'മഹാമാരിയുടെ രാത്രികള്‍'; ഒര്‍ഹാന്‍ പാമുക്കിന്റെ വിവാദനോവലില്‍ നിന്നുള്ള ഭാഗങ്ങള്‍ മലയാളത്തില്‍


പരിഭാഷയും ചിത്രങ്ങളും ജയകൃഷ്ണന്‍

ഇപ്പോള്‍തന്നെ ദ്വീപിലെ മുസ്ലിം ജനവിഭാഗം ക്വാറന്റൈന്‍ ചെയ്യപ്പെടാനും ഡോക്ടര്‍മാരാല്‍ വേര്‍തിരിക്കപ്പെടാനും പോലീസ് വന്ന് കോട്ടയിലെ ഒറ്റപ്പെടല്‍ പ്രദേശത്തേക്ക് വലിച്ചിഴക്കപ്പെടാനുമുള്ള സാദ്ധ്യതയെ അഭിമുഖീകരിക്കുകയായിരുന്നു.

ഓർഹാൻ പാമുക്‌

ഒര്‍ഹാന്‍ പാമുക്കിന്റെ Nights of Plague എന്ന നോവലില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ പരിഭാഷപ്പെടുത്തുകയാണ് വിവര്‍ത്തകനും എഴുത്തുകാരനുമായ ജയകൃഷ്ണന്‍. ഈ നോവലിന്റെ ഉള്ളടക്കം തുര്‍ക്കിയെ അപമാനിക്കുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാമുക്ക് വിചാരണ നേരിടുകയാണ്. കുറ്റം തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.

രയിലേക്ക് അടുക്കുന്നതിനിടയില്‍, പൈന്‍മരം കൊണ്ട് പരമ്പരാഗത രീതിയില്‍ പണിത, കൂര്‍ത്ത അമരമുള്ള വഞ്ചി, ബൊന്‍കോവ്‌സ്‌കി പാഷയെയും അദ്ദേഹത്തിന്റെ സഹായിയായ ഡോക്ടര്‍ ഇലിയാസിനെയും വഹിച്ചുകൊണ്ട് കോട്ടയുടെ ഉയര്‍ന്ന മതിലുകളുടെയും കടല്‍ഭിത്തികളുടെയും അരികിലൂടെ കടന്നുപോയി. തുഴകളുടെ കിറുകിറാശബ്ദവും എഴുന്നൂറു വര്‍ഷങ്ങളോളമായി കോട്ട നിലകൊള്ളുന്ന ഭീമാകാരങ്ങളായ പാറകളുടെ മേല്‍ തിരകള്‍ മെല്ലെ വന്നലയ്ക്കുന്ന ഒച്ചയുമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ലായിരുന്നു. ചില ജനലുകള്‍ക്കുള്ളില്‍ എരിയുന്ന കുറച്ചു വിളക്കുകളുടേതല്ലാതെ മറ്റു വെളിച്ചമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ചന്ദ്രന്റെ മാന്ത്രികവെളിച്ചത്തില്‍ * മിന്‍ഗ്വെര്‍ പ്രവിശ്യയുടെ കേന്ദ്രവും ഏറ്റവും വലിയ പട്ടണവുമായ അര്‍ക്കാസ് ഇളംചുവപ്പും വെള്ളയും നിറങ്ങള്‍ കലര്‍ന്ന ഒരു മായാരൂപം പോലെ തോന്നിച്ചു. കൗശലങ്ങളില്‍ താത്പര്യമില്ലാത്ത ഒരു പ്രകൃതിതത്ത്വവാദിയായിരുന്നിട്ടു കൂടി, ഈ സാഹചര്യത്തില്‍, ബൊന്‍കോവ്‌സ്‌കി പാഷയ്ക്ക് അശുഭകരമായ ഒരു വികാരം അനുഭവപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സുല്‍ത്താന്‍ അബ്ദുല്‍ ഹാമിത്തില്‍ നിന്ന് അവിടെ പനിനീര്‍ച്ചെടികള്‍ വളര്‍ത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നെങ്കില്‍ത്തന്നെയും ആ ദ്വീപിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. വര്‍ഷങ്ങളോളം, ഈ ആദ്യയാത്ര തമാശ നിറഞ്ഞതും ആഹ്ലാദകരവും ആചാരപരവുമായിരിക്കുമെന്ന് അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നു. രാത്രി കനക്കുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരു കള്ളനെപ്പോലെ ആ തുറമുഖത്തേക്ക് ഒളിച്ചു കടക്കേണ്ടി വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിക്കാണില്ല.

വഞ്ചി ഒരു ചെറിയ കടലിടുക്കിലേക്ക് കടന്നപ്പോള്‍ തുഴക്കാരന്‍ വേഗത കുറച്ചു. കരയില്‍ നിന്ന് നാരകമരങ്ങളുടെയും ഉണങ്ങിയ കടല്‍പ്പായലുകളുടെയും മണം കലര്‍ന്ന തണുത്ത കാറ്റു വീശി. യാത്രക്കാരിറങ്ങുന്ന സാധാരണ പാതാറിലടുക്കുന്നതിനു പകരം വഞ്ചി അറബികളുടെ അധിനിവേശകാലത്തെ ചരിത്രാവശിഷ്ടമായ വിളക്കുമാടത്തിനടുത്തു കൂടി മീന്‍പിടുത്തക്കാരുടെ തുറയിലടുത്തു. കൂടുതല്‍ ഇരുട്ടുനിറഞ്ഞ ഒരു സ്ഥലമായിരുന്നു അത്. സുല്‍ത്താന്റെ ഉത്തരവനുസരിച്ച് ബൊന്‍കോവ്‌സ്‌കി പാഷയുടെയും സഹായിയുടെയും ദ്വീപിലേക്കുള്ളഈ രഹസ്യ സന്ദര്‍ശനത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്ത ഗവര്‍ണര്‍ സമി പാഷ ഈ കടവ് തിരഞ്ഞെടുത്തത് അതൊരു ഒറ്റപ്പെട്ട സ്ഥലമായതുകൊണ്ടു മാത്രമല്ല, ഗവര്‍ണറുടെ ഔദ്യോഗികകാര്യാലയത്തില്‍ നിന്ന് ഏറെ അകലെയായയതുകൊണ്ട് കൂടിയായിരുന്നു.
.............................................

രോഗബാധിതരും രോഗബാധിതരെന്ന് സംശയിക്കുന്നവരും (പ്രായം കുറഞ്ഞവര്‍ പോലും) വീടുകളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും ക്വാറന്റൈന്‍ ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെട്ടോടിപ്പോകുന്നതായിരുന്നു വര്‍ദ്ധിച്ചുവരുന്ന മറ്റൊരു പ്രശ്‌നം. 'ഓടിപ്പോകലുകളുടെ' ഈ വര്‍ദ്ധനവിന് സാധ്യമായ വിശദീകരണങ്ങളിലൊന്ന്, രോഗികളെ ഒറ്റപ്പെടുത്തി പാര്‍പ്പിച്ചിരുന്ന പ്രദേശത്തിന്റെ നാരകീയാവസ്ഥയായിരുന്നു. കോട്ടയ്ക്കുള്ളിലെ ഈ പ്രത്യേക പ്രദേശം കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നായിരുന്നു: അവിടെ പ്രവേശിക്കപ്പെട്ട ആരും തിരികെ പോകാറില്ലെന്നായിരുന്നു പറയാറുള്ളത്. സൈദ്ധാന്തികമായി, പുതിയ അന്താരാഷ്ട്ര നിയന്ത്രണങ്ങളനുസരിച്ച് പ്ലേഗ് കേസുകളില്‍ അഞ്ചു ദിവസമായിരുന്നു ഒറ്റപ്പെടല്‍ കാലയളവ്. അതായത് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട വ്യക്തിക്ക് അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അസുഖം സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ അയാളെ വിട്ടയക്കണമായിരുന്നു. ഞങ്ങളുടെ കണക്കനുസരിച്ച് ക്വാറന്റൈന്‍ പ്രഖ്യാപിക്കുകയും ആള്‍ക്കാരെ കോട്ടയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയതിനും ഇരുപത്തിയെട്ടു ദിവസങ്ങള്‍ക്കു ശേഷം ഒറ്റപ്പെടല്‍ പ്രദേശത്ത് നൂറ്റി എണ്‍പതോളം അന്തേവാസികള്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നിട്ടും അവരില്‍ പകുതിയിലധികവും അഞ്ചു ദിവസങ്ങള്‍ക്കു ശേഷവും അവിടെത്തന്നെ കഴിയേണ്ടിവന്നു.

ഇപ്പോള്‍തന്നെ ദ്വീപിലെ മുസ്ലിം ജനവിഭാഗം ക്വാറന്റൈന്‍ ചെയ്യപ്പെടാനും ഡോക്ടര്‍മാരാല്‍ വേര്‍തിരിക്കപ്പെടാനും പോലീസ് വന്ന് കോട്ടയിലെ ഒറ്റപ്പെടല്‍ പ്രദേശത്തേക്ക് വലിച്ചിഴക്കപ്പെടാനുമുള്ള സാദ്ധ്യതയെ അഭിമുഖീകരിക്കുകയായിരുന്നു. ജീവപര്യന്തം തടവിന് സമാനമായ ഒരവസ്ഥയായിട്ടാണ് അവരതിനെ കണ്ടത്. മുമ്പ് ഖ്വാദിമാരും ന്യായധിപന്മാരുമായിരുന്നു നിലവറകളിലെ ഈര്‍പ്പം നിറഞ്ഞ ഇരുട്ടിലേക്ക് തിരിച്ചു വരാനാവാത്ത വിധം നിങ്ങളെ അയച്ചിരുന്നതെങ്കില്‍, ഇപ്പോളതു ചെയ്യുന്നത് ഡോക്ടര്‍മാരാണെന്നതേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. സാധാരണതടവുകാര്‍ തെക്കു കിഴക്കുഭാഗത്ത് കടലിന് അഭിമുഖമായി കാറ്റോട്ടമുള്ള വെനീഷ്യന്‍ ഗോപുരത്തിലും ഓട്ടോമന്‍ കാലഘട്ടത്തിലെ കെട്ടിടങ്ങളിലും അടയ്ക്കപ്പെട്ടപ്പോള്‍ രോഗികളെ പാര്‍പ്പിച്ചിരുന്നയിടം തുറമുഖത്തിനും ഉള്‍ക്കടലിനും അഭിമുഖമായ, അടഞ്ഞുകിടക്കുന്ന ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു എന്നത് നിന്ദ്യതയുടെ മുറിവിന്റെ ആഴംകൂട്ടി.

ഒന്നും മിണ്ടാതെ തന്റെ കഴുത്തിലെ നീര്‍ക്കെട്ട് മറ്റു മൂന്നുപേരെയും കാണിച്ച് അല്‍പ്പസമയത്തിനു ശേഷം കമാന്‍ഡര്‍ കമില്‍ പാഷ താനിരുന്ന ചൂരല്‍ക്കസേരയില്‍ നിന്നെഴുന്നേറ്റ്, പരേതയായ ഭാര്യയോടൊപ്പം രണ്ടരമാസത്തോളം സന്തോഷത്തോടെ കിടന്ന കിടക്കയിലേക്ക് വിറച്ചുകൊണ്ടു വീണു.

ഒരു നൂറ്റാണ്ടിനു ശേഷം അന്നു നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നമ്മളെ അത്ഭുതപ്പെടുത്തുന്നതെന്താണെന്നു വെച്ചാല്‍ ആ മൂന്നു പേരും - സമി പാഷ, ഡോക്ടര്‍ നൂറി, മഷാര്‍ എഫെന്‍ദി- ഗവണ്മെന്റിലെ പഴയ സ്ഥാനത്തേക്കും ഔദ്യോഗികമായ പുതിയ സ്ഥാനത്തേക്കും മടങ്ങാനും അവരുടെയും അവരുടെ ഭാര്യമാരുടെയും മക്കളുടെയും ജീവന്‍ രക്ഷിക്കുന്നതിനപ്പുറമുള്ള ചിലതിനു വേണ്ടി ചിന്തിക്കാനുമുള്ള ധൈര്യം കാണിച്ചു എന്നതാണ്. എന്നാല്‍ സമി പാഷയും മഷാര്‍ എറെന്‍ദിയും രാജ്യത്തിന്റെ കപ്പല്‍ പൊങ്ങിക്കിടക്കുന്നതിനു വേണ്ടി തങ്ങളുടെ ഉത്തരവുകള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ഒരു സൈനിക വ്യൂഹം ഒപ്പമുള്ളതുപോലെ പ്രവര്‍ത്തിക്കാന്‍കൂടി ശ്രമിച്ചു.

കാമില്‍ പാഷയുടെ രോഗം മിന്‍ഗ്വെറിന്റെ പ്രതിവിപ്ലവത്തിന്റെയും പഴയ ക്രമത്തിലേക്കുള്ള തിരിച്ചു പോക്കിന്റെയും അടയാളമാണെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിപ്ലവത്തെ സ്വാതന്ത്ര്യത്തിനും ഓട്ടോമന്‍ ഭരണത്തിന്റെ നിരാകരണത്തിനും വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി നാം മനസ്സിലാക്കുകയാണെങ്കില്‍ ഈ വീക്ഷണം തെറ്റിദ്ധാരണാജനകമാണ്. കാരണം, കമാന്‍ഡര്‍ക്ക് പ്ലേഗ് പിടിപെട്ടതിനു ശേഷവും ദ്വീപ് സ്വാതന്ത്ര്യത്തിലേക്കുള്ള പാത പിന്തുടരുകയാണുണ്ടായത്.
............................................
* Minguer: നോവലിലെ സാങ്കല്പിക ദ്വീപ്

- പരിഭാഷയും ചിത്രങ്ങളും ജയകൃഷ്ണന്‍

Content Highlights: international Translation Day 2022, Orhan Pamuk, jayakrishnan, Nights of Plague


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented