞാനുടനെതന്നെ അതിനു മറുപടിയെഴുതി. അപ്പോഴെനിക്ക് സിഡ്നിയെ മറ്റൊരു വെളിച്ചത്തില്‍ കാണാനായി. എന്റെ ജീവിതത്തിലുടനീളം നിലനിന്ന ഒരു സഹോദരസ്നേഹത്തെ സിഡ്നിയുടെ കത്ത് ആഴത്തിലുറപ്പിക്കുകയായിരുന്നു.

പുസ്തകം വാങ്ങാം

തനിയേയുള്ള ജീവിതവുമായി ഞാന്‍ പൊരുത്തപ്പെട്ടു. പക്ഷേ, സംസാരിക്കുക എന്ന സ്വഭാവത്തില്‍നിന്ന് ഞാന്‍ വല്ലാതെയകന്നുപോയതിനാല്‍ കമ്പനിയിലെ ആരെയെങ്കിലും പെട്ടെന്നു കണ്ടുമുട്ടുമ്പോള്‍ ഞാന്‍ തീവ്രമായ അപമാനം അനുഭവിച്ചു. എന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബുദ്ധിപൂര്‍വമുള്ള മറുപടി നല്കാന്‍ പെട്ടെന്നെനിക്കു കഴിഞ്ഞിരുന്നില്ല. അതിനാലവര്‍ എന്റെ ബോധത്തെക്കുറിച്ചുള്ള ആശങ്കയോടെയും ഉത്കണ്ഠയോടെയും എന്നെ വിട്ടുപോകുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന്, ഞങ്ങളുടെ നായികയായ ഗ്രെറ്റ ഹാഹ്ന് സുന്ദരിയും ആകര്‍ഷണീയയും അങ്ങേയറ്റം ദയയുള്ളവളുമായിരുന്നു. എങ്കിലും അവര്‍ റോഡു മുറിച്ചുകടന്ന് എന്റെ നേരേ വരുന്നതു കണ്ടാല്‍ ഞാന്‍ വേഗത്തില്‍ തിരിഞ്ഞ് വഴിയരികിലെ കടയിലേക്കു നോക്കുകയോ അവരെ ഒഴിവാക്കുവാനായി മറ്റൊരു വഴിയിലേക്കു തിരിയുകയോ ചെയ്തിരുന്നു.

ഞാന്‍ എന്നെ അവഗണിച്ചുതുടങ്ങുകയും സ്വഭാവങ്ങളില്‍ വ്യതിയാനങ്ങളുണ്ടാക്കുകയും ചെയ്തു. സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വളരെ വൈകി അവസാന നിമിഷം, വൃത്തികെട്ട വേഷത്തിലെത്തിച്ചേരുകയും തുടര്‍ച്ചയായി ശിക്ഷ വാങ്ങുകയും ചെയ്തു.
ഒരു കൂട്ടിനുവേണ്ടി ഞാനൊരെലിയെ വാങ്ങുകയും താമസിച്ച ഇടത്തെല്ലാം വീട്ടുടമസ്ഥയറിയാതെ അതിനെ മുറിയില്‍ കടത്തുകയും ചെയ്തു. അത് പരിശീലനം സിദ്ധിച്ചതല്ലെങ്കില്‍ക്കൂടി സ്നേഹഭാജനമായ ഒരു കുഞ്ഞുജീവിയായിരുന്നു. അതിന്റെ രോമങ്ങള്‍ നല്ല വെളുത്തതും വൃത്തിയുള്ളതുമായി കാണപ്പെട്ടതിനാല്‍ അതിന്റെ ദുര്‍ഗന്ധം അനുയോജ്യമല്ലാത്തതായി തോന്നി. ഞാനതിനെയൊരു തടിപ്പെട്ടിയില്‍ കട്ടിലിനു കീഴേയാണൊളിപ്പിച്ചിരുന്നത്. വീട്ടുടമസ്ഥ എനിക്കുള്ള പ്രഭാതഭക്ഷണവുമായി സന്തോഷപൂര്‍വം മുറിയില്‍ വരുമ്പോള്‍, ഈ ഗന്ധമടിക്കുമ്പോള്‍ വിഷമിച്ചും അമ്പരന്നും കാര്യം മനസ്സിലാകാതെ പുറത്തു പോകുകയും ചെയ്യുമായിരുന്നു. അവര്‍ പോയിക്കഴിയുന്ന മാത്രയില്‍ത്തന്നെ ഞാനെലിയെ തുറന്നുവിടുകയും അത് മുറിക്കുള്ളില്‍ ചാടിക്കളിക്കുകയും ചെയ്യും.

അധികം താമസിയാതെ ഞാനതിനെ വാതിലില്‍ തട്ടു കേള്‍ക്കുമ്പോഴൊക്കെ പെട്ടിയിലൊളിക്കുവാന്‍ പരിശീലിപ്പിച്ചു. വീട്ടുടമസ്ഥ എന്റെ രഹസ്യം കണ്ടുപിടിച്ചാല്‍ ഞാനെലിയെക്കൊണ്ട് ഈ തന്ത്രം പ്രദര്‍ശിപ്പിക്കും. അതോടെയവര്‍ ആ ആഴ്ചയിലെ താമസം അനുവദിക്കുകയും ചെയ്യും.
പക്ഷേ, വെയില്‍സിലെ ടോണിപാന്‍ഡിയില്‍ ഈ കൗശലം വീട്ടുടമസ്ഥയെ കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ ഒന്നും പറയാത ഗൂഢമായി പുഞ്ചിരിച്ചു. പക്ഷേ തിയേറ്ററില്‍നിന്നും രാത്രി മടങ്ങിവന്നപ്പോള്‍ എന്റെ വളര്‍ത്തുമൃഗത്തെ കാണാനില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ അവര്‍ വെറുതേ തലയാട്ടി, 'അതോടിപ്പോയിരിക്കും, അല്ലെങ്കില്‍ ആരെങ്കിലും മോഷ്ടിച്ചിരിക്കും.' അവര്‍ തന്റെ തനതായ രീതിയില്‍ പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്തുകഴിഞ്ഞിരുന്നു.

ടോണിപാന്‍ഡിയില്‍നിന്നും ഞങ്ങള്‍ പോയത് ഖനിനഗരമായ എബ്ബ് വെയ്ലിലേക്കാണ്. അത് മൂന്നു ദിവസത്തേക്കു മാത്രമായിരുന്നു. എണ്ണവിളക്കുകള്‍ കൊണ്ട് പ്രകാശിതമാകുന്ന നാലു ചെറിയ മുറികള്‍ മാത്രമുള്ള സമാനങ്ങളായ വീടുകളുടെ നിരകള്‍ കാണപ്പെട്ട ആ നഗരം അക്കാലത്ത് നനഞ്ഞതും വൃത്തികെട്ടതുമായ ഒന്നായിരുന്നതിനാല്‍ താമസം ദീര്‍ഘമാകാത്തതില്‍ എനിക്കു കൃതജ്ഞത തോന്നി. സംഘത്തിലെ കൂടുതലാളുകളും ഒരു ചെറിയ ഹോട്ടലിലാണു താമസിച്ചത്. ഭാഗ്യവശാല്‍, എനിക്ക് ഒരു ഖനിത്തൊഴിലാളിയുടെ വീടിന്റെ മുന്‍മുറി ലഭ്യമായി. ചെറുതെങ്കിലും വൃത്തിയുള്ളതും സൗകര്യപ്രദവുമായിരുന്നു അത്. രാത്രിയില്‍ നാടകം കഴിഞ്ഞുവരുമ്പോള്‍, എന്റെ അത്താഴം ചൂടായിരിക്കുന്നതിനു നെരിപ്പോടിന്റെയരികില്‍ വെച്ചിട്ടുണ്ടാകുമായിരുന്നു.

പൊക്കവും സൗന്ദര്യവുമുള്ള മധ്യവയസ്‌കയായ വീട്ടുടമസ്ഥയ്ക്ക് ദുരന്തത്തിന്റെതായ ഒരു പരിവേഷമുണ്ടായിരുന്നു. രാവിലെ ഭക്ഷണവുമായി മുറിയില്‍ വരുന്ന അവസരത്തില്‍ അവരൊന്നുംതന്നെ സംസാരിച്ചിരുന്നില്ല. അടുക്കളവാതില്‍ എപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്കെന്തെങ്കിലും വേണ്ടിവരുന്ന അവസരങ്ങളില്‍ വാതിലില്‍ മുട്ടുമ്പോള്‍ ഏതാനും ഇഞ്ചുകള്‍ മാത്രമായിരുന്നു തുറക്കപ്പെടുന്നത്.
രണ്ടാമത്തെ രാത്രി ഞാന്‍ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഭര്‍ത്താവ് കടന്നുവന്നു. ഏകദേശം, ഭാര്യയുടെ അതേ പ്രായമായിരുന്നു അയാള്‍ക്കും. അയാളന്നു രാത്രിയിലെ നാടകപ്രദര്‍ശനം കാണാന്‍ തിയേറ്ററില്‍ വന്നിരുന്നു. കിടക്കാന്‍ തയ്യാറായിരുന്ന അയാള്‍ കത്തിച്ച ഒരു മെഴുകുതിരിയും കൈയില്‍ പിടിച്ച് അല്പനേരം സംസാരിച്ചുനിന്നു. പറയാനാഗ്രഹിക്കുന്ന ഒന്നിനെപ്പറ്റി ചിന്തിക്കുന്നതുപോലെ അയാളല്പം നിന്നു. 'കേള്‍ക്കൂ, നിങ്ങളുടെതുപോലെയുള്ള പരിപാടികള്‍ക്കു യോജിക്കുന്ന തരത്തിലുള്ള ഒരു സംഗതി എന്റെ പക്കലുണ്ട്. എന്നെങ്കിലുമൊരു മനുഷ്യത്തവളയെ കണ്ടിട്ടുണ്ടോ? വരൂ, ഈ മെഴുകുതിരി പിടിക്കൂ, ഞാന്‍ വിളക്കെടുക്കാം.'

അയാളെന്നെ അടുക്കളയിലേക്കു നയിച്ചു. വിളക്ക് അലമാരയുടെ മുകളില്‍ വെച്ചു. അതിന്റെ അറകള്‍ക്ക് കതകുകളുടെ സ്ഥാനത്ത് ഒരു കര്‍ട്ടനായിരുന്നു. 'ഹെയ്, ഗില്‍ബെര്‍ട്ട്, പുറത്തേക്കു വരൂ.' കര്‍ട്ടന്‍ വകഞ്ഞുമാറ്റിക്കൊണ്ട് അയാള്‍ പറഞ്ഞു.
കാലുകളില്ലാത്തതും സാധാരണയിലധികം വലിപ്പമുള്ളതുമായ ഒരു ചെറിയ മനുഷ്യന്‍ അലമാരയുടെ അടിത്തട്ടില്‍നിന്ന് ഇഴഞ്ഞിറങ്ങി വന്നു. പരന്ന തല, അസുഖം ബാധിച്ചതുപോലെയുള്ള വിളറിയ മുഖം, കുഴിഞ്ഞ മൂക്ക്, വലിയ വായ, ശക്തമായ മാംസപേശികളുള്ള ചുമലും കൈത്തണ്ടകളും. നേര്‍ത്ത കമ്പിളിത്തുണികൊണ്ടുള്ള ഒരടിവസ്ത്രമാണയാള്‍ ധരിച്ചിരുന്നത്. അതിന്റെ കാലുകള്‍ തുടയുടെ ഭാഗത്തു തീരുകയും അവിടെനിന്ന് പത്തു തടിച്ച കുറ്റിവിരലുകള്‍ പുറത്തേക്കു തള്ളിനില്ക്കുകയും ചെയ്തിരുന്നു. ആ ബീഭത്സമായ ജീവിക്ക് ഇരുപതോ നാല്പതോ വയസ്സാകാം. അവന്‍ തലയുയര്‍ത്തി നോക്കി, അകന്ന മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിക്കുന്നതുപോലെ കാണിച്ചു.
'ഹെയ്, ചാടൂ, ഗില്‍ബെര്‍ട്ട്!' പിതാവു പറഞ്ഞു. ആ വികൃതമനുഷ്യന്‍ അല്പം താഴ്ന്ന് കൈകള്‍ കുത്തിപ്പൊങ്ങിയിട്ട് എന്റെ തലയുടെയത്ര ഉയരത്തില്‍ ചാടി.

'ഇവനൊരു സര്‍ക്കസ്സിനു യോജിക്കുമെന്നു തോന്നുന്നില്ലേ? ഒരു മനുഷ്യത്തവള!'
വല്ലാതെ ഭയന്നുപോയിരുന്നതിനാല്‍ എനിക്കുത്തരം പറയാനായില്ല. എങ്കിലും അയാള്‍ക്കെഴുതിച്ചോദിക്കാവുന്ന പല സര്‍ക്കസ് സംഘങ്ങളുടെയും പേരുകള്‍ ഞാന്‍ പറഞ്ഞുകൊടുത്തു.
മറ്റു പല വിദ്യകള്‍കൂടി ചെയ്യാന്‍ അയാളവനെ നിര്‍ബന്ധിച്ചു. ചാടുകയും ആടുന്ന കസേരയില്‍ കയറി കൈകള്‍ കുത്തി നില്ക്കുകയും മറ്റും. ഒടുവില്‍ അവന്‍ ചെയ്തുനിര്‍ത്തിയപ്പോള്‍, ഞാന്‍ വളരെ ആവേശഭരിതനായി നടിക്കുകയും അവനെ അനുമോദിക്കുകയും ചെയ്തു.
'ശുഭരാത്രി, ഗില്‍ബെര്‍ട്ട്' പോരുന്നതിനു മുന്‍പ് നാവിറങ്ങിപ്പോയതുപോലെ തോന്നിയ ഞാന്‍ പൊള്ളയായ ശബ്ദത്തില്‍ പറഞ്ഞു. 'ശുഭരാത്രി,' ആ പാവം മറുപടി പറഞ്ഞു.

അന്നു രാത്രി പല തവണ ഉണര്‍ന്നെഴുന്നേറ്റ് ഞാന്‍ പൂട്ടിയ വാതില്‍ പരിശോധിച്ചു. അടുത്ത പ്രഭാതത്തില്‍ വീട്ടുടമസ്ഥ പ്രസന്നയായും സംസാരിക്കാന്‍ തയ്യാറുള്ളവളായും കാണപ്പെട്ടു. 'നിങ്ങളിന്നലെ രാത്രി ഗില്‍ബെര്‍ട്ടിനെ കണ്ടുവെന്നറിഞ്ഞു,' അവര്‍ പറഞ്ഞു. 'ഞങ്ങള്‍ നാടകക്കാര്‍ക്ക് മുറി വാടകയ്ക്കു കൊടുക്കുമ്പോള്‍ മാത്രമാണവന്‍ അലമാരത്തട്ടില്‍ ഉറങ്ങുന്നത്.'
ഞാനുറങ്ങിക്കൊണ്ടിരുന്നത് ഗില്‍ബെര്‍ട്ടിന്റെ കിടക്കയിലാണെന്ന ഭയപ്പെടുത്തുന്ന ചിന്ത എന്നിലേക്കു കടന്നുവന്നു. 'ശരി,' ഞാന്‍ പറഞ്ഞു. അവന്‍ സര്‍ക്കസ്സില്‍ ചേരുന്നതിനെപ്പറ്റി ഔപചാരികതയോടെ കൃത്യമാക്കിയ ഉത്സാഹത്തോടെ ഞാന്‍ സംസാരിക്കുകയും ചെയ്തു.
'ഞങ്ങളത് പലപ്പോഴും ചിന്തിച്ചിരുന്നു,' അവര്‍ പറഞ്ഞു.
എന്റെ ആവേശം, അല്ലെങ്കില്‍ അതെന്തുമാകട്ടെ, വീട്ടുടമസ്ഥയെ സന്തോഷിപ്പിച്ചതായി കാണപ്പെട്ടു. പോരുന്നതിനു മുന്‍പ് ഞാന്‍ അടുക്കളയില്‍ ചെന്ന് ഗില്‍ബെര്‍ട്ടിനോടു യാത്ര പറയുകയും ചെയ്തു. വളരെ യത്നിച്ച് സാധാരണമെന്ന മട്ടില്‍ ഞാനവന്റെ പരുക്കന്‍കൈയില്‍ പിടിച്ചു ഹസ്തദാനം ചെയ്തു, അവന്‍ വളരെ സൗമ്യമായി എന്റെയും.

Content Highlights: International Translation Day 2022, Charlie Chaplin, Smitha Meenakshi,Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented